ലൂക്കൊസ് 13:16 "..സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ ” എന്നു ഉത്തരം പറഞ്ഞു."
വിശുദ്ധ വേദപുസ്തകം ആദിയോടന്തം പരിശോധിച്ചാല്‍, 'അബ്രാഹാമിന്‍റെ മകന്‍' അല്ലെങ്കില്‍ 'അബ്രാഹാമിന്‍റെ മക്കള്‍' അല്ലെങ്കില്‍, 'അബ്രാഹാമിന്‍റെ സന്തതികള്‍' എന്ന് പല ആവര്‍ത്തി രേഖപ്പെടുത്തിയിരിക്കുന്നതായി വായിക്കുവാന്‍ കഴിയും. ജഡപ്രകാരം അബ്രാഹാമിന് ജനിച്ച മക്കള്‍ മുതല്‍, അവരുടെ തലമുറകളായ യിസ്രായേല്‍ ജനവും, വാഗ്ദത്ത സന്തതികളായ വിശ്വാസികളും, ചുങ്കക്കാരില്‍ പ്രമാണിയായിരുന്ന സക്കായിവരെ ആ പേരില്‍ വിളിക്കപ്പെടുവാന്‍ അര്‍ഹരായിത്തീര്‍ന്നപ്പോള്‍, അബ്രാഹാമിന്‍റെ മകള്‍' എന്ന പദം (പേര്) ഒരേഒരു തവണമാത്രം, ഒരേഒരു വ്യക്തിയെ (സ്ത്രീയെ) മാത്രം വിളിച്ചിരിക്കുന്നതായി കാണുന്നു.
മാത്രമല്ല, അബ്രാഹാമിന്‍റെ മകള്‍ എന്ന പേരും അതിന്‍റെ പദവിയും മഹത്വവും അവള്‍ക്ക് ചാര്‍ത്തിക്കൊടുത്തത് സാക്ഷാല്‍ ദൈവപുത്രനായ യേശു ക്രിസ്തു തന്നെയായിരുന്നു. (ഗലാത്യര്‍ 3:16 ല്‍ വായിക്കുന്നപ്രകാരം) തന്‍റെ വാഗ്ദത്ത അവകാശത്തിലേക്ക് സാധുവായ ഒരു സ്ത്രീയെ യേശു കൈപിടിച്ചു പ്രവേശിപ്പിക്കുകയായിരുന്നു ചെയ്തത്.
ലൂക്കൊസ് 13:16 മുതലുള്ള വാക്യങ്ങളില്‍ നമ്മള്‍ കാണുന്നത്; ഒരിക്കല്‍ ഒരു ശബ്ബത്തു നാളില്‍ യേശു പള്ളിയില്‍ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെ 18 സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ട് ഒട്ടും നിവരുവാന്‍ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ ശ്രദ്ധിച്ചു, അടുക്കെ വിളിച്ചു: സ്ത്രീയേ, നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേല്‍ കൈവെച്ചു. അവള്‍ ക്ഷണത്തില്‍ നിവര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തി.
വാക്യം 12 ല്‍ എഴുതിയിരിക്കുന്നത്, "യേശു അവളെ കണ്ടു" (Saw) എന്നാണ്, എന്നാല്‍ ചുരുക്കം ചില പരിഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് "യേശു അവളെ ശ്രദ്ധിച്ചു" (Noticed) എന്നാണ്. ശ്രദ്ധിച്ചു എന്ന വാക്കാണ് ഇവിടെ കൂടുതല്‍ യോജിച്ചത് എന്ന് എനിക്കു തോന്നുന്നു, കാരണം;
യേശുവിന്‍റെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ ആയിരങ്ങളാണ് ഓരോ ഇടങ്ങളിലും തടിച്ചുകൂടിക്കൊണ്ടിരുന്നത് എന്ന് തിരുവചനത്തില്‍ നമ്മള്‍ കാണുന്നുണ്ട്, ഒന്നുകൂടെ വിശദമായിപറഞ്ഞാല്‍;, പള്ളിയില്‍ ഉണ്ടായ, 18 സംവത്സരമായി ഒട്ടും നിവരുവാന്‍ കഴിയാതെ കൂനിയായോരു സ്ത്രീയെ സൗഖ്യമാക്കിയ ഈ സംഭവം, നടക്കുന്നതിനും ചില ദിവസങ്ങള്‍ക്കുമുമ്പാണ് ലൂക്കൊസിന്‍റെ സുവിശേഷം 9 ാം അദ്ധ്യായത്തിലും, (മത്തായി 14:13, മര്‍ക്കൊസ് 6:30, യോഹന്നാന്‍ 6:1) സുവിശേഷങ്ങളിലും വായിക്കുന്ന, യേശുവിന്‍റെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ കൂടി വന്ന ആയിരമായിരങ്ങള്‍ക്ക് അവിടുന്ന് 5 അപ്പവും 2 മീനും അനുഗ്രഹിച്ചു നല്‍കി അവരുടെ വിശപ്പകറ്റിയത്.
പള്ളിയില്‍ ഉണ്ടായ, 18 സംവത്സരമായി കൂനിയായോരു സ്ത്രീയെ യേശു സൗഖ്യമാക്കിയ അത്ഭുതം നടന്നതിനു ചില ദിവസങ്ങള്‍ക്കു ശേഷമാണ്, മത്തായി 15:36, മര്‍ക്കൊസ് 8:1.. വചനഭാഗങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന, 7 അപ്പവും കുറെചെറുമീനുകളും അനുഗ്രഹിച്ചു നല്‍കി ആയിരങ്ങളുടെ വിശപ്പടക്കിയ സംഭവം നടന്നത്.
അതായത്, ഈ രണ്ടു സംഭവങ്ങളിലും നമ്മള്‍ കാണുന്നത് യേശുവിന്‍റെ ഉപദേശങ്ങള്‍ കേള്‍ക്കാന്‍ യേശുവിനുചുറ്റും തടിച്ചുകൂടിയ ആയിരങ്ങളെയാണ്. അങ്ങനെയെങ്കില്‍, ഈ രണ്ടു സംഭവങ്ങള്‍ക്കിടയില്‍ നടന്ന യേശുവിന്‍റെ ഈ പള്ളിയിലെ യോഗത്തിലും സൂചികുത്തുവാന്‍പോലും സ്ഥലമില്ലാതവണ്ണം ജനങ്ങള്‍ തടിച്ചുകൂടിയിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം.
അപ്രകാരം, ജനങ്ങള്‍ തിക്കിത്തിരക്കിയിരുന്ന പള്ളിയിലെ ആ യോഗത്തില്‍ ഒട്ടും നിവരുവാന്‍ കഴിയാതെ കൂനിക്കൂടിയിരുന്ന് യേശുവിന്‍റെ ഉപദേശങ്ങള്‍ കേട്ടുകൊണ്ടിരുന്ന ഒരു സ്ത്രീയെ കാണുക എന്നുള്ളത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല; എന്നാല്‍ ആ സ്ത്രീയെ ശ്രദ്ധിക്കുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമാണ്.
കാണുക , അറിയുക , ശ്രദ്ധിക്കുക മുതലായ വാക്കുകള്‍ക്ക് ദൈവവചനത്തില്‍ കാണുന്ന ചില അര്‍ത്ഥങ്ങള്‍ നമുക്കു പരിശോധിക്കാം;
ഒരിക്കല്‍ തന്‍റെ അടുക്കല്‍ വരുന്ന നഥനയേലിനെ കണ്ടുകൊണ്ട്, "ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടം ഇല്ല" എന്നു യേശു അവനെക്കുറിച്ചു പറഞ്ഞു. അതുകേട്ട നഥനയേല്‍ യേശുവിനോട്; എന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നു; ഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ *നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍* ഞാന്‍ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു. വാസ്തവത്തില്‍ ഫിലിപ്പോസ് നഥനയേലിനെ വിളിക്കുന്നതിനുമുമ്പ് അവന്‍ അത്തിയുടെ കീഴില്‍ ഇരുന്നിരുന്നോ ? യേശു ആ വഴിയെങ്ങാനും പോയപ്പോള്‍ അവനെ കണ്ടിരുന്നോ ? അങ്ങനെ ഒരു സംഭവം തിരുവചനത്തില്‍ എങ്ങും രേഖപ്പെടുത്തിയിരിക്കുന്നതായി വായിക്കുന്നില്ലല്ലോ. പിന്നെ *എന്തുകൊണ്ടാണ് യേശു അവനെ കണ്ടു എന്നു ഇത്ര കൃത്യമായി പറഞ്ഞത് ?*
യേശുവും നഥനയേലും നടത്തിയ ഈ സംഭാഷണത്തിന്‍റെ അര്‍ത്ഥം ഒരുപക്ഷേ മറ്റുള്ളവര്‍ക്ക് മനസ്സിലായിരുന്നിരിക്കില്ല. കാരണം, നഗ്നനേത്രങ്ങള്‍ കൊണ്ട് ആക്ഷരികമായി കണ്ട ഒരു കാഴ്ചയെക്കുറിച്ചായിരുന്നില്ല യേശു നഥനയേലിനോട് പറഞ്ഞത്. ആത്മീയ ദൃഷ്ടികളാല്‍, നഥനയേലിന്‍റെ ജീവിതത്തില്‍ കണ്ട 'അത്തിയുടെ കീഴിലിരിക്കുന്ന' ആത്മീയ അനുഭവത്തെക്കുറിച്ചായിരുന്നു യേശു അവനോട് സംസാരിച്ചത്. ദൈവത്തിന്‍റെ ന്യായപ്രമാണങ്ങളെക്കുറിച്ച് ജ്ഞാനമുണ്ടായിരുന്ന നഥനയേലിന് യേശു ആ പറഞ്ഞതിന്‍റെ ആത്മീയ അര്‍ത്ഥം മനസ്സിലാകുകയും, അവന്‍ ഉടനെതന്നെ, യേശുവേ, അവിടുന്ന് സാക്ഷാല്‍ ദൈവപുത്രന്‍തന്നേ എന്ന് ഏറ്റുപറയുകയും ചെയ്തു.
'അത്തിയുടെ കീഴില്‍ ഇരിക്കുക' എന്ന പദപ്രയോഗം യെഹൂദന്മാരുടെ പ്രമാണങ്ങളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒരു വിഷയമാണ്. ഉദാഹരണത്തിന്; മീഖാ 4:4 ല്‍ വായിക്കുന്നത് ഇപ്രകാരമാണ്; "അവർ ഓരോരുത്തൻ താന്താന്‍റെ മുന്തിരിവള്ളിയുടെ കീഴിലും *അത്തിവൃക്ഷത്തിന്‍റെ കീഴിലും പാർക്കും*; .." എന്താണ് ഈ വാക്യത്തിന്‍റെ അര്‍ത്ഥം ? ജനങ്ങള്‍ അവരവരുടെ വീടും വാസസ്ഥലങ്ങളും വിട്ട് അത്തിവൃക്ഷത്തിന്‍റെ കീഴില്‍ താമസിക്കും എന്നാണോ ? ഒരിക്കലുമല്ല, ഈ വചനം എഴുതിയിരിക്കുന്നത് അക്ഷര അര്‍ത്ഥത്തിലല്ല, ഇതേ അദ്ധ്യായത്തിന്‍റെ തുടക്കംമുതല്‍ വായിക്കുമ്പോഴാണ് ഈ വാക്യത്തില്‍ അടങ്ങിയിരിക്കുന്ന ആശയം എന്താണ് എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. 'അത്തിയുടെ കീഴില്‍ ഇരിക്കുക' എന്ന വാക്കുകളുടെ പൊരുള്‍ തിരുവചനത്തില്‍ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിട്ടുണ്ട്, അവയില്‍ ചിലത് ഞാന്‍ ഓര്‍മ്മിപ്പിക്കാം;
*1) 1 രാജാ. 4:25* "ശലോമോന്‍റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്‍റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിർഭയം വസിച്ചു"അത്തിയുടെ കീഴില്‍ ഇരിക്കുക എന്ന വാക്കിന്‍റെ ഒരു അര്‍ത്ഥം, 'നിര്‍ഭയം വസിക്കുക' എന്നാണ്. നിര്‍ഭയം വസിക്കുക എന്നു പറഞ്ഞാല്‍ എന്താണ് എന്ന് സദൃശ്യ 1:33 ല്‍ വായിക്കുന്നുണ്ട്"*എന്‍റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും* ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും" ഒന്നുകൂടെ തെളിച്ചുപറഞ്ഞാല്‍, അത്തിയുടെ കീഴില്‍ ഇരിക്കുക എന്ന വാക്കിന്‍റെ ഒരു അര്‍ത്ഥം, ദൈവത്തിന്‍റെ കല്‍പ്പനകളും പ്രമാണങ്ങളും അനുസരിച്ച് ജീവിക്കുക എന്നാണ്. അപ്രകാരം ജീവിക്കുന്ന ഒരു വ്യക്തിയാണ് നഥനയേല്‍ എന്ന് യേശു അവനെക്കുറിച്ച് സാക്ഷ്യം പറഞ്ഞു.
*2) സെഖ. 3:7,10* "സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: *നീ എന്‍റെ വഴികളിൽ നടക്കയും എന്‍റെ കാര്യം നോക്കുകയും ചെയ്താൽ* നീ എന്‍റെ ആലയത്തെ പരിപാലിക്കയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും""അന്നാളിൽ നിങ്ങൾ ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും *അത്തിവൃക്ഷത്തിൻ കീഴിലേക്കും* ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു" ഈ തിരുവചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്, ദൈവത്തിന്‍റെ വഴികളില്‍ നടക്കയും, ദൈവീകകാര്യങ്ങളില്‍ എരിവോടെ ഇരിക്കയും ചെയ്യുന്ന ആത്മീയ അനുഭവത്തെയാണ് അത്തിയുടെ കീഴില്‍ ഇരിക്കുക എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നാണ്.
*3) മീഖാ 4:2,4* "..വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിൻ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവൻ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്‍റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.""അവർ ഓരോരുത്തൻ താന്താന്‍റെ മുന്തിരിവള്ളിയുടെ കീഴിലും *അത്തിവൃക്ഷത്തിന്‍റെ കീഴിലും പാർക്കും*; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു"
അത്തിയുടെ കീഴില്‍ ഇരിക്കുക എന്ന വാക്കിന്‍റെ മറ്റൊരു അര്‍ത്ഥം; വരാന്‍ പോകുന്ന പുത്തന്‍ യെരുശലേമിലുള്ള നിത്യവാസത്തിനായി സീയോന്‍റെ ഉപദേശങ്ങളില്‍ വസിക്കുക എന്നാണ്.
നഥനയേല്‍ എന്ന വ്യക്തിയെ കണ്ടപ്പോള്‍, യേശു അവന്‍റെ ജീവിതത്തില്‍ നിന്ന് വായിച്ചെടുത്ത ചില കാര്യങ്ങള്‍ മാത്രമാണ് ഇവ. 'ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടം ഇല്ല' എന്ന സാക്ഷ്യം യേശു അവനുകൊടുത്ത അംഗീകാരം തന്നെയായിരുന്നു.
*18 വര്‍ഷമായി ഒട്ടും നിവരുവാന്‍ കഴിയാതെ മഹാകഷ്ടതയിലായിരുന്ന ആ സ്ത്രീയുടെ സങ്കടം യേശു അറിഞ്ഞു. അതറിയുവാന്‍ യേശുവിന് അവളുടെ മുഖം കാണേണ്ട കാര്യമുണ്ടായിരുന്നില്ല, കാരണം, ആ ആലയത്തിലെ ആള്‍ക്കൂട്ടത്തില്‍ എവിടെയോ ഇരുന്ന അവളുടെ നെടുവീര്‍പ്പലുകളുടെ സ്വരം യേശുവിനു കേള്‍ക്കാമായിരുന്നു, അവളുടെ ഉള്ളിലെ വിതുമ്പലുകള്‍ യേശു അറിയുന്നുണ്ടായിരുന്നു*.
18 വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ക്ക് ഒരു പേരുണ്ടായിരുന്നു. ക്രമേണ ലോകം അവളുടെ പേര് മറന്നു, *രോഗം അവളുടെ പേരായി മാറി*. എന്നാല്‍ *ആ രോഗം അവളെ ഒരു ഭിക്ഷക്കാരിയാക്കാതെ ഒരു പ്രാര്‍ത്ഥനക്കാരിയും, ദൈവത്തിന്‍റെ ആലയത്തില്‍ നിത്യം വസിക്കുന്നവളും ആക്കി മാറ്റി*.
യേശു അവളെ അടുക്കെ വിളിച്ചു, *അവളുടെ ബന്ധനം അഴിച്ചു അവളെ സൗഖ്യമാക്കി. ലോകം അവള്‍ക്കു ചാര്‍ത്തികൊടുത്ത പേരും വിലാസവും മാറ്റി, അബ്രാഹാമിന്‍റെ മകള്‍ എന്ന ശ്രേഷ്ഠനാമം നല്‍കി*, അബ്രാഹാമിന്‍റെ ഭവനത്തിന്‍റെ അഥവാ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശിയാക്കി മാറ്റി.
രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഭോപ്പാലില്‍ നടന്ന വചനമാരിയുടെ ഒരു യൂത്ത് സെമിനാറില്‍ കൂനിയായ സ്ത്രീയെക്കുറിച്ച് ഞാന്‍ ബൈബിള്‍ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുമ്പോള്‍, എല്ലാ കുട്ടികളോടും ഒരുനിമിഷം ആ സ്ത്രീയെപ്പോലെ ഒന്നു കുനിഞ്ഞു നില്‍ക്കുവാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ എല്ലാം അല്‍പ്പസമയം കുനിഞ്ഞതിനുശേഷം നിവര്‍ന്നു നിന്നു. കുനിഞ്ഞുനിന്നപ്പോള്‍ അവര്‍ക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചു ഞാന്‍ ഓരോരുത്തരോടും ചോദിച്ചു. ചിലര്‍ തലചുറ്റുന്നതായി പറഞ്ഞു, ചിലര്‍ക്ക് കണ്ണില്‍ ഇരുട്ടു കയറിയതുപോലെയും, മറ്റു ചിലര്‍ക്ക് ഭൂമി തലകീഴായിരിക്കുന്നതുപോലെ തോന്നി എന്നൊക്കെയുള്ള കാര്യങ്ങള്‍ പറയുന്നതിനിടയില്‍ ഒരു കുട്ടി പറഞ്ഞ കാര്യം എന്‍റെ മനസ്സില്‍ പതിഞ്ഞു, 'അങ്കിളെ ഞാന്‍ കുനിഞ്ഞുനിന്നുകൊണ്ട് നോക്കിയപ്പോള്‍ എനിക്ക് ആരുടെയും മുഖം കാണുവാന്‍ കഴിഞ്ഞില്ല, എല്ലാവരുടെയും കാലുകള്‍ മാത്രമാണ് കണ്ടത്'.
എത്ര വാസ്തവമാണിത്, ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുചിരിക്കാന്‍ ശത്രുവായ സാത്താന്‍ നമ്മെ ബന്ധിച്ചിരിക്കുന്ന ബന്ധനമാണ് ഈ കൂന്, മറ്റുള്ളവരുടെ കാലുപിടിച്ചും ഔദാര്യം കൊണ്ടും ജീവിക്കേണ്ടിവരുന്ന ഗതികേടാണ് കൂന്..
കൂന് എന്ന ശരീര വൈകല്ല്യത്തെക്കുറിച്ച് ധാരാളം വ്യാഖ്യാനങ്ങള്‍ നമുക്കു പറയുവാന്‍ കഴിയും, എങ്കിലും അവ എല്ലാത്തിന്‍റെയും സാരം ഏകദേശം ഇപ്രകാരമാണ്; അംഗീകാരമില്ലാതെ, അവഗണിക്കപ്പെട്ട്, അഭിമാനം നഷ്ടപ്പെട്ട്, ഒന്നിനും കൊള്ളാത്തവരായി, മറ്റുള്ളവരുടെ കാല്‍ച്ചുവട്ടില്‍ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയാണ് കൂന്.
പ്രിയരേ, ഇന്നത്തെ ദിവസം ദൈവവചനം നമുക്കൊരു പ്രത്യാശ തരുന്നുണ്ട്, യേശു നമ്മെ കാണുന്നുണ്ട്, നമ്മുടെ അവസ്ഥ അറിയുന്നുണ്ട്, നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നുണ്ട്. ഈ പരീക്ഷയുടെ നാളുകള്‍ തീരും, ഈ കണ്ണുനീരിന്‍റെ കാലം കഴിയും, ഈ കഷ്ടതകള്‍ മാറും, ഇനി ആരുടെയും കാലുപിടിക്കേണ്ടി വരില്ല.
യേശു നമ്മെ എഴുന്നേല്‍പ്പിച്ചു നിറുത്തും, അവിടുന്ന് നമ്മെ മാന്യരാക്കും
ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുത്തുകൊണ്ട് 'ആമേന്‍' പറയാം