നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചു നോക്കേണ്ടാ, ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എൻ്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും" യെശയ്യാവ് 41:10
ഇന്നേക്ക് ഏകദേശം ഏഴു വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ നിന്ന് ഒരു സഹോദരൻ എന്നെ ഫോണിൽ വിളിച്ച് ഇടറിയ ശബ്ദത്തിൽ തൻ്റെ ഒരു പ്രാർത്ഥനാ വിഷയം എന്നോടു പങ്കുവെച്ചു. ആ വിഷയം പറയുന്തോറും കരച്ചിലടക്കുവാൻ അദ്ദേഹം നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. ദീർഘ വര്ഷങ്ങളായി തന്റെ മൂത്ത സഹോദരൻ്റെ ബിസിനസ്സ് ഇദ്ദേഹം നോക്കി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഫൈനാന്സ് സ്ഥാപനവും സ്വര്ണ്ണവ്യാപാരവും ഒക്കെ ജ്യേഷ്ഠൻ്റെ എന്ന വിചാരത്തിലല്ല സ്വന്തമെന്ന ആത്മാർത്ഥതയോടെയാണ് അദ്ദേഹം വളർത്തിയെടുത്തത്.
ഒരു ദിവസം ജ്യേഷ്ഠൻ ഗൾഫിലെ ജോലിയെല്ലാം മതിയാക്കി നാട്ടിൽ മടങ്ങിവന്നു. സ്ഥാപനങ്ങളെല്ലാം ഇനിമുതൽ താൻ നോക്കിനടത്തിക്കൊളാം നിനക്കു വേണമെങ്കിൽ ഒരു ജോലിക്കാരനായി പണിയെടുക്കാം എന്നു പറഞ്ഞ് തുശ്ചമായ ഒരു ശമ്പളം കൊടുക്കാമെന്നു പറഞ്ഞു. ചെറുപ്പത്തിലെ അവരുടെ അപ്പന് മരിച്ചുപോയതുകൊണ്ട് ഇദ്ദേഹം ജ്യേഷ്ഠനെ അപ്പൻ്റെ സ്ഥാനത്തായിരുന്നു കണ്ടതും ബഹുമാനിച്ചതും അനുസരിച്ചതുപോന്നതും. ആ ജ്യേഷ്ഠൻ്റെ വാക്കുകൾ അദ്ദേഹത്തിൻ്റെ ഹൃദയത്തെ വല്ലാതെ മുറിവേല്പ്പിച്ചു. ജ്യേഷ്ഠനോട് മറുപടി ഒന്നും പറയാതെ ആ സ്ഥാപനത്തിൽ നിന്നും അദ്ദേഹം ഇറങ്ങിപ്പോന്നു. വീട്ടിൽ വന്ന് ഭാര്യയോടും മക്കളോടും കാര്യം പറഞ്ഞു. അവര്ക്കും സങ്കടം സഹിക്കാന് കഴിഞ്ഞില്ല. ഒരു ദിവസംകൊണ്ട് അവർ ഒന്നുമില്ലാത്തവരായി മാറി. രാവെന്നോ പകലെന്നോ നോക്കാതെ ചോരനീരാക്കി കെട്ടിപ്പടുത്ത ആ പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോള്, അമ്മയോ മറ്റു കൂടെപ്പിറപ്പുകളോ അവർക്കുവേണ്ടി ന്യായം പറഞ്ഞില്ല. പണമില്ലെങ്കിൽ തൻ്റെ കൂടെപ്പിറപ്പുകളും ഒരു കറിവേപ്പിലയായേ കാണൂ എന്ന യാഥാർത്ഥ്യവും അദ്ദേഹം തിരിച്ചറിഞ്ഞു.
ഈ വിഷയങ്ങളെല്ലാം അവർ സങ്കടത്തോടെ പറയുന്നതുകേട്ടപ്പോൾ എനിക്കും വളരെ ദു:ഖം തോന്നി, കയ്യിൽ ഒരു രൂപ പോലും നീക്കിയിരിപ്പില്ല, മക്കളുടെ ഫീസ്, വീട്ടിലെ ചിലവ്, മറ്റ് ആവശ്യങ്ങൾ, ഇനി എന്തുചെയ്യും?. മാസം തോറുമുള്ള ചിലവുകളുടെ പട്ടിക പറഞ്ഞ കൂട്ടത്തില് അവർ പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിൽ തട്ടി. എല്ലാമാസവും ഒന്നാം തിയ്യതി അരിയും മറ്റു വീട്ടുസാധനങ്ങളും അവര് കൃത്യമായി കൊടുത്തുകൊണ്ടിരുന്ന ഒരു ഇടമുണ്ടായിരുന്നു. ഞങ്ങള് പട്ടിണികിടന്നാലും സാരമില്ല ബ്രദറേ അതു മുടക്കാന് കഴിയില്ല, എന്നു പറഞ്ഞതു കേട്ടപ്പോൾ എനിക്ക് ജിജ്ഞാസ ഏറി.
ആർക്കാണത് കൊടുക്കേണ്ടത് എന്ന എൻ്റെ ചോദ്യത്തിന് അവർ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു;
ചില വർഷങ്ങൾക്കുമുമ്പ് അവരുടെ അടുത്തുള്ള ഒരു പ്രദേശത്ത് ഒരു സ്ഥലകച്ചവടത്തിൻ്റെ ആവശ്യത്തിനുവേണ്ടി പോയപ്പോൾ, അവിചാരിതമായി അവിടെ 'പ്രാർത്ഥനാ ഭവനം' എന്ന പേര് എഴുതിയ ഒരു വീടു കാണുവാന് ഇടയായി, തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനോട് അത് ആരുടെ വീടാണ് എന്നു ചോദിച്ചപ്പോൾ, 'പ്രാര്ത്ഥിക്കുന്ന ഒരു അമ്മച്ചിയും ചില പ്രാർത്ഥനക്കാരും അവിടെ താമസിക്കുന്നുണ്ട്' എന്ന മറുപടിയാണ് ലഭിച്ചത്.
അന്നുരാത്രിയില് പതിവുപോലെ അവരുടെ വീട്ടില് കുടുംബ പ്രാർത്ഥനയ്ക്കുശേഷം അവര് ഭക്ഷണത്തിനിരിക്കുമ്പോൾ, ഇദ്ദേഹത്തിന് ഒരു ഉരുള ചോറുപോലും കഴിക്കാന് കഴിയുന്നില്ല, ആ പ്രാർത്ഥനാ ഭവനവും താന് അന്നുവരെ കണ്ടിട്ടില്ലാത്ത അമ്മച്ചിയുടെ മുഖവുമാണ് ഭക്ഷണപാത്രത്തില് അദ്ദേഹം കാണുന്നത്, ഭാര്യയോട് അയാൾ വിഷയം പറഞ്ഞു. അടുത്ത ദിവസം രാവിലെതന്നെ അവർ ആ വീട്ടില് ചെന്നു. അവിടെ പ്രാര്ത്ഥന നടത്തിക്കൊണ്ടിരുന്ന ഒരു അമ്മച്ചിയെ അവർ കണ്ടു, കാഴ്ചശക്തി നഷ്ടപ്പെട്ട ഒരു അമ്മയായിരുന്നു അത്, അവരുടെ നല്ല പ്രായത്തില് സുവിശേഷ പ്രവർത്തനങ്ങള്ക്കായി സമർപ്പിച്ച ജീവിതം, ആയ കാലത്ത് അവരുടെ കൂടെ പ്രവർത്തിക്കാനും സഹായിക്കാനും ഒത്തിരി പേരുണ്ടായിരുന്നു, എന്നാല് ഇപ്പോള് പ്രായമായി ആഹാരത്തിനുപോലും ബുദ്ധിമുട്ടുന്നു. തലേ രാത്രിയില് ഒന്നും കഴിക്കാതെയാണ് കിടന്നുറങ്ങിയത്.
കഴിഞ്ഞ രാത്രിയില് ഒരുപറ്റ് ആഹാരം തന്റെ തൊണ്ടയില് നിന്ന് ഇറങ്ങാതിരുന്നതിന്റെ കാരണം അദ്ദേഹത്തിന് മനസ്സിലായി. കൂടുതല് ഒന്നും പറയാതെ അവര് മടങ്ങിപ്പോയി, അല്പ്പ സമയത്തിനു ശേഷം അവര് മടങ്ങിവന്നത്, ആ അമ്മയ്ക്കു ഒരു മാസം വേണ്ട ഭക്ഷണ സാമഗ്രികളുമായിട്ടായിരുന്നു. അന്നുമുതല് തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് എല്ലാ മാസവും ഒന്നാം തിയ്യതി അമ്മയ്ക്കുവേണ്ട ഒരു മാസത്തെ റേഷനുമായി അദ്ദേഹം കൃത്യമായി അവിടെ എത്തിക്കൊണ്ടിരുന്നു. മുട്ടിന്മേല് നിന്ന് അമ്മച്ചി ഇവര്ക്കുവേണ്ടിയും കുടുംബത്തിനും ബിസിനസ്സിനുവേണ്ടിയും പ്രാര്ത്ഥിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട് നില്ക്കുന്ന ഈ സമയത്തും, ഒന്നാം തിയ്യതി പ്രാര്ത്ഥനാ ഭവനത്തില് എത്തിക്കേണ്ട ആഹാര സാമഗ്രികളെക്കുറിച്ച് അവരുടെ ഉള്ളില് കണ്ട ആധി എന്നെ അത്ഭുതപ്പെടുത്തി. അവരിലുള്ള ദൈവകൃപ ഞാന് തിരിച്ചറിഞ്ഞു, അവര് കര്ത്താവിന്റെനാമത്തില് ചെയ്യുന്ന നന്മകള്ക്ക് ദൈവം അവര്ക്കുവേണ്ടി വലിയതു ചെയ്യുമെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നു. തുടര്ന്നുള്ള ദിവസങ്ങളില് ദൈവവചനത്തില് അവരെ ബലപ്പെടുത്തുകയും അവര്ക്കുവേണ്ടി ഞങ്ങൾ പ്രാര്ത്ഥിച്ചും പോന്നു.
ഒരാഴ്ചക്കകം അവർ ചെറിയതോതില് ബിസിനസ്സ് ആരംഭിച്ചു. അദ്ദേഹത്തിന്റെ വീട്ടുകാരാരും സഹായിച്ചില്ലെന്നു മാത്രമല്ല, അവരുടെ ബിസിനസ്സുപൊട്ടി പാളിസായി കുത്തുപാള എടുക്കുമെന്നു പറഞ്ഞുനടന്നു. ദൈവം അവരെ നോക്കി ചിരിച്ചിരിക്കണം, കാരണം പിന്നീടു കണ്ടത് ബിസിനസ്സിലെ അഭൂതപൂർവ്വമായ വളർച്ചയാണ്. ഇന്ന് ദേശത്ത് അറിയപ്പെടുന്ന ഒരു (ബ്രാന്ഡ്) പേര് അവര്ക്കുണ്ട്.
കുടുംബമായി അവരുടെ വീട്ടില് പോകുവാനും, അവിടെയുള്ള പ്രാർത്ഥനാ ഭവനത്തില് ചെന്ന് അമ്മച്ചിയെ കാണുവാനുമുള്ള ഭാഗ്യം എനിക്കും ലഭിച്ചു. ആ അമ്മച്ചി ഇന്ന് വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങള്ക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു.
ഞാൻ നേരിൽ കണ്ട് എനിക്കു ബോധ്യമുള്ള ഈ സാക്ഷ്യം ഇവിടെ രേഖപ്പെടുത്തുവാനുണ്ടായ കാരണം, ഒരുപക്ഷേ, ഇതേ സാഹചര്യത്തില്ക്കൂടെ കടന്നുപോകുന്ന ചില ജീവിതങ്ങളെ ഉറപ്പിക്കേണ്ടതിനുവേണ്ടിയാണ്, അവരെ വചനത്തിൽ ബലപ്പെടുത്തേണ്ടതിനുവേണ്ടിയാണ്. നമ്മൾ ഏറ്റവും വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരും തള്ളിക്കളഞ്ഞെന്നു വന്നാലും കര്ത്താവിന് നമ്മെ തള്ളിക്കളയാനാകില്ല, പ്രാണനെതന്ന് നമ്മെ വീണ്ടെടുത്തവന് പ്രാണനെക്കാൾ വിലയുള്ളവരാണ് നമ്മള്. ആരുടെയും മുമ്പിൽ കൈനീട്ടാൻ അവന് നമ്മെ സമ്മതിക്കില്ല,
എല്ലാം നഷ്ടപ്പെട്ടു (കൈവിട്ടുപോയി) എന്നു വിചാരിക്കുന്നിടത്തു ഒരു പുതുവഴി തുറന്നുതന്ന് അഭിമാനത്തോടെ തല ഉയർത്തിനില്ക്കാൻ അവൻ നമ്മെ പ്രാപ്തരാക്കും, കൃപ നല്കും;