വർദ്ധിച്ച് വർദ്ധിച്ച് വരിക

June-2021

ഉൽപ്പത്തി 13:2, 26:13, 30:43 ഈ മൂന്നു വചനഭാഗങ്ങളിൽ വായിക്കുന്നത്, അവർ മൂന്നുപേരും തങ്ങളുടെ ജീവിതത്തിൽ വർദ്ധനവിൻ്റെ അനുഭവം ഉള്ളവരായിരുന്നു എന്നാണ്. *1) അബ്രഹാം;* ഉൽപ്പത്തി 13:2 "...അബ്രാം ബഹുസമ്പന്നനായിരുന്നു" *2) യിസഹാക്ക്;* ഉൽപ്പത്തി 26:13 "അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു" *3) യാക്കോബ്;* ഉൽപ്പത്തി 30:43 "അവൻ മഹാസമ്പന്നനായി..."


"*ഞാൻ അബ്രാഹാമിൻ്റെ ദൈവവും യിസ്ഹാക്കിൻ്റെ ദൈവവും യാക്കോബിൻ്റെ ദൈവവും ആകുന്നു* എന്നു അവൻ അരുളിച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ" (മത്തായി 22:32)
     വിശുദ്ധ വേദപുസ്തകത്തിൽ പല അവസരങ്ങളിലായി ആവർത്തിച്ചാവർത്തിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ഒരു വചനമാണ് ഇത്. അബ്രാഹാമിൻ്റെയും യിസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമാണ് താൻ എന്ന് സ്വർഗ്ഗത്തിലെ ദൈവം അഭിമാനത്തോടെ പറയുവാൻ നിരവധി കാരണങ്ങൾ തിരുവചനത്തിൽ നമുക്കു കാണുവാൻ കഴിയും. അവർ തങ്ങളുടെ ജീവകാലമൊക്കെയും ദൈവഭയത്തിലും ഭക്തിയിലും അനുസരണത്തിലും ജീവിച്ച് ദൈവത്തെ പ്രസാദിപ്പിച്ചതുകൊണ്ടാണ് ദൈവം അവരുടെ ദൈവം എന്ന് പരിചയപ്പെടുത്തുവാൻ (വിളിക്കപ്പെടുവാൻ) ലജ്ജിക്കാതിരുന്നത്.
  പൂർവ്വ പിതാക്കന്മാരായ ഈ മൂന്നു ദൈവഭക്തരുടെയും ജീവിതത്തിൽ നമുക്കു പൊതുവായി ദർശിക്കാവുന്ന ഒരുപിടി പ്രത്യേകതകളിൽ അഥവാ സാദൃശ്യങ്ങളിൽ ഒന്നുമാത്രം ഞാൻ ഇവിടെ ഓർമ്മപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു;
ഉൽപ്പത്തി 13:2, 26:13, 30:43 ഈ മൂന്നു വചനഭാഗങ്ങളിൽ വായിക്കുന്നത്, അവർ മൂന്നുപേരും തങ്ങളുടെ ജീവിതത്തിൽ വർദ്ധനവിൻ്റെ അനുഭവം ഉള്ളവരായിരുന്നു എന്നാണ്.
*1) അബ്രഹാം;* ഉൽപ്പത്തി 13:2 "...അബ്രാം ബഹുസമ്പന്നനായിരുന്നു"
*2) യിസഹാക്ക്;* ഉൽപ്പത്തി 26:13 "അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു"
*3) യാക്കോബ്;* ഉൽപ്പത്തി 30:43 "അവൻ മഹാസമ്പന്നനായി..."
   മത്തായി 22:32, മർക്കൊസ് 12:27, ലൂക്കൊസ് 20:37 വചനഭാഗങ്ങളിൽ ദൈവം അബ്രാഹാമിൻ്റെയും യിസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവമാണ്, മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ എന്ന് എഴുതിയിരിക്കുന്നതിൻ്റെ ഒരു കാരണം, അവരുടെ മൂന്നുപേരുടെയും ജീവിതത്തിൽ ജീവൻ്റെ അടയാളമായ വർദ്ധനവ് ഉണ്ടായിരുന്നതുകൊണ്ടാണ്. അബ്രാഹാമിൻ്റെ മക്കൾ വർദ്ധിച്ചുവന്നു അഥവാ മേൽക്കുമേൽ പെരുകി വന്നു എന്നാണ് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
    ഗലാത്യർ 3:7,9 വചനപ്രകാരം വിശ്വാസത്താൽ അബ്രാഹാമിൻ്റെ മക്കളായ നമ്മുടെ ജീവിതത്തിലും ജീവൻ്റെ അടയാളമായ ഈ വളർച്ചയും വർദ്ധനവും ഉണ്ടാകണം എന്നുള്ളത് ദൈവത്തിൻ്റെ പദ്ധതിയാണ്.
"അതുകൊണ്ടു വിശ്വാസികൾ അത്രേ അബ്രാഹാമിൻ്റെ മക്കൾ എന്നു അറിവിൻ
അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു"
  വിശ്വാസികളായ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുവാൻ പോകുന്ന ആത്മിക / ഭൗതിക വർദ്ധനവുകളിൽ ചിലത് ദൈവവചനത്തിൽ നിന്ന് ഞാൻ അക്കമിട്ട് എഴുതാം;
*ആത്മിക വർദ്ധനവുകൾ *
*1) വിശ്വാസത്തിൽ വർദ്ധനവ്*; ലൂക്കൊസ് 17:5, 2 തെസ്സ. 1:3, 2 കൊരി. 10:15,
*2) ദൈവകൃപയിൽ വർദ്ധനവ്*; റോമർ 5:20, 2 കൊരി. 4:15, 1 തിമൊ. 1:14
*3) സ്നേഹത്തിൽ വർദ്ധനവ്*; ഫിലി. 1:9, 1 തിമൊ. 1:14, 1 തെസ്സ 3:12
*4) സ്തോത്രത്തിൽ വർദ്ധനവ്*; 2 കൊരി. 4:15, കൊലൊ. 2:7
*5) അഭിഷേകത്തിൽ വർദ്ധനവ്*; 1 കൊരി 14:4
*6) സഹോദരപ്രീതിയിൽ വർദ്ധനവ്*; 1 തെസ്സ 4:9,10
*7) ഫലത്തിൽ വർദ്ധനവ്*; കൊലൊ. 1:6
*8) കർത്താവിൻ്റെ വേലയിൽ വർദ്ധനവ്*; 1 കൊരി. 15:58
*9) നടപ്പിൽ വർദ്ധനവ്*; 1 തെസ്സ. 4:1
*10) പ്രാർത്ഥനയിൽ വർദ്ധനവ്*; യൂദാ 1:20
*11) പ്രബോധനത്തിൽ വർദ്ധനവ്*; 1 തെസ്സ. 5:11
*12) സമാധാനത്തിൽ വർദ്ധനവ്*; അപ്പൊ.പ്ര. 9:31, 1 പത്രൊ. 1:2
("...നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ")
*ഭൗതിക വർദ്ധനവുകൾ*
*1) വസ്തുവകകളിൽ വർദ്ധനവ്*; ഉൽപ്പത്തി 30:30
*2) കൃഷിഫലത്തിൽ വർദ്ധനവ്*; ലേവ്യ. 19:25
*3) ആരോഗ്യത്തിൽ വർദ്ധനവ്*; ദാനിയേൽ 4:22
*4) തലമുറയിൽ വർദ്ധനവ്*; ഉൽപ്പത്തി 47:27
*5) സമ്പത്തിൽ വർദ്ധനവ്*; ഇയ്യോബ് 1:10
*6) ആയുസ്സിൽ വർദ്ധനവ്*; സദൃശ്യവാ. 9:11
("ഞാൻ മുഖാന്തരം നിൻ്റെ നാളുകൾ പെരുകും; നിനക്കു ദീർഘായുസ്സു ഉണ്ടാകും")
*ഒരു ശാപം പോലെ ചിലരുടെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്ന മുരടിപ്പിൻ്റെ അനുഭവങ്ങളെ മാറ്റി*,
*ചെയ്യുന്നതിലൊന്നിലും ഗതിപിടിക്കാത്ത വൃഥാപ്രയത്നങ്ങളുടെ ചരിത്രത്തെ മാറ്റി*,
*കഴിവും യോഗ്യതകളും ഉണ്ടായിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാത്ത കയ്പ്പിൻ്റെ നാളുകളെ മാറ്റി*,
*വരുമാനം കൃത്യമായി കയ്യിൽ വരുന്നുണ്ടെങ്കിലും അവസാനം ഒന്നിനും തികയാതെ ചക്രശ്വാസം വലിക്കുന്ന ഗതികേടു മാറ്റി*,
*ബന്ധുക്കളും സ്നേഹിതരും ഒക്കെ ഉണ്ടായിട്ടും ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥകളെ മാറ്റി*,
*കൈതൊടുന്നതെല്ലാം നഷ്ടക്കണക്കിൽ മാത്രം അവസാനിക്കുന്ന സ്ഥിരം ഇടപാടുകളുടെ പൊല്ലാപ്പുകൾ മാറ്റി*,
*കടങ്ങളും ബാധ്യതകളുമായി ഒരു നിലയില്ലാകയത്തിൽ കിടന്ന് കൈകാലിട്ടടിക്കുന്ന ഞെരുക്കത്തിൻ്റെ നാളുകൾ മാറ്റി*,
*കേസ്സും കോടതിയുമായി നിയമവ്യവഹാരങ്ങളിൽ പെട്ട് വട്ടംതിരിയുന്ന ചുറ്റിക്കെട്ടുകൾ മാറ്റി*,
*നന്നായി പഠിച്ചിട്ടും, പെടാപാടുപെട്ടിട്ടും പ്രതീക്ഷക്കൊത്ത റിസൾട്ടു ലഭിക്കാത്ത നിരാശ മാറ്റി*
      ജീവിതത്തിലെ നിർജ്ജീവ അവസ്ഥകൾ മാറ്റി സമഗ്രമേഖലയിലും വർദ്ധനവിൻ്റെ സമൃദ്ധിയിൽ നിങ്ങൾ വസിക്കുന്ന മാസമായിരിക്കട്ടെ ഈ മാസം എന്ന് കർത്താവിൻ്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.
*ക്രിസ്തുവിൽ സ്നേഹപൂർവ്വം...*
ദൈവദാസൻ ഷൈജു ജോണ്‍
വചനമാരി,ഭോപ്പാൽ,9424400654, 7898211849
*കുറിപ്പ്:*
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിനായി വചനമാരി പ്രയർ ഗ്രൂപ്പിലേക്ക് വിളിക്കാവുന്നതാണ്. Mob:09589741414, Ph:07554297672 (തിങ്കൾ മുതൽ വെള്ളിവരെ, രാവിലെ 10മുതൽ വൈകിട്ട് 6വരെ)
Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*