യെശയ്യാവ് 38:1.. / 2 രാജാക്ക. 20:1... വചനഭാഗങ്ങൾ വായിക്കാം;
(വാക്യം 3) "അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്ക് പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ എന്നു പറഞ്ഞു ഹിസ്കീയാവു ഏറ്റവും കരഞ്ഞു"
വിശ്വസ്തതയ്ക്ക് ദൈവം എത്രമാത്രം വിലകൽപ്പിക്കുന്നുണ്ട് എന്ന് തിരുവചനത്തില് രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഉത്തമ ഉദാഹരണമാണ് ഈ വചനഭാഗങ്ങൾ.
ഒരിക്കല് മരിക്കത്തക്ക രോഗബാധിതനായി ശയ്യയിൽ കിടന്നിരുന്ന ഹിസ്കീയാ രാജാവിൻ്റെ അടുക്കൽ ദൈവം തൻ്റെ പ്രവാചകനെ അയച്ച് അവനോടു; നിൻ്റെ ഗൃഹ കാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആ വാർത്ത കേട്ട രാജാവ് അത്യന്തം ദു:ഖിതനായി. ഹൃദയഭാരത്തോടെ ദൈവത്തോടു പ്രാര്ത്ഥിച്ചു. താന് പ്രാര്ത്ഥിച്ച ആ പ്രാര്ത്ഥനയിലെ വാചകങ്ങൾ സ്വർഗ്ഗത്തെ ചലിപ്പിക്കാൻ പോന്നതും ദൈവ തീരുമാനത്തെപോലും സ്വാധീനിക്കാൻ കഴിയുന്നതുമായിരുന്നു.
പിന്നീട് എന്താണു സംഭവിച്ചത് എന്ന് നമുക്ക് അറിയാമല്ലോ, യെശയ്യാവ് പ്രവാചകൻ മടങ്ങിവന്ന്, രാജാവിന്റെ പ്രാർത്ഥന ദൈവം കേട്ടിരിക്കുന്നു എന്നും, ആയുസ്സിനോട് പതിനഞ്ചു സംവത്സരം കൂട്ടിയിരിക്കുന്നു എന്നും പറഞ്ഞു. അതിശയിപ്പിക്കുന്ന ഒരു ദൈവ തീരുമാനം എന്ന് വേദപഡ്ഢിതർ പറയുന്ന ഈ സംഭവം (അത്ഭുതം) നടക്കുവാൻ കാരണം, ഒരു പ്രാര്ത്ഥയിലെ കാതലായ വാക്കുകളായിരുന്നു; 'ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്ക് പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ'
'ദൈവമേ, ഞാൻ അവിടത്തോട് വിശ്വസ്തനായിരുന്നു എന്നു ഓർക്കേണമേ;' എന്ന് നമ്മുടെ പ്രാർത്ഥനകളിൽ പ്രാഗൽഭ്യത്തോടെ ദൈവത്തോടു പറയുവാൻ കഴിയുന്നുണ്ടോ ? എങ്കിൽ ആ പ്രാര്ത്ഥനയ്ക്ക് ദൈവസന്നിധിയിൽ നിന്ന് ഉത്തരം ലഭിക്കും നിശ്ചയം.
എന്നാൽ നമ്മുടെ പ്രാർത്ഥനകളിൽ പലപ്പോഴും തരണേ.., അനുഗ്രഹിക്കണേ.., രക്ഷിക്കണേ.., സഹായിക്കണേ..., വിടുവിക്കണേ.. മുതലായ വാക്കുകങ്ങളുടെ അതിപ്രസരങ്ങളാണ് കൂടുതലും കേൾക്കാറുള്ളത് എന്നതാണ് വാസ്തവം. ഈ സ്ഥിതി മാറണം. ദൈവഭക്തനായ നെഹെമ്യാവ് പ്രാര്ത്ഥിച്ച വരികൾ തിരുവചനത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്
"എൻ്റെ ദൈവമേ, ഞാന് ഈ ജനത്തിന്നുവേണ്ടി ചെയ്തതൊക്കെയും നന്മക്കായിട്ടു ഓർക്കേണമേ" (..all that I have done for this people). നെഹെ. 5:19
"നിശ്ചിത സമയങ്ങൾക്കു വിറകുവഴിപാടും ആദ്യഫലവും നിയമിക്കയും ചെയ്തു. എൻ്റെ ദൈവമേ, ഇതു എനിക്കു നെന്മക്കായിട്ടു ഓർക്കേണമേ" നെഹെ. 13:31
ജനത്തിനു ചെയ്ത നന്മകളും, ദൈവാലയത്തിൽ അർപ്പിച്ച സ്തോത്ര വഴിപാടുകളും, ദൈവത്തിന് കൊടുത്ത ആദ്യഫലങ്ങളും തന്റെ പ്രാര്ത്ഥനകളിൽ ദൈവത്തെ ഓർമ്മിപ്പിക്കുവാന് നെഹെമ്യാവിനു കഴിഞ്ഞു.
നാം ദൈവസന്നിധിയില് പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ, ഇന്നു നമ്മുടെ അവസ്ഥ എന്താണ്? ദൈവത്തിന് നമ്മെക്കുറിച്ച് ഓർക്കുവാൻ തക്ക ചില നന്മകൾ പറയുവാൻ ഉണ്ടോ...?
ദൈവത്തിന് പ്രസാദമുള്ളത് ഞാൻ ചെയ്തിരിക്കുന്നത് ഓർക്കേണമേ എന്ന് ഹിസ്കീയാവു പ്രാർത്ഥിച്ചപ്പോൾ ദൈവം അതു ഓർത്തു, ഉടനെതന്നെ ദൈവം തൻ്റെ തീരുമാനം മാറ്റി.
ഹിസ്കീയാ രാജാവിന്റെ അടുക്കൽ ചെന്നു അവനോട് പറയേണ്ട സന്ദേശം, യഹോവയായ ദൈവം യെശയ്യാ പ്രവാചകനെ അറിയിക്കുമ്പോള് പറയുന്നത്, ഇപ്രകാരമാണ്;
"നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;.." (യെശ. 38:5 / 2 രാജാ. 20:5).
ആഹാസിന്റെ മകനായ ഹിസ്കീയാവിനെ, ഇവിടെ 'ദാവീദിന്റെ മകൻ' എന്നു ദൈവം വിളിക്കുവാന് ഒരു കാരണം, ഒരുപക്ഷേ, ദാവീദ് ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചു ഏറ്റവും അധികം വര്ണ്ണിച്ച് പാടിയ യിസ്രായേലിന്റെ മധുരഗായകൻ ആയതുകൊണ്ടായിരിക്കാം.
ദൈവഭക്തനായ ദാവീദ് തന്റെ സങ്കീർത്തനങ്ങളിൽ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് വാനോളം പാടിപുകഴ്ത്തുന്നുണ്ട്. താൻ രചിച്ച മൂന്നു സങ്കീർത്തനങ്ങളിൽ ഒരേ വരികൾതന്നെ പാടുന്ന ദാവീദ് ദൈവത്തിന്റെ വിശ്വസ്തത തന്റെ ജീവിതത്തിൽ നിരവധി തവണ കണ്ടും അനുഭവിച്ചും അറിഞ്ഞവനാണ്. അതുകൊണ്ടാണ് കൊതിതീരാതെ, മതിവരാതെ പിന്നെയും പിന്നെയും ഈ വരികൾതന്നെ പാടി യഹോവയെ സ്തുതിച്ചത് !
സങ്കീ. 36:5
"യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു"
സങ്കീ. 57:10
"നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ"
സങ്കീ. 108:4
"നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു"
സങ്കീർത്തനങ്ങൾ 119:90, 57:3, 146:6, 143:1 മുതലായ നിരവധി സങ്കീർത്തനങ്ങളില് ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് മതിമറന്ന് പാടിയ ഭക്തനായ ദാവീദ്, തന്റെ ജീവിതത്തില് എടുത്ത ഒരു പ്രധാന തീരുമാനത്തെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്;
"വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു;" (സങ്കീ. 119:30)
ദൈവം എന്നോടു വിശ്വസ്തനായിരിക്കുന്നതുപോലെ ഞാൻ ദൈവത്തോടും വിശ്വസ്തനായിരിക്കും എന്ന് ദാവീദിനെപോലെ ഒരു തീരുമാനം എടുക്കുവാൻ നമുക്കും സാധിക്കുമെങ്കില്, തലമുറതലമുറയോളം ദൈവത്തിന്റെ വിശ്വസ്തത വെളിപ്പെട്ടുകൊണ്ടിരിക്കും.
2 തിമൊ. 2:13
"നാം അവിശ്വസ്തരായിത്തീര്ന്നാലും അവൻ വിശ്വസ്തനായി പാര്ക്കുന്നു തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു"
വിശ്വസ്തത ഒരു വിശേഷ സ്വഭാവമാണ് എന്ന് ഈ വചനഭാഗത്തു നിന്ന് മനസ്സിലാക്കാം, മാത്രമല്ല, സ്വര്ഗ്ഗത്തിലെ ദൈവം ഏറ്റവും അധികം വിലകല്പ്പിക്കുന്ന ഒരു ഭാവമാണ് വിശ്വസ്തത എന്ന് തിരുവചനത്തില് നമുക്കു കാണുവാന് കഴിയും. മനുഷ്യര്ക്ക് സ്വഭാവമുള്ളതുപോലെ ദൈവത്തിനും സ്വഭാവമുണ്ട്; ആ ദൈവസ്വഭാവത്തിന്റെ ഏറ്റവും കാതലായ വിശേഷ ഭാവമാണ് വിശ്വസ്തത. ഈ ഭാവം ദൈവസ്വഭാവത്തിന്റെ ഭാഗമായിരിക്കുന്നതുപോലെ അതു മനുഷ്യസ്വഭാവത്തിലും ഉണ്ടായിരിക്കണമെന്ന് ദൈവത്തിന് നിര്ബ്ബന്ധമുണ്ട്.
എന്നാല്, ദൈവത്തിന്റെ പ്രതീക്ഷയ്ക്കൊത്ത വിശ്വസ്തത എന്ന സല്സ്വഭാവം മനുഷ്യരില് കണ്ടെത്താൻ കഴിയാതിരിക്കുന്ന ഒരു വല്ലാത്ത കാലഘട്ടത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ടാണ് ഭൂമിയില് വിശ്വസ്തന്മാര് ഉണ്ടോ എന്ന് ദൈവത്തിന്റെ കണ്ണുകൾ നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് യിരെമ്യ. 5:3 വചനഭാഗത്ത് വായിക്കുന്നത്.
യിരെമ്യാവ് 5:1..
"ന്യായം പ്രവര്ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന് ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരുശലേമിന്റെ വീഥികളില് ചുറ്റിനടന്ന് അന്വേഷിക്കയും അതിന്റെ വിശാല സ്ഥലങ്ങളില് തിരഞ്ഞ് അറികയും ചെയ്വിൻ; കണ്ടു എങ്കില് ഞാൻ അതിനോട് ക്ഷമിക്കും"
വിശ്വസ്തന്മാര് ദൈവത്തിന് എത്രമാത്രം ബഹുമാനിതരാണ് എന്നും, അവരുടെ സാന്നിധ്യം ഒരു ദേശത്തോട് പോലും ദൈവം ക്ഷമിക്കുവാന് തക്ക വിലയേറിയതുമാണ് എന്നും ഈ വചനഭാഗത്തു നിന്ന് വ്യക്തമാണ്.
ആകയാൽ, ദൈവത്തിനുവേണ്ടി വിശ്വസ്തതയോടെ നില്ക്കുവാൻ ഈ ദിവസവും സ്വര്ഗ്ഗം കൃപ തരേണ്ടതിനായി പ്രാര്ത്ഥിച്ചുകൊണ്ട്,
ദൈവദാസൻ ഷൈജു ജോൺ
വചനമാരി(ഭോപ്പാൽ)
7898211849
*കുറിപ്പ്*
ഈ ധ്യാന സന്ദേശത്തിൻ്റെ തുടർന്നുള്ള ഭാഗങ്ങളും പിന്നാലെ അയക്കുന്നതായിരിക്കും.
നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാര്ത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7898211849