"അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്‍റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും" (സങ്കീ. 91:14)
ഒരിക്കല്‍ ചില രാജാക്കന്മാര്‍ ഒരുമിച്ചുകൂടി സൊദോം, ഗൊമോര ദേശങ്ങള്‍ ആക്രമിക്കുകയും അവരുടെ സമ്പത്തുകള്‍ അപഹരിക്കുകയും അവിടെയുള്ള നിവാസികളില്‍ അനേകരെ ബന്ധികളാക്കി പിടിച്ചുകൊണ്ടുപോകയും ചെയ്ത സംഭവം ഉല്‍പ്പത്തി 14 ാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ അബ്രാഹാമിന്‍റെ സഹോദരപുത്രനായ ലോത്തും കുടുംബവും അവന്‍റെ സകല സമ്പത്തും ഉണ്ടായിരുന്നു. അബ്രാഹാം ആ വിവരം അറിഞ്ഞപ്പോള്‍ തന്‍റെ സേവകരുമായി പുറപ്പെട്ടുചെന്ന് അവരെ പിന്തുടര്‍ന്നു തോല്‍പ്പിച്ച് അവര്‍ അപഹരിച്ചു കൊണ്ടുപോയവരെയും അവരുടെ സമ്പത്തുകളും മടക്കിക്കൊണ്ടുവന്നു.
ലോത്ത് അബ്രാഹാമിന്‍റെ കൂടെ പാര്‍ത്തപ്പോള്‍ ഒരു ശത്രുവും അവനെ ആക്രമിക്കുവാനോ അവന്‍റെ സമ്പത്തുകള്‍ അപഹരിക്കുവാനോ ധൈര്യപ്പെട്ടിരുന്നില്ല എന്ന് ഉല്‍പ്പത്തി 12,13 അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ നമുക്കു കാണുവാന്‍ കഴിയും. എന്നാല്‍ ലോത്ത് അബ്രാഹാമിനെ വിട്ടുപിരിഞ്ഞ ശേഷമാണ് അതു സംഭവിച്ചത്. അതുപോലെ നമ്മള്‍ ദൈവത്തോട് പറ്റിയിരുന്നാല്‍ ശത്രുവായ സാത്താന് നമ്മെയും കുടുംബത്തെയും തലമുറകളെയും, നമ്മുടെ നന്മകളെയും ഒന്നു തൊടുവാന്‍ പോലുമുള്ള ധൈര്യമുണ്ടാകയില്ല.
നമ്മുടെ ഹൃദയം ദൈവത്തോട് പറ്റിയിരിക്കുന്നെങ്കില്‍ ദൈവത്തിന്‍റെ വലങ്കരം നമ്മെ താങ്ങിക്കൊള്ളും എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 63:8 ല്‍ വായിക്കുന്നത്.
നമ്മള്‍ ദൈവത്തോട് പറ്റിയിരുന്നാല്‍ അവിടുന്ന് നമ്മെ ഒരിക്കലും ലജ്ജിപ്പിക്കയില്ല എന്നാണ് സങ്കീര്‍ത്തനങ്ങള്‍ 119:31 ല്‍ വായിക്കുന്നത്.
ആകയാല്‍, ഈ ദിവസം കര്‍ത്താവിനോട് പറ്റിയിരുന്ന് വിടുതലും അനുഗ്രഹങ്ങളും പ്രാപിക്കാം, അവിടുന്ന് നമ്മെ ഒരിക്കലും ലജ്ജയ്ക്ക് ഏല്‍പ്പിക്കയില്ല.
പ്രാര്‍ത്ഥനയോടെ,
ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി ഭോപ്പാല്‍ 7898211849)
*കുറിപ്പ്*
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob 9589741414