യേശുവിൻ്റെ കാൽക്കൽ !

July-2021

യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവൻ്റെ കാൽക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എൻ്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു." (വാക്യം 32). മാർത്തയും മറിയയും കർത്താവിനോട് പറഞ്ഞത് ഒരേ കാര്യമായിരുന്നെങ്കിലും, അവരുടെ പറച്ചലിന്‍റെ രീതിക്കും ഭാവത്തിനും തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു. 1) മാർത്ത അതു പറഞ്ഞതുകേട്ടപ്പോൾ യേശു ആ ഗ്രാമത്തിൽ പ്രവേശിക്കാതെ ബേഥാന്യ ഗ്രാമത്തിന് പുറത്തുതന്നെ നിന്നു. എന്നാൽ മറിയ അതേ വാക്കുകൾതന്നെ പറഞ്ഞപ്പോൾ യേശുവിൻ്റെ ഉള്ളം നൊന്തുകലങ്ങി, യേശുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. യേശു മറിയയുടെ കൂടെ ഗ്രാമത്തിൽ പ്രവേശിച്ചു. 2) മാർത്ത കർത്താവിനെകണ്ട് കൈചൂണ്ടിക്കൊണ്ട് അതു പറഞ്ഞപ്പോൾ, മറിയ പക്ഷേ അതേ വാക്കുകൾ പറഞ്ഞത് കർത്താവിൻ്റെ കാല്‍ക്കൽ വീണു കിടന്നു കൊണ്ടായിരുന്നു.


യോഹന്നാന്‍ 11:21..35
       "യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്‍റെ കാൽക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്‍റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു. അവൾ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാർ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി: അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കർത്താവേ, വന്നു കാൺക എന്നു അവർ അവനോടു പറഞ്ഞു. യേശു കണ്ണുനീർ വാർത്തു."
യേശുനാഥന് ഏറ്റവും പ്രിയപ്പെട്ട ഒരു ഭവനമായിരുന്നു ബേഥാന്യയിലെ ലാസറിന്‍റെ ഭവനം. ദീനംവന്ന് ലാസര്‍ മരിച്ചതിന്‍റെ നാലുനാള്‍ കഴിഞ്ഞ് ആ ഭവനത്തിലേക്ക് യേശു വന്നപ്പോള്‍ ലാസറിന്‍റെ സഹോദരിമാരായ മാര്‍ത്തയും മറിയയും യേശുവിനോട് അവരുടെ സങ്കടം പറഞ്ഞ് കരയുന്ന വചനഭാഗമാണ് ഇത്.
      യേശു വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍തന്നെ മാര്‍ത്ത അവനെ സ്വീകരിക്കുവാന്‍ ഓടിച്ചെന്നു, യേശുവിനെ കണ്ടതും തന്‍റെ പരാതിയും പരിഭവവും ഒക്കെ പറയാന്‍ ആരംഭിച്ചു, "കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്‍റെ സഹോദരൻ മരിക്കയില്ലായിരുന്നു (വാക്യം 21) എന്ന് അവള്‍ യേശുവിനോട് പറഞ്ഞതിന്‍റെ പൊരുള്‍; എന്‍റെ സഹോദരന്‍ രോഗിയായി കിടക്കുന്നു എന്നറിഞ്ഞിട്ടും ഇതുവരെ ഒന്നു വന്നില്ലല്ലോ, അന്വേഷിച്ചില്ലല്ലോ, അടക്കത്തിനുപോലും കണ്ടില്ലല്ലോ, നാലുനാള്‍ കഴിഞ്ഞട്ടല്ലേ ഇന്ന് ഞങ്ങളെ കാണാന്‍ വന്നിരിക്കുന്നത്,..... എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ അവളുടെ വാക്കുകളില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
       പിന്നീട് യേശുവിനെ കണ്ട മറിയയും കര്‍ത്താവിനോട് പറഞ്ഞത് ഇതേ വാക്കുകള്‍ തന്നെയായിരുന്നു, "യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവൻ്റെ കാൽക്കൽ വീണു: കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എൻ്റെ സഹോദരൻ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു." (വാക്യം 32). മാർത്തയും മറിയയും കർത്താവിനോട് പറഞ്ഞത് ഒരേ കാര്യമായിരുന്നെങ്കിലും, അവരുടെ പറച്ചലിന്‍റെ രീതിക്കും ഭാവത്തിനും തമ്മില്‍ വ്യത്യാസങ്ങളുണ്ടായിരുന്നു.
1) മാർത്ത അതു പറഞ്ഞതുകേട്ടപ്പോൾ യേശു ആ ഗ്രാമത്തിൽ പ്രവേശിക്കാതെ ബേഥാന്യ ഗ്രാമത്തിന് പുറത്തുതന്നെ നിന്നു. എന്നാൽ മറിയ അതേ വാക്കുകൾതന്നെ പറഞ്ഞപ്പോൾ യേശുവിൻ്റെ ഉള്ളം നൊന്തുകലങ്ങി, യേശുവിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. യേശു മറിയയുടെ കൂടെ ഗ്രാമത്തിൽ പ്രവേശിച്ചു.
2) മാർത്ത കർത്താവിനെകണ്ട് കൈചൂണ്ടിക്കൊണ്ട് അതു പറഞ്ഞപ്പോൾ, മറിയ പക്ഷേ അതേ വാക്കുകൾ പറഞ്ഞത് കർത്താവിൻ്റെ കാല്‍ക്കൽ വീണു കിടന്നു കൊണ്ടായിരുന്നു.
      ഒരേ വാക്കുകളോട് കര്‍ത്താവ് രണ്ടു രീതിയില്‍ പ്രതികരിക്കാനുണ്ടായ കാരണങ്ങള്‍ ഇതൊക്കെയാണ്, അല്ലാതെ യേശു ആരോടും വിവേചനം കാട്ടുന്നില്ല.
ലൂക്കൊസ് 10:38... വചനഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന ഒരു പഴയ സംഭവം നമ്മള്‍ ഓര്‍ക്കണം;
       "പിന്നെ അവർ യാത്രപോകയിൽ അവൻ ഒരു ഗ്രാമത്തിൽ എത്തി; മാർത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടിൽ കൈക്കൊണ്ടു. അവൾക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്‍റെ കാൽക്കൽ ഇരുന്നു അവന്‍റെ വചനം കേട്ടുകൊണ്ടിരുന്നു. മാർത്തയോ വളരെ ശുശ്രൂഷയാൽ കുഴങ്ങീട്ടു അടുക്കെവന്നു: കർത്താവേ, എന്‍റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. കർത്താവു അവളോടു: “മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല"
@ *ഒരിക്കല്‍ കര്‍ത്താവിന്‍റെ കാല്‍ക്കലിരുന്ന് അവന്‍റെ വാക്കുകള്‍ കേട്ട മറിയ പിന്നീടൊരിക്കല്‍ തന്‍റെ ജീവിതത്തില്‍ ഒരു വലിയ പ്രശ്നം വന്നപ്പോഴും അതേ കാല്‍ക്കല്‍ തന്നെ അഭയം പ്രാപിച്ചു*.
@ *ഒരിക്കല്‍ യേശു വന്നപ്പോള്‍ പലതിനെച്ചൊല്ലി വിചാരപ്പെട്ടിരുന്ന മാര്‍ത്ത അന്നും വിചാരപ്പെട്ട് കലങ്ങിയിരുന്നു*.
@ *ഒരിക്കല്‍ യേശുവിന്‍റെ കാല്‍ക്കല്‍ ഇരിക്കുവാന്‍ മടികാണിച്ച മാര്‍ത്ത അന്നും യേശുവിന്‍റെ കാല്‍ക്കല്‍ വീഴുവാന്‍ മടിച്ചു*.
        യേശു മാര്‍ത്തയെ അവസാനമായി കാണുമ്പോഴും അവളില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല എന്ന് യോഹന്നാന്‍ 12:1..3 വചനഭാഗത്ത് കാണുവാന്‍ കഴിയും. ഭക്ഷണമൊരുക്കാനും സല്‍ക്കരിക്കാനുമൊക്കെയുള്ള ബദ്ധപ്പാടിലും തത്രപ്പാടിലുമായിരുന്നു അപ്പോഴും മാര്‍ത്ത. ("അവിടെ അവർ അവന്നു ഒരു അത്താഴം ഒരുക്കി; മാർത്ത ശുശ്രൂഷ ചെയ്തു,.." വാക്യം 2)
എന്നാല്‍ മറിയ യേശുവിന്‍റെ കാല്‍ക്കല്‍തന്നെ അന്നും ഉണ്ടായിരുന്നു ("അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്‍റെ കാലിൽ പൂശി തന്‍റെ തലമുടികൊണ്ടു കാൽ തുവർത്തി;.." വാക്യം 3)
       മാര്‍ത്തയെക്കുറിച്ച് ചില കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കണം;,
*(a)* യേശു ആവശ്യപ്പെട്ടിട്ടും മറിയയോടൊപ്പം യേശുവിന്‍റെ കാല്ക്കല്‍ ഇരുന്ന് അവന്‍റെ വചനം കേള്‍ക്കുവാന്‍ അവള്‍ തയ്യാറായില്ല.
*(b)* ഒരിക്കല്‍പ്പോലും മാര്‍ത്ത യേശുവിന്‍റെ കാല്ക്കല്‍ ഇരുന്നിട്ടില്ല, അഥവാ കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴുവാന്‍ തയ്യാറായില്ല
*(c)* സഹോദരന്‍റെ രോഗവിവരം അറിഞ്ഞിട്ടു വരാതിരുന്നതിന്, അവള്‍ യേശുവിനെ കുറ്റപ്പെടുത്തുവാന്‍ മുതിര്‍ന്നു.
*(d)* മറിയയെ അറിയിക്കാതെ യേശുവിനെ സ്വീകരിച്ച് ആളാകാമെന്നും അതിന്‍റെ ക്രെഡിറ്റ് എടുക്കാമെന്നും അവള്‍ കരുതി, അതു നടന്നില്ല. മാര്‍ത്ത സ്വീകരിച്ചിട്ടും ക്ഷണിച്ചിട്ടും ബേഥാന്യ ഗ്രാമത്തില്‍ പ്രവേശിക്കുവാന്‍ യേശു തയ്യാറായില്ല.
*(e)* യേശുവിന്‍റെ ശക്തിയെയും മഹത്വത്തെയും മാര്‍ത്ത കുറച്ചുകണ്ടു, ചെറിയ ചെറിയ അത്ഭുത പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിഞ്ഞാലും മരിച്ചവരെ ഉയിര്‍പ്പിക്കുവാന്‍ അവനു കഴിയുമെന്ന് അവള്‍ വിശ്വസിച്ചില്ല
*(f)* ലാസറിന്‍റെ കല്ലറയിലെത്തിയ യേശു, കല്ലു നീക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, നാലു ദിവസമായല്ലോ നാറ്റം വെച്ചുതുടങ്ങി എന്നു പറഞ്ഞ് യേശുവിനെ പിന്‍തിരിപ്പിക്കുവാന്‍ മാര്‍ത്ത ശ്രമിച്ചു. 'വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്വം കാണും എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ' എന്നു കര്‍ക്കശമായി പറഞ്ഞ് യേശു അവളിലെ അവിശ്വാസത്തെ ശാസിച്ചു
*(g)* പെസഹെക്കു ആറു ദിവസം മുമ്പ് ലാസറിന്‍റെ വീട്ടില്‍ വന്ന യേശുവില്പം ശിഷ്യന്മാര്‍ക്കും അത്താഴം ഒരുക്കി ശുശ്രൂഷ ചെയ്തതായി മാര്‍ത്തയെക്കുറിച്ച് ബൈബിളില്‍ അവസാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മറിയയെ യേശുവിന്‍റെ ക്രൂശീകരണ സമയത്തും കല്ലറയ്ക്കലും കാണുന്നുണ്ട് എങ്കിലും മാര്‍ത്ത അവിടെ എങ്ങും ഉണ്ടായിരുന്നതായി കാണുന്നില്ല.
             *യേശുവിന്‍റെ കാല്ക്കല്‍ അടുത്തുവരാതെ അവന്‍റെ വാക്കു കേള്‍ക്കാതെ അവന്‍റെ കല്‍പ്പനകള്‍ അനുസരിക്കാതെ ആരാധനാലയത്തിന് അകത്തും പുറത്തും ശുശ്രൂഷയുടെ മൂടുപടമണിഞ്ഞ് കറങ്ങി നടക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മാര്‍ത്തയുടെ ജീവിതം*.
        മാർത്തയെപ്പോലെ, ഇന്നും ശുശ്രൂഷയുടെ മൂടുപടമണിഞ്ഞ് കറങ്ങിനടക്കുന്നവരെ കാണുമ്പോൾ ഓർക്കുക, ഇവർ ഈ കാലഘട്ടത്തിലെ മാർത്തമാരാണ്, ഇവർക്ക് കർത്താവിനെ അറിയാമായിരിക്കും, രക്ഷിക്കപ്പെട്ടിട്ടുമുണ്ടാകാം, സ്നാനപ്പെട്ടിട്ടുമുണ്ടാകാം, ബൈബിളും അറിയാം, പാടാനും പ്രാര്‍ത്ഥിക്കാനും അറിയാം; എന്നാൽ യേശുവും ഇവരുമായിട്ടുള്ള ബന്ധം പെസഹെക്കു ആറു ദിവസം മുമ്പുവരെയുള്ള (മാർത്തയുടെ) ബന്ധം മാത്രമാണ്. യേശുവിൻ്റെ മരണ പുനരുത്ഥാനത്തിൽ ഇവർ സാക്ഷികളല്ല, അതുകൊണ്ട് യേശുവിൻ്റെ മടങ്ങിവരവിലും സ്വർഗ്ഗീയ പറുദീസായിലും ഇവർ പങ്കാളികളുമായിരിക്കില്ല.
     ഓർക്കുക, *യേശുവിൻ്റെ കഷ്ടാനുഭവത്തിലും, ക്രൂശുമരണത്തിലും, ഉയിർപ്പിലും, സ്വര്‍ഗ്ഗാരോഹണത്തിലും മാർത്ത ഉണ്ടായിരുന്നില്ല, എന്നാൽ മറിയ ഇതിനെല്ലാം സാക്ഷിയായിരുന്നു*.
        മറിയയെപ്പോലെ യേശുവിന്‍റെ കാല്‍ക്കല്‍ ഇരുന്ന് അവന്‍റെ വചനം കേട്ടനുസരിക്കുന്ന അനുഭവമുള്ളവര്‍ക്കുമാത്രമേ ജീവിതത്തില്‍ ഒരു സങ്കടം വരുമ്പോള്‍ ആ കാല്‍ക്കല്‍ ഓടിവന്ന് അഭയം പ്രാപിക്കുവാന്‍ കഴികയുള്ളൂ. സങ്കടത്തോടെ തന്‍റെ കാല്‍ക്കല്‍ അഭയം പ്രാപിക്കുന്നവരോട് യേശുകര്‍ത്താവിന്‍റെ മനസ്സലിയുകയും. അവരുടെ സങ്കടംകണ്ട് ഉള്ളംകലങ്ങി അവര്‍ക്കുവേണ്ടി അത്ഭുതം പ്രവര്‍ത്തിക്കുകയും ചെയ്യും.
      പലതിനെച്ചൊല്ലി വ്യാകുലപ്പെട്ട് മാര്‍ത്തയെപ്പോലെ കറങ്ങിനടക്കുന്നവര്‍ക്ക് ജീവിതകാലം മുഴുവനും യേശുവിനുചുറ്റും (ആലയത്തിനു ചുറ്റും) കറങ്ങി നടക്കേണ്ടി വരും, ഒരു പ്രയോജനവും ഉണ്ടാകയില്ല. അവര്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ യേശു അവരുടെ ഗ്രാമത്തിന് പുറത്തു നില്‍ക്കും, അവരുടെ വേലിക്കപ്പുറത്തു നില്‍ക്കും. ഒരു രോഗം വരുമ്പോള്‍, ഒരു പ്രതികൂലം വരുമ്പോള്‍, ഒരു പരീക്ഷ വരുമ്പോള്‍, യേശു ദൂരത്തു നില്‍ക്കും.
അതുകൊണ്ട്, ആലയത്തിനകത്തു വരിക, ആരാധിക്കുവാന്‍ വരിക അവന്‍റെ കല്‍പ്പനകള്‍ അനുസരിക്കുവാന്‍ വരിക യേശു നിന്നെ വിളിക്കുന്നു. യേശുവിന്‍റെ കാല്‍ക്കല്‍ വരുന്നവരെ അവന്‍ ഒരു നാളും കൈവിടുകയില്ല, ഒരുനാളും ഉപേക്ഷിക്കയും ഇല്ല.
മരിച്ചു നാലുനാള്‍ ആയാലും, നാറ്റംവെച്ചാലും, നാലുപേര്‍ കാണ്‍കെ അവന്‍ ഉയിര്‍പ്പിച്ചു തന്നിടും...
              നമ്മുടെ പ്രശ്നങ്ങള്‍ എത്ര വലുതുമായിക്കൊള്ളട്ടെ, അസാധ്യമെന്ന് ഈ ലോകം വിധി എഴുതിയതു ആയിക്കൊള്ളട്ടെ, രക്ഷപ്പെടാന്‍ ഇന്ന് ഒരു കച്ചിത്തുമ്പുപോലും കാണാനില്ലാത്ത അല്പഭവമായിക്കൊള്ളട്ടെ;
ലോകം പറയുന്നു; ഒരു പ്രയോജനവുമില്ല, ഒരു ഫലവുമില്ല, ഒരു രക്ഷയുമില്ല, ഇല്ല.. ഇല്ല.. ഇല്ല..
യേശു പറയുന്നു; വരിക! വരിക!! വരിക!!!
~ *ഞാന്‍ നിന്നെ സൗഖ്യമാക്കും*
1 പത്രൊസ് 2:24 "...അവൻ്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു."
~ *ഞാന്‍ നിന്നെ അനുഗ്രഹിക്കും*
ഫിലിപ്പിയര്‍ 4:19 "എൻ്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തൻ്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും."
~ *ഞാന്‍ നിന്നെ വിടുവിക്കും*
2 തിമൊ 4:18 "കർത്താവു എന്നെ സകല ദുഷ്‌പ്രവൃത്തിയിൽനിന്നും വിടുവിച്ചു തൻ്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം.     ആമേൻ"
ഈ വചനങ്ങളാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം...
ബ്ര. ഷൈജു ജോണ്‍
(വചനമാരി ഭോപ്പാല്‍ 9424400654)
 
*കുറിപ്പ്*
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob 9589741414
വചനമാരി സുവിശേഷ സന്ദേശങ്ങള്‍ വായിക്കുവാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.