യേശു നല്ലവനും വിശ്വസ്തനുമാകുന്നു

July-2022

യോഹന്നാന്‍ 6:5 "യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു.." വിശന്നിരിക്കുന്ന ജനത്തെ കണ്ടു മനസ്സലിഞ്ഞ്, അവര്‍ക്ക് തൃപ്തിയായി ശേഷിക്കുമാറോളം ആഹാരം നല്‍കി. യേശുവിൻ്റെ കണ്ണുകൾ പതിയുവാന്‍ ഭാഗ്യംലഭിച്ച്, ജീവിതത്തിൽ വിടുതൽ പ്രാപിച്ച നിരവധി നിരവധി പേരുടെ ചരിത്രം വേദപുസ്തകത്തിൽ ഇനിയും ഉണ്ട്. യേശുവിൻ്റെ നന്മയുടെ ആ കണ്ണുകൾ ഇന്നും തുറന്നിരിക്കുന്നു, ചിലരെ കണ്ടുകൊണ്ടിരിക്കുന്നു. അവര്‍ക്ക് നന്മ ചെയ്വാന്‍ യേശുവിന് മനസ്സുണ്ട്, *യേശു നല്ലവനും വിശ്വസ്തനുമാണ്* സ്തോത്രം ! ഒരിക്കല്‍ മിസ്രയീം ദേശത്ത് ഫറവോ രാജാവിൻ്റെ അടിമകളായി കഴിഞ്ഞിരുന്ന യിസ്രായേല്‍ ജനത്തെ, അവരുടെ കഷ്ടതയും കണ്ണുനീരും കണ്ട്, അവിടെ നിന്ന് വിടുവിക്കുവാന്‍ ദൈവം തീരുമാനിച്ചു. അതിനുവേണ്ടി ദൈവം മോശെയെ നിയോഗിച്ച് അയക്കുമ്പോൾ, അവനോട് അരുളിച്ചെയ്തത് ഇപ്രകാരമായിരുന്നു; (പുറപ്പാട് 3:8) "അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു.. അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു" പാലും തേനും ഒഴുകുന്ന ദേശം അഥവാ വെണ്മയും(പാല്‍) ചുവപ്പും(തേന്‍) ആയ ദേശം, പുതിയ നിയമ ഭക്തന്മാരുടെ കനാന്‍ ദേശം, യേശു വസിക്കുന്ന സ്വര്‍ഗ്ഗ ഭവനമാണ്.


    നമ്മുടെ കർത്താവും രക്ഷിതാവുമായ യേശു ക്രിസ്തുവിനെ, അവിടുത്തെ ശ്രേഷ്ഠതയ്ക്ക് ഒത്തവണ്ണം വർണ്ണിക്കുവാൻ, ഏറ്റവും യോഗ്യമായ പദപ്രയോഗമാണ് ഇത്. 'യേശു നല്ലവനും വിശ്വസ്തനുമാകുന്നു'
ഈ വാക്കുകൾ വെറുംവാക്കുകളല്ല, യേശു നാഥൻ്റെ സ്വഭാവമാണ് ഈ പദങ്ങളിൽ വെളിപ്പെടുന്നത്. നമ്മുടെ ഭാവനകൾക്കും, ചിന്തകൾക്കും, വിചാരങ്ങൾക്കുമപ്പുറം ഇതിന് വലിയ അർത്ഥതലങ്ങളുണ്ട് എന്ന് ബൈബിളിൽ കാണുവാൻ കഴിയും. അവ ധ്യാനിച്ചുകൊണ്ട് ഈ ദിവസം കർത്താവിൻ്റെ സന്നിധിയിൽ നമ്മുടെ മുട്ടുകൾ മടക്കി കരങ്ങളുയർത്തി, 'യേശുവേ, അവിടുന്ന് നല്ലവനും വിശ്വസ്തനുമാണ്' എന്ന് സ്തുതിക്കുന്നത് പുതിയ ഒരു അനുഭവമായിരിക്കും. സ്തോത്രം !
യേശുക്രിസ്തുവിൻ്റെ ജനനത്തിനും ആയിരമായിരം വർഷങ്ങൾക്കുമുമ്പ് അവിടുന്ന് നല്ലവനും വിശ്വസ്തനുമായിരുക്കുമെന്ന് വിശുദ്ധ ബൈബിളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്രകാരം പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു മർമ്മങ്ങൾ ഇന്ന് പഴയ നിയമത്താളുകളിൽ നിന്ന് ഞാൻ ഓർമ്മിപ്പിക്കാം;
*(1)* ഉത്തമഗീതങ്ങളുടെ പുസ്തകത്തിൽ ശൂലേംകാരത്തി, തന്റെ പ്രിയന് മറ്റു പ്രിയന്മാരേക്കാൾ ഉള്ള വിശേഷതയും, തൻ്റെ പ്രിയൻ പതിനായിരം പേരിൽ അതിശ്രേഷ്ഠനുമാകുന്നതിൻ്റെ കാരണവും എന്താണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്;
"നിൻ്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിൻ്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളൂ?
എൻ്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠന് തന്നേ" (ഉത്തമഗീതം 5:9,10)
യേശു ക്രിസ്തുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ മണവാട്ടിയാം പുതിയ നിയമ സഭയായും, യേശു കര്ത്താവ് അവരുടെ ആത്മ മണവാളനായും സ്വര്ഗ്ഗരാജ്യത്തിൽ നിത്യകാലം വസിക്കുമെന്ന് അപ്പൊ. യോഹന്നാന് പത്മൊസ് എന്ന ദ്വീപിൽവെച്ച് ദൈവം വെളിപ്പെടുത്തിയിരിക്കുന്നത് വേദപുസ്തകത്തിലെ വെളിപ്പാടു പുസ്തകത്തിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിരിക്കുന്നല്ലോ.
യേശു ക്രിസ്തു എന്ന മണവാളനും ദൈവ സഭ എന്ന മണവാട്ടിയും തമ്മിലുള്ള ആത്മബന്ധത്തെ ഏറ്റവും മനോഹരമായി ഉപമിച്ചുകൊണ്ട് സഹസ്രാബ്ദങ്ങൾക്കുമുമ്പ് ജ്ഞാനിയായ ശലോമോന് രാജാവ് രചിച്ച മഹാകാവ്യമാണ് ബൈബിളിലെ ഉത്തമഗീതങ്ങളുടെ പുസ്തകം.
ആ പുസ്തകത്തിൽ, തൻ്റെ മണവാളൻ്റെ ശ്രേഷ്ഠത എന്താണ് ? മറ്റു പ്രിയന്മാരെക്കാൾ അവനുള്ള വിശേഷത എന്താണ് ? എന്ന ചോദ്യത്തിന് മണവാട്ടി പറയുന്ന ഉത്തരമാണ്; 'അവന് വെണ്മയും ചുവപ്പും ഉള്ളവന്' എന്ന്.
ഇത് എന്ത് ഉത്തരമാണ്? ഇതിൽ എന്തു ശ്രേഷ്ഠതയാണ് അടങ്ങിയിട്ടുള്ളത്? എന്ന് ഇത് വായിക്കുന്ന ആരും ന്യായമായും ചോദിച്ചുപോകും (സംശയിച്ചുപോകും).
ഈ ഉത്തരത്തിൻ്റെ ആത്മീയ അര്ത്ഥം പുതിയ നിയമത്തില് നിന്നുകൊണ്ട് പരിശോധിക്കുമ്പോള്, മണവാട്ടിയായ ദൈവമക്കള്ക്ക് യേശു മണവാളൻ്റെ ശ്രേഷ്ഠതയെക്കുറിച്ച് പറയാനുള്ള, 'വെണ്മയും ചുവപ്പും ഉള്ളവന്' എന്ന വാക്കുകളുടെ മര്മ്മമാണ് 'അവന് നല്ലവനും വിശ്വസ്തനുമാണ്' എന്ന്.
അതായത്, എൻ്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ എന്ന ശൂലേംകാരത്തിയുടെ വാക്കുകളിൽ മറഞ്ഞിരിക്കുന്ന ചില ആത്മീയ മർമ്മങ്ങളുണ്ട് എന്ന് സാരം.
ഒന്നുകൂടെ വ്യക്തമായിപറഞ്ഞാൽ, ശൂലേംകാരത്തിയുടെ പ്രിയനെ ശ്രേഷ്ഠനാക്കുന്നത് അവനിലുള്ള വെണ്മയും ചുവപ്പും എന്ന് രണ്ടു നിറങ്ങളാലാണ് എന്നതുപോലെ, നമ്മുടെ പ്രിയനായ യേശു നാഥനെയും അതിവിശേഷതയുള്ളവനും അതിശ്രേഷ്ഠനുമാക്കുന്ന വെണ്മയും ചുവപ്പും എന്ന രണ്ടു നിറങ്ങളുണ്ട്.
അവ വ്യക്തമാക്കുന്ന ചില വാക്യങ്ങള് നമുക്ക് ഓര്ക്കാം;
ഉല്പ്പത്തി 49:12
"അവൻ്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവൻ്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു"
വെളിപ്പാട് 1:14
"അവൻ്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും"
സെഖര്യ. 1:8
"ഞാൻ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവൻ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവൻ്റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെണ്മയും ഉള്ള കുതിരകൾ ഉണ്ടായിരുന്നു"
ഇതുപോലെ ഇനിയും നിരവധി ബൈബിള് വചനങ്ങള് / പ്രവചനങ്ങള് യേശുനാഥൻ്റെ വെണ്മയും ചുവപ്പും നിറങ്ങള് സംബന്ധിച്ച് തിരുവചനത്തില് കാണുവാന് കഴിയും.
ഈ നിറങ്ങളുടെ ആത്മീയ അര്ത്ഥം / മര്മ്മം 'കര്ത്താവ് നല്ലവനും വിശ്വസയതനുമാണ്' എന്ന് എങ്ങനെ വ്യാഖ്യാനിക്കുവാന് കഴിയും ?
ഇതിനുള്ള ഉത്തരം തിരുവചനത്തില് നിന്നുതന്നെ നമുക്കു പരിശോധിക്കാം.
*(2)* യിസ്രായേല് ജനം മരുഭൂമിയില്ക്കൂടെ വാഗ്ദത്ത ദേശം ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോള്, അവര്ക്ക് ആഹാരമായി സ്വര്ഗ്ഗത്തില് നിന്ന് ദൈവം വര്ഷിപ്പിച്ചു നല്കിയ ആഹാരമാണ് മന്ന. ആ സ്വര്ഗ്ഗീയ അന്നത്തിൻ്റെ നിരവധി വിശേഷതകള് പരിശുദ്ധാത്മാവ് വേദപുസ്തകത്തില് രേഖപ്പെടുത്തിയിട്ടുണ്ട്. അവയില് ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ നിറവും രുചിയുമാണ്.
പുറപ്പാട് 16:31 ല് നമ്മള് ഇപ്രകാരം വായിക്കുന്നു; "യിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു"
മന്നായുടെ നിറം വെള്ളയും അതിൻ്റെ രുചി തേന് കൂട്ടിയ ദോശയോടൊത്തതും അഥവാ ചുവപ്പുമായിരുന്നു എന്ന് പരിശുദ്ധാത്മാവ് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് അവിചാരിതമായിട്ടല്ല, ആ മന്ന യേശു ക്രിസ്തുവാണ് എന്ന് പുതിയ നിയമത്തില് വെളിപ്പെടുത്തിയിരിക്കുന്നതും യാദൃശ്ചികമല്ല. യേശുവാണ് ആ മന്ന, സ്വര്ഗ്ഗത്തില് നിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പം (യോഹന്നാന് 6:31..35)
"നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു. ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു” എന്നു പറഞ്ഞു... യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; .."
*മന്നായുടെ നിറം വെള്ളയും രുചി ചുവപ്പും ആയതുപോലെ, യേശുവാകുന്ന ജീവൻ്റെ അപ്പത്തിൻ്റെ നിറവും രുചിയും 'നല്ലവനും വിശ്വസ്തനുമാണ്' എന്നാണ്*.
*1) വെളുപ്പ് യേശുവിൻ്റെ വിശ്വസ്തതയെ കാണിക്കുന്നു*. വെളിപ്പാട് 19:11
"അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു"
വിശ്വസ്തന് സത്യവാന് എന്ന പേരോടുകൂടെ ദൈവപുത്രനായ ക്രിസ്തു വെള്ളക്കുതിരപ്പുറത്തിരുന്ന് വരുന്ന മനോഹര കാഴ്ച യോഹന്നാന് ദര്ശനത്തില് കണ്ടു.
*2) ചുവപ്പ് കര്ത്താവ് നല്ലവന് എന്നു കാണിക്കുന്നു*. ഉത്തമഗീതം 5:12
"അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകും. (സങ്കീ. 34:8 "യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; ..")
പ്രാവിൻ്റെ കണ്ണുകൾ പോലെയാണ് തൻ്റെ പ്രിയൻ്റെ കണ്ണുകൾ എന്ന് ശൂലേംകാരത്തി പറയുന്നു. പ്രാവിൻ്റെ കണ്ണുകൾ ചുവന്നതാണ്, നന്മയുടെയും സ്നേഹത്തിൻ്റെയും കരുണയുടെയും സമാധാനത്തിൻ്റെയും പര്യായമാണല്ലോ പ്രാവിൻ്റെ കണ്ണുകള്.
യേശുവിൻ്റെ കണ്ണുകൾ അഗ്നിജ്വാലെയ്ക്ക് ഒത്ത ചുവന്നതാണ് എന്ന് വെളിപ്പാട് 1:14 ല് വായിക്കുന്നുണ്ടല്ലോ ! ആ കണ്ണുകളിലും കാണുന്നത് നന്മയും, നിറഞ്ഞ സ്നേഹവുമാണ്, യേശുവിൻ്റെ നോട്ടം പതിഞ്ഞ ചില സന്ദര്ഭങ്ങള് നമുക്ക് ഓര്ക്കാം;
ലൂക്കൊസ് 22:61 "അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: “ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു"
യേശു പത്രൊസിനെ നോക്കിയ ഈ നോട്ടത്തിലും, തന്നെ തള്ളിപ്പറഞ്ഞവനോടുള്ള പകയും ദേഷ്യവും അല്ലായിരുന്നു ഉണ്ടായിരുന്നത് അവിടുത്തെ ക്ഷമയും സ്നേഹവുമായിരുന്നു ആ കണ്ണുകളില് നിറഞ്ഞുനിന്നിരുന്നത്.
യോഹന്നാന് 5:6 "അവൻ കിടക്കുന്നതു യേശു കണ്ടു,.."
മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നിരുന്നവനില് യേശുവിൻ്റെ കൃപാകടാക്ഷം പതിഞ്ഞു, അവനെ സൗഖ്യമാക്കി
യോഹന്നാന് 6:5 "യേശു വലിയൊരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു.."
വിശന്നിരിക്കുന്ന ജനത്തെ കണ്ടു മനസ്സലിഞ്ഞ്, അവര്ക്ക് തൃപ്തിയായി ശേഷിക്കുമാറോളം ആഹാരം നല്കി.
യേശുവിൻ്റെ കണ്ണുകൾ പതിയുവാന് ഭാഗ്യംലഭിച്ച്, ജീവിതത്തിൽ വിടുതൽ പ്രാപിച്ച നിരവധി നിരവധി പേരുടെ ചരിത്രം വേദപുസ്തകത്തിൽ ഇനിയും ഉണ്ട്. യേശുവിൻ്റെ നന്മയുടെ ആ കണ്ണുകൾ ഇന്നും തുറന്നിരിക്കുന്നു, ചിലരെ കണ്ടുകൊണ്ടിരിക്കുന്നു. അവര്ക്ക് നന്മ ചെയ്വാന് യേശുവിന് മനസ്സുണ്ട്,
*യേശു നല്ലവനും വിശ്വസ്തനുമാണ്* സ്തോത്രം !
ഒരിക്കല് മിസ്രയീം ദേശത്ത് ഫറവോ രാജാവിൻ്റെ അടിമകളായി കഴിഞ്ഞിരുന്ന യിസ്രായേല് ജനത്തെ, അവരുടെ കഷ്ടതയും കണ്ണുനീരും കണ്ട്, അവിടെ നിന്ന് വിടുവിക്കുവാന് ദൈവം തീരുമാനിച്ചു. അതിനുവേണ്ടി ദൈവം മോശെയെ നിയോഗിച്ച് അയക്കുമ്പോൾ, അവനോട് അരുളിച്ചെയ്തത് ഇപ്രകാരമായിരുന്നു; (പുറപ്പാട് 3:8)
"അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു.. അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു"
പാലും തേനും ഒഴുകുന്ന ദേശം അഥവാ വെണ്മയും(പാല്) ചുവപ്പും(തേന്) ആയ ദേശം, പുതിയ നിയമ ഭക്തന്മാരുടെ കനാന് ദേശം, യേശു വസിക്കുന്ന സ്വര്ഗ്ഗ ഭവനമാണ്.
*നമ്മുടെ പ്രാണപ്രിയനായ യേശുനാഥന്റെ നിത്യമണവാട്ടിയായ ദൈവസഭയാകുന്ന നാം ഓരോരുത്തരും ഇനി ഒരിക്കൽക്കൂടി 'എൻ്റെ യേശു നല്ലവനും വിശ്വസ്തനുമാണ്' എന്നു പറയേണ്ടത്, ഈ ആത്മീയ മർമ്മങ്ങൾ / സത്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടാവണം*,
സങ്കീ. 100:5 "യഹോവ നല്ലവനല്ലോ, അവൻ്റെ ദയ എന്നേക്കുമുള്ളതു; അവൻ്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു."
അതെ, നമ്മുടെ കര്ത്താവ് നല്ലവനും വിശ്വസ്തനുമാകുന്നു.
ഈ വചനങ്ങളാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!
ക്രിസ്തുവിൽ സ്നേഹപൂര്വ്വം..
ഷൈജു ജോണ്
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തില് പ്രത്യാശനല്കുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയില് നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പില് അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കില് മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9424400654, 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ