എൻ്റെ കണ്ണുകൊണ്ട് ഞാൻ (ദൈവപ്രവർത്തി) കാണും

September-2022

ഇന്നത്തെ വാഗ്ദത്തവചനം ഞാൻ എഴുതുന്നു. (മലാഖി 1:5) "നിങ്ങൾ സ്വന്തകണ്ണുകൊണ്ട് അതു കാണുകയും യഹോവ യിസ്രായേലിൻ്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും" എന്തൊക്കെ വാഗ്ദത്ത നിവര്‍ത്തികളാണ് നിങ്ങൾ കാണുവാൻ പോകുന്നത്? അവയിൽ ചിലതു ഞാൻ ഓർമ്മിപ്പിക്കാം; *എൻ്റെ തലമുറ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ഞാൻ കാണും* *എൻ്റെ രോഗം സൗഖ്യമാകുന്നത്, (അപ്രത്യക്ഷമാകുന്നത്) ഞാൻ കാണും* *എൻ്റെ പരീക്ഷകളും ശോധനകളും തീരുന്നത് ഞാൻ കാണും* .............. (നിങ്ങൾക്ക് ചിലത് എഴുതുവാൻ ഈ വരി ഞാന്‍ ഒഴിച്ചിടുന്നു)


 "*നിങ്ങൾ സ്വന്തകണ്ണുകൊണ്ട് അതു കാണുകയും യഹോവ യിസ്രായേലിൻ്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും*"  മലാഖി 1:5
വിശുദ്ധ വേദപുസ്തകം ആദിയോടന്തം പരിശോധിച്ചാൽ, 'എൻ്റെ കണ്ണുകൊണ്ടുതന്നെ ഞാൻ കാണും' എന്ന് വിശ്വാസത്തോടു പറഞ്ഞവരേയും, എന്നാൽ അതേ വാക്കുകൾ അവിശ്വാസത്തോടെ പറഞ്ഞവരുമായ നിരവധി പേരെ നമുക്കു കാണുവാൻ കഴിയും. അവരിൽ വിശ്വാസത്തോടെ പറഞ്ഞവർ എല്ലാവരും തങ്ങളുടെ ജീവിതത്തിൽ ദൈവ പ്രവർത്തി ദർശിക്കുവാൻ ഇടയായപ്പോൾ, അവിശ്വാസത്തോടെ പറഞ്ഞവർ എല്ലാം അവരുടെ വേരുപോലും ശേഷിക്കാതെ അറ്റുപോയി.
ദൈവവചനത്തിൽ നിന്ന് ഒരു ഉദാഹരണം ഞാൻ ഓർമ്മിപ്പിക്കാം;
ഒരിക്കൽ രാജാവിന്റെ അകമ്പടിനായകൻ എലീശാ പ്രവാചകനോട് അവിശ്വാസത്തിൻ്റെ വാക്കുകള് പറഞ്ഞപ്പോൾ, പ്രവാചകൻ അവന്നു കൊടുത്ത ഉത്തരം ഇപ്രകാരമായിരുന്നു "..നിൻ്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു." 2 രാജാ. 7:2
ഒരു കഠിനക്ഷാമത്തിൻ്റെ സമയത്ത് ജനമെല്ലാം പട്ടിണികൊണ്ട് പൊറുതിമുട്ടിയ കാലത്ത്, ദൈവം തൻ്റെ ജനത്തിന് ആഹാരം നൽകുമെന്നു പറഞ്ഞപ്പോൾ, അതായത് 24 മണിക്കൂറിനുള്ളിൽ ദൈവജനത്തിന് ആവശ്യത്തിലും അതിലധികവും ആഹാരം നല്കുമെന്ന് എലീശാ പ്രവാചകനിൽക്കൂടെ ദൈവം അരുളിച്ചെയ്തപ്പോൾ; 'ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും അതു നടക്കില്ല' എന്നു പറഞ്ഞ അകമ്പടി നായകനെ ദൈവം അതു കാണിച്ചെങ്കിലും, ദൈവം കൊടുത്ത ആഹാരം ഒരു തരിപോലും (അനുഭവിക്കാനുള്ള) രുചിച്ചുനോക്കാനുള്ള ഭാഗ്യം കൊടുത്തില്ല. "ജനം അവനെ ചവിട്ടിക്കളഞ്ഞു" എന്നാണ് ബൈബിളിൽ എഴുതിയിരിക്കുന്നത്.
വാക്കുകൊൾകൊണ്ടും, ഭാഷണംകൊണ്ടും ദൈവത്തെ പ്രകോപിപ്പിക്കയും, വെല്ലുവിളിക്കയും, ദൈവവാക്ക് അവിശ്വസിക്കുകയും ചെയ്യുന്നവർക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ് ഈ സംഭവം.
ഇതിനു നേരെ വിപരീതമായി പറഞ്ഞ *മറ്റൊരു വ്യക്തിയുടെ ചരിത്രവും* ദൈവവചനതാളുകളിൽ നമ്മുടെ പ്രത്യാശക്കായി പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഹാനായ ദാവീദ് രാജാവിൻ്റെ വാക്കുകളാണ് അവ; 1 രാജാക്ക. 1:48
"..എൻ്റെ സിംഹാസനത്തിൽ എൻ്റെ സന്തതി ഇരിക്കുന്നതു *എൻ്റെ കണ്ണുകൊണ്ടു കാണ്മാൻ* സംഗതി വരുത്തിയ യിസ്രായേലിൻ്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.."
*ദൈവം ഒരിക്കൽ ദാവീദിനോട് ഇപ്രകാരം ഒരു വാഗ്ദത്തം ചെയ്തിട്ടുണ്ടായിരുന്നു*; (2 ശമുവേൽ 7:12..16)
"നിൻ്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിൻ്റെ ആയുഷ്കാലം തികഞ്ഞിട്ടു നിൻ്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവൻ്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും...
ഞാൻ അവൻ്റെ രാജത്വത്തിൻ്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും..നിൻ്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എൻ്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.നിൻ്റെ ഗൃഹവും നിൻ്റെ രാജത്വവും എൻ്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിൻ്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും"
ദാവീദ് ഈ ദൈവ വാഗ്ദത്തത്തിൽ വിശ്വസിക്കുകയും, നിവർത്തിക്കായി കാത്തിരിക്കുകയും ചെയ്തു. *എൻ്റെ കണ്ണുകൊണ്ടു ഞാനിതു കാണുമെന്ന ഉറച്ച വിശ്വാസമായിരുന്നു ദാവീദിന് ഉണ്ടായിരുന്നത്*. പ്രതികൂലങ്ങളും പ്രതിബന്ധങ്ങളും ജീവിതത്തിൽ നിരവധി ഉണ്ടായപ്പോഴും, എതിരാളികളും പോരാട്ടങ്ങളും ഒന്നിനുപുറകെ ഒന്നായി വന്നപ്പോഴും, അവയിൽ ഒന്നും തളർന്നുപോകാതെ ദൈവത്തിൻ്റെ വാഗ്ദത്തം നിറവേറുമെന്നും അതു തൻ്റെ കണ്ണുകൊണ്ട് താൻ കാണുമെന്നും ദാവീദ് ഉറച്ചു വിശ്വസിച്ചു.
ദൈവം അതു അവന്നു നീതിയായി കണക്കിട്ടു. *ദാവീദിൻ്റെ കണ്ണുകൊണ്ടുതന്നെ അതു കാണുവാനുള്ള ഭാഗ്യം അവന്നു നല്കി*.
ഒരിക്കൽക്കൂടെ ഇന്നത്തെ വാഗ്ദത്തവചനം ഞാൻ എഴുതുന്നു. (മലാഖി 1:5)
"നിങ്ങൾ സ്വന്തകണ്ണുകൊണ്ട് അതു കാണുകയും യഹോവ യിസ്രായേലിൻ്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും"
എന്തൊക്കെ വാഗ്ദത്ത നിവര്ത്തികളാണ് നിങ്ങൾ കാണുവാൻ പോകുന്നത്? അവയിൽ ചിലതു ഞാൻ ഓർമ്മിപ്പിക്കാം;
*എൻ്റെ തലമുറ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ഞാൻ കാണും*
*എൻ്റെ രോഗം സൗഖ്യമാകുന്നത്, (അപ്രത്യക്ഷമാകുന്നത്) ഞാൻ കാണും*
*എൻ്റെ പരീക്ഷകളും ശോധനകളും തീരുന്നത് ഞാൻ കാണും*
..............
(നിങ്ങൾക്ക് ചിലത് എഴുതുവാൻ ഈ വരി ഞാന് ഒഴിച്ചിടുന്നു)
ഈ സന്ദേശം വായിക്കുന്ന പ്രിയരേ, മുകളിൽ കുറിച്ചിരിക്കുന്നത് ഒരു വാഗ്ദത്ത വചനമാണ്. നിങ്ങളുടെ ജീവിതത്തോടുള്ള ബന്ധത്തിൽ ചില വിഷയങ്ങളിൽ ദൈവം നിങ്ങളോടു അരുളിച്ചെയ്തിട്ടുള്ള ചില വാഗ്ദത്തങ്ങളെ ഓർമ്മിപ്പിക്കുവാനാണ് വചനമാരിയിൽക്കൂടി ഈ സന്ദേശം ഇന്നു നിങ്ങളെ തേടി വന്നിരിക്കുന്നത്. നിങ്ങളുടെ ആയുസ്സിൽ നിങ്ങളുടെ കണ്ണുകൊണ്ടുതന്നെ നിങ്ങളുടെ വാഗ്ദത്ത നിവർത്തി കാണുമെന്ന് ഉറപ്പോടെ വിശ്വസിക്കുക. അതു സംഭവിക്കും നിശ്ചയം; കാരണം, *ദാവീദിൻ്റെ ദൈവം ഇന്നും ജീവിക്കുന്നു, ദാവീദിൻ്റെ സന്തതി അഥവാ ദാവീദിൻ്റെ പുത്രൻ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു* (മത്തായി 1:1, മത്തായി 15:22, മത്തായി 21:9, യോഹ. 7:42, റോമർ 1:3, 2 തിമൊ. 2:8, വെളി. 5:5).
രാജത്വം അവനിൽ മാത്രം എന്നേക്കും സ്ഥിരമായിരിക്കും. ആമേന്, ഹല്ലേലൂയ്യാ..
*നിങ്ങൾക്കുവേണ്ടി പ്രാര്ത്ഥിച്ചുകൊണ്ട്*,
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
നിങ്ങളുടെ സഹോദരൻ
ഷൈജു ജോൺ (വചനമാരി,ഭോപ്പാൽ 9424400654)
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാന്, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Mob: 9424400654, 7898211849, 9589741414, 7000477047,Ph: 0755 4297672
Seena Davis and 2 others
Tags :
ഹൈലൈറ്റുകൾ