തളർന്നുപോകരുത്

June-2021

ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ അവസ്ഥ മാറ്റുവാന്‍ ദൈവം തീരുമാനിച്ചാല്‍, അവനു ചുറ്റുമുള്ള സാഹചര്യങ്ങള്‍ എത്ര പ്രതികൂലമെന്ന് ലോകത്തിനു തോന്നിയാലും, ആ പ്രതികൂലങ്ങളെ ക്രമേണ അനുഗ്രഹത്തിന്‍റെ നെടുംതൂണുകളാക്കി മാറ്റി, ആ വ്യക്തിയെ ലോകത്തിനു മുമ്പില്‍ അത്ഭുതത്തോടെ നിറുത്തുവാന്‍ ദൈവത്തിനു കഴിയും. സാഹചര്യങ്ങളെയും അവസ്ഥകളെയും തന്‍റെ പദ്ധതിക്കനുസരിച്ച് വളച്ചെടുക്കുവാന്‍ ദൈവം ശക്തനാണ്


      മേരിക്കയിലെ മിസോരിയയിലുള്ള കൻസാസ് എന്ന പട്ടണത്തിൽ യുവാവായ ഒരു കാർട്ടൂണിസ്റ്റ് ഉണ്ടായിരുന്നു. ജന്മനാ തന്നെ നല്ല ഒരു കലാകാരനായിരുന്ന അദ്ദേഹം അക്കാലത്ത് താൻ രചിച്ച കലാ സൃഷ്ടികള്‍ പ്രസിദ്ധീകരണത്തിനായി വിവിധ മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തെങ്കിലും അവർ ആരുംതന്നെ അവ പ്രസിദ്ധീകരിക്കുവാൻ തയ്യാറായില്ല. നിരാശനായ ആ യുവാവിനെ അവിടെ ഉള്ള ഒരു ക്രിസ്തീയ സഭ സഹായിക്കുവാൻ തയ്യാറായി. അവരുടെ ചര്‍ച്ചിന്‍റെ പരസ്യവിഭാഗത്തില്‍ ആ യുവാവിനു പ്രവര്‍ത്തിക്കുവാൻ അവസരം കൊടുത്തു. താമസിക്കുവാൻ സ്വന്തമായി ഒരു വീടുപോലും ഇല്ലാതിരുന്ന ആ യുവാവ്, സഭയിലെ പാസ്റ്ററോട് ഒരു മുറി തരണമെന്ന് അപേക്ഷിച്ചു. എന്നാൽ അയാള്‍ക്ക് കൊടുക്കുവാൻ അവിടെ മുറികള്‍ ഒന്നും ഒഴിവുണ്ടായിരുന്നില്ല. എങ്കിലും അയാളുടെ നിസ്സഹായവസ്ഥ കണ്ട പാസ്റ്റർ ചർച്ച് കാമ്പസിന്‍റെ ഒരു കോണിൽ ഉപേക്ഷിക്കപ്പെട്ടുകിടന്ന ഒരു പഴയ മുറി ആ യുവാവിനു താമസിക്കുവാനായി തരപ്പെടുത്തികൊടുത്തു.
 
       പൊടിയും മാറാലയും പിടിച്ച്, പൊട്ടിപ്പൊളിഞ്ഞ ചുവരുകളോടുകൂടിയ ആ മുറി വല്ല വിധേനയും അയാള്‍ ഒരുക്കി എടുത്തു. ആ മുറിയില്‍ യുവാവിനു മുമ്പേ സ്ഥിരതാമസമാക്കിയിരുന്ന മറ്റൊരു കൂട്ടര്‍ കൂടി ഉണ്ടായിരുന്നു, കുറേ ചുണ്ടെലികള്‍. അയാള്‍ അവയെ ഓടിച്ചു കളയുവാന്‍ ശ്രമിച്ചു എങ്കിലും, വിജയിച്ചില്ല. തുടക്കത്തില്‍ അവ അയാള്‍ക്കു ശല്ല്യമായി തോന്നിയിരുന്നെങ്കിലും, ക്രമേണ ആ ചുണ്ടെലികളുടെ സാന്നിധ്യവും അവ ഉണ്ടാക്കുന്ന ശബ്ദങ്ങളും ഒക്കെ ആയി ആ യുവാവ് പൊരുത്തപ്പെട്ടു. ചുണ്ടെലികളുടെ ശൈലിയും ഭാവവും സൂക്ഷ്മമായി വീക്ഷിച്ച ആ യുവ കാര്‍ട്ടൂണിസ്റ്റിന്‍റെ മനസ്സില്‍ ഒരു ഭാവന ഉണര്‍ന്നു. വിവിധ ഭാവങ്ങളില്‍ എലിയുടെ കാര്‍ട്ടൂണ്‍ ചിത്രം വരച്ച അയാള്‍ അതിന് ഒരു പേരിട്ടു, 'മിക്കി മൗസ്' (Micky Mouse). ഇന്ന് ലോകമെങ്ങുമുള്ള കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മിക്കി മൗസ് പിറന്നത് ഇങ്ങനെ ആണ്. കാലിഫോര്‍ണിയയിലുള്ള ഡിസ്നി ലാന്‍റ്, ഫ്ളോറിഡയിലുള്ള ഡിസ്നി വേള്‍ഡിന്‍റെയും ഉടമസ്ഥനായ 'വാള്‍ട്ട് ഡിസ്നി' (Walt Disney) ആയിരുന്നു, ആ യുവാവ്.
 
        ഇന്ന് ലോക പ്രശസ്തനായ വാള്‍ട്ട് ഡിസ്നിയുടെ ഈ ജീവിത അനുഭവം നമുക്ക് തരുന്ന ഒരു പാഠം, ജീവിത പ്രശ്നങ്ങള്‍ വരുമ്പോള്‍ നമ്മള്‍ തോറ്റു കൊടുക്കാതെ ആ പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കുകയോ, അവയില്‍ അവസരങ്ങള്‍ കണ്ടെത്തുകയോ ആണ് നമ്മള്‍ ചെയ്യേണ്ടത് എന്നാണ്.
      ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ അവസ്ഥ മാറ്റുവാന്‍ ദൈവം തീരുമാനിച്ചാല്‍, അവനു ചുറ്റുമുള്ള സാഹചര്യങ്ങള്‍ പ്രതികൂലമെന്ന് ലോകത്തിനു തോന്നിയാലും, ആ പ്രതികൂലങ്ങളെ പിന്നീട് അനുഗ്രഹത്തിന്‍റെ നെടുംതൂണുകളാക്കി മാറ്റി, ലോകത്തിനു മുമ്പില്‍ അത്ഭുതത്തോടെ ആ വ്യക്തിയെ നിറുത്തുവാന്‍ ദൈവത്തിനു കഴിയും. സാഹചര്യങ്ങളെയും അവസ്ഥകളെയും തന്‍റെ പദ്ധതിക്കനുസരിച്ച് വളച്ചെടുക്കുവാന്‍ ദൈവം ശക്തനാണ്.
      അതായത്, പതിനൊന്നു ദിവസത്തെ യാത്രയെ നാല്പതു വര്‍ഷങ്ങളുടെ യാത്രയായി ദീര്‍ഘിപ്പിക്കുവാനും (ആവര്‍ത്തനം 1:2), ഗസെ മുതല്‍ അസ്തോദ് വരെയുള്ള 60 കിലോമീറ്റര്‍ ദൂരം നൊടിയിടയില്‍ എത്തിക്കുവാനും, ദൈവത്തിനു കഴിയും. (അപ്പൊ. പ്രവൃ 8:26,40). ഈ രണ്ടില്‍ ഏതു വേണമെന്ന് തീരുമാനമെടുക്കേണ്ടത് നമ്മളാണ്. ദൈവത്തിന് അനിഷ്ടമായതു ചെയ്താല്‍ അലഞ്ഞു വലഞ്ഞു നടക്കേണ്ട നാളുകള്‍ ജീവിതത്തില്‍ ഉണ്ടാകും. സംഖ്യ 32:13
"അങ്ങനെ യഹോവയുടെ കോപം യിസ്രായേലിൻ്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി"
 
      എന്നാല്‍ ദൈവത്തെ അനുസരിച്ച്, പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനാല്‍ നടത്തപ്പെടുന്ന ദൈവപൈതല്‍ മൈലുകളുടെ ദൂരം നൊടിയിടയില്‍ തരണം ചെയ്യും. അപ്പൊ. പ്ര. 8:39,40
"അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിൻ്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തൻ്റെ വഴിക്കു പോയി.ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; .."
 
        ചില ജീവിതങ്ങളോടുള്ള ബന്ധത്തില്‍ ദൈവാത്മാവ് നല്‍കുന്ന ഒരു ആലോചനയാണ് ഇത്, ജീവിതത്തില്‍ പല കാര്യങ്ങളും ഇഴഞ്ഞു നീങ്ങുന്ന അനുഭവം, കൈഎത്തുന്ന ദൂരത്തു നിന്നും നന്മകള്‍ തെന്നിമാറിപ്പോകുന്ന അനുഭവം, എത്ര ശ്രമിച്ചിട്ടും, സാധ്യതകള്‍ ഉണ്ടായിട്ടും ചിലതു നേടാന്‍ കഴിയാത്ത അവസ്ഥ, ഇന്നു നടക്കും നാളെ ശരിയാകും എന്ന പ്രതീക്ഷയില്‍ ആരംഭിച്ച് നാളുകളും മാസങ്ങളും കഴിഞ്ഞിട്ടും ഒരു രക്ഷയും ഇല്ലാത്ത അവസ്ഥ...........
ഇവ എല്ലാം 11 ദിവസത്തിന് പകരം യിസ്രായേല്‍ ജനം യാത്ര ചെയ്ത നാല്പതു വര്‍ഷത്തിന്‍റെ അനുഭവത്തെയാണ് കാണിക്കുന്നത്.
 
          ദീര്‍ഘവര്‍ഷങ്ങള്‍ ഗള്‍ഫ് പ്രദേശങ്ങളില്‍ ജോലിചെയ്ത് നാട്ടില്‍ മടങ്ങി എത്തിയ, ഒരു സഹോദരനുണ്ടായ അനുഭവം, അദ്ദേഹം എന്നോട് പങ്കു വെച്ചത് ഇപ്രകാരമാണ്. അദ്ദേഹത്തിന്‍റെ ഭാര്യയും മക്കള്‍ രണ്ടുപേരും നാട്ടിലായിരുന്നു. കുടുംബത്തെ ഒരു നല്ല നിലയില്‍ എത്തിക്കുവാനും, മക്കള്‍ക്ക് രണ്ടു പേര്‍ക്കും നല്ല ഭാവി ഒരുക്കുന്നതിനുവേണ്ടിയും അദ്ധ്യാനിച്ചു സമ്പാദിച്ചതിന്‍റെ നല്ലൊരു ഭാഗവും ചിലവായി. ഇത്രയും വര്‍ഷങ്ങളുടെ സമ്പാദ്യമെന്നു പറയാന്‍ ഹൈവേയുടെ സൈഡില്‍ വാങ്ങിച്ചിട്ട ഒരു 10 സെന്‍റ് സ്ഥലം മാത്രമേ ഉള്ളൂ. നാട്ടില്‍ മടങ്ങി എത്തിയ അദ്ദേഹം തന്‍റെ സ്ഥലത്ത് ഒരു വീടു വെക്കാന്‍ ആഗ്രഹിച്ചു, എന്നാല്‍ ഒരു വീടുവെച്ചാല്‍ പിന്നീട് കൈയ്യില്‍ ഒരു രൂപപോലും ബാക്കിയുണ്ടാകില്ല, ചിലപ്പോള്‍ വീടു പൂര്‍ത്തീകരിക്കാന്‍ ലോണ്‍ എടുക്കേണ്ടിയും വരും എന്നു തിരിച്ചറിഞ്ഞ അദ്ദേഹം തന്‍റെ ഹൈവേ സൈഡിലുള്ള സ്ഥലം നല്ല വിലയ്ക്കു വിറ്റിട്ട് ഒരു ഹൗസിംഗ് കോളനിയില്‍ ഒരു വില്ല വാങ്ങുവാന്‍ ഉറപ്പിച്ചു. വില്ലയ്ക്ക് അഡ്വാന്‍സും കൊടുത്തു. നല്ല ഒരു പാര്‍ട്ടിയുമായി ഹൈവേ സൈഡിലുള്ള സ്ഥലത്തിന് കച്ചവടവും ഉറപ്പിച്ചു. സ്ഥലത്തിന് തീറെഴുതുന്നതിന്‍റെ തലേ ദിവസം ഒരു ഇടിവെട്ടുപോലെ സ്ഥലത്തിന്‍റെ പേപ്പറില്‍ കണ്ട പോരായ്മ അയാള്‍ തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ രേഖകളില്‍ സ്ഥലത്തിന്‍റെ ആധാരം പൂര്‍ണ്ണമല്ല.
       അങ്ങനെ ആ കച്ചവടം മാറിപ്പോയി, എന്തായാലും കയ്യിലുണ്ടായിരുന്നതെല്ലാം നുള്ളിപ്പെറുക്കി വില്ല വാങ്ങി. പിന്നീട് ദൈവം ആ കുടുംബത്തോട് കരുണകാണിച്ചു. അദ്ദേഹത്തിന്‍റെ മക്കള്‍ വിദേശത്ത് നല്ല ജോലികളിലായിരിക്കുന്നു. എങ്കിലും ഇന്നുവരെ ആ സ്ഥലം വില്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രയോജനമില്ലാതെ കിടക്കുന്നു. വലിയ ഒരു തുക കൈഎത്തും ദൂരത്തുനിന്ന് നഷ്ടപ്പെട്ടതിന്‍റെ സങ്കടം ഇന്നും അദ്ദേഹത്തിനുണ്ട്.
      അനേക കുടുംബങ്ങളില്‍ ഇതുപോലുള്ള അവസ്ഥയുണ്ട്. ശത്രുവായ സാത്താന്‍റെ ഏറ്റവും വലിയ ഒരു തന്ത്രമാണ് ഇത്. വലിയ പ്രതീക്ഷകള്‍ നല്‍കി ആശിപ്പിച്ചിട്ട് ഒന്നുമില്ലാത്ത അവസ്ഥയില്‍ കൊണ്ടു നിറുത്തും. ഒരു വ്യക്തിയെ, അല്ലെങ്കില്‍ ഒരു കുടുംബത്തെ തകര്‍ക്കാന്‍ മാനസികമായി അവരെ നിരാശയുടെ പടുകുഴിയില്‍ തള്ളിയിടാന്‍ ഇതിലും എളുപ്പമായ ഒരു മാര്‍ഗ്ഗമില്ല എന്ന് ശത്രുവിനറിയാം.
 
     നമ്മള്‍ തളര്‍ന്നുപോകരുത് ദൈവവാഗ്ദത്തങ്ങളില്‍ വിശ്വസിച്ചിരിക്ക, എന്‍റെ വാക്കുകള്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു, *ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ അവസ്ഥ മാറ്റുവാന്‍ ദൈവം തീരുമാനിച്ചാല്‍, അവനു ചുറ്റുമുള്ള സാഹചര്യങ്ങള്‍ എത്ര പ്രതികൂലമെന്ന് ലോകത്തിനു തോന്നിയാലും, ആ പ്രതികൂലങ്ങളെ ക്രമേണ അനുഗ്രഹത്തിന്‍റെ നെടുംതൂണുകളാക്കി മാറ്റി, ആ വ്യക്തിയെ ലോകത്തിനു മുമ്പില്‍ അത്ഭുതത്തോടെ നിറുത്തുവാന്‍ ദൈവത്തിനു കഴിയും. സാഹചര്യങ്ങളെയും അവസ്ഥകളെയും തന്‍റെ പദ്ധതിക്കനുസരിച്ച് വളച്ചെടുക്കുവാന്‍ ദൈവം ശക്തനാണ്*.
*ആമേന്‍*
 
പ്രാര്‍ത്ഥനയോടെ,
ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി ഭോപ്പാല്‍ 7898211849)
 
*കുറിപ്പ്*
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob 9589741414
Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*