വൈകി വന്ന വിവേകം !

August-2021

"നിനക്കു സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു" (ഇയ്യോബ് 42:2) ഇയ്യോബ് ദൈവത്തോട്, ഇതു പറഞ്ഞ നാള്‍ മുതല്‍ അവന്‍റെ ജീവിതത്തിലെ പരീക്ഷകള്‍ അവസാനിച്ചു. പിന്നീട് അനുഗ്രഹത്തിന്‍റെ നാളുകള്‍ ആരംഭമായി. അതുകൊണ്ട് ഇയ്യോബിന്‍റെ ജീവിതത്തിലെ വിപ്ലവകരമായ ആ മാറ്റത്തിനു കാരണമായത് ദൈവത്തോടുള്ള ഈ പ്രാര്‍ത്ഥന ആയിരുന്നു എന്നു നമുക്കു ഉറപ്പിക്കാം. പ്രതികൂലങ്ങളും പ്രശ്നങ്ങളും, രോഗങ്ങളും ദുരിതങ്ങളും, നഷ്ടങ്ങളും വീഴ്ചകളും ഒക്കെ ജീവിതത്തില്‍ വരുമ്പോള്‍ കുടുംബക്കാരിലോ കൂട്ടുകാരിലോ മന്ത്രങ്ങളിലോ തന്ത്രങ്ങളിലോ ആശ്രയിക്കുന്നതിനുപകരം, സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി, 'ദൈവമേ, അവിടുത്തേക്കു അസാദ്ധ്യമായി ഒന്നുമില്ല, അവിടുത്തേക്കു മാത്രമേ അടിയനെ സഹായിക്കുവാന്‍ കഴികയുള്ളൂ, ഒന്നു സഹായിക്കേണമേ' എന്നു ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുമ്പോള്‍, സ്വര്‍ഗ്ഗം കനിഞ്ഞു വിടുവിക്കും.


      "നിനക്കു സകലവും കഴിയുമെന്നും നിൻ്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നുഇയ്യോബ് 42:2
      വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇയ്യോബ് എന്ന ദൈവഭക്തനായ പുരുഷൻ്റെ ചരിത്രം നമുക്കു എല്ലാവർക്കും സുപരിചിതമാണല്ലോ! ജീവിതത്തിൽ കഠിനമായ പരിശോധനകൾ നേരിട്ടപ്പോഴും ദൈവഭക്തി മുറുകെപിടിച്ച് വിശ്വാസം കാത്തുസൂക്ഷിച്ച ഇയ്യോബിൻ്റെ ജീവിതം എല്ലാ ദൈവമക്കൾക്കും എക്കാലത്തും പ്രചോദനവും മാതൃകയുമാണ്.
        തിരുവചനത്തില്‍ 42 അദ്ധ്യായങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്ന ഇയ്യോബിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഓരോ അദ്ധ്യായങ്ങളിലും തന്‍റെ ജീവിത അനുഭവങ്ങളില്‍ നിന്ന് ഓരോ തിരിച്ചറിവുകള്‍ താന്‍ പഠിക്കുന്നതായി നമുക്കു കാണുവാന്‍ കഴിയും. അവസാനത്തെ അദ്ധ്യായത്തില്‍ താന്‍ പഠിച്ച പാഠങ്ങളുടെ എല്ലാം സാരാംശം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്, '*നിനക്കു സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു*'. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി എടുക്കുവാന്‍ അഥവാ ഈ സത്യം ബോധ്യപ്പെടുവാന്‍ ഇയ്യോബിന് 42 അദ്ധ്യായങ്ങള്‍ വരെയുള്ള തന്‍റെ ജീവിത കാലം വേണ്ടിവന്നോ എന്നു നമുക്കു തോന്നാം. കാരണം, നാല്പത്തിരണ്ടാം അദ്ധ്യായത്തില്‍ ഒന്നാം വാക്യത്തില്‍ ഇയ്യോബ് യഹോവയോട് ഈ കാര്യം വാതുറന്ന് ഏറ്റുപറഞ്ഞതിനു ശേഷം അഭൂതപൂർവ്വമായ മാറ്റങ്ങളാണ് അവൻ്റെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നത്.
        ഇംഗ്ലീഷ് ഭാഷയിലെ രണ്ടു തര്‍ജ്ജമകളില്‍ ഈ വാക്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്,
"I know that you can do anything, and no one can stop you.” (നിനക്കു സകലവും കഴിയുമെന്നും ആര്‍ക്കും നിന്നെ തടയുവാന്‍ കഴിയില്ല എന്നും ഞാന്‍ അറിയുന്നു)

"I know that you can do anything and nothing that you plan is impossible.” (നിനക്കു സകലവും കഴിയുമെന്നും നിന്‍റെ പദ്ധതികള്‍ ഒന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു)

        ഇയ്യോബിന് തന്‍റെ ജീവിതത്തില്‍ പല പരാതികളും പരിഭവങ്ങളും ഒക്കെ ദൈവത്തോട് ചോദിക്കാനും പറയുവാനുണ്ടായിരുന്നു. താന്‍ ജനിച്ച ദിവസത്തെപ്പോലും ഇയ്യോബ് ഒരിക്കല്‍ ശപിക്കുക വരെ ഉണ്ടായി. അവസാനം എല്ലാത്തിനും ഒടുവില്‍ ആ സത്യം സമ്മതിക്കുവാന്‍ ഇയ്യോബ് തയ്യാറാവുകയായിരുന്നു.
   ഒരുപക്ഷേ 32 ാം അദ്ധ്യായത്തില്‍ ഇയ്യോബ് ദൈവത്തോടു അതു പറഞ്ഞിരുന്നു എങ്കില്‍, തന്‍റെ പരീക്ഷകള്‍ അവിടംകൊണ്ട് അവസാനിക്കുമായിരുന്നില്ലേ?
   22 ാം അദ്ധ്യായത്തിലോ, അല്ലെങ്കില്‍ 12 ാം അദ്ധ്യായത്തിലോ ഇയ്യോബ് യഹോവയോട് ഈ കാര്യം പറഞ്ഞിരുന്നു എങ്കില്‍ അവന്‍റെ പരീക്ഷാ നാളുകള്‍ ഇത്രയും നീണ്ടുപോകുമായിരുന്നോ?
         

      എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇയ്യോബ് ദൈവത്തോട്, അതു പറഞ്ഞ നാള്‍ മുതല്‍ അവന്‍റെ ജീവിതത്തിലെ പരീക്ഷകള്‍ അവസാനിച്ചു. പിന്നീട് അനുഗ്രഹത്തിന്‍റെ നാളുകള്‍ ആരംഭമായി. അതുകൊണ്ട് ഇയ്യോബിന്‍റെ ജീവിതത്തിലെ വിപ്ലവകരമായ ആ മാറ്റത്തിനു കാരണമായത് ദൈവത്തോടുള്ള ഈ പ്രാര്‍ത്ഥന ആയിരുന്നു എന്നു നമുക്കു ഉറപ്പിക്കാം.
        ഇയ്യോബിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠം അതാണ്. മറ്റുള്ളവരുടെ മുമ്പില്‍ സങ്കടങ്ങള്‍ നിരത്തി കൈനീട്ടുന്ന അതിനുപകരം, ദുഃഖങ്ങൾ പങ്കു വെച്ച് വാദപ്രതിവാദങ്ങള്‍ ചെയ്യുന്നതിനു പകരം, സ്വര്‍ഗ്ഗത്തിലേക്കുനോക്കി,

      'എൻ്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു എൻ്റെ കഴിവുകളും യോഗ്യതകളും ഒന്നുമല്ല എന്നും നിനക്കു മാത്രം സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു' എന്നു സമ്മതിച്ച് ഏറ്റുപറഞ്ഞിരുന്നു എങ്കില്‍, തന്‍റെ വേദനാ നാളുകളുടെ ദൈര്‍ഘ്യം ഒരുപക്ഷേ ഇയ്യോബിനു കുറയ്ക്കാമായിരുന്നു.
        പ്രതികൂലങ്ങളും പ്രശ്നങ്ങളും, രോഗങ്ങളും ദുരിതങ്ങളും, നഷ്ടങ്ങളും വീഴ്ചകളും ഒക്കെ ജീവിതത്തില്‍ വരുമ്പോള്‍ കുടുംബക്കാരിലോ കൂട്ടുകാരിലോ മന്ത്രങ്ങളിലോ തന്ത്രങ്ങളിലോ ആശ്രയിക്കുന്നതിനുപകരം, സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തി, 'ദൈവമേ, അവിടുത്തേക്കു അസാദ്ധ്യമായി ഒന്നുമില്ല, അവിടുത്തേക്കു മാത്രമേ അടിയനെ സഹായിക്കുവാന്‍ കഴികയുള്ളൂ, ഒന്നു സഹായിക്കേണമേ' എന്നു ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുമ്പോള്‍, സ്വര്‍ഗ്ഗം കനിഞ്ഞു വിടുവിക്കും.
     ഇയ്യോബിന്‍റെ പുസ്തകം 38 വരെയുള്ള അദ്ധ്യായങ്ങളിലെ, ഇയ്യോബും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണങ്ങള്‍ എല്ലാം കണ്ടും കേട്ടും നിന്ന സ്വര്‍ഗ്ഗത്തിലെ ദൈവം ഇയ്യോബിനോട് പറഞ്ഞത്, ".. ഞാന്‍ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക' എന്നായിരുന്നു (വാക്യം 38:3). (അതായത്, 'നിന്‍റെ കൂട്ടുകാരോടും കുടുംബക്കാരോടും നാട്ടുകാരോടും സങ്കടങ്ങള്‍ പറയുന്നത് മതിയാക്കി ഇനിയെങ്കിലും എന്‍റെ മുഖത്തേക്ക് ഒന്നു നോക്ക്, എന്നോടൊന്ന് പറയ്' ഇതായിരിക്കാം ഒരുപക്ഷേ ദൈവം ഇയ്യോബിനോട് ആവശ്യപ്പെട്ടത്)

    ഇന്നത്തെ നമ്മുടെ ഏതു വിഷയത്തിനുള്ള മറുപടിയും, നമ്മുടെ ഏതു പ്രശ്നത്തിനുള്ള പരിഹാരവും ദൈവത്തിന്‍റെ പക്കലുണ്ട്. ആകയാല്‍ ഇനിയും വൈകരുത്, ഇയ്യോബിന് സംഭവിച്ചതുപോലെ ജീവിതത്തിലെ ഒരു (42 ാം അദ്ധ്യായം വരെ) കാത്തിരിക്കേണ്ടതില്ല. ഈ ദിവസം തന്നെ സ്വര്‍ഗ്ഗത്തിലെ ദൈവത്തോട് നമുക്കും പ്രാര്‍ത്ഥിക്കാം
"നിനക്കു സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാന്‍ അറിയുന്നു"
                 ആമേന്‍

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.