വിദ്യാര്‍ത്ഥികളോടും മാതാപിതാക്കളോടും രണ്ടു വാക്ക്;

June-2021

ആത്മാവിന്‍റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുക, ആ പ്രാര്‍ത്ഥന; *സ്വര്‍ഗ്ഗത്തിന്‍റെ കിളിവാതിലുകളെ നിങ്ങളുടെ നേരെ തുറക്കുമാറാക്കും*, *പരിശുദ്ധാത്മാഭിഷേകം നിങ്ങളുടെമേല്‍ പകരും*, *രോഗവും ക്ഷീണവും മാറി നിങ്ങള്‍ ശക്തിയും ബലവും പ്രാപിയ്ക്കും*, *സമാധാനത്തിന്‍റെ നാളുകള്‍ മടക്കി ലഭിക്കും*, *ഭയപ്പെടുത്തുന്ന വിചാരങ്ങളും ചിന്തകളും മാറി നിങ്ങള്‍ സ്വസ്ഥമായി ഉറങ്ങും*, *ഹൃദയം സന്തോഷത്താല്‍ നിറയും*, *നഷ്ടങ്ങള്‍ മാറി, ലാഭവും സമൃദ്ധിയും ഉണ്ടാകും....*                    ആത്മാഭിഷേകം ജീവിതത്തില്‍ ഒരു സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിന് കാരണമാകും


ദൈവവചനത്തിലെ ഒരു മര്‍മ്മം ഞാന്‍ നിങ്ങളോടു പറയാം,
നമ്മുടെ കുഞ്ഞുങ്ങളെ അവരുടെ പരീക്ഷകളില്‍ കര്‍ത്താവ് സഹായിക്കണമെന്നും, അവര്‍ക്ക് ഉന്നതവിജയം നല്‍കണമെന്നും, നല്ല ഭാവി ഉണ്ടാവണമെന്നും,.... ആഗ്രഹിക്കുന്ന ഓരോ ദൈവപൈതലും ദൈവാത്മാവിന്‍റെ അഭിഷേകത്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കേണ്ടത്, കാരണം,
*ദൈവാത്മാവിന്‍റെ അഭിഷേകമാണ്;*
ജ്ഞാനം നല്‍കുന്നത്
ബുദ്ധി നല്‍കുന്നത്
ഓര്‍മ്മശക്തി നല്‍കുന്നത്
വിവേകം നല്‍കുന്നത്
തിരിച്ചറിവു നല്‍കുന്നത്
ആലോചന നല്‍കുന്നത്
നടത്തിപ്പ് നല്‍കുന്നത്
ആത്മാവിന്‍റെ അഭിഷേകം കുഞ്ഞുങ്ങളെ തികഞ്ഞവരും പൂര്‍ണ്ണരുമാക്കുന്നു. അവരെ ദൈവത്തിന് പ്രിയരാക്കുന്നു. ദൈവം അവരില്‍ പ്രസാദിക്കുമാറാക്കുന്നു.
*ജ്ഞാനികളില്‍ ജ്ഞാനി എന്ന് ലോക ചരിത്രത്തിലും ദൈവത്തിന്‍റെ വചനത്തിലും അറിയപ്പെടുന്ന, ശലോമോന്‍ രാജാവിന്‍റെ അറിവിന്‍റെയും ജ്ഞാനത്തിന്‍റെയും രഹസ്യം എന്തായിരുന്നു എന്നറിയാമോ ?*
ഒരു രാത്രിയില്‍ യഹോവയായ ദൈവം സ്വപ്നത്തില്‍ ശലോമോന്നു പ്രത്യക്ഷനായി, അവനോട് വേണ്ടുന്ന വരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടു. അവന്‍ ദൈവത്തോടു ചോദിച്ചത്, ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ഉള്ള ഒരു ഹൃദയം വേണമെന്നായിരുന്നു, (1 രാജാക്കന്മാര്‍ 3:1..) 'ശലോമോന്‍ ഈ കാര്യം ചോദിച്ചത് കര്‍ത്താവിന്നു പ്രസാദമായി'(വാക്യം 10).
ജ്ഞാനവും വിവേകവും വേണമെന്ന് ശലോമോന്‍ രാജാവ് ദൈവത്തോടു ചോദിച്ചതിന്‍റെ അര്‍ത്ഥം, ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവായ പരിശുദ്ധാത്മാവിനെ വേണമെന്നായിരുന്നു.  ആ പ്രാര്‍ത്ഥനയാണ് ദൈവത്തിന് ഇഷ്ടമായത്, ആ പ്രാര്‍ത്ഥനയിലാണ് ദൈവം പ്രസാദിച്ചത്.
ശലോമോന്‍ രാജാവിന്‍റെ ഹൃദയത്തിലേയ്ക്ക് സ്വര്‍ഗ്ഗത്തിലെ ദൈവം അഭിഷേകമായി പകര്‍ന്നുകൊടുത്തത് തന്‍റെ ആത്മാവിനെയായിരുന്നു, ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവിനെതന്നെ. ആത്മാവിന്‍റെ അഭിഷേകം അവനെ ജ്ഞാനികളില്‍ ജ്ഞാനിയും, രാജാക്കന്മാരുടെ രാജാവുമാക്കി.
യെശയ്യാവ് 11:2
"അവന്‍റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവു, പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ"
      *നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷാജീവിത വിജയത്തിന്‍റെ രഹസ്യമെന്തായിരുന്നു എന്നറിയാമോ?*
       അവിടുത്തെ മുപ്പതാമത്തെ വയസ്സില്‍ യോഹന്നാന്‍ സ്നാപകന്‍റെ കൈക്കീഴില്‍ സ്നാനമേറ്റ് യോര്‍ദ്ദാന്‍ നദിയില്‍ നിന്ന് കയറിയപ്പോള്‍ സ്വര്‍ഗ്ഗം തുറക്കുകയും ദൈവാത്മാവ് പ്രാവെന്നപോലെ ഇറങ്ങി യേശുവിന്‍റെ മേല്‍ വരികയും ചെയ്തു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും, "ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്നു ഒരു ശബ്ദം ഉണ്ടാവുകയും ചെയ്തു. അപ്രകാരം പരിശുദ്ധാത്മാവിന്‍റെ അഭിഷേകം പ്രാപിച്ചിട്ട് ശുശ്രൂഷ ആരംഭിച്ചതുകൊണ്ടായിരുന്നു യേശുവിന്‍റെ ശുശ്രൂഷ തേജസ്സേറിയ ശുശ്രൂഷയായി മാറിയത്.
2 പത്രൊസ് 1:17
"“ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു"
           ഒരു മനുഷ്യന് ദൈവത്തോട് ചോദിക്കാവുന്ന, ദൈവത്തിന് ഏറ്റവും സന്തോഷവും പ്രസാദവുമുള്ള അപേക്ഷയാണ്, പരിശുദ്ധാത്മാഭിഷേകത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന. വലിയ ഒരു ശതമാനം ആളുകളും ഇതു തിരിച്ചറിയാതെ ദീര്‍ഘായുസ്സിനും സമ്പത്തിനും മറ്റു വിഷയങ്ങള്‍ക്കും ഒക്കെ വേണ്ടി പ്രാര്‍ത്ഥിച്ച് പരിശുദ്ധാത്മാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ പ്രാധാന്യം മറന്നു പോകുന്നു.
എന്നാല്‍ പരിശുദ്ധാത്മാഭിഷേകത്തിനുവേണ്ടി നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവം ആ പ്രാര്‍ത്ഥനയില്‍ പ്രസാദിച്ച് നമ്മള്‍ ചോദിക്കാത്തവ കൂടി നമുക്കു തരുവാന്‍ മനസ്സാകുന്നു. സ്തോത്രം !
             അതുകൊണ്ട് പരീക്ഷ എഴുതിയ കുഞ്ഞുങ്ങളും പരീക്ഷ ഏഴുതുന്ന മക്കളും, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുഞ്ഞുങ്ങളും ഒരുപോലെ ദൈവാത്മാവിന്‍റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുക, അങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍, സ്വര്‍ഗ്ഗം അവരുടെ പ്രാര്‍ത്ഥനകേട്ട് ആത്മാഭിഷേകം അവരുടെമേല്‍ പകരും, ദൈവം അവരില്‍ പ്രസാദിച്ച് പ്രതീക്ഷയ്ക്കപ്പുറമായ ചില നന്മകള്‍ അവര്‍ക്ക് നല്‍കും,
പ്രതീക്ഷയ്ക്കപ്പുറമായ വിജയം, ... മാനവും മഹത്വവും, തേജസ്സും....
            കര്‍ത്താവ് അവരെ ഒരിക്കലും ലജ്ജിപ്പിക്കയില്ല.
കുഞ്ഞുങ്ങള്‍ മാത്രമല്ല, ഈ സന്ദേശം വായിക്കുന്ന എല്ലാവരും ആത്മാവിന്‍റെ അഭിഷേകത്തിനായി പ്രാര്‍ത്ഥിക്കുക,
          ആ പ്രാര്‍ത്ഥന;
*സ്വര്‍ഗ്ഗത്തിന്‍റെ കിളിവാതിലുകളെ നിങ്ങളുടെ നേരെ തുറക്കുമാറാക്കും*,
*പരിശുദ്ധാത്മാഭിഷേകം നിങ്ങളുടെമേല്‍ പകരും*,
*രോഗവും ക്ഷീണവും മാറി നിങ്ങള്‍ ശക്തിയും ബലവും പ്രാപിയ്ക്കും*,
*സമാധാനത്തിന്‍റെ നാളുകള്‍ മടക്കി ലഭിക്കും*,
*ഭയപ്പെടുത്തുന്ന വിചാരങ്ങളും ചിന്തകളും മാറി നിങ്ങള്‍ സ്വസ്ഥമായി ഉറങ്ങും*,
*ഹൃദയം സന്തോഷത്താല്‍ നിറയും*,
*നഷ്ടങ്ങള്‍ മാറി, ലാഭവും സമൃദ്ധിയും ഉണ്ടാകും....*
                   ആത്മാഭിഷേകം ജീവിതത്തില്‍ ഒരു സമ്പൂര്‍ണ്ണ പരിവര്‍ത്തനത്തിന് കാരണമാകും
 
പരിശുദ്ധാത്മാവിനെ പകര്‍ന്നുതരുവാന്‍ മനസ്സുള്ള ഒരു പിതാവ് സ്വര്‍ഗ്ഗത്തില്‍ നമുക്കുണ്ട്. അവിടുത്തോടു യാചിയ്ക്കാം,. ലൂക്കൊസ് 11:11..13
"എന്നാൽ നിങ്ങളിൽ ഒരു അപ്പനോടു മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീൻ ചോദിച്ചാൽ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുമോ? അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ *സ്വർഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും*"
     ആത്മശക്തിയാല്‍ ദൈവം നമ്മെ ഓരോരുത്തരെയും നിറയ്ക്കേണ്ടതിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം...
 
ദൈവദാസന്‍ ഷൈജു ജോണ്‍
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ