നിഷ്കളങ്കനും നേരോടെ നടക്കുന്നവനുമായ ഒരു മനുഷ്യനോട് സ്നേഹം നടിച്ച്, സുഹൃത്തായി അഭിനയിച്ച് കൂടെ കൂട്ടുകയും, ഒരു അപകടസമയം വന്നപ്പോൾ അവനെ വേഷംകെട്ടിച്ച് ശത്രുക്കളുടെ നടുവിലേക്ക് നിർദാക്ഷിണ്യം ഇട്ടുകൊടുക്കുകയും, സ്വയം തടിതപ്പുകയും ചെയ്ത ഒരു സംഭവം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യിസ്രായേൽരാജാവായിരുന്ന ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തുമാണ് ഈ രണ്ടു വ്യക്തികൾ. വക്രബുദ്ധിയും സ്വാർത്ഥനുമായ ആഹാബിൻ്റെ തനിനിറം കാണാൻ യെഹോശാഫാത്തിന് കഴിഞ്ഞില്ല. ആഹാബിൻ്റെ കുരുട്ടുബുദ്ധി തിരിച്ചറിയാതെ അവനെ ഒരു നല്ല സ്നേഹിതനായി കണ്ട് അവനെ വിശ്വസിച്ച് അവൻ്റെ വാക്കുകേട്ട് അവനുവേണ്ടി ശത്രുക്കളോട് യുദ്ധത്തിനു പുറപ്പെട്ട യെഹോശാഫാത്തിന് എന്താണ് സംഭവിച്ചത് എന്ന് തിരുവചനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (2 ദിനവൃത്താന്തം 18:28..).
രാജവസ്ത്രം ധരിച്ചുകൊണ്ട് യുദ്ധകളത്തിലിറങ്ങിയാൽ ശത്രുസൈന്യം തന്നെ കൊല്ലുമെന്ന് ആഹാബിനറിയാമായിരുന്നു. അതുകൊണ്ട് തൻ്റെ ജീവൻ രക്ഷിക്കാൻവേണ്ടി അവൻ്റെ വക്രുദ്ധിയിൽ തോന്നിയ ആശയമാണ് യെഹോശാഫാത്തിനെ രാജവസ്ത്രം ധരിപ്പിച്ച് പടയിലേക്ക് വിടുക എന്നുള്ളത്. ആ പാവത്തിന് പക്ഷേ ഈ ചതി മനസ്സിലായില്ല. സുഹൃത്തിൻ്റെ വാക്കുകേട്ട് വേഷംകെട്ടി അവൻ പോരിനിറങ്ങി. എന്നാൽ യുദ്ധക്കളത്തിൽവെച്ച് ശത്രുസൈന്യം ഒന്നായി തൻ്റെ നേരെ വരുന്നതുകണ്ടപ്പോഴാണ് യെഹോശാഫാത്തിന് ആഹാബിൻ്റെ ചതി മനസ്സിലായത്. അവൻ എന്തു ചെയ്യും ? അവൻ ദൈവത്തോട് നിലവിളിച്ചു, സ്വർഗ്ഗത്തിലെ ദൈവം അവൻ്റെ നിലവിളികേട്ടു അവനെ സഹായിച്ചു പടയാളികൾ അവനെ വിട്ടുപോകുവാൻ ദൈവം അവർക്കു തോന്നിച്ചു. മാത്രമല്ല അവനോട് ഈ ചതി കാണിച്ച ആഹാബിനെ രക്ഷപെടാനും ദൈവം അനുവദിച്ചില്ല. ഒരു പടയാളി അറിയാതെ എയ്ത ഒരു അസ്ത്രം അബദ്ധത്തിൽ ചെന്നുപതിച്ചത് ആഹാബിൻ്റെ നെഞ്ചിലായിരുന്നു. യദൃച്ഛയാ സംഭവിച്ചു എന്നാണ് വചനത്തിൽ എഴുതിയിരിക്കുന്നത്. പക്ഷേ അത് ദൈവത്തിൻ്റെ നീതിയായിരുന്നു. അന്ന് സൂര്യൻ അസ്തമിക്കുന്ന സമയത്തു ആഹാബ് മരിച്ചുപോയി.
2 ദിനവൃത്താന്തം 18:28..
(“അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി. എന്നാൽ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വേഷംമാറി, അവർ പടയിൽ കടന്നു. എന്നാൽ അരാംരാജാവു തന്റെ രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു. ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ; ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാൻ ദൈവം അവർക്കു തോന്നിച്ചു. അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകനന്മാർ കണ്ടിട്ടു അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി. എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തൻ്റെ സാരഥിയോടു: നിൻ്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. അന്നു പട കഠിനമായി തീർന്നതുകൊണ്ടു യിസ്രായേൽരാജാവു സന്ധ്യവരെ അരാമ്യർക്കെതിരെ രഥത്തിൽ നിവിർന്നുനിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്തു അവൻ മരിച്ചുപോയി.”)
ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം.
നേരായി ചിന്തിക്കുന്നവരെയും നേരോടെ നടക്കുന്നവരെയും വലയിൽ പെടുത്താൻ ഇതുപോലുള്ള ആഹാബുമാർക്ക് എളുപ്പമാണ്. എൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഞാൻ ഇത് എഴുതുന്നത്, കൂടെപ്പിറപ്പിനെപ്പോലെ വിശ്വസിച്ച് കൂടെനിർത്തിയിട്ട് അവസാനം ചതിക്കുഴിയിൽ തള്ളിയിടാൻ ശ്രമിച്ചെങ്കിലും യെഹോശാഫാത്തിനെപ്പോലെ കർത്താവിനോട് നിലവിളിച്ചപ്പോൾ സ്വർഗ്ഗം എന്നെ രക്ഷിക്കുക മാത്രമല്ല, ദൈവനീതിയാൽ ചതിയന്മാരെ ശിക്ഷിക്കാതെയും വിട്ടില്ല. സ്തോത്രം !
ഈ സന്ദേശം വായിക്കുന്ന നിങ്ങൾക്കും ഇതുപോലെ അനുഭവങ്ങൾ പറയുവാനുണ്ടാകുമല്ലോ. ആരെല്ലാം ചതിക്കാൻ ശ്രമിച്ചാലും, വഞ്ചിക്കാൻ നോക്കിയാലും, അപകടപ്പെടുത്താൻ പ്രയത്നിച്ചാലും.. ഒരു ദൈവപൈതലിനെ തകർക്കാൻ കഴിയില്ല, കാരണം അവൻ്റെമേൽ ശ്രദ്ധയുള്ള കർത്താവിൻ്റെ കണ്ണുകളുണ്ട്, അവൻ പ്രാർത്ഥിക്കുമ്പോൾ ഉത്തരമരുളുന്ന ഒരു പിതാവ് സ്വർഗ്ഗത്തിലുണ്ട്.
*ആമേൻ*
പ്രാർത്ഥനയോടെ, ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്
മധ്യപ്രദേശിലെ സുവിശേഷവയലിൽനിന്നും
ഷൈജു പാസ്റ്റർ
(9424400654)


