2 ശമുവേല്‍ 11:21 "യെരൂബ്ബേശെത്തിന്‍റെ മകനായ അബീമേലെക്കിനെ കൊന്നതു ആര്‍ ? ഒരു സ്ത്രീ മതിലിന്മേല്‍നിന്നു തിരിക്കല്ലില്‍പിള്ള അവന്‍റെ മേല്‍ ഇട്ടതുകൊണ്ടല്ലേയോ അവന്‍ തേബെസില്‍വെച്ചു മരിച്ചതു?.."
വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഒരു സംഭവം യോവാബ് തന്‍റെ ഭൃത്യന്മാരെ ഓര്‍മ്മിപ്പിക്കുന്ന വചനമാണ് ഇത്. ഒരിക്കല്‍ അബീമേലെക്ക് എന്ന വീരന് സംഭവിച്ച അബദ്ധം നിങ്ങള്‍ക്കും പറ്റാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളണം എന്നാണ് യോവാബ് അവരെ ഉപദേശിക്കുന്നതിന്‍റെ സാരം.
യിസ്രായേല്‍ ജനങ്ങളുടെ മനസ്സില്‍ ഒരു ദൃഷ്ടാന്തമായി (കരടായി) മാറിയ ഈ സംഭവം നടന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിക്കൊണ്ടിരുന്ന ഒരു കാലത്താണ്. ന്യായാധിപന്മാര്‍ 8,9 അദ്ധ്യായങ്ങളില്‍ അബീമേലെക്കിന്‍റെ ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
യെരുബ്ബാല്‍ എന്ന മറുപേരുള്ള ഗിദെയോന് ഒരു പരസ്ത്രീയില്‍ ജനിച്ച മകനായിരുന്നു അബീമേലെക്ക്. ദൈവഹിതമല്ലാതെ അന്യസ്ത്രീയില്‍ ഉണ്ടായ ഈ മകന്‍ പിന്നീട് ഗിദെയോന്‍റെ കുടുംബത്തിന്‍റെതന്നെ സര്‍വ്വനാശത്തിന് കാരണമായിത്തീര്‍ന്നു. നല്ല വാര്‍ദ്ധക്യത്തിലുള്ള ഗിദെയോന്‍റെ മരണത്തിനു ശേഷം, ഭരണവും അധികാരവും ഭദ്രമായി തന്‍റെ കൈകളില്‍തന്നെ വന്നുചേരേണ്ടതിന്നുവേണ്ടി അബീമേലെക്ക് തന്‍റെ അപ്പനു ജനിച്ച മറ്റു എഴുപതു പുത്രന്മാരെയും കൊന്നുകളഞ്ഞു, എന്നാല്‍ ഇളയവനായ യോഥാം മാത്രം രക്ഷപ്പെട്ടു. (ന്യായാധി. 9:5)
അബീമേലെക്ക് തന്‍റെ കുടുംബത്തോടുചെയ്ത ആ മഹാപരാധത്തിന് യോഥാം അബീമേലെക്കിനെയും അവനോട് പക്ഷം ചേര്‍ന്ന ദേശക്കാരെയും ശപിച്ചു. അവര്‍ പരസ്പരം കലഹിക്കുമെന്നും അന്യോന്യം കൊന്നൊടുക്കുമെന്നുമായിരുന്നു ആ ശാപം. പിന്നീട് യോഥാമിന്‍റെ വാക്കുകള്‍ അക്ഷരംപ്രതി ഫലിച്ചതായിട്ട് കാണുവാന്‍ കഴിയും. അവര്‍ പരസ്പരം ശത്രുക്കളായിത്തീന്ന് ചതിച്ചും വഞ്ചിച്ചും അന്യോന്യം കൊന്നുവീഴ്ത്തി.
അബീമേലെക്ക് നിര്‍ദ്ദാക്ഷിണ്യം കൊന്നുകളഞ്ഞ നിരപരാധികളായ തന്‍റെ സഹോദരന്മാരുടെ രക്തം അവന്‍റെ തലയിലിരുന്നു, ആ ശാപം അവനെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ഒരിക്കല്‍ അവന്‍ തേബെസ് എന്ന പട്ടണം ആക്രമിച്ചു, അതിന്നു തീ കൊടുത്തു ചുട്ടുകളയേണ്ടതിന്നു ഗോപുര വാതിലിന്നടുത്തു ചെന്നു. അപ്പോള്‍ ഒരു സ്ത്രീ ഗോപുരത്തിന്‍റെ മുകളില്‍ നിന്ന് തിരികല്ലിന്‍റെ പിള്ള അബീമേലെക്കിന്‍റെ തലയിലിട്ടു. അവന്‍റെ തലയോടു തകര്‍ന്ന് മരണാസന്നനായി അങ്ങനെ കിടക്കുമ്പോള്‍ അവന്‍ തന്‍റെ ആയുധവാഹകനോട്, ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. ആ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അബീമേലെക്ക് മരിച്ചു.
ന്യായാധിപന്മാര്‍ 9:56 ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, "അബീമേലെക്‍ തന്‍റെ എഴുപതു സഹോദരന്മാരെ കൊന്നതിനാല്‍ തന്‍റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിന്നു ദൈവം ഇങ്ങനെ പകരം ചെയ്തു"
അവന്‍റെ മരണം കൊണ്ടും ആ ശാപം അവനെ വിട്ടുമാറിയില്ല, ഒരു സ്ത്രീ തന്നെ കൊന്നു എന്ന് ആരും ഒരിക്കലും പറയരുത് എന്നാഗ്രഹിച്ചുകൊണ്ട്, തന്‍റെ ബാല്യക്കാരന്‍റെ കുത്തേറ്റാണ് അവന്‍ മരിച്ചതെങ്കിലും, നൂറ്റാണ്ടുകള്‍ക്കു ശേഷവും (ദാവീദിന്‍റെ കാലത്തും) ജനങ്ങള്‍ അവനെ ഓര്‍ത്തത്, ഒരു സ്ത്രീ അവനെ കൊന്നു എന്നു പറഞ്ഞാണ്, 2 ശമുവേല്‍ 11:21.
ഇന്നും അബീമേലെക്ക് യിസ്രായേല്‍ ജനത്തിന് പറഞ്ഞുചിരിക്കാനുള്ള ഒരു അപഹാസ്യനും, കോമാളിയുമായി ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയില്‍ കിടക്കുന്നു.
സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി, അധികാരത്തിനും കസേരക്കും വേണ്ടി, ഒരു മടിയും കൂടാതെ, സ്വന്ത സഹോദരന്മാര്‍ക്കുനേരെ വാളോങ്ങുന്ന, ദൈവത്തിന് നിരക്കാത്തപ്രവര്‍ത്തി ചെയ്യുന്നവര്‍ അബീമേലെക്കിന്‍റെ ചരിത്രം ഒന്നോര്‍ത്തിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.
ദൈവം പകരം ചെയ്യുമെന്ന് മറന്നുപോകരുത്.
ഗലാത്യര്‍ 6:7..
"വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും. ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും. നന്മ ചെയ്കയില്‍ നാം മടുത്തുപോകരുതു; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും. ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക
ആകയാല്‍, ആത്മാവില്‍ വിതെക്കുന്നവരായി, എല്ലാവര്‍ക്കും നന്മ ചെയ്യുവാന്‍ ഈ ദിനവും ദൈവം നമുക്കു കൃപ തരേണ്ടതിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്,
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം...
ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി,ഭോപ്പാല്‍:9424400654)