യാക്കോബ് 4:10
"കർത്താവിൻ്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും"
ജീവിതത്തിൽ ഒരു ഉയർച്ച ആഗ്രഹിക്കാത്തവർ ആരാണുള്ളത്? കൈതൊടുന്നതെല്ലാം പരാജയമായി തീരുന്നതു കാണുമ്പോൾ, എത്ര ശ്രമിച്ചിട്ടും കാര്യങ്ങൾ നീങ്ങുന്നില്ല എന്നറിയുമ്പോൾ, എന്തൊക്കെ ചെയ്തിട്ടും ഒരു നേട്ടവുമില്ല തോന്നുമ്പോൾ ഒരു ഉയർച്ചയ്ക്കുവേണ്ടി മനുഷ്യർ പല മാർഗ്ഗങ്ങൾ തേടുന്നതായി നമ്മൾ കാണാറുണ്ട്. അവിഹിത മാർഗ്ഗത്തിലൂടെയും വളഞ്ഞ വഴികളിലൂടെയും ഉയർച്ച നേടാൻ ശ്രമിക്കുന്നവർ പരാജിതരാവുകയും, അവർക്ക് ജീവിതത്തിൽ വലിയ വില നൽകേണ്ടി വരികയും ചെയ്യുന്നു.
എന്നാൽ ജീവിതത്തിൽ ഒരു ഉയർച്ച വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ദൈവവചനം നൽകുന്ന നേരായ മാർഗ്ഗമാണ് മുകളിൽ കുറിച്ചിരിക്കുന്നത്. കർത്താവിൻ്റെ സന്നിധിയിൽ താഴ്മയോടെ ഇരുന്നാൽ അവിടുന്ന് നമ്മെ ഉയർത്തും. 1 പത്രൊസ് 5:6 വാക്യത്തിലും ഈ മാർഗ്ഗം തന്നെയാണ് പരിശുദ്ധാത്മാവ് നമുക്കു കാണിച്ചുതരുന്നത്.
*ഈ മാർഗ്ഗം എത്രമാത്രം വാസ്തവവും അർത്ഥസമ്പൂർണ്ണവുമാണ് എന്ന് ദൈവവചനത്തിലെ ഒരു സംഭവത്തിലൂടെ ഞാന് ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു*.
ഒരിക്കൽ യോര്ദ്ദാന് നദിക്കരയിൽ നിന്നുകൊണ്ട് തന്റെ ചുറ്റും കൂടി നിന്ന വലിയ ഒരു ജനക്കൂട്ടത്തോട് ഒരു മനുഷ്യൻ ഇപ്രകാരം വിളിച്ചു പറഞ്ഞു; "എന്നിലും ബലമേറിയവൻ എൻ്റെ പിന്നാലെ വരുന്നു; അവൻ്റെ ചെരുപ്പിൻ്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല" (മര്ക്കൊസ് 1:7). ലൂക്കൊസും യോഹന്നാനും തങ്ങളുടെ സുവിശേഷങ്ങളിൽ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. (ലൂക്കൊ. 3:16, യോഹ. 1:27). ആ വിളിച്ചുപറഞ്ഞ വ്യക്തിയുടെ പേര് സ്നാപക യോഹന്നാൻ എന്നായിരുന്നു. ആ കാലത്ത് ജനമെല്ലാം അവന്റെ അടുക്കലേക്ക് സ്നാനമേൽക്കേണ്ടതിനായി ഒഴുകി വന്നു. യോഹന്നാനെ അവര് ശ്രേഷ്ഠനായി എണ്ണി, അവന്റെ വാക്കുകൾക്കു ചെവികൊടുത്തു, ആദരവും ബഹുമാനവും നൽകി. അവൻ്റെ പ്രവര്ത്തികൾ കണ്ടപ്പോൾ അവൻ ക്രിസ്തുവാണോ അതോ ഏലിയാവാണോ എന്നുപോലും ജനം സംശയിച്ചു. അങ്ങനെ ജനഹൃദയങ്ങളിൽ ഉന്നതമായ ഒരു സ്ഥാനത്തിരിക്കുമ്പോഴാണ് സ്നാപക യോഹന്നാൻ്റെ നാവിൽ നിന്ന് ഈ വാക്കുകള് ജനം കേള്ക്കുന്നത്,
*എന്നിലും ബലമേറിയവൻ എൻ്റെ പിന്നാലെ വരുന്നു; അവൻ്റെ ചെരുപ്പിൻ്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല*
തന്നെതന്നെ താഴ്ത്തി യേശുവിനെ ഉയര്ത്തുവാൻ സ്നാപക യോഹന്നാന് ഒരു മടിയും ഉണ്ടായിരുന്നില്ല. തൻ്റെ ജീവിതംകൊണ്ടും സ്ഥാനമാനങ്ങൾകൊണ്ടും യേശുവിനെ ഉയര്ത്തിയ ഈ സ്നാപകയോഹന്നാനെക്കുറിച്ച് യേശു പറഞ്ഞത് എന്താണ് എന്ന് മത്തായി 11:11, ലൂക്കൊസ് 7:28 വചനഭാഗങ്ങളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്
" *സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല*; സ്വര്ഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു"
താൻ ഒന്നുമില്ല, ഏതുമില്ല എന്ന മനോഭാവത്തോടെ താഴ്മയുള്ള ഹൃദയത്തോടെ, യേശുവിന്റെ ചെരുപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല എന്ന് ഒരു സങ്കോചവും കൂടാതെ ജനത്തോട് വിളിച്ചുപറഞ്ഞ യോഹന്നാന് സ്നാപകനെ ഭൂമിയിലെ ഏറ്റവും വലിയവനാക്കുവാൻ കര്ത്താവിന് പ്രസാദം തോന്നി.
ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ഇന്നു നിങ്ങളുടെ ജീവിത സാഹചര്യം ഏതുമായിക്കൊള്ളട്ടെ, നിങ്ങളുടെ അവസ്ഥ എന്തുമായിക്കൊള്ളട്ടെ സ്വയം താഴ്ത്തി യേശുവിനെ ഉയര്ത്തുവാന് നിങ്ങള് തയ്യാറാണ് എങ്കില്, നിങ്ങളെ ശ്രേഷ്ഠരാക്കുവാന് യേശു ഇന്നും വിശ്വസ്തനായി ഉണ്ട്.
*ഇന്നു നിങ്ങളുടെ ജീവിതത്തില് ഒരു അസാധാരണ പ്രവര്ത്തി ചെയ്യുവാന് യേശു ആഗ്രഹിക്കുന്നു*
സമര്പ്പിച്ചു കൊടുക്കുക !
പ്രാര്ത്ഥനയോടെ,
ക്രിസ്തുവില് നിങ്ങളുടെ സഹോദരന്
ഷൈജു ജോണ്
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില് പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകള് വചനമാരിയില് നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാന് ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ ധ്യാനസന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവര്ക്കും വായിക്കാന് അയച്ചുകൊടുക്കുക.
പ്രാര്ത്ഥനാ വിഷയങ്ങള് അറിയിക്കുവാന്, വചനമാരി പ്രാര്ത്ഥനാ കെയര് ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9589741414, 7000477047, 7898211849
വചനമാരി WhatsApp ഗ്രൂപ്പില് അംഗമാകുവാന് താഴെ ക്ലിക്ക് ചെയ്യുക