വി. ലൂക്കൊസ് 1:6 "ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്‍റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു".
വിശ്വാസ ജീവിതയാത്രയില്‍ കഷ്ടതകളുടെയും പ്രതികൂലങ്ങളുടെയും മദ്ധ്യേ തങ്ങളുടെ വിശ്വാസം ത്യജിച്ചു കളയാതെ, ദൈവത്തിനു പ്രസാദമാംവണ്ണം ജീവിച്ച ദൈവഭക്തരുടെ ഒരു നീണ്ട പട്ടിക വിശുദ്ധ വേദപുസ്തകത്തില്‍ നമുക്കു കാണുവാന്‍ കഴിയും. തങ്ങളുടെ ജീവിത സാഹചര്യങ്ങളുടെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കഠിനമായ പരീക്ഷകളെയും, ശോധനകളെയും അതിജീവിച്ചാണ് അവര്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തില്‍ നിന്ന് ഇപ്രകാരം സാക്ഷ്യങ്ങളെ പ്രാപിച്ചത്. അപ്രകാരം ദൈവത്തിന്‍റെ കയ്യൊപ്പ് നേടിയ ഒരു കുടുംബത്തെക്കുറിച്ചാണ് ഈ വചനഭാഗത്ത് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദൈവത്തില്‍ നിന്ന്, 'കുറ്റമില്ലാത്തവര്‍' എന്ന സാക്ഷ്യം പ്രാപിച്ച സെഖര്യാവ് എന്ന ഭക്തനായ പുരോഹിതനെയും അവന്‍റെ ഭാര്യ എലീശബെത്തിനെക്കുറിച്ചും ചില കാര്യങ്ങള്‍ തിരുവചനത്തില്‍ നിന്നും നമുക്കു ചിന്തിക്കാം;
ജീവിതസാഹചര്യങ്ങളാണ് അവരെ ഒരു കൃത്യത്തിന് പ്രേരിപ്പിച്ചത് എന്ന് പിടിക്കപ്പെടുമ്പോള്‍ പല കുറ്റവാളികളും സാധാരണയായി പറയാറുള്ള ഒരു കാര്യമാണ്. എന്നാല്‍ ഒരു ദൈവപൈതലിനെ സംബന്ധിച്ച് ഇതുപോലുള്ള ന്യായീകരണങ്ങള്‍ ഒരിക്കലും ഭൂഷണമല്ല, കാരണം, നമുക്കു ചുറ്റുമുള്ള സാഹചര്യങ്ങളും, അവയുടെ സമ്മര്‍ദ്ദങ്ങളും എത്ര ശക്തമായാലും അവയെ അതിജീവിച്ച് ജയിക്കുമ്പോഴാണ് ദൈവം നമ്മില്‍ പ്രസാദിച്ച് ഒരു സാക്ഷ്യപത്രം നമുക്കു തരുന്നത്.
പാപത്തോട് സന്ധിചെയ്യുന്നവര്‍ക്കും സാഹചര്യങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നവര്‍ക്കും ജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നുള്ള കാര്യം നമ്മള്‍ മറന്നുപോകരുത്. എന്നെ ഉപദ്രവിച്ചതുകൊണ്ടാണ് ഞാന്‍ പകരം വീട്ടിയത് എന്നും, എന്നോടു അനീതി കാണിച്ചതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത് എന്നുമൊക്കെയുള്ള ന്യായീകരണങ്ങള്‍ പറയുന്നവരുണ്ട്, എന്നാല്‍ ഇതുപോലുള്ള ന്യായങ്ങള്‍ എത്ര നിരത്തിയാലും അവയൊന്നും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നതല്ല.
ഈ അടുത്ത സമയത്ത് ഒരു ദൈവദാസന്‍റെ ഭാര്യ എന്നെ ഫോണില്‍ വിളിച്ച് അവരുടെ മകള്‍ക്കും കുഞ്ഞിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. മകളുടെ രണ്ടു വയസ്സുള്ള കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയിലെ ഐ. സി. യു. വില്‍ ആണ്, നാളുകളായി ആ കുഞ്ഞിന് പലവിധത്തിലുള്ള രോഗത്താല്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങുവാന്‍ കഴിയുന്നില്ല, എന്നൊക്കെ പറഞ്ഞതുകേട്ടപ്പോള്‍ ആ കുഞ്ഞിന്‍റെ രോഗകാരണം മറ്റെന്തോ ആണെന്നു എനിക്കു സംശയമായി. അതുകൊണ്ടുതന്നെ അവരുടെ കുടുംബ കാര്യങ്ങള്‍ ഞാന്‍ വിശദമായി ചോദിച്ചറിഞ്ഞു. എനിക്കു തെറ്റിയില്ല, ആ കുഞ്ഞിനെ ശത്രു അവകാശം പറഞ്ഞ് പോരാടുകയാണ്. കാരണം, ദൈവഹിതപ്രകാരമുള്ള ഒരു വിവാഹമായിരുന്നില്ല അവരുടെ മകളുടേത്.
ഉന്നത പഠനത്തിനായി അവര്‍ മകളെ ഒരിടത്ത് ആക്കിയിരിക്കുകയായിരുന്നു. കൂടെപഠിച്ച ഒരു കൂട്ടുകാരിയുടെ സഹോദരനുമായി അവള്‍ സ്നേഹത്തിലായി, വിഷയം വീട്ടിലറിഞ്ഞു ഒരു രീതിയിലും പൊരുത്തപ്പെടാന്‍ കഴിയാത്ത ആ ബന്ധത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ അവരുടെ മകള്‍ തീരുമാനത്തില്‍ ഉറച്ചുനിന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുവാന്‍ തുടങ്ങി. ഒരു ദൈവദാസന്‍ എന്ന നിലയില്‍ അപമാനം സഹിക്കേണ്ടി വരുമല്ലോ എന്നു കരുതി അദ്ദേഹം സങ്കടത്തോടെ മകളുടെ വിവാഹം നടത്തിക്കൊടുത്തു.
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍തന്നെ മകള്‍ക്കു ചെയ്തതു തെറ്റായിപ്പോയി എന്നു ബോധ്യമായി. തന്നിഷ്ടം കാണിച്ചതുകൊണ്ട് പ്രശ്നങ്ങള്‍ വീട്ടുകാരെ അറിയിക്കുവാല്പള്ള ധൈര്യവുമുണ്ടായിരുന്നില്ല. പിന്നീട് എല്ലാം സഹിച്ചുള്ള ജീവിതമായിരുന്നു. ഒരു കുഞ്ഞു ജനിച്ചതിനുശേഷം കുടുംബ പ്രശ്നങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് ഒളിക്കുവാന്‍ കഴിഞ്ഞില്ല. വിവാഹശേഷം സമാധാനത്തോടെയും സ്വസ്ഥതയോടെയും കൂടെ കുടുംബ ജീവിതം ജീവിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല, ജനിച്ച കുഞ്ഞിനെയും കൊണ്ട് അവര്‍ ആശുപത്രികള്‍ കയറിയിറങ്ങുകയുമാണ്.
മാതാപിതാക്കളുടെ പൂര്‍ണ്ണ സമ്മതമില്ലാതെ, അവരെ വേദനിപ്പിച്ചുകൊണ്ട് തീരുമാനങ്ങള്‍ എടുത്താല്‍ അതിനു കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും. സത്യവിശ്വാസത്തില്‍ നില്‍ക്കുന്ന ഭവനങ്ങളെയും അവരുടെ തലമുറയെയും സമ്മര്‍ദ്ദത്തിലാക്കി ദൈവപദ്ധതിയില്‍ നിന്ന് അവരെ മാറ്റിക്കൊണ്ടുപോകുക എന്നുള്ളത് ശത്രുവായ സാത്താന്‍റെ എക്കാലത്തെയും അടവാണ്. അതില്‍ വീണുപോകാതെ ദൈവമക്കള്‍ ജാഗരൂപരായിരിക്കേണം, പ്രത്യേകിച്ചും യൗവ്വനക്കാര്‍. സമ്മര്‍ദ്ദങ്ങള്‍ എത്ര വലുതായാലും അവയെ ജയിക്കുവാന്‍ വേണ്ട ദൈവ കൃപയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.
ഏതെല്ലാം ജീവിത സാഹചര്യങ്ങള്‍ അവര്‍ക്കു പ്രതികൂലമായി നിന്നപ്പോഴായിരുന്നു സെഖര്യാവും എലീശബെത്തും ജയംനേടി, ദൈവത്തില്‍ നിന്ന് 'കുറ്റമില്ലാത്തവർ' എന്ന സാക്ഷ്യം പ്രാപിച്ചത് എന്നു നമ്മുക്കു പരിശോധിക്കാം;.
1, അവര്‍ വയസ്സുചെന്നവരും മക്കള്‍ ഇല്ലാത്തവരും ആയിരുന്നു.
ഒരു തലമുറയ്ക്കുവേണ്ടി കാത്തിരുന്നവര്‍ ആയിരുന്നു ഇവര്‍, ആ കാത്തിരുപ്പ് വര്‍ഷങ്ങള്‍ നീണ്ടുപോയി, ഇപ്പോള്‍ വയസ്സായിരിക്കുന്നു. ഇനി ഒരു പ്രതീക്ഷയയ്ക്ക് വകയില്ല.
ഒരു കുടുംബത്തിനു ഏറ്റവും പ്രധാനമായി ലഭിക്കുന്ന അനുഗ്രഹം തലമുറയാണ്. പാരമ്പര്യമോ, സമ്പത്തോ, സ്ഥാനമാനങ്ങളോ, മഹിമയോ, മാന്യതയോ ഒന്നും തലമുറയ്ക്ക് പകരം വെയ്ക്കാവുന്നതല്ല. വയസ്സുചെന്ന, വാര്‍ദ്ധക്യ അവസ്ഥയില്‍, ഒരു തലമുറയ്ക്കുള്ള സകല സാധ്യതകളും അസ്തമിച്ചിരിക്കുമ്പോഴും അവര്‍ നിരാശരാകാതെ ദൈവത്തില്‍ പ്രത്യാശവെച്ചുകൊണ്ടിരുന്നു.
സാഹചര്യങ്ങള്‍ പ്രതികൂലമായി നിന്നാലും, സാധ്യതകള്‍ അസ്തമിച്ചു എന്നു തോന്നിയാലും ഇന്നു ദൈവത്തിന്‍റെ ആത്മാവിന് നമ്മെ ഓര്‍മ്മപ്പെടുത്തുവാന്‍ ഒരു ശുഭവാര്‍ത്തയുണ്ട്, "ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ..." ലൂക്കൊസ് 1:37 സ്തോത്രം!
2, ദീര്‍ഘവര്‍ഷങ്ങളായി അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമില്ലായിരുന്നു.
വാക്യം 13 ല്‍ ദൈവദൂതന്‍ ഗബ്രീയേല്‍ സെഖര്യാവില്പ് പ്രത്യക്ഷനായി പറയുന്നത്; "നിന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി...." എന്നാണ്.
അതായത്, ഏറെ നാളായി പ്രാര്‍ത്ഥിച്ചിട്ടും ഉത്തരം ലഭിക്കാതിരുന്ന സെഖര്യാവിന്‍റെ പ്രാര്‍ത്ഥനയുടെ ഉത്തരവുമായാണ് താന്‍ വന്നിരിക്കുന്നത് എന്ന മുഖവുരയോടു കൂടെയാണ് ദൈവദൂതന്‍ അവനോടു സംസാരിച്ചു തുടങ്ങുന്നത്. യൗവനത്തിലെ അവരുടെ വിവാഹശേഷം മുതല്‍ സെഖര്യാവും എലീശബെത്തും ഒരു കുഞ്ഞിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയും കാത്തിരിപ്പും ആരംഭിച്ചിരിക്കാം. ഒരു വര്‍ഷം, രണ്ടു വര്‍ഷം, അഞ്ചു വര്‍ഷം പത്തു വര്‍ഷം ഇരുപതു വര്‍ഷം... പ്രാര്‍ത്ഥനയ്ക്കു ഉത്തരമില്ല. എങ്കിലും അവര്‍ പ്രാര്‍ത്ഥന നിറുത്തിയിരുന്നില്ല. ദൈവത്തോടുള്ള അവരുടെ വിശ്വാസത്തിന് ഭംഗം വന്നുമില്ല.
ദൈവത്തിന്നു മനസ്സില്ല അതുകൊണ്ട് ഇനിയും പ്രാര്‍ത്ഥിച്ചിട്ടു കാര്യമില്ല, എന്നു കരുതി പ്രാര്‍ത്ഥന നിറുത്തിയിരുന്നു എങ്കില്‍, സെഖര്യാവിനുള്ള ഉത്തരവുമായി ഗബ്രീയേല്‍ ദൂതന്‍ അന്ന് അവിടെ വരുമായിരുന്നില്ല.
അനേക ദൈവമക്കളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു കുറവിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്, നാളുകള്‍ പ്രാര്‍ത്ഥിച്ചിട്ടും, വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ദൈവസന്നിധിയില്‍ നിന്ന് ഒരു ഉത്തരവും ലഭിക്കുന്നില്ലല്ലോ എന്നു വിചാരപ്പെടുന്ന ഒരു വ്യക്തിയാണോ?, നിങ്ങള്‍ക്കുള്ള വ്യക്തമായ ദൈവാലോചനയാണ് ഇത്,
"യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്‍റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു" സങ്കീര്‍ത്തനങ്ങള്‍ 34:15,
"എന്‍റെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ ധൂപമായും.." സങ്കീര്‍ത്തനങ്ങള്‍ 141:2. വെളിപ്പാട് 5:8.
ദൈവമക്കളുടെ പ്രാര്‍ത്ഥന സുഗ്രാഹ്യധൂപമായി സ്വര്‍ഗ്ഗത്തോളം ചെന്നെത്തുന്നു. അതു നിസ്സാരമല്ല, അതിനു ദൈവസന്നിധിയില്‍ വിലയുണ്ട്, ഒരു പ്രാര്‍ത്ഥനയും അവിടെ കേള്‍ക്കാതെ പോകുന്നില്ല, ഒരു സങ്കടവും അവിടുന്ന് അറിയാതെ പോകുന്നില്ല ഒരു തുള്ളി കണ്ണുനീരും അവിടുന്ന് കാണാതെ പോകുന്നില്ല, ദൈവസന്നിധിയില്‍ അവ ചെന്നെത്തുന്നു, അതിനു മറുപടിയും ഉണ്ട്, സ്തോത്രം!
3, മക്കള്‍ ഇല്ലാത്ത കാരണത്താല്‍ അവരെ എല്ലാവരും നിന്ദിച്ചിരുന്നു.
വാക്യം 25, "മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവു എന്നെ കടാക്ഷിച്ച നാളില്‍.." അവര്‍ മറ്റുള്ളവരില്‍ നിന്ന് വളരെ നിന്ദകള്‍ സഹിച്ചിരുന്നു എന്ന് ഈ വാക്യത്തില്‍ നിന്നു വ്യക്തമാണ്. വാസ്തവത്തില്‍ കൂറിന്‍റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിത ശുശ്രൂഷ ചെയ്തു വന്നിരുന്ന കുടുംബമായിരുന്നു സെഖര്യാവിന്‍റേത്. സമൂഹത്തില്‍ വലിയ മതിപ്പുള്ള സ്ഥാനമായിരുന്നു അത് എങ്കിലും, തലമുറകളില്ലാത്തവരെന്ന കാരണത്താല്‍ നിന്ദയും പരിഹാസവും അവര്‍ക്കു ഏല്‍ക്കേണ്ടി വന്നു.
ദൈവത്തിന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്തിട്ടും അനേകര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ ഇടുവില്‍ നിന്നിട്ടും, ഞങ്ങള്‍ക്ക് നിന്ദയുടെ അനുഭവമാണല്ലോ ഉണ്ടാകുന്നത്, അതുകൊണ്ട് ഇനിയും ഈ ശുശ്രൂഷ വേണ്ട, ഈ നിന്ദ ഇനിയും സഹിക്കാന്‍ വയ്യ, എന്ന വിചാരത്തോടെ, ദൈവം ഏല്‍പിച്ച ശുശ്രൂഷ വേണ്ടെന്നു വെക്കുവാന്‍ സെഖര്യാവിന്നും കുടുംബത്തിന്നും മനസ്സില്ലായിരുന്നു. ആരൊക്കെ നിന്ദിച്ചാലും, പരിഹസിച്ചാലും ദൈവത്തെ തള്ളിക്കളയില്ല എന്ന് ഉറപ്പിച്ചിരുന്നവരായിരുന്നു അവര്‍, അവരുടെ ആ തീരുമാനം സ്വര്‍ഗ്ഗം കണ്ടു.
1993 മുതല്‍ വടക്കെ ഇന്‍ഡ്യയില്‍ സുവിശേഷവേല ചെയ്യുന്ന എനിക്ക് ഇതുപോലുള്ള ധാരാളം സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. സുവിശേഷ വിരോധികളുടെ സമ്മര്‍ദ്ദത്താല്‍, കാലാവസ്ഥയുടെ സമ്മര്‍ദ്ദത്താല്‍ പട്ടിണിയുടെ സമ്മര്‍ദ്ദത്താല്‍, എന്തിനേറെ, സഹോദരങ്ങളായ വേലക്കാരുടെ സമ്മര്‍ദ്ദത്താല്‍.. സുവിശേഷവേല ഉപേക്ഷിച്ചുപോയിരുന്നു എങ്കില്‍, ഈ ലോകത്തിലെ ഏറ്റവും അരിഷ്ടനായ മനുഷ്യന്‍ ഞാനാകുമായിരുന്നു.
ദൈവമക്കള്‍ക്ക് ഈ ലോകത്തില്‍ നിന്ദയും പരിഹാസവും സഹിക്കേണ്ടതായി വരാം. ചെയ്യാത്ത തെറ്റിന് ശിക്ഷയും, അറിയാത്ത കാര്യത്തിന് അപമാനവും ഏല്‍ക്കേണ്ടിയും വന്നേക്കാം, അപ്പോഴൊക്കെ ചെറുത്തു നില്‍ക്കുകയോ പ്രതികരിക്കുകയോ, അതേ അളവില്‍ തിരിച്ചുകൊടുക്കുകയോ അല്ല നമ്മള്‍ ചെയ്യേണ്ടത്. നമ്മുടെ സങ്കടങ്ങളും വേദനകളും തേങ്ങലുകളും സ്വര്‍ഗ്ഗത്തോട് അറിയിക്കണം,
ആരെങ്കിലും എന്തെങ്കിലും കുത്തുവാക്കുകള്‍ പറഞ്ഞാല്‍ ഉരുളയ്ക്ക് ഉപ്പേരി കണക്കിന് മടക്കി കൊടുത്തില്ലെങ്കില്‍ ഉറക്കം വരാത്ത അനേകര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ സെഖര്യാവും എലീശബെത്തും വ്യത്യസ്തരായിരുന്നു അവരെ നിന്ദിക്കുന്നവരോടും പരിഹസിക്കുന്നവരോടും അവര്‍ ചോദിക്കാന്‍ പോയില്ല. പകരം അവര്‍ക്കുവേണ്ടി കാര്യങ്ങള്‍ നിയന്ത്രിക്കുന്ന, ചോദിക്കാനും പറയാനും ഉത്തരവാദിത്തമുള്ള സ്വര്‍ത്തിലെ തമ്പുരാന്‍റെ സന്നിധിയില്‍ വിഷയങ്ങള്‍ ഏല്‍പ്പിച്ചുകൊടുത്തു.
അപ്പോള്‍ എന്തു സംഭവിച്ചു എന്ന് വാക്യം 58 ല്‍ വായിക്കുന്നുണ്ട്,
"കര്‍ത്താവു അവള്‍ക്കു വലിയ കരുണ കാണിച്ചു എന്നു അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു."
ഒരിക്കല്‍ നിന്ദിച്ചവരെല്ലാം വന്ന് അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. അപമാനിച്ചവരുടെ മുമ്പില്‍ സെഖര്യാവിനെയും എലീശബെത്തിനെയും ദൈവം മാനിച്ചു.
വിഷയങ്ങള്‍ സ്വയം കൈകാര്യം ചെയ്യാതെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു കൊടുക്കുന്നവര്‍ക്കു ലഭിക്കുന്ന നന്മയാണ് ഇത്. അവരെ ചീത്ത വിളിക്കുന്നവരുടെ മുമ്പില്‍ ദൈവം മാനിക്കും, അവര്‍ക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നവരുടെ മുമ്പില്‍ ദൈവം മാനിക്കും, അവരെ ഒറ്റപ്പെടുത്തുന്നവരുടെ ഇടയില്‍ ദൈവം മാനിക്കും, അസൂയയും ഏഷണിയും കൂട്ടുന്നവരുടെ മുമ്പില്‍ ദൈവം മാനിക്കും, അവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവരുടെ മുമ്പില്‍ ദൈവം മാനിക്കും, അവര്‍ക്കു വിരോധമായി കള്ളക്കേസ്സുകൊടുക്കുന്നവരുടെ മുമ്പില്‍ ദൈവം മാനിക്കും, ദൈവം നമ്മെ മാനിക്കാന്‍ നിശ്ചയിച്ചാല്‍ തടയാന്‍ ആര്‍ക്കും കഴിയില്ല ! സ്തോത്രം !
സെഖര്യാവിന്‍റെയും എലീശബേത്തിന്‍റെയും ജീവിതത്തില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ട ഒരു പാഠം, അവര്‍ക്ക് മക്കള്‍ ഇല്ലാതിരുന്നിട്ടും, ദീര്‍ഘവര്‍ഷങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കാതിരുന്നിട്ടും, എല്ലാവരുടെയും മുമ്പില്‍ നിന്ദാപാത്രമായി ജീവിക്കേണ്ടി വന്നിട്ടും, ദൈവതിരുമുമ്പില്‍ കുറ്റമില്ലാത്തവരായി ജീവിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞു എന്നുള്ളതാണ്.
ബൈബിളില്‍ കാണുന്ന ഭക്തന്മാരെക്കൊണ്ട് ഇതെല്ലാം സാധിക്കുമായിരിക്കും, നമ്മള്‍ അവരെപ്പോലെ ആണോ? വെറും സാധാരണക്കാരല്ലെ? ഇതൊന്നും നമ്മെക്കൊണ്ട് കഴിയുന്ന ഒരു കാര്യമല്ല എന്നു ചിന്തിക്കുന്നവരാണ് ഇന്നത്തെ ബഹുഭൂരിപക്ഷംപേരും. എന്നാല്‍ അങ്ങനെയല്ല, സെഖര്യാവും എലീശബെത്തും അസാധാരണ കഴിവുള്ള മനുഷ്യരൊന്നുമായിരുന്നില്ല, നമ്മെപ്പോലെ ചിന്തിക്കുന്ന പച്ചയായ സാധാരണ മനുഷ്യരായിരുന്നു അവരും എന്ന് ഈ തിരുവചനഭാഗം പരിശോധിച്ചാല്‍ മനസ്സിലാകും, അതുകൊണ്ടാണ് ദൈവദൂതനായ ഗബ്രിയേല്‍ സെഖര്യാവിന് പ്രത്യക്ഷനായി "നിന്‍റെ ഭാര്യ എലീശബെത്ത് ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന്‍ എന്നു പേര്‍ ഇടേണം" എന്നു പറഞ്ഞപ്പോള്‍ സെഖര്യാവ് ദൂതനോട്; "ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും ഞാന്‍ വൃദ്ധനും എന്‍റെ ഭാര്യ വയസ്സുചെന്നവളുമല്ലോ" എന്നു ചോദിച്ചത്.
ഇതുപോലെ ഒരു സാഹചര്യം വന്നാല്‍ ആരും ചോദിച്ചുപോകുന്ന ഒരു സാധാരണക്കാരന്‍റെ ന്യായമായ ചോദ്യമായിരുന്നു സെഖര്യാവും ചോദിച്ചത്.
എന്നാല്‍ തുടര്‍ന്നുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇന്നത്തെ വിശ്വാസികളില്‍ നല്ലൊരു കൂട്ടര്‍ക്കും ഇല്ലാത്ത ചില സല്‍ഗുണങ്ങള്‍ സെഖര്യാവിലും എലീശബെത്തിലും നമുക്ക് കാണുവാന്‍ കഴിയും;
ഒന്നാമതായി കാണുന്ന നന്മ,
ദൈവദൂതന്‍റെ വാക്കുകളെ സംശയിച്ചതിന് തനിക്കു ലഭിച്ച ശിക്ഷ ഏറ്റെടുത്ത്, മകന്‍റെ ജനനംവരെ സെഖര്യാവ് ഊമനായി പാര്‍ത്തു. ഒരു പരാതിയോ പരിഭവമോ ഇല്ലാതെയാണ് തനിക്കു ലഭിച്ച ശിക്ഷ സെഖര്യാവ് ഏറ്റെടുത്തത് എന്നു കാണാം. വാര്‍ദ്ധക്യത്തില്‍ മക്കള്‍ ഉണ്ടാകുമെന്ന് ദൈവദൂതന്‍ പറഞ്ഞപ്പോള്‍, ഒരു സംശയം ചോദിച്ചതിന് ഇത്ര വലിയ ഒരു ശിക്ഷ ലഭിക്കുമെന്ന് സെഖര്യാവ് കരുതിയിരുന്നില്ല.
ദൈവദൂതന്‍ തന്നോട് കാണിച്ചത് അനീതിയാണെന്ന് സെഖര്യാവിന് വാദിക്കാമായിരുന്നു. ദൈവമുമ്പാകെ തന്‍റെ ന്യായങ്ങള്‍ നിരത്താമായിരുന്നു, താന്‍ നിരപരാധിയാണ് എന്ന് സമര്‍ത്ഥിക്കാമായിരുന്നു,.....
എന്നാല്‍ ദൈവതീരുമാനത്തെ ചോദ്യം ചെയ്യാതെ, താഴ്മയോടെ തനിക്കു ലഭിച്ച ശിക്ഷ അംഗീകരിക്കുകയാണ് അവന്‍ ചെയ്തത്.
രണ്ടാമതായി കാണുന്ന നന്മ,
തന്‍റെ അവിവേകം കാരണമാണ് ദൈവം തന്നെ ശിക്ഷിച്ചതെന്ന് മനസ്സിലാക്കി, ദൈവത്തെ ചോദ്യം ചെയ്യാതെ തന്‍റെ കുറവുകളെ അവന്‍ തിരിച്ചറിഞ്ഞു.
ന്യായപ്രമാണങ്ങള്‍ നന്നായി അറിയാമായിരുന്ന സെഖര്യാവ്, വാര്‍ദ്ധക്യത്തില്‍ ദൈവം അബ്രാഹാമിന് സന്തതിയെ നല്‍കിയ കാര്യം ഓര്‍ക്കണമായിരുന്നു,
ദൈവദൂതന്‍ അറിയിച്ചകാര്യത്തെക്കുറിച്ച് സംശയിക്കരുതായിരുന്നു,
ദൈവദൂതനെ അവിശ്വസിക്കരുതായിരുന്നു,
അതുകൊണ്ട് ഈ ശിക്ഷയ്ക്ക് ഞാന്‍ അര്‍ഹനാണ്. എന്നൊക്കെ ചിന്തിക്കുവാന്‍ സെഖര്യാവിന് കഴിഞ്ഞിരിക്കണം.
മൂന്നാമതായി കാണുന്ന നന്മ,
സെഖര്യാവും ഭാര്യ എലീശബെത്തും ഒരേ മനസ്സുള്ളവരായിരുന്നു.
ആലയത്തില്‍ ധൂപം കാട്ടുവാന്‍ ചീട്ടുവീണ സെഖര്യാപുരോഹിതന്‍ തന്‍റെ ഭവനത്തില്‍ നിന്ന് പോയതുപോലല്ല മടങ്ങി വരുന്നത്. ഭാര്യയോടു നല്ലവാക്കുകള്‍ പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ഭര്‍ത്താവ് ഊമനായി മടങ്ങിവന്നാല്‍ വീട്ടിലെ സ്ഥിതി എന്താകുമെന്ന് ആലോചിക്കാമല്ലോ!
ദൈവാലയത്തില്‍ നിന്ന് ഭവനത്തില്‍ മടങ്ങിവന്ന തന്‍റെ ഭര്‍ത്താവിന് സംസാരശേഷി നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കിയപ്പോള്‍ അവള്‍ കാര്യം തിരക്കി. സെഖര്യാവ് ആംഗ്യഭാഷയില്‍ ഭാര്യയോട് കാര്യം പറയുവാന്‍ ശ്രമിച്ചു എങ്കിലും കഴിയാതിരുന്നതുകൊണ്ട് ഒരു എഴുത്തുപലകയില്‍ എഴുതി കാണിച്ചിരിക്കാം, ദൈവദൂതന്‍ തന്നോടു അരുളിച്ചെയ്തതുമുഴുവന്‍ മകനെ വിളിക്കേണ്ട പേര്‍ വരെയും എലീശബെത്തിനെ അറിയിച്ചു. ലൂക്കൊസ് 1:24.
തന്‍റെ ഭര്‍ത്താവിന്‍റെ സംസാരശേഷി നഷ്ടപ്പെടുവാന്‍ ഇടയാക്കിയ ദൈവദൂതനോടും ഒരുപക്ഷേ ദൈവത്തോടുപോലും അവള്‍ക്കു വിരോധം തോന്നാമായിരുന്നു. ദീര്‍ഘവര്‍ഷങ്ങളായി ഒരു കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു, ദൈവം കനിഞ്ഞില്ലെന്നു മാത്രമല്ല, ഇപ്പോള്‍ ഭര്‍ത്താവും ഊമനായിരിക്കുന്നു. ഏതു ഭാര്യ സഹിക്കും ?
എന്നാല്‍ എലീശബെത്ത് ഭര്‍ത്താവിനോടൊപ്പം നിന്നു. ഭര്‍ത്താവിന്‍റെ ദൈവത്തെ മുറുകെ പിടിച്ചു. ദൈവദൂതന്‍റെ വാക്കുകള്‍ നിവര്‍ത്തിയാകുമെന്ന് ഉറപ്പിച്ച് ഭര്‍ത്താവായ സെഖര്യാവിനോട് ദൈവദൂതന്‍ മകന് ഇടണമെന്നു പറഞ്ഞ (യോഹന്നാന്‍) പേര് മനസ്സില്‍ സൂക്ഷിച്ച് വിശ്വാസത്തോടെ കാത്തിരുന്നു.
ഒരേ മനസ്സ്, ഒരേ അഭിപ്രായം, ഒരേ വിശ്വാസം, ഒരേ ഭക്തി ഇതായിരിക്കണം കുടുംബ ജീവിതത്തില്‍ ഭര്‍ത്താവിനും ഭാര്യയ്ക്കും ഉണ്ടായിരിക്കേണ്ടത്. കുറവുകളില്‍ ഭര്‍ത്താവ് ഭാര്യയ്ക്കൊപ്പവും ഭാര്യ ഭര്‍ത്താവിനൊപ്പവും നില്‍ക്കുന്നവരായിരിക്കണം. എന്തു വന്നാലും ഒരുമിച്ച് അനുഭവിക്കാം എന്ന മനസ്സുള്ളവരായിരിക്കണം.
താഴ്മയോടും സമര്‍പ്പണത്തോടും നീതിയോടും കുറ്റമില്ലാതെയും ജീവിച്ച് എല്ലാവര്‍ക്കും മാതൃകയായ സെഖര്യാവിനെയും ഭാര്യ എലീശബെത്തിനെയും സ്വര്‍ഗ്ഗത്തിലെ ദൈവം അനുഗ്രഹിച്ചു. അവരോടുള്ള വാഗ്ദത്തം നിവര്‍ത്തിയായി, അവരുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി, യോഹന്നാന്‍ എന്ന മകനെ നല്‍കി ദൈവം അവരെ ആദരിച്ചു. എന്നിട്ട് പരിശുദ്ധാത്മാവ് ബൈബിളില്‍ ഇപ്രകാരം എഴുതിച്ചേര്‍ത്തു;
"സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല.."
ലൂക്കൊസ് 7:28, മത്തായി 11:11.