ദൈവം ഏശാവിനെ വെറുക്കാനുണ്ടായ കാരണങ്ങൾ‍

October-2021

"...ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു" (एसाव ने अपना पहिलौठे का अधिकार तुच्छ जाना।।)("...Esau despised his birthright") ഈ വാക്യത്തിൻ്റെ മറ്റു പരിഭാഷകളും പരിശോധിച്ചാൽ ഏശാവ് ചെയതത് ഒരു വലിയ തെറ്റുതന്നെയായിരുന്നു എന്നു ബോധ്യമാകും. Despised, Contempt, Scorned, Slighted, എന്നൊക്കെയുള്ള വാക്കുകളാണ് അലക്ഷ്യമാക്കിക്കളഞ്ഞതിന് രേഖപ്പെടുത്തിയിരിക്കുന്നത്. അവയുടെ അർത്ഥങ്ങൾ‍; പുച്ഛിക്കുക, അവഹേളിക്കുക, പരിഹസിക്കുക, നിന്ദിക്കുക നിസ്സാരമാക്കുക എന്നൊക്കെയാണ്. ദൈവം നൽകുന്ന നന്മകളെ അവഹേളിക്കുകയും, ദൈവം ചെയ്യുന്ന ഉപകാരങ്ങൾ വിലകുറച്ചു കാണുകയും ദൈവം നടത്തുന്ന വഴികളെ നിസ്സാരമായി കാണുകയും ചെയ്യുന്ന അനേകർ ഇന്നുമുണ്ട്; ദൈവം കൊടുത്ത ആരോഗ്യം, കഴിവുകൾ, യോഗ്യതകൾ, അവസരങ്ങൾ, താലന്തുകൾ മുതലായവ അലക്ഷ്യമാക്കിക്കളയുന്നവർ ഏശാവിനെ ഓർത്തുകൊള്ളണം.


റോമർ 9:13, മലാഖി 1:2,3
     "ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു(വെറുത്തിരിക്കുന്നു (hated)(तुच्छ जाना))..."
       യിസ്ഹാക്കിന് ജനിച്ച രണ്ടു മക്കളിൽ, ഇളയവനായ യാക്കോബിനെ ദൈവം സ്നേഹിക്കയും ഏശാവിനെ വെറുക്കുകയും ചെയ്തതിൻ്റെ ചില കാരണങ്ങളാണല്ലോ ദൈവവചനത്തിൽ നിന്ന് നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. ദൈവം വെറുക്കത്തക്ക കാരണങ്ങളൊന്നും ഏശാവിൻ്റെ ജീവിതത്തിൽ ഇല്ലല്ലോ എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും, കൂടുതൽ പഠിക്കുമ്പോൾ അതിനു തക്കതായ കാരണങ്ങൾ ഉണ്ട് എന്ന് നമുക്കു ബോധ്യമാകും. അപ്രകാരമുള്ള രണ്ടു കാരണങ്ങൾ കഴിഞ്ഞ ഭാഗങ്ങളിൽ തിരുവചനത്തിൽ നിന്ന് നമ്മൾ ധ്യാനിച്ചുവല്ലോ ! ഇന്ന് മൂന്നാമത്തെ കാരണം പരിശോധിക്കാം;
*3) ദൈവം നൽകിയ ദാനത്തെ (നന്മയെ) ഏശാവ് അലക്ഷ്യമാക്കിക്കളഞ്ഞു* (പുച്ഛിച്ചുകളഞ്ഞു). ഉൽപ്പത്തി 25:34
"...ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു" (एसाव ने अपना पहिलौठे का अधिकार तुच्छ जाना।।)("...Esau despised his birthright")
ഈ വാക്യത്തിൻ്റെ മറ്റു പരിഭാഷകളും പരിശോധിച്ചാൽ ഏശാവ് ചെയതത് ഒരു വലിയ തെറ്റുതന്നെയായിരുന്നു എന്നു ബോധ്യമാകും. Despised, Contempt, Scorned, Slighted, എന്നൊക്കെയുള്ള വാക്കുകളാണ് അലക്ഷ്യമാക്കിക്കളഞ്ഞതിന് രേഖപ്പെടുത്തിയിരിക്കുന്നത്. അവയുടെ അർത്ഥങ്ങൾ‍; പുച്ഛിക്കുക, അവഹേളിക്കുക, പരിഹസിക്കുക, നിന്ദിക്കുക നിസ്സാരമാക്കുക എന്നൊക്കെയാണ്.
ദൈവം നൽകുന്ന നന്മകളെ അവഹേളിക്കുകയും, ദൈവം ചെയ്യുന്ന ഉപകാരങ്ങൾ വിലകുറച്ചു കാണുകയും ദൈവം നടത്തുന്ന വഴികളെ നിസ്സാരമായി കാണുകയും ചെയ്യുന്ന അനേകർ ഇന്നുമുണ്ട്; ദൈവം കൊടുത്ത ആരോഗ്യം, കഴിവുകൾ, യോഗ്യതകൾ, അവസരങ്ങൾ, താലന്തുകൾ മുതലായവ അലക്ഷ്യമാക്കിക്കളയുന്നവർ ഏശാവിനെ ഓർത്തുകൊള്ളണം.
ദൈവം നമുക്കു ദാനമായി തന്നവയെല്ലാം നന്നായി സൂക്ഷിക്കുമ്പോൾ, ദാനം തന്ന ദൈവത്തെ നമ്മൾ ബഹുമാനിക്കുന്നവരായി മാറുന്നു. എന്നാൽ അവയിൽ കുറ്റവും കുറവും കണ്ടെത്തി പരാതിയും പരിഭവവും പറഞ്ഞ് പിറുപിറുക്കാനും തുടങ്ങിയാൽ അത് ദാനം തന്ന ദൈവത്തെ അവഹേളിക്കുന്നതിന് സമമാണ് എന്നു നമ്മൾ മറന്നുപോകരുത്. (യെശയ്യാവ് 37:23 "നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആർക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയർത്തുകയും ചെയ്തതു? യിസ്രായേലിൻ്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?")
മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യപ്പെടുത്തി സ്വന്ത കുറവുകളെ എണ്ണിപ്പറഞ്ഞ് സ്വയം പരിതപിക്കുന്ന സ്വഭാവമുള്ള അനേകരുണ്ട്. എൻ്റെ വീട് ചെറുതാണ്, എനിക്ക് കാറില്ല, ജോലി ഇല്ല, സാമ്പത്തികമില്ല, കാണാൻ മെനയില്ല, പൊക്കം കുറവാണ്, നിറമില്ല, ബുദ്ധിയും കഴിവും ഇല്ല, ....എന്നാൽ അവർക്കിതെല്ലാമുണ്ട്. ദൈവം എന്നെ ഇങ്ങനെ സൃഷ്ടിച്ചതെന്താ ? ഇതിലും ഭേദം ഞാൻ ജനിക്കാതിരുന്നാൽ മതിയായിരുന്നു !. ഇതുപോലെ പുലമ്പുന്ന സ്വയം പരിതപിക്കുന്ന അനേകരെ നമ്മൾ കാണാറുണ്ട്.
എന്നാൽ പ്രിയമുള്ളവരേ, ഇതുപോലുള്ള താരതമ്യങ്ങൾ ചെയ്യുമ്പോഴും, ചോദ്യങ്ങൾ ചോദിക്കുമ്പോഴും, സ്വയം പഴിക്കുമ്പോഴും നമ്മൾ ദൈവത്തെ പുച്ഛിക്കുന്നവരാകുകയാണ് എന്ന സത്യം മറന്നുപോകരുത്. നമ്മൾ ദൈവത്തിൻ്റെ സൃഷ്ടികളാണ്, ദൈവത്തിൻ്റെ സ്വരൂപവും സാദൃശ്യവും നമ്മിലുണ്ട് എന്നാണ് ദൈവവചനം പറയുന്നത്. ദൈവം തൻ്റെ വിലയേറിയ ആത്മാവിനെ നമ്മില്‍ പകർന്ന് മൂക്കിൽ ജീവശ്വാസമൂതി നമ്മെ ജീവനുള്ള ദേഹിയാക്കിയിരിക്കുന്നു. (സങ്കീർ.‍ 150:6 വായിക്കുന്നതുപോലെ, ജീവനുള്ളതൊക്കെയും ദൈവത്തെ സ്തുതിക്കേണ്ടതിനുതന്നെ).
ചില ഭാര്യാഭർത്താക്കന്മാരുടെ നിരന്തര കലഹത്തിനും, ചില വിവാഹബന്ധങ്ങൾപോലും വേർപിരിയാൻ കാരണമാകുന്നത് ഇതുപോലുള്ള താരതമ്യങ്ങളും കുറ്റപ്പെടുത്തലുകളുമാണ് എന്നു കാണാം. മക്കളെനോക്കി മറ്റുള്ള കുട്ടികളുമായി അവരെ നിരന്തരം താരതമ്യപ്പെടുത്തി കുറ്റങ്ങളും കുറവുകളും പറഞ്ഞ് അവരുടെ മനസ്സിടിച്ച് അവരെ വിഷാദരോഗികളും ആത്മഹത്യ പ്രവണതയുള്ളവരുംവരെ ആക്കുന്ന മാതാപിതാക്കളുമുണ്ട്. കുറവുകൾ തേടിപ്പിടിക്കുന്നതിനു പകരം ഗുണങ്ങൾ തിരിച്ചറിഞ്ഞ് പരസ്പരം പരിഗണയും മര്യാദയും നൽകുമ്പോൾ അത് ദൈവത്തെ ആദരിക്കുന്നതിന് സമമാണ്.
ദൈവസൃഷ്ടികൾക്ക് സൃഷ്ടാവിൻ്റെ വിലയുണ്ട്, അവയെ ചെറുതായി കാണുന്നത് സൃഷ്ടാവിനെ നിസ്സാരനാക്കുന്നതിന് സമമാണ്. അങ്ങനെ ചെയ്യുന്നവരെ ദൈവം വെറുക്കുന്നു എന്നാണ് ഏശാവിൻ്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
ഏശാവ് തൻ്റെ ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞ് ദൈവത്തിൻ്റെ വെറുപ്പ് സമ്പാദിച്ചതുപോലെ, നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ സംഭവിക്കാതിരിക്കേണ്ടതിന്, ദൈവവചനം നമുക്കു തരുന്ന പ്രധാനപ്പെട്ട ചില മുന്നറിയിപ്പുകൾ ഞാൻ പറയാം;
 
*1)* ദൈവം തരുന്ന ദാനങ്ങളെ പരിഹസിക്കുകയോ, അവയെ വിലകുറച്ചു കാണുകയോ ചെയ്യരുത്. സംഖ്യ. 11:6, 21:5
"ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു."
"...ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു"
സ്വർഗ്ഗത്തിലെ ദൂതന്മാരുടെ ആഹാരം അഥവാ സ്വർഗ്ഗീയ ധാന്യം ആകാശത്തിൻ്റെ കിളിവാതിലുകൾ തുറന്ന് വർഷിപ്പിച്ചു നൽകിയതാണ് മന്ന എന്ന് സങ്കീർത്തനങ്ങൾ 78:24 വചനത്തിൽ വായിക്കുന്നുണ്ട്. ("അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു") അവ മതിയാകുവോളം ഭക്ഷിച്ചിട്ട്, നന്ദിയില്ലാത്ത ജനം പിന്നീട് പറയുന്നത്, അതു ഞങ്ങൾക്കു വെറുപ്പാകുന്നു എന്നാണ്. ദൈവം ഇത് എങ്ങനെ സഹിക്കും ?
ഇന്നും ഇതേ മനോഭാവത്തോടെ ജീവിക്കുന്ന മനുഷ്യരുണ്ട്, ജീവിതത്തിൽ ദൈവം ചെയ്ത നന്മകളെയും ദൈവം നടത്തിയ വഴികളെയും നിസ്സാരമായി കാണുന്നവർ. ദൈവത്തിൻ്റെ വെറുപ്പ് സമ്പാദിക്കരുതേ !
 
*2)* അഹങ്കാരികളെയും അനീതി പ്രവർത്തിക്കുന്നവരെയും വഞ്ചകരെയും കള്ളം പറയുന്നവരെയും ദൈവം വെറുക്കുന്നു. സങ്കീ. 5:5,6
"അഹങ്കാരികൾ നിൻ്റെ സന്നിധിയിൽ നിൽക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു. ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;"
 
*3)* ദൈവത്തിൻ്റെ കല്‍പ്പനകളും നിയമങ്ങളും ലംഘിക്കരുത്. ലേവ്യ.26:15
"നിങ്ങളുടെ ഉള്ളം എൻ്റെ വിധികളെ വെറുത്തു നിങ്ങൾ എൻ്റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എൻ്റെ നിയമം ലംഘിച്ചാൽ ഞാനും ഇങ്ങനെ നിങ്ങളേൂടു ചെയ്യും:"
 
*4)* ദൈവത്തെ നിന്ദിക്കരുത്. 1 ശമുവേൽ 2:30
"...എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും; എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും"
 
*5)* രണ്ടു യജമാനന്മാരെ സേവിക്കരുത്. ലൂക്കൊസ് 16:13, മത്തായി 6:24
"രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല"
 
*6)* ദൈവത്തിൻ്റെ ദയയും ദീർഘക്ഷമയും അലക്ഷ്യമാക്കരുത്. റോമര്‍ 2:4
"ദൈവത്തിൻ്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവൻ്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?"
 
*7)* ദൈവത്തിൻ്റെ ആലയത്തെ നിന്ദിക്കരുത്. 1 കൊരി. 11:22
"തിന്നുവാനും കുടിപ്പാനും നിങ്ങൾക്കു വീടുകൾ ഇല്ലയോ? അല്ല, ദൈവത്തിൻ്റെ സഭയെ നിങ്ങൾ തുച്ഛീകരിച്ചു, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോടു എന്തു പറയേണ്ടു?"
 
*8)* ദൈവം വെറുക്കുന്നവരുമായി കൂട്ടുകൂടരുത് അഥവാ ദൈവത്തെ വെറുക്കുന്നവരുമായി ഒരു ബന്ധവും അരുത്. സങ്കീ. 139:20,21
"യഹോവേ, നിന്നെ പകെക്കുന്നവരെ ഞാൻ പകക്കേണ്ടതല്ലയോ? നിന്നോടു എതിർത്തുനില്ക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ?"
 
ഇനിയും ധാരാളം വചനങ്ങൾ പറയാനുണ്ട് എങ്കിലും, ദൈവാത്മാവ് എൻ്റെ ഹൃദയത്തിൽ പ്രേരിപ്പിച്ചവ മാത്രം ഓർമ്മിപ്പിച്ചുകൊണ്ട് ഞാൻ നിറുത്തുന്നു; ഗലാത്യർ 6:7 ല്‍ വായിക്കുന്നത് ദൈവത്തെ പരിഹസിക്കരുത് എന്നാണ്. ദൈവം ദാനമായി കൊടുത്ത തൻ്റെ ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവ് ദൈവത്തെ പരിഹസിച്ച് ദൈവത്തിൻ്റെ വെറുപ്പിന് പാത്രമായി. ദൈവം നൽകിയ സ്വർഗ്ഗീയ ധാന്യത്തെ നിസ്സാരമായികണ്ട് യിസ്രായേൽ ജനം ദൈവത്തിൻ്റെ വെറുപ്പ് സമ്പാദിച്ചു.....
ആകയാൽ പ്രിയരേ, നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം ദൈവം ദാനമായി തന്ന ഏതെങ്കിലും കാര്യങ്ങളിൽ / വിഷയങ്ങളിൽ അതൃപ്തിയുള്ളവരാണോ നമ്മൾ ? ഏതെങ്കിലും നന്മകളിൽ പരാതിയുള്ളവരാണോ നമ്മൾ ? ഏതെങ്കിലും തീരുമാനങ്ങളിൽ പരിഭവമോ വിഷമമോ ഉള്ളവരാണോ നമ്മൾ ? ഇവയെല്ലാം നമ്മുടെയും കുടുംബത്തിൻ്റെയും തലമുറകളുടെയും അനുഗ്രഹത്തിന് തടസ്സങ്ങളാണ് എന്നു തിരിച്ചറിഞ്ഞുകൊണ്ട്, ദൈവ പ്രവർത്തികളെ പരിഹസിക്കുന്നവർ ആകാതെ ദൈവത്തോട് നിരപ്പു പ്രാപിച്ച് ദൈവം തന്നിരിക്കുന്ന നന്മകളിലും, ദൈവം ആക്കിവെച്ചിരിക്കുന്ന അവസ്ഥകളിലും സ്ഥാനങ്ങളിലും, ദൈവം ഒരുക്കിയിരിക്കുന്ന സാഹചര്യങ്ങളിലും സംതൃപ്തിയുള്ളവരായി ജീവിക്കാം.
അൽപ്പത്തിൽ വിശ്വസ്തരായിരിക്കുന്നവരെ അധികത്തിൽ വിചാരകനാക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു.
പ്രാര്‍ത്ഥനയോടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം....
ഷൈജു ജോണ്‍
വചനമാരി, ഭോപ്പാൽ
 
*കുറിപ്പ്*
(ദൈവം ഏശാവിനെ വെറുക്കുവാനുണ്ടായ കാരണങ്ങൾ എന്ന ഈ ധ്യാനചിന്തയുടെ നാലാം ഭാഗം അടുത്ത ദിവസങ്ങളിൽ അയക്കുന്നതായിരിക്കും)
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാര്‍ത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7898211849
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.