ഉൽപ്പത്തി 48:11 "യിസ്രായേൽ (യാക്കോബ്) യോസേഫിനോടു: നിൻ്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിൻ്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു"
എന്നേക്കുമായി നഷ്ടപ്പെട്ടുപോയി എന്നു കരുതിയിരുന്ന തൻ്റെ മകനെ (യോസേഫിനെ) ദീർഘവർഷങ്ങൾക്കു ശേഷം ജീവനോടെ കാണുവാൻ കഴിഞ്ഞ സന്തോഷത്തിൽ പിതാവായ യാക്കോബ് പറയുന്ന വാക്കുകളാണ് ഇത്. (ഉൽപ്പത്തി 37:34 "ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.
യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാൾ തൻ്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു")
ഏറെ നാളുകളായി കരഞ്ഞുകൊണ്ടിരുന്ന യാക്കോബിൻ്റെ സങ്കടം സ്വർഗ്ഗത്തിലെ ദൈവം അറിയുന്നുണ്ടായിരുന്നു. ആ മകനെ യാക്കോബിൻ്റെ മുമ്പിൽ മടക്കി കൊണ്ടുവന്നു നിറുത്തണമെന്നും, നഷ്ടപ്പെട്ടതുപോലെയല്ല, ശ്രേഷ്ഠനായി തന്നെ മടക്കി നൽകണമെന്നും ദൈവം തീരുമാനിച്ചിരുന്നു.
അപ്രകാരം, ദൈവത്തിൻ്റെ സമയമായപ്പോൾ യാക്കോബിനെ തേടി പ്രതീക്ഷിക്കാത്ത ആ ശുഭ സന്ദേശം എത്തി. തൻ്റെ മകൻ മരിച്ചിട്ടില്ല അവൻ ജീവനോടെയുണ്ട് എന്നും, മാത്രമല്ല, ദൈവം അവനെ അനുഗ്രഹിച്ചിരിക്കുന്നു, അവൻ മിശ്രയീമിന് മേലാധികാരിയും, രാജ്യത്തിൻ്റെ ഭരണ കർത്താവുമായിരിക്കുന്നു. അവന് കുടുംബവും തലമുറയുമുണ്ട് എന്നൊക്കെയുള്ള സന്തോഷ വർത്തമാനം കേള്‍ക്കുവാനും തൻ്റെ പ്രിയ മകൻ്റെ മുഖം കാണുവാനും കഴിഞ്ഞ യാക്കോബ് സര്‍വ്വശക്തനായ ദൈവത്തെ മഹത്വപ്പെടുത്തി.
യോസേഫിനെ നഷ്ടപ്പെട്ടതിനുശേഷമുള്ള യാക്കോബിൻ്റെയും കുടുംബത്തിൻ്റെയും ജീവിതം സ്വസ്ഥതയുള്ളതായിരുന്നില്ല എന്നു മനസ്സിലാക്കാം, പ്രശ്നങ്ങളും ദുരിതങ്ങളും ഓരോന്നായി കടന്നുവന്നു. അവസാനം ക്ഷാമം കാരണം താനും കുടുംബവും പട്ടിണികൊണ്ട് മരിക്കും എന്ന ഘട്ടംവരെ എത്തിച്ചേർന്നു. (ഉൽപ്പത്തി 42:2 "നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു")
ജീവിതത്തിലെ ഏറ്റവും കഠിനശോധനയുടെ നാളിലാണ് യാക്കോബിന് നഷ്ടപ്പെട്ടതിനെ ദൈവം അവന് മടക്കി നൽകിയത്. യോസേഫ് മടങ്ങിവന്നതിനു ശേഷം യാക്കോബിൻ്റെ കഷ്ടകാലം അവസാനിച്ചു. സന്തോഷവും സ്വസ്ഥതയും സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും നാളുകൾ കുടുംബത്തിൽ മടങ്ങിവന്നു.
നമ്മുടെ ദൈവം നീതിമാനാണ്, യോസേഫിനെ അവൻ്റെ അപ്പനായ യാക്കോബിന് മടക്കികൊടുക്കുമ്പോൾ ദൈവം ആ നീതി കാണിച്ചു. മകനെ നഷ്ടപ്പെട്ടുപോയല്ലോ എന്നോർത്ത് ദു:ഖിച്ച് കരഞ്ഞ നാളുകൾക്കും, അനുഭവിച്ചുതീർത്ത കഷ്ടതകൾക്കും, ഏറ്റ നിന്ദകൾക്കും പകരമായി ആ പിതാവിന് സ്വർഗ്ഗത്തിലെ ദൈവം കൊടുത്ത പ്രതിഫലമാണ് ഇത്,
എന്നേക്കും നഷ്ടപ്പെട്ടു എന്നു കരുതിയിരുന്നതിനെ
ഒരു പ്രതീക്ഷക്കുപോലും വകയില്ലാതിരുന്നതിനെ
ജീവിതത്തിൽ കണ്ണുനീരായി തീർന്നിരുന്നതിനെ
ഇരട്ടി അനുഗ്രഹത്തോടെ ദൈവം മടക്കി നൽകുന്ന അത്ഭുത പ്രവര്‍ത്തിയാണ് ഇവിടെ നമ്മൾ കാണുന്നത്. ഒന്നിനു പകരം മൂന്ന് അഥവാ ഒന്നിനെ മൂന്നായി (യോസേഫ്, മനശ്ശെ, എഫ്രയീം) മടക്കി നൽകിക്കൊണ്ട് ദൈവം യാക്കോബിനെ മാനിച്ചു.
"..നിൻ്റെ മുഖം കാണുമെന്നു(പോലും) ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്‍റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതി വരുത്തിയല്ലോ"
("Israel said to Joseph, "I never expected to see your face again, and now God has allowed me to see your children too")
*വിചാരിക്കാത്ത ചില കാര്യങ്ങൾ*..
*നിനെക്കാത്ത ചില വഴികൾ*..
*പ്രതീക്ഷിക്കാത്ത ചില വാതിലുകൾ*..
വിശ്വസിക്കുന്നവരുടെ ജീവിതങ്ങളിൽ വെളിപ്പെടും, ദൈവം നീതിമാനാണ്, സ്തോത്രം !
ഈ കഷ്ടങ്ങൾ നമ്മെ തകർക്കാനുള്ളതല്ല
ഈ ശോധനകൾ നമ്മെ തളർത്തുവാനുള്ളതല്ല
ഈ അപമാനം നമ്മെ ലജ്ജിപ്പിക്കാനുള്ളതല്ല
ഈ തോൽവികൾ നമ്മെ ക്ഷീണിപ്പിക്കാനുള്ളതല്ല
നമ്മിൽ ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനാണ്
നമ്മിൽ ദൈവാനുഗ്രഹം ചൊരിയേണ്ടതിനാണ്
നമ്മിൽ ദൈവമഹത്വം ദർശിക്കേണ്ടതിനാണ്
നമ്മിൽ ദൈവകൃപ വർഷിക്കേണ്ടതിനാണ്
ഈ നിന്ദകൾ നമ്മെ വേദനിപ്പിക്കാനുള്ളതല്ല
ഈ ദീനം നമ്മെ ഇല്ലാതാക്കാനുള്ളതല്ല
ഈ നഷ്ടങ്ങൾ നമ്മെ താളടിയാക്കാനുള്ളതല്ല
ഈ വീഴ്ചകൾ നമ്മെ കിടത്തുവാനുള്ളതല്ല
ഇനിയും ദൈവം നമ്മെ ഉയർത്തേണ്ടതിനാണ്
ഇനിയും ദൈവം നമ്മെ പണിയേണ്ടതിനാണ്
ഇനിയും ദൈവം നമ്മെ നടത്തേണ്ടതിനാണ്
ഇനിയും ദൈവം നമ്മെ ഉണർത്തേണ്ടതിനാണ്
പ്രിയ ദൈവപൈതലേ, ഇന്നേ ദിവസം ഈ സന്ദേശം നിങ്ങളുടെ അടുക്കൽ എത്തിയിരിക്കുന്നത് അവിചാരിതമായിട്ടാണ് എന്നു കരുതേണ്ട, ചില വിഷയങ്ങളോടുള്ള ബന്ധത്തിൽ ദൈവാലോചനയും വാഗ്ദത്തവുമായി ഈ വചനം ഏറ്റെടുക്കുക. യാക്കോബിൻ്റെ സങ്കടം കണ്ട് അവനോട് നീതി കാണിച്ച ദൈവം നിങ്ങളുടെ ജീവിതത്തിലും തൻ്റെ നീതി വെളിപ്പെടുത്തും.
1) ദൈവം യോസേഫിനെ അയച്ച് യാക്കോബിൻ്റെ സങ്കടങ്ങൾക്ക് അറുതിവരുത്തിയതുപോലെ,
2) ക്ഷാമകാലത്ത് ധാന്യത്തിൻ്റെ അധിപതിയാക്കി ദൈവം യാക്കോബിന് അവൻ്റെ മകനെ മടക്കി നല്‍കിയതുപോലെ,
3) ഒന്നിനു പകരം മൂന്നിനെ നൽകി ദൈവം യാക്കോബിൻ്റെ സന്തോഷം വര്‍ദ്ധിപ്പിച്ചതുപോലെ,
ഈ സന്ദേശം വായിക്കുന്ന ചിലരുടെ ജീവിതത്തെ ദൈവം ഇന്ന് സന്ദർശിക്കുവാൻ പോകുകയാണ്, ആ ചിലരിൽ ഒരാളാകുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, ഈ സന്ദേശത്തിൽ നിങ്ങളുടെ കരങ്ങൾ വെച്ചുകൊണ്ട് '*ആമേൻ*' പറയാം.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7898211849