വിശ്വസ്തനായ ഒനേസിമൊസ്

July-2021

കൊടും കുറ്റവാളിയായിരുന്ന ഒരു മനുഷ്യന്‍, വെറുക്കപ്പെട്ടവനും ആര്‍ക്കും അടുപ്പിക്കാന്‍പോലും കൊള്ളാത്തവനുമായിരുന്ന ഒരു അടിമ, ജയിലില്‍ കിടന്ന് മാനസാന്തരപ്പെട്ടപ്പോള്‍ ഒരു പുതിയ സൃഷ്ടിയായി മാറി. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, *കുടിക്കുന്ന വെള്ളത്തില്‍പോലും വിശ്വസിക്കാന്‍ കൊള്ളാത്തവനെ യേശുവിന്‍റെ സുവിശേഷം രൂപാന്തരപ്പെടുത്തിയപ്പോള്‍, അവനെ പരിശുദ്ധാത്മാവ് വിശ്വസ്തന്‍ എന്ന നാമം നല്‍കി അദരിച്ചു


"..ഒനേസിമൊസ് എന്ന വിശ്വസ്തൻ.."(കൊലൊ.4:9)
        വിശുദ്ധ വേദപുസ്തകത്തിൽ പേരു രേഖപ്പെടുത്തിയിരിക്കുന്ന ദൈവഭക്തന്മാർക്ക് അവരുടെ പേരിന് യോജിച്ച (യോഗ്യമായ) ശീർഷകങ്ങൾ നൽകുന്നതിൽ പരിശുദ്ധാത്മാവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് തിരുവചനം ആദിയോടന്തം പഠിക്കുമ്പോൾ നമുക്കു മനസ്സിലാക്കുവാൻ കഴിയും.
*ഉദാഹരണത്തിന്*;
     *ഇയ്യോബ്* എന്ന ഭക്തനെക്കുറിച്ച് പരിശുദ്ധാത്മാവിന് പറയുവാനുള്ളത്, 'നിഷ്കളങ്കനായ ഇയ്യോബ്' എന്നും 'നേരുള്ളവനായ ഇയ്യോബ്' എന്നും 'ദൈവഭക്തനായ ഇയ്യോബ്' എന്നൊക്കെയാണ് (ഇയ്യോബ് 1:1,8)
    *നോഹ* യുക്കുറിച്ച് പരിശുദ്ധാത്മാവിന് പറയുവാനുള്ളത് 'നീതിമാനായ നോഹ' എന്നും 'നിഷ്കളങ്കനായ നോഹ' എന്നൊക്കെയാണ് (ഉൽപ്പത്തി 6:9)
    *ശമുവേലിനെ* ക്കുറിച്ചും, *നയമാനെ* ക്കുറിച്ചും, *യബ്ബേസിനെ* ക്കുറിച്ചുമൊക്കെ പരിശുദ്ധാത്മാവിന് പറയുവാനുള്ളത് 'മാന്യൻ' എന്നാണ് (1 ശമുവേൽ 9:6, 2 രാജാ. 5:1, 1 ദിനവൃ. 4:9,
            മാനവ ഹൃദയങ്ങളെ ശോധന ചെയ്ത് ഉള്ളറകളെ വിവേചിച്ചറിയുന്ന പരിശുദ്ധാത്മാവിൽ നിന്ന് ഇതുപോലുള്ള അംഗീകാരങ്ങള് ലഭിയ്ക്കുക അത്ര എളുപ്പമല്ല, ഈ ലോകത്തിൽ മാതൃകയുള്ളവരായി ജീവിച്ച് ഒരു ആയുസ്സുകൊണ്ട് അവർ നേടിയെടുത്ത സൽപേരുകളാണ് അവയെല്ലാം.
അപ്രകാരം വളരെ അപൂര്വ്വം ചിലര്ക്കുമാത്രം ദൈവാത്മാവ് ചാർത്തികൊടുത്ത ഒരു പേരാണ് *'വിശ്വസ്തന്'* എന്ന യോഗ്യനാമം. സങ്കീർത്തനങ്ങള് 12:1 ല് വായിക്കുന്നത്, "വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരില് കുറഞ്ഞിരിക്കുന്നു" എന്നും, സദൃശ്യവാക്യങ്ങള് 26:6 ല് വായിക്കുന്നത് "വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?" എന്നുമാണ്.
*സ്വര്ഗ്ഗത്തിലെ ദൈവം, വിശ്വസ്തന് എന്ന് കണ്ടെത്തി ആ പദവി നല്കി പരിശുദ്ധാത്മാവ് പേരുവിളിച്ച ചുരുക്കം ചില ഭക്തന്മാരെ നമുക്ക് ഓര്ക്കാം*;
*1)* അബ്രാഹാം: നെഹെ. 9:7,8 (അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ. നീ അവൻ്റെ ഹൃദയം നിൻ്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു)
*2)* ദാവീദ്: 1 ശമുവേല് 22:14 ("..ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? ..")
*3)* മോശെ: സംഖ്യ. 12:7 ("എൻ്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എൻ്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.")
*4)* ദാനീയേല്: 6:4 ("..അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനിൽ കണ്ടെത്തിയില്ല")
വിശ്വസ്തര് എന്ന സാക്ഷ്യംപ്രാപിച്ച ഈ പഴയനിയമ ഭക്തന്മാരുടെ പേരുകള് ആമുഖമായി ഞാന് എഴുതിയതിനു കാരണം, *ഈ വിശുദ്ധന്മാരുടെ പേരിനോടൊപ്പം വിശ്വസ്തന് എന്ന ആദരവു നല്കി പരിശുദ്ധാത്മാവ് എഴുതിച്ചേര്ത്ത ഒരു പുതിയ നിയമ സഭാ വിശ്വാസിയെ തിരുവചനത്തില് നിന്ന് ചൂണ്ടിക്കാണിക്കുവാനാണ്*. കൊലൊ.4:9 ല് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, "..*ഒനേസിമൊസ് എന്ന വിശ്വസ്തന്*.."
പഴയനിയമ വിശുദ്ധന്മാരുടെ പേരിനോടൊപ്പം വിശ്വസ്തന്മാരുടെ പട്ടികയില് കയറിപ്പറ്റിയ ഈ ഒനേസിമൊസ് എന്ന വ്യക്തി ആരാണ് എന്ന് തിരിച്ചറിയുമ്പോഴാണ്, ദൈവത്തിന്റെ മഹാകരുണ എത്ര വലുതാണ് എന്ന് നമുക്കു ബോധ്യമാകുന്നത്.
വേദപുസ്തകത്തില് രണ്ടു തവണ മാത്രമാണ് ഒനേസിമൊസ് എന്ന പേര് എഴുതിയിട്ടുള്ളൂ (കൊലൊ.4:9, ഫിലേമൊന് 1:10) എങ്കിലും, അപ്പൊ. പൌലൊസിൻ്റെ ഒരു ലേഖനം മുഴുവനും ഒനേസിമൊസ് എന്ന വ്യക്തിക്കുവേണ്ടി മാത്രം എഴുതിയിട്ടുള്ളതാണ്.
റോമന് കാരാഗ്രഹത്തില് ബന്ധനസ്ഥനായി കിടക്കുമ്പോള് അപ്പൊ.പൌലൊസ് ഫിലേമൊന് ഒരു ലേഖനം എഴുതുവാനുണ്ടായ കാരണം, ഒനേസിമൊസാണ്. ഫിലേമൊൻ്റെ വീട്ടില് ഒരു അടിമയായി ദാസവേല ചെയ്തുകൊണ്ടിരുന്ന ഒനേസിമൊസ് അവിടെ നിന്ന് മോഷണം നടത്തി ഒളിച്ചോടുകയും, പിന്നീട് റോമന് പടയാളികളാല് പിടിക്കപ്പെട്ട് ജയിലിലാകുകയും ചെയ്തു എന്നാണ് ചരിത്രം. അതേ ജയിലില് തടവില്കിടന്ന അപ്പൊ.പൌലൊസ് ഒനേസിമൊസിനെ പരിചയപ്പെടുകയും അവനോട് യേശുവിന്റെ സുവിശേഷം പങ്കുവെക്കുകയും ചെയ്തു. സുവിശേഷം കേട്ട് മാനസാന്തരപ്പെട്ട ഒനേസിമൊസ് ഒരു പുതിയ മനുഷ്യനായി മാറി. തൻ്റെ ജയില് വാസം അവസാനിച്ചപ്പോഴേക്കും അപ്പൊ.പൌലൊസുമായുള്ള അവൻ്റെ കൂട്ടായ്മ അവനെ ഒരു സത്യ സുവിശേഷകനാക്കിതീര്ത്തു.
കാരാഗ്രഹത്തില് നിന്ന് പുറത്തുപോകുമ്പോള് തന്റെ പഴയ യജമാനനായ ഫിലേമൊൻ്റെ അടുക്കല് മടങ്ങിപ്പോകുവാന് പൌലൊസ് ഒനേസിമൊസിനോട് ആവശ്യപ്പെട്ടു. ഫിലേമൊനുള്ള ഒരു കത്തും അവനെ ഏല്പ്പിച്ചു, ആ കത്താണ് ബൈബിളിലെ 'ഫിലേമൊന് എഴുതിയ ലേഖനം'. ആ ലേഖനത്തിലെ ഓരോ വരികളിലും പൌലൊസ് എത്ര താഴ്മയോടും, എരിവോടും കൂടെയാണ് ഒനേസിമൊസിനുവേണ്ടി ഫിലേമൊനോട് അപേക്ഷിക്കുന്നത് എന്നു കാണുവാന് കഴിയും
ചില വാക്യങ്ങള് ഞാന് ഓര്മ്മിപ്പിക്കാം;
"പൌലോസ് എന്ന വയസ്സനും ഇപ്പോൾ ക്രിസ്തുയേശുവിൻ്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാൻ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.
തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എൻ്റെ മകനായ *ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു*.
*എനിക്കു പ്രാണപ്രിയനായ അവനെ* ഞാൻ മടക്കി അയച്ചിരിക്കുന്നു.
അവൻ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരൻ തന്നേ; അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം?
ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക. *അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കിൽ അതു എൻ്റെ പേരിൽ കണക്കിട്ടുകൊൾക. പൌലോസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം*. നീ നിന്നെ തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ"
ഈ വാക്യങ്ങളില് നിന്നും ഒരു കാര്യം വ്യക്തമാണ്, ക്രിസ്തുഭക്തനായ ഫിലേമൊന് എന്ന യജമാനനോട് അത്ര പെട്ടന്ന് ഒന്നും മറക്കാനോ പൊറുക്കാനോ പറ്റുന്ന ഒരു അന്യായമായിരുന്നില്ല ഒനേസിമൊസ് എന്ന ദാസന് ചെയ്തത്. കാരണം, ഒരു ചെറിയ തെറ്റായിരുന്നെങ്കില് അപ്പൊ. പൌലൊസിന് തന്റെ കൂട്ടുസഹോദരനോട് ഒനേസിമൊസിനുവേണ്ടി ഇത്ര താണുവീണ് അപേക്ഷിക്കേണ്ടിയിരുന്നില്ല.
*കല്പ്പിക്കാന് അധികാരമുള്ള പൌലൊസ് ഇപ്രകാരം അപേക്ഷയുമായി ഫിലേമൊൻ്റെ മുമ്പില് നില്ക്കുന്നതിന് രണ്ടു കാരണങ്ങളുണ്ടാകാം*;
*1)* ഒനേസിമൊസ് ചെയ്ത കൊടും അപരാധം സാധാരണ മനുഷ്യന് പൊറുക്കാവുന്നതായിരുന്നില്ല
*2)* എന്നിട്ടും അപ്പൊസ്തലനായ പൌലൊസിന് ഒനേസിമൊസ് ഇത്ര പ്രിയപ്പെട്ടവനായി മാറിയെങ്കില് അവനില് അത്രമാത്രം മാറ്റം ഉണ്ടായിട്ടുണ്ട്
ചുരുക്കിപ്പറഞ്ഞാല്, കൊടും കുറ്റവാളിയായിരുന്ന ഒരു മനുഷ്യന്, വെറുക്കപ്പെട്ടവനും ആര്ക്കും അടുപ്പിക്കാന്പോലും കൊള്ളാത്തവനുമായിരുന്ന ഒരു അടിമ, ജയിലില് കിടന്ന് മാനസാന്തരപ്പെട്ടപ്പോള് ഒരു പുതിയ സൃഷ്ടിയായി മാറി.
നാടന് ഭാഷയില് പറഞ്ഞാല്, *കുടിക്കുന്ന വെള്ളത്തില്പോലും വിശ്വസിക്കാന് കൊള്ളാത്തവനെ യേശുവിന്റെ സുവിശേഷം രൂപാന്തരപ്പെടുത്തിയപ്പോള്, അവനെ പരിശുദ്ധാത്മാവ് വിശ്വസ്തന് എന്ന നാമം നല്കി അദരിച്ചു*. *സ്തോത്രം* !
   നാം ആരായിരുന്നു എന്നോ, എവിടെ ആയിരുന്നു എന്നോ, എന്തു ചെയ്യുകയായിരുന്നു എന്നോ ദൈവത്തിന് പ്രശ്നമുള്ള ഒരു വിഷയമല്ല, എന്നാല് അവിടുന്ന് ഇന്ന് നമ്മില് നിന്ന് പ്രതീക്ഷിക്കുന്നത് വിശ്വസ്തതയാണ്.
1 കൊരി 7:25 ല് ഇപ്രകാരം വായിക്കുന്നു, "..വിശ്വസ്തന് ആകുവാന്തക്കവണ്ണം കര്ത്താവിന്റെ കൃപ ലഭിച്ചവനായി.."
ആകയാല് പ്രിയരേ, ഈ ദിവസം ദൈവത്തോട് വിശ്വസ്തരായി ജീവിക്കുവാന് കര്ത്താവിൻ്റെ കൃപക്കായി നമുക്കു പ്രാര്ത്ഥിക്കാം,
ദൈവം അനുഗ്രഹിക്കട്ടെ,
ക്രിസ്തുവില് സ്നേഹപൂര്വ്വം...
ദൈവദാസന് ഷൈജു ജോണ്
(വചനമാരി ഭോപ്പാല് 7898211849)
*കുറിപ്പ്*
നിങ്ങളുടെ പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob 9589741414
Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.