പ്രിയ കുഞ്ഞുങ്ങളേ,
വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു യുവാവിൻ്റെ ചരിത്രം പുറപ്പാട് 31:1 മുതലുള്ള വാക്യങ്ങളിൽ നമ്മൾ വായിക്കുന്നുണ്ട്. ബെസലേൽ എന്നാണ് അവൻ്റെ പേര്. ആ പേരിൻ്റെ അർത്ഥം *‘ദൈവത്തിൻ്റെ തണലിൽ’* എന്നാണ്. സർവ്വശക്തനായ ദൈവം ഈ കുഞ്ഞിനെ വിളിച്ച് ഒരു വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചു. ദൈവത്തിൻ്റെ സമാഗമനകൂടാരത്തിൽ നിയമപെട്ടകവും മറ്റുപകരണങ്ങളൊക്കെയും നിർമ്മിക്കുവാനുള്ള ജോലിയാണ് ബെസലേലിനെ ഏൽപ്പിച്ചത്. അവൻ്റെ കുഞ്ഞുബുദ്ധികൊണ്ടും കഴിവുകൾകൊണ്ടൊന്നും ആ ജോലിചെയ്യുവാൻ സാധിക്കില്ല എന്ന് ദൈവത്തിന് അറിയാമായിരുന്നതുകൊണ്ട്, കർത്താവ് അവനെ “ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവും കൊണ്ടു നിറെച്ചു” I have filled him with the Spirit of God, in wisdom, and in understanding, and in knowledge.. (പുറപ്പാട് 31:5 / 35:33).
അങ്ങനെ ബെസലേലിനു കർത്താവ് കൊടുത്ത സാമർത്ഥ്യംകൊണ്ട് (ജ്ഞാനവും ബുദ്ധിയും അറിവും), തന്നെ ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കി. വേദപുസ്തകത്തിൽ ഇപ്രകാരമാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്, “യെഹൂദാഗോത്രത്തിൽ ഹൂരിൻ്റെ മകനായ ഉൗരിയുടെ മകൻ *ബെസലേൽ മോശെയോടു യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി* ” (പുറ. 38:22).
ഒരു കഴിവും യോഗ്യതയുമില്ലാതിരുന്ന ബെസലേലിന് ജ്ഞാനവും ബുദ്ധിയും അറിവും നൽകി സാമർത്ഥ്യമുള്ളവനാക്കി മാറ്റി വലിയ ഒരു ഉത്തരവാദിത്തം നിറവേറ്റുവാൻ സഹായിച്ച, അവനോട് ദയ കാണിച്ച കർത്താവ് ഇന്നും ചില ബെസലേലുമാരെ തിരെയുന്നുണ്ട്. ബെസലേൽ ഒരു വ്യക്തിയല്ല, ആ പേരിൻ്റെ അർത്ഥംപോലെ ജീവിതം സമർപ്പിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ബസലേലുമാരാണ്. അഥവാ, ‘ദൈവത്തിൻ്റെ തണലിൽ’ ജീവിക്കുന്ന അനുഭവമുള്ള എല്ലാ കുഞ്ഞുങ്ങളും കർത്താവിനോട് പ്രാർത്ഥിച്ചാൽ, കരുണയുള്ള കർത്താവ് ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവും നൽകി പരീക്ഷയിൽ നല്ല മാർക്കോടെ ജയിക്കുവാൻ കൃപ നൽകും.
ബെസലേലിനെക്കുറിച്ച് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു രഹസ്യംകൂടെ ഓർമ്മിപ്പിച്ചുകൊണ്ട് ഈ വാക്കുകൾ ഞാൻ ചുരുക്കാം; ബെസലേൽ സമാഗമന കൂടാരത്തിനുവേണ്ടി ഈ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കിയതിന് കാലങ്ങൾക്കുശേഷം, ദാവീദിൻ്റെ മകനായ ശലോമോൻ രാജാവ് സമാഗമന കൂടാരത്തിൽ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠത്തിന്മേൽ ആയിരം ഹോമയാഗങ്ങൾ കഴിച്ചു എന്ന് 2 ദിനവൃത്താന്തം 1:5 വാക്യത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആ യാഗം കഴിച്ചരാത്രിയിലാണ് (“അന്നു രാത്രി..” 2 ദിന. 1:7) ദൈവം ശലോമോന് പ്രത്യക്ഷനായി അവനോട് നിനക്കു എന്തു തരേണം എന്നു ചോദിച്ചതും, ശലോമോൻ ദൈവത്തോട്, തനിക്ക് ജ്ഞാനവും വിവേകവും തരേണമേ എന്ന് അപേക്ഷിച്ചതും, ദൈവം അതു നൽകി ശലോമോനെ ലോകത്തിലെ ഏറ്റവും ബുദ്ധിയും ജ്ഞാനവും ഉള്ള വ്യക്തിയാക്കി മാറ്റിയതും.
ചുരുക്കിപ്പറഞ്ഞാൽ ശലോമോൻ എന്ന മഹാജ്ഞാനിയെ ലോകത്തിന് ലഭിക്കുവാൻ മൂലകാരണമായത് ബെസലേൽ ആയിരുന്നു. ഈ സത്യം ലോകം അറിയണമെന്ന് സ്വർഗ്ഗത്തിന് നിർബ്ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് കാലങ്ങൾക്കുശേഷം, ശലോമോൻ രാജാവ് സമാഗമന കൂടാരത്തിൽ വന്ന് ആയിരം ഹോമയാഗങ്ങൾ കഴിച്ചപ്പോൾ, ആ യാഗം കഴിച്ചത് ബസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠത്തിന്മേലായിരുന്നു എന്ന് പരിശുദ്ധാത്മാവ് പ്രത്യേകം തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2 ദിനവൃത്താന്തം 1:5,6.
*ദൈവാത്മാവിൽ ഞാൻ ഇതു എഴുതുകയാണ്, ദൈവത്തിൻ്റെ തണലിൽ അഥവാ കർത്താവിൽ ആശ്രയംവെച്ചുകൊണ്ട് പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങളേ, നിങ്ങളെ കർത്താവ് ജ്ഞാനവും ബുദ്ധിയും അറിവും നൽകി അനുഗ്രഹിക്കും. നിങ്ങൾക്ക് ലഭിക്കുവാൻ പോകുന്ന റിസൾട്ട് എന്നും അഭിമാനത്തോടെ ഓർക്കത്തക്കതായിരിക്കും. ആമേൻ.*
കർത്താവിൻ്റെ നാമംചൊല്ലി കുഞ്ഞുങ്ങളെ അനുഗ്രഹിച്ചുകൊണ്ട്,
ഷൈജു പാസ്റ്റർ (9424400654)
വചനമാരി, മധ്യപ്രദേശ്
കുഞ്ഞുങ്ങൾക്ക് പ്രാർത്ഥനാകൈത്താങ്ങലിനായി ഞങ്ങളെ വിളിക്കാവുന്നതാണ്. (മൊ. 8989004829 / 7898211849)


