"ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?" (മത്തായി 6:26)
ഒരു ദൈവപൈതലിൻ്റെ ജീവിതത്തിൽ ഏറ്റവും പ്രത്യാശയും ഹൃദയത്തിന് ധൈര്യവും പകരുന്ന വചനങ്ങളാണല്ലോ ഇത്. സൃഷ്ടിയുടെ നാലാം ദിവസം; 'ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ' എന്ന വാക്കിനാൽ ഭൂമിയിൽ പറവകളെ സൃഷ്ടിച്ച (ഉൽപ്പത്തി. 1:20) ദൈവത്തിന്, അവയെക്കുറിച്ച് ഇത്ര കരുതലുണ്ട് എങ്കിൽ, ആ പറവജാതികളിന്മേൽ വാഴേണ്ടതിനായി തന്റെ സ്വരൂപത്തിലും സാദൃശ്യപ്രകാരവും ഉണ്ടാക്കിയ (ഉൽപ്പത്തി 1: 28) മനുഷ്യനെക്കുറിച്ചുള്ള ദൈവീക കരുതൽ എത്ര അധികമായിരിക്കും ?
ഈ വചനവെളിച്ചത്തിൽ, ദൈവീക കരുതലിൻ്റെ ആഴം വ്യക്തമാക്കുന്ന ഒരു സംഭവം വേദപുസ്തകത്തിൽ നിന്ന് ഞാൻ ഓര്മ്മിപ്പിക്കാം;
1 ശമുവേൽ 8:1 മുതൽ വായിക്കുന്നത്, യിസ്രായേൽ ജനം തങ്ങള്ക്ക് ഒരു രാജാവിനെ വേണമെന്ന് ശമുവേലിനോട് ആവശ്യപ്പെടുന്നതാണ്; ലോക ജാതികൾക്കുള്ളതുപോലെ തങ്ങൾക്കും ഒരു രാജാവിനെ വേണമെന്ന് ആഗ്രഹിച്ച അവരുടെ ആഗ്രഹം ദൈവത്തിന് അനിഷ്ടമായി, അതുകൊണ്ട് ദൈവം ശമുവേലിനോട് ഇപ്രകാരമാണ് അരുളിച്ചെയ്തത്; *'അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നതു.'*
ജാതികളെപ്പോലെ ഞങ്ങള്ക്കും ആയാല് മതി എന്ന് വാശിപിടിച്ച ഈ ജനം, ദൈവം അവരെ മിസ്രയീമില് നിന്ന് പുറപ്പെടുവിച്ചതും മരുഭൂമിയില്ക്കൂടി നടത്തിയതും അവരുടെ മദ്ധ്യത്തില് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തതും മറന്നു കളഞ്ഞ്, ദൈവഹൃദയത്തെ വേദനിപ്പിച്ചിട്ടും, അവരുടെ ഈ ആവശ്യത്തെ തള്ളിക്കളയാതെ, അതു സാധിപ്പിച്ചുകൊടുക്കുവാന് തന്നെ ദൈവം തീരുമാനിച്ചു.
1 ശമുവേല് 9:1 മുതല് വായിക്കുന്നത്, ബെന്യാമീന് ഗോത്രത്തിലെ കീശ് എന്നു പേരുള്ള ഒരു ധനികന്റെ വീട്ടിലെ യൌവനക്കാരനും കോമളനുമായ ശൌല് എന്നുപേരുള്ള ഒരു പുരുഷനെ യിസ്രായേല് ജനത്തിന് രാജാവായി ദൈവം കണ്ടെത്തി എന്നാണ്. യിസ്രായേല്മക്കളില് അവനെക്കാള് കോമളനായ പുരുഷന് ഇല്ലായിരുന്നു എന്നും, അവന് എല്ലാവരെക്കാളും തോള്മുതല് പൊക്കമേറിയവന് ആയിരുന്നു എന്നുമാണ് ശൌലിനെക്കുറിച്ച് എഴുതിയിരിക്കുന്നത്.
ദൈവഹിതത്തിന് എതിരായി നിന്ന ഈ ജനത്തെ ഒരു പാഠം പഠിപ്പിക്കേണ്ടതിനുവേണ്ടി യിസ്രായേല് ജനത്തിന്റെ ഇടയില്നിന്ന് ഏതെങ്കിലും ഒരുവനെ പിടിച്ച് അവരുടെ രാജാവായി വാഴിച്ചാല് മതിയായിരുന്നില്ലേ? ഒരു ഗുണവും മണവുമില്ലാത്തവന് രാജാവായിക്കഴിഞ്ഞാല്, തങ്ങള്ക്ക് ഒരു രാജാവ് വേണമെന്ന് ആവശ്യപ്പെട്ട ജനം കഷ്ടപ്പെടുന്നതും വേദനിക്കുന്നതും കാണാമായിരുന്നല്ലോ!.
ഇങ്ങനെയെല്ലാം ചിന്തിക്കുന്ന കേവലം മനുഷ്യനല്ല നമ്മുടെ ദൈവം;
അവര് വേദനിപ്പിച്ചിട്ടും,
അവര് തള്ളിക്കളഞ്ഞിട്ടും,
അവര് അവഗണിച്ചിട്ടും,
അവര് ത്യജിച്ചിട്ടും
അവര് നന്ദികേട് കാണിച്ചിട്ടും...
.... യോഗ്യനായ ഒരുവനെതന്നെയാണല്ലോ ദൈവം അവര്ക്ക് രാജാവായി തിരഞ്ഞെടുത്തു കൊടുത്തത് !
*ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന ഒരു പാഠം;*
സ്വര്ഗ്ഗത്തിലെ ദൈവം തന്റെ നീരസത്തില് മനസ്സില്ലാമനസ്സോടെ ചെയ്യുന്ന ഒരു കാര്യംപോലും ഇത്ര മെനയായി / ഭംഗിയായി / നന്നായി ചെയ്യുന്നു എങ്കില്, പ്രസാദത്തോടും പൂര്ണ്ണ മനസ്സോടും ചെയ്യുന്ന പ്രവര്ത്തി എത്ര മഹനീയമായിരിക്കും !
ഇന്നത്തെ വാഗ്ദത്ത വാക്യവും ഇതിനോട് സമമായി നമുക്കു ചേര്ത്തു വായിക്കാം;
*ആകാശത്തിലെ പറവകളെ പുലര്ത്തുന്ന ദൈവം
നമ്മെ എത്ര അധികം പുലര്ത്തും? !*
(മത്തായി 6:26)
*നമ്മെ എത്ര അധികം പരിപാലിക്കും? !*
(ലൂക്കൊ. 12:28)
*നമ്മെ എത്ര അധികം മാനിക്കും? !*
(ഫില. 1:16)
*നാം ദൈവത്തിന് ഏറ്റവും പ്രിയരാണ് !* വിശ്വസിക്കുന്നവര്ക്ക് 'ആമേന്' പറയാം
ദൈവം അനുഗ്രഹിക്കട്ടെ,
ക്രിസ്തുവില് സ്നേഹപൂര്വ്വം...
ദൈവദാസന് ഷൈജു ജോണ്, വചനമാരി (ഭോപ്പാല്)
*കുറിപ്പ്*
നിങ്ങളുടെ പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Mb: 9589741414, 7898211849, 9424400654, Ph: 0755 4297672