"പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും" മത്തായി 20:16
നമ്മുടെ കർത്താവ് അരുളിച്ചെയ്ത ഈ തിരുവചനം ഇന്നു വായിച്ചപ്പോൾ, പഴയ നിയമത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവമാണ് എനിക്ക് ഓർമ്മ വന്നത്.
ഒരിക്കൽ മോശെയും യിസ്രായേൽ ജനവും സമാഗമനകൂടാരത്തിൻ്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു (സംഖ്യപുസ്തകം 25:6), ദൈവത്തിൻ്റെ കോപം യിസ്രായേലിൻ്റെ നേരെ ജ്വലിക്കയും ഒരു ബാധ അവർക്കുണ്ടാകുകയും ആയിരങ്ങൾ ബാധയാൽ മരിച്ചുവീഴുകയും ചെയ്തതുകൊണ്ടാണ് മോശെയോടൊപ്പം ആ ജനം സമാഗമന കൂടാരത്തിൻ്റെ മുമ്പിൽ കരഞ്ഞുകൊണ്ട് എത്തിയത്. യിസ്രായേൽജനം ജാതീയ (മോവാബ്യ) സ്ത്രീകളുമായി പരസംഗം തുടങ്ങിയതുകൊണ്ടും, അവരുടെ ദേവന്മാരുടെ ബലികൾക്ക് പോകയും അവയെ നമസ്കരിക്കയും ചെയ്തതുകൊണ്ടുമാണ് യഹോവയുടെ ഉഗ്രകോപം അവരുടെ നേരെ ജ്വലിക്കുവാൻ കാരണമായത് എന്ന് ഒന്നാം വാക്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്രയൊക്കെ ചെയ്തതു പോരാഞ്ഞിട്ട് സിമ്രി എന്നു പേരുള്ള ഒരു യിസ്രായേല്യൻ, മോശെയും കൂട്ടരും സമാഗമനകൂടാരത്തിൻ്റെ വാതില്ക്കൽ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ അവരുടെ മദ്ധ്യത്തിലേക്കു കോസ്ബി എന്നു പേരുള്ള ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. ഈ ഹീനകൃത്യം കണ്ട് സര്വ്വസഭയും മിണ്ടാതെ നിന്നപ്പോൾ, ഒരു ചെറുപ്പക്കാരൻ അവരുടെ ഇടയിൽനിന്ന് എഴുന്നേറ്റ് കയ്യിൽ ഒരു കുന്തം എടുത്തുകൊണ്ടുപോയി ആ മിദ്യാന്യ സ്ത്രീയെയും പുരുഷനെയും കുത്തിക്കൊന്നു. അഹരോൻ പുരോഹിതൻ്റെ മകനായ എലെയാസാരിൻ്റെ മകൻ ഫീനെഹാസ് ആയിരുന്നു ആ ചെറുപ്പക്കാരൻ.
ഈ വചനഭാഗം വായിക്കുന്ന ഓരോരുത്തർക്കും ന്യായമായ ഒരു ചോദ്യം മനസ്സിൽ ഉദിക്കാൻ സാധ്യതയുണ്ട്; *സമാഗമന കൂടാരത്തിനകത്ത് കണ്ണിനു മുമ്പിൽ ഇതുപോലെ ഒരു പാപം നടക്കുന്നതു കണ്ടിട്ട് മോശെ എന്തുകൊണ്ടാണ് മിണ്ടാതിരുന്നത്?*
*അവരെ ശിക്ഷിക്കാതിരിക്കാൻ മോശെക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണ്?*
*ദൈവാലയത്തെക്കുറിച്ചുള്ള തീക്ഷ്ണത (എരിവ്) മറ്റാരേക്കാളും മോശെക്കല്ലേ ഉണ്ടാകേണ്ടിയിരുന്നത്?*
ഇതുപോലുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഒരു മറുപടി പറയുവാൻ മോശെക്ക് ഒരു പക്ഷേ ബുദ്ധിമുട്ടുണ്ടാകാം, ചിലപ്പോൾ ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയെന്നും വരാം. എന്നാൽ ദൈവവചനത്തിൽ നിന്നുതന്നെ ഇതിനുള്ള ഉത്തരം നമുക്കു മനസ്സിലാക്കാവുന്നതേ ഉള്ളൂ.
സംഖ്യ. 12:1 മുതൽ വായിക്കുന്നത്, മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം കഴിച്ചു എന്നാണ്, ആ കാര്യം യിസ്രായേൽ ജനങ്ങൾക്കിടയിൽ ഒരു സംസാര വിഷയമായിരുന്നു എന്നും മനസ്സിലാക്കാം. ആ കാര്യത്തിലുണ്ടായിരുന്ന എതിർപ്പ് അന്ന് പലരും തുറന്നുപറയാതെ മനസ്സിൽ കൊണ്ടു നടന്നപ്പോൾ, മിര്യാമും അഹരോനും പക്ഷേ അതു തുറന്നു പറഞ്ഞു.
തങ്ങളുടെ അഭിപ്രായം മിര്യാമും അഹരോനും തുറന്നു പറഞ്ഞതിൽ തെറ്റൊന്നും കാണാനില്ല, എന്നാൽ അവർ അതിന്റെ കൂടെ പറഞ്ഞ കാര്യങ്ങളാണ് ദൈവത്തെ കോപിപ്പിച്ചത് എന്ന് മനസ്സിലാക്കാം. ("..മിര്യാമും അഹരോനും അവന്നു (മോശെക്ക്) സംസാരിച്ചു; യഹോവ മോശെ മുഖാന്തിരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു" സംഖ്യ 12:2)
പറയേണ്ടതു മാത്രം പറയാതെ, പറയാന് പാടില്ലാത്തവ പറഞ്ഞതുകൊണ്ടാണ് മിര്യാമിന് ദൈവശിക്ഷ ഏൽക്കേണ്ടി വന്നത് (കുഷ്ഠരോഗിണിയായത്).
എന്തായാലും, ഒരു കൂശ്യ സ്ത്രീയെ വിവാഹം കഴിച്ച മോശെക്ക്, ചില യിസ്രായേൽ പുരുഷന്മാര് മോവാബ്യ സ്ത്രീകളെയും മിദ്യാന്യ സ്ത്രീകളെയും പിടിച്ചുകൊണ്ടു വരുന്നതു കണ്ടപ്പോള് പ്രതികരിക്കാനുള്ള ധൈര്യം (Guts / Voice) ഉണ്ടായില്ല എന്നു കരുതുന്നതിൽ തെറ്റില്ല.
ഞണ്ട് മക്കളെ നേരെ നടക്കാന് പഠിപ്പിച്ചാൽ ശരിയാകുമോ? ഇതേ അവസ്ഥയിലാണ് ഇന്ന് പല നേതാക്കളും പെട്ടിരിക്കുന്നത് എന്നു കാണാം. ഉപദേശിക്കാനും ശാസിക്കാനും ചെന്നാൽ ഇന്നത്തെ തലമുറയുടെ ചോദ്യങ്ങള്ക്കു മുമ്പില് ഉത്തരം മുട്ടി നിൽക്കേണ്ടി വരുമെന്ന് അറിയാവുന്നതുകൊണ്ട്, ക്രിസ്തീയ ഗോളത്തിൽ നടക്കുന്ന പല അനീതികള്ക്കും നേരെ ആത്മീയ നേതാക്കള് കണ്ണടയ്ക്കുകയാണ്.
*എത്ര വലിയ നേതാവാണെങ്കിലും പാപത്തിനു നേരെ കണ്ണടച്ചാൽ, അശുദ്ധികണ്ട് മിണ്ടാതിരുന്നാൽ, ഹീനകൃത്യങ്ങള്ക്കു കൂട്ടുനിന്നാൽ അവരുടെ മുമ്പിൽ ദൈവം സാധാരണക്കാരായ ഫീനെഹാസുമാരെ എഴുന്നേൽപ്പിക്കും. ദൈവീക കാര്യത്തിൽ എരിവും തീക്ഷ്ണതയുള്ള ഒരു തലമുറ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട് എന്ന് മോശെയെപ്പോലുള്ള ആത്മീയ നേതാക്കാള് മറന്നു പോകരുത്.*
പിമ്പന്മാര് മുമ്പന്മാരും മുമ്പന്മാര് പിമ്പന്മാരും ആകും.
സംഖ്യ 25:11..13
"ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു. ആകയാൽ ഇതാ, ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു. അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു"
വിശുദ്ധിക്കും വേർപാടിനും വേണ്ടി നിലകൊള്ളുന്ന, ലോകമോഹങ്ങളോട് ഒഴിഞ്ഞിരിക്കുന്ന, പ്രലോഭനങ്ങളെ അതിജീവിക്കാന് പോന്ന, പാപത്തോട് സന്ധിചെയ്യാത്ത, ദൈവാലയത്തെക്കുറിച്ചും സുവിശേഷത്തെക്കുറിച്ചും ആത്മഭാരമുള്ള ഒരു ഭക്തനായി (ഒരു ഫീനെഹാസായി) ജീവിക്കാന് ഈ ദിവസം നമ്മെ സമർപ്പിക്കാം നമ്മുടെ മക്കളെ സമർപ്പിക്കാം,
ദൈവം കൃപ തരുമാറാകട്ടെ,