കരച്ചില്‍ കേള്‍ക്കുന്ന ദൈവം

June-2021

ചങ്കുതകര്‍ന്ന് അവര്‍ കരഞ്ഞപ്പോള്‍, സ്വര്‍ഗ്ഗത്തിലെ ദൈവം അതു കേള്‍ക്കയും അതു ദൈവത്തിന്‍റെ വിഷയമായി മാറുകയും ചെയ്തു, അതായത്, ദൈവമക്കള്‍ ദൈവത്തെവിളിച്ച് ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞപ്പോള്‍ ദൈവം ആ വിഷയത്തില്‍ ഇടപെട്ടു. അമാലേക്യരെ മുഴുവനും ദാവീദിന്‍റെയും കൂട്ടരുടെയും കയ്യില്‍ ഏല്‍പ്പിച്ചു. അവര്‍ അവരെ പിന്തുടര്‍ന്ന് അവരോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിച്ച്, അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും വീണ്ടെടുത്തു (വാക്യം 30:18). അങ്ങനെ ദാവീദിന്‍റെയും കൂട്ടരുടെയും കണ്ണുനീര്‍ ദൈവം തുടെച്ചുകളഞ്ഞു, അവരുടെ സങ്കടം അകറ്റി, പിന്നെയും ജയത്തിന്‍റെ ഘോഷം ദാവീദിന്‍റെ കൂടാരങ്ങളില്‍ ദൈവം മടക്കി നല്‍കി


"അപ്പോൾ ദാവീദും കൂടെയുള്ള ജനവും കരവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.." 1 ശമുവേൽ 30:4
      ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാകില്ലല്ലോ. കരച്ചിലുകൾ പലവിധങ്ങളുണ്ടെന്നും നമുക്കറിയാം. സാധാരണയായി സങ്കടങ്ങളും വേദനകളും ഒക്കെ ഉണ്ടാകുമ്പോഴാണ് പ്രായപൂര്‍ത്തിയായവർ കരയാറുള്ളൂ. ആ സങ്കടം സഹിക്കാവുന്നതിലും അധികമാകുമ്പോഴാണ് മനുഷ്യർ സ്ഥലകാലങ്ങൾ പോലും മറന്ന് പൊട്ടിക്കരയുന്നത്.
 ദൈവഭക്തനായ ദാവീദ് യിസ്രായേലിൻ്റെ ശക്തനായ ഒരു രാജാവായിരുന്നിട്ടും കെട്ടിച്ചമയങ്ങളൊന്നുമില്ലാത്ത പച്ചയായ ഒരു മനുഷ്യനായിരുന്നു. *സന്തോഷം വരുമ്പോൾ തുള്ളിച്ചാടി ദൈവത്തെ സ്തുതിക്കാനും, സങ്കടങ്ങൾ വരുമ്പോൾ ദൈവസന്നിധിയിൽ പൊട്ടിക്കരയുവാനും ദാവീദ് ഒരിക്കലും മടികാണിച്ചില്ല*. അതായത്, ദാവീദിന്‍റെ ദൈവ ഭയ ഭക്തി വെറും ഒരു അഭിനയമായിരുന്നില്ല എന്നു സാരം. പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ വിളിച്ചപേക്ഷിക്കാനും സ്തുതിക്കാനും അവിടുത്തെ അത്ഭുതങ്ങള്‍ ഒക്കെയും വര്‍ണ്ണിക്കുവാനും, ദൈവകല്‍പ്പനകളില്‍ മാത്രം നടന്ന് അവിടുത്തെ നാമത്തെ സ്തോത്രം ചെയ്ത് മഹത്വപ്പെടുത്തുവാനും ദാവീദ് പിശുക്കു കാണിച്ചില്ല എന്ന് ദാവീദിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ നമുക്കു വായിക്കുവാന്‍ കഴിയും. സങ്കീര്‍ത്തനങ്ങള്‍ 9:1, 86:12, 111:1, 138:1.
    പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തോട് അടുത്തുചെല്ലുന്നവരോടുള്ള ദൈവസമീപനം എന്തായിരിക്കുമെന്ന് ദൈവം തന്‍റെ പ്രവാചകനില്‍ക്കൂടെ അരുളിച്ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്; യിരെമ്യാവ് 32:41
"ഞാന്‍ അവരില്‍ സന്തോഷിച്ചു അവര്‍ക്കു ഗുണം ചെയ്യും. ഞാന്‍ പൂര്‍ണ്ണഹൃദത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ അവരെ ഈ ദേശത്തു നടും"
  ദൈവത്തോട് പൂര്‍ണ്ണ ഹൃദയത്തോടെ അടുത്തുചെല്ലുന്നവരോട് ദൈവവും പൂര്‍ണ്ണ ഹൃദയത്തോടെ അടുത്തു വരും, അവര്‍ക്കു നന്മ ചെയ്യും. സ്തോത്രം !
     
    കരയുവാന്‍ ബലമില്ലാതാകുവോളം തകര്‍ന്ന ഹൃദയത്തോടെ ദാവീദും കൂട്ടരും ദൈവസന്നിധിയില്‍ കരഞ്ഞു എന്നാണ് ഈ തിരുവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവര്‍ കരയുവാനുണ്ടായ കാരണവും ഇവിടെ നമ്മള്‍ വായിക്കുന്നുണ്ട്, 1 ശമുവേല്‍ 30:3
"ദാവീദും അവന്‍റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോള്‍ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു"
   ശത്രുക്കളായ അമാലേക്യരാണ് ദാവീദിനോടും കൂട്ടരോടും ഈ ചതി ചെയ്തത്, അവരുടെ പട്ടണം ചുട്ടുകളഞ്ഞു പച്ചപ്പുകളും നിലങ്ങളുമെല്ലാം കത്തിച്ച് ചാമ്പലാക്കി. അവരുടെ പ്രിയപ്പെട്ടവരെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി,
    പട്ടണത്തില്‍ അമാലേക്യര്‍ ചെയ്ത അക്രമം കണ്ട്, തങ്ങളുടെ കുടുംബങ്ങള്‍ക്ക് എന്തു സംഭവിച്ചു?, അവര്‍ ജീവനോടുണ്ടോ അതോ അവരെയും അമാലേക്യര്‍ കൊന്നുകളഞ്ഞോ? എന്നൊക്കെയുള്ള വിചാരങ്ങളാല്‍ ചങ്കുതകര്‍ന്ന് അവര്‍ കരഞ്ഞപ്പോള്‍, സ്വര്‍ഗ്ഗത്തിലെ ദൈവം അതു കേള്‍ക്കയും അതു ദൈവത്തിന്‍റെ വിഷയമായി മാറുകയും ചെയ്തു, അതായത്, ദൈവമക്കള്‍ ദൈവത്തെവിളിച്ച് ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞപ്പോള്‍ ദൈവം ആ വിഷയത്തില്‍ ഇടപെട്ടു. അമാലേക്യരെ മുഴുവനും ദാവീദിന്‍റെയും കൂട്ടരുടെയും കയ്യില്‍ ഏല്‍പ്പിച്ചു. അവര്‍ അവരെ പിന്തുടര്‍ന്ന് അവരോട് യുദ്ധം ചെയ്ത് അവരെ തോല്‍പ്പിച്ച്, അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും വീണ്ടെടുത്തു (വാക്യം 30:18). അങ്ങനെ ദാവീദിന്‍റെയും കൂട്ടരുടെയും കണ്ണുനീര്‍ ദൈവം തുടെച്ചുകളഞ്ഞു, അവരുടെ സങ്കടം അകറ്റി, പിന്നെയും ജയത്തിന്‍റെ ഘോഷം ദാവീദിന്‍റെ കൂടാരങ്ങളില്‍ ദൈവം മടക്കി നല്‍കി. സ്തോത്രം !
     *ഈ വചനഭാഗം നമുക്കു തരുന്ന ചില ആത്മീയ ദര്‍ശനങ്ങളുണ്ട്. അവയില്‍ ചിലത് ഞാന്‍ ഓര്‍മ്മിപ്പിക്കാം;*
ദാവീദിനെയും കൂട്ടരെയും ആക്രമിച്ച ഈ അമാലേക്യര്‍ ആരാണ് ?
1) ജാതികളാണ് അമാലേക്യര്‍; സംഖ്യാപുസ്തകം 24:20
"അവന്‍ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേക്‍ ജാതികളില്‍ മുമ്പന്‍ ; അവന്‍റെ അവസാനമോ നാശം അത്രേ"
ഒരിക്കല്‍ നമ്മുടെ കര്‍ത്താവ് പറഞ്ഞ ഉപദേശവചനങ്ങള്‍കൂടെ ഇതോടു നമ്മള്‍ ചേര്‍ത്തുവായിക്കണം; ലൂക്കൊസ് 12:29,30 (ലൂക്കൊസ് 21:25)
"എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുതു. ഈ വക ഒക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നു"
മത്തായി 6:7 "പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്കും തോന്നുന്നതു"
ഒന്നുകൂടെ വ്യക്തമായിപറഞ്ഞാല്‍, യോശുവ 23:7, 1 ശമുവേല്‍ 15:18 വചനങ്ങളിലും 2 കൊരി 6:14 വചനഭാഗത്തും രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ദൈവമക്കളുമായി ഇടകലരാന്‍ അഥവാ ഇണയില്ലാപ്പിണ കൂടാന്‍ പാടില്ലാത്ത പാപികളും അന്യദൈവാരാധികളെയുമാണ് ഇവിടെ ജാതികള്‍ അഥവാ അമാലേക്യര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ആകയാല്‍, ദൈവജനത്തിന്‍റെ ആത്മീയ ഭൗതിക നന്മകള്‍ കൊള്ളയിടുന്ന ഈ അമാലേക്യരെ നമ്മള്‍ സൂക്ഷിക്കണം, അവരുടെ ഇടയില്‍ നിന്ന് ഒഴിഞ്ഞിരിക്കണം.
2) വിള നശിപ്പിക്കുന്നവരാണ് അമാലേക്യര്‍; ന്യായാധിപന്മാര്‍ 6:3..
"യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും...വിള നശിപ്പിക്കും.."
 
3) ഒന്നും ശേഷിപ്പിക്കാതെ മുടിച്ചു കളയുന്നവരാണ് അമാലേക്യര്‍; ന്യായാധി. 6:4
"..യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല"
 
4) നാശം ചെയ്യുന്നവരാണ് അമാലേക്യര്‍; ന്യായാധി. 6:5
"അവര്‍ ... പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; .. അവര്‍ ദേശത്തു കടന്നു നാശം ചെയ്യും"
 
5) ക്ഷയിപ്പിക്കുന്നവരാണ് അമാലേക്യര്‍; ന്യായാധി. 6:6
"ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു;..."
 
6) ഞെരുക്കന്നവരാണ് അമാലേക്യര്‍; ന്യായാധി. 10:12
"സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെരുക്കി;.."
 
7) കവര്‍ച്ചക്കാരാണ് അമാലേക്യര്‍; 1ശമുവേല്‍ 14:48
"അവന്‍ ശൌര്യം പ്രവര്‍ത്തിച്ചു അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവര്‍ച്ചക്കാരുടെ കയ്യില്‍നിന്നു വിടുവിക്കയും ചെയ്തു"
 
8) അടിമകളും ബന്ധനസ്ഥരുമാക്കുന്നവരാണ് അമാലേക്യര്‍; 1 ശമുവേല്‍ 30:3
"..ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു"
 
9) ലോകമോഹമാണ് അമാലേക്യര്‍; 1 ശമുവേല്‍ 15:9..
"..ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയില്‍ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിര്‍മ്മൂലമാക്കുവാന്‍ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു;.."
 
10) വഴിമുടക്കികളാണ് അമാലേക്യര്‍; സംഖ്യ. 14:25
"എന്നാല്‍ അമാലേക്യരും കനാന്യരും താഴ്വരയില്‍ പാര്‍ക്കുന്നതുകൊണ്ടു നിങ്ങള്‍ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന്‍"
 
   ഈ തിരുവചനഭാഗങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങളെല്ലാം ഇന്നത്തെ നമ്മുടെ വിശ്വാസ ജീവിതവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍, ചിലരുടെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്ന ഈ അമാലേക്യ സാന്നിധ്യത്തെ നമുക്കു തിരിച്ചറിയുവാനാകും.
@നമ്മുടെ ജീവിതത്തിലെ ചില വഴികള്‍ അടയപ്പെട്ടും മുടങ്ങിക്കിടക്കുന്നതിനും കാരണം,
@നമ്മുടെ പ്രയത്നഫലം അന്യര്‍ അനുഭവിക്കുന്നതിനും,
@എത്ര കഷ്ടപ്പെട്ടിട്ടും ഗതിപിടിക്കാതെ നാള്‍ക്കുനാള്‍ ക്ഷയിച്ചുവരുന്നതിനും,
@മുണ്ടുമുറുക്കി ഉടുത്ത് നീക്കിവെച്ചവയെല്ലാം കള്ളന്‍ @അപഹരിച്ചുകൊണ്ടുപോയതുപോലെ നഷ്ടപ്പെടുന്നതും,
@മുമ്പോട്ടുള്ള ജീവിതം ദുസ്സഹമാക്കിക്കൊണ്ട് ചുറ്റും ഞെരുക്കിക്കൊണ്ടിരിക്കുന്നതും...
ഇവയൊക്കെ ജീവിതത്തില്‍ ഈ അമാലേക്യ ബാധയുടെ ലക്ഷണങ്ങളാണ്.
  ദാവീദിനെപ്പോലെ നുറുങ്ങിയ ഹൃദയത്തോടെ ബലമില്ലാതാകുവോളം ദൈവസന്നിധിയില്‍ കരയണം, നിശ്ചയമായും ദൈവം നമ്മുടെ വിഷയവും ഏറ്റെടുക്കും, അമാലേക്യരുടെ ബന്ധനങ്ങള്‍ അഴിക്കുകയും, അവര്‍ അപഹരിച്ചുവെച്ചിരിക്കുന്നവ (കൊള്ളയിട്ട് കൊണ്ടുപോയവ) മടക്കിത്തരികയും, നമ്മുടെ ജീവിതത്തിലും ഈ അമാലേക്യര്‍ വരുത്തിയ നാശനഷ്ടങ്ങള്‍ക്കെല്ലാം ഇരട്ടി പകരം തരികയും ചെയ്യും.
   1 ശമുവേല്‍ 30:26 വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, ദാവീദിനും കൂട്ടര്‍ക്കും അമാലേക്യര്‍ അപഹരിച്ചുകൊണ്ടുപോയവ മാത്രമല്ല ദൈവം മടക്കി നല്‍കിയത്, വലിയ ഒരു പങ്ക് അധികം നല്‍കി ദൈവം ദാവീദിനോട് കണക്കുതീര്‍ത്തു. തന്‍റെ സ്നേഹിതന്മാര്‍ക്കുംകൂടെ പങ്കുകൊടുക്കാനും മാത്ര അളവില്‍, ദൈവം ദാവീദിനുണ്ടായ നഷ്ടം തീര്‍ത്തു.
     ഈ ദൈവം ഇന്നും ജീവിക്കുന്നു. ദൈവത്തോട് കരഞ്ഞപേക്ഷിച്ചാല്‍ അവിടുന്ന് അമാലേക്യരുടെമേല്‍ നമുക്കും ജയം നല്‍കും, നിരാശകള്‍ മാറ്റും, നഷ്ടങ്ങള്‍ ലാഭങ്ങളാക്കും, നമ്മുടെ കൂടാരങ്ങളിലും ജയത്തിന്‍റെ ആഘോഷം മുഴക്കും....
         വിശ്വാസിക്കുന്നവര്‍ക്ക് *"ആമേന്‍"* പറയാം,
ഈ വചനങ്ങളാല്‍ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ,
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം...
ദൈവദാസന്‍ ഷൈജു ജോണ്‍
വചനമാരി,ഭോപ്പാല്‍,9424400654, 7898211849
 
*കുറിപ്പ്:*
പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കേണ്ടതിനായി വചനമാരി പ്രയര്‍ ഗ്രൂപ്പിലേക്ക് വിളിക്കാവുന്നതാണ്. Mob&WhatsApp:09589741414, Ph:07554297672 (തിങ്കള്‍ മുതല്‍ വെള്ളിവരെ, രാവിലെ 10മുതല്‍ വൈകിട്ട് 6വരെ)
Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.