നെഹെമ്യ. 6:2,3 "*സന് ബല്ലത്തും ഗേശെമും എന്റെ അടുക്കല് ആളയച്ചു: *വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തില് യോഗംകൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്വാനായിരുന്നു അവര് നിരൂപിച്ചതു.ഞാന് അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാന് ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്കു അങ്ങോട്ടു വരുവാന് കഴിവില്ല; ഞാന് വേല വിട്ടു നിങ്ങളുടെ അടുക്കല് വരുന്നതിനാല് അതിന്നു മിനക്കേടു വരുത്തുന്നതു എന്തിന്നു എന്നു പറയിച്ചു*"
വിരോധികൾ
ഇടിച്ചു കളഞ്ഞ യെരുശലേമിന്
റെ വാതിലുകളും മതിലുകളും പണിയുകയായിരുന്ന നെഹെമ്യാവിനെയാണ് ചിലര്
ഒരു യോഗംകൂടാന്
ഓനോസമഭൂമിയിലേക്ക് വിളിക്കുന്നത്.
യെരുശലേം ഇനി ഒരിക്കലും പണിയപ്പെടരുത് എന്നും, ദൈവജനം ഇനി ഒരിക്കലും അവിടെ ആരാധനകഴിക്കരുത് എന്നുമായിരുന്നു സാത്താന്റെ ആഗ്രഹം, അതിനുവേണ്ടി ചില ആളുകളെ സ്വാധീനിച്ച് തന്റെ വലയിലാക്കി ദൈവാലയത്തിന്റെ പണിയില് നിന്ന് അവരെ പിന്തിരിപ്പിക്കുകയായിരുന്നു സാത്താന്റെ ഗൂഢതന്ത്രം.
ദ്രുതഗതിയില് നടന്നുകൊണ്ടിരിക്കുന്ന ഒരു ദൈവപ്രവര്ത്തിയെ തടസ്സപ്പെടുത്തുവാനും, ആ ജോലി എരിവോടെ ചെയ്യുന്നവരെ പിന്തിരിപ്പിക്കുവാനുമാണ് അവര് നെഹെമ്യാവിനെ ഓനോസമഭൂമിയിലേക്ക് യോഗം കൂടാന് വിളിച്ചത്.
മറ്റെവിടേക്കെങ്കിലും വിളിക്കാതെ *അവര് നെഹെമ്യാവിനെ ഓനോസമഭൂമിയിലേക്ക് തന്നെ യോഗത്തിന് ക്ഷണിച്ചതിനും ഒരു കാരണമുണ്ട്* ഞാൻ വിശദമാക്കാം ;
ഈ ഓനോ സമഭൂമിക്ക് മറ്റൊരു പേരുകൂടെ ഉണ്ട് എന്ന് തിരുവചനത്തില് നമുക്ക് കാണാം,
'*ശില്പികളുടെ താഴ് വര*
എന്നാണ് ആ പേര് (നെഹെ.11:35).
*എന്തു തരം ശില്പികളാണ് അവര് ?*
ദേവവിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കുന്ന ശില്പികൾ.
ആവര്ത്ത. 27:15 ല് വായിക്കുന്നത് "ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്ത്തോ ഉണ്ടാക്കി രഹസ്യത്തില് പ്രതിഷ്ഠിക്കുന്നവന് ശപിക്കപ്പെട്ടവന് ..."
വെളിപ്പാട് 18:22 ൽ വായിക്കുന്നത് "...യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില് ഇനി കാണുകയില്ല; തിരിക്കല്ലിന്റെ ഒച്ച ഇനി നിന്നില് കേള്ക്കയില്ല."
ദൈവത്തിന് അറപ്പായ വിഗ്രഹങ്ങള്, അവയെ ഉണ്ടാക്കുന്നവരും, അവയെ വണങ്ങുന്നവരും എല്ലാം ശപിക്കപ്പെട്ടവരാണ് എന്നാണ് ബൈബിള് പറയുന്നത്.
അങ്ങനെയുള്ള *വിഗ്രഹങ്ങള് ഉണ്ടാക്കുന്ന ശില്പികളുടെ ഗ്രാമമായ ഓനോവിലേക്കാണ് അവര് യോഗംകൂടാന് നെഹെമ്യാവിനെ ക്ഷണിച്ചത്,*
സത്യദൈവത്തിന്റെ സന്നിധിയില് നിന്ന്, അഥവാ സത്യദൈവ ആരാധനയില് നിന്നും ദൈവജനത്തെ വിഗ്രഹ ആരാധനയിലേക്ക് കൊണ്ടു പോകുകയായിരുന്നു സാത്താന്റെ പദ്ധതി.
എന്നാല് ദൈവഭക്തനായ നെഹെമ്യാവ് തന്നെ ക്ഷണിച്ചവർക്ക് കൊടുത്ത മറുപടി നമുക്ക് എല്ലാവര്ക്കും മാതൃകയാണ്,
ഇന്നും നെഹെമ്യാവിനെപ്പോലെയുള്ള വിശ്വസ്തന്മാര് ഇക്കൂട്ടർക്ക് നല്കുന്ന ഉത്തരം ഇപ്രകാരമായിരിക്കും;
*ഞാൻ ദൈവത്തിന്റെ ആലയം പണിയുകയാണ് ആകയാല് നിങ്ങളുടെ യോഗത്തിന് എനിക്കു വരാന് കഴിയില്ല*
'ഞാന് ദൈവത്തിന്റെ വേലചെയ്യുകയാണ്, അതുകൊണ്ട് നിങ്ങളുടെ കൂട്ടത്തില് എനിക്കു കൂടുവാന് കഴിവില്ല'
'ഞാന് ഒരു ദൈവപൈതലാണ്, നിങ്ങളുടെ കൂട്ടായ്മ എനിക്ക് യോജിച്ചതല്ല'
'ഞാന് ഒരു വിശ്വാസിയാണ്, നിങ്ങളുമായി ഒരു ബന്ധവും എനിക്ക് കഴിയില്ല'
'ഞാന് ഒരു ദൈവദാസനാണ്, എനിക്ക് നിങ്ങളുമായി ഒരു കൂട്ടായ്മയും വേണ്ട'
ഒന്നും രണ്ടുമല്ല, അഞ്ചു തവണ അവർ ആളയച്ച് നെഹെമ്യാവിനെ ഓനോസമഭൂമിയിലേക്ക് ക്ഷണിച്ചെങ്കിലും, നെഹെമ്യാവിന്റെ മറുപടി *ഞാന് വരില്ല*' എന്നു തന്നെയായിരുന്നു.
അവർ ആയിരം തവണ ക്ഷണിച്ചാലും നെഹെമ്യാവിന്റെ മറുപടി മറിച്ചാകുമായിരുന്നില്ല, കാരണം, *അവന് ദൈവത്തിന്റെ വിശ്വസ്തന്* ആയിരുന്നു. തന്റെ ദൈവത്തിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് ദൈവവേലയില് അവനെ ഉറപ്പിച്ച് നിര്ത്തി. അതിലും വലുതായി ഒന്നും നെഹെമ്യാവിന് ഉണ്ടായിരുന്നില്ല
ചതിയിലൂടെയും, വഞ്ചനയിലൂടെയും, അപവാദപ്രചരണത്തിലൂടെയും, അധികാര സ്വാധീനത്തിലൂടെയും മറ്റും കിണഞ്ഞു ശ്രമിച്ചിട്ടും അവര്ക്ക് യെരുശലേമിന്റെ പണിയെ തടസ്സപ്പെടുത്തുവാനോ, മുടക്കുവാനോ കഴിഞ്ഞില്ല. കാരണം, അതു പണിയപ്പെട്ടുകൊണ്ടിരുന്നത് വിളിച്ചു വേര്തിരിക്കപ്പെട്ട വിശ്വസ്തന്മാരാല് ആയിരുന്നു. സ്തോത്രം!
*നെഹെമ്യാവിന്റെ തീരുമാനം ഇന്നു നമുക്കു തരുന്ന 5 സന്ദേശങ്ങള്;*
1) ദൈവത്തിൽ ആശ്രയിച്ച് നമ്മള് തുടങ്ങിവെച്ച പ്രവര്ത്തികള് നിറുത്തേണ്ടതില്ല,
2) നമ്മുടെ പ്രതിയോഗി എത്ര ശ്രമിച്ചാലും നമ്മിലുള്ള ദൈവപദ്ധതിയെ തടയുവാന് കഴിയില്ല,
3) ശത്രുവായ സാത്താന്റെ ആവര്ത്തിച്ചുള്ള പ്രലോഭനങ്ങളില് നമ്മള് വീണു പോകരുത്,
4) നമ്മുടെ ഏറ്റവും അടുത്തവരെക്കൊണ്ടുപോലും അപവാദപ്പെടുത്താന് ശ്രമം നടന്നെന്നു വരാം,
5) നിശ്ചയമായും നമ്മുടെ കൈകളുടെ പ്രവര്ത്തികളെ ദൈവം സഫലമാക്കും.
നെഹെമ്യ. 6:15 വാക്യത്തിൽ ഇപ്രകാരമാണ് നമ്മൾ വായിക്കുന്നത്;
"മതില് അമ്പത്തിരണ്ടു ദിവസം പണിതു എലൂല്മാസം ഇരുപത്തഞ്ചാം തിയ്യതി തീര്ത്തു"
നമ്മൾ വിശ്വാസത്തോടെ ഉറച്ചു നിന്നാൽ, ശാതുവിന്റെ പദ്ധതികൾ പരാജയപ്പെടും, അന്തിമ ജയം നമ്മുടെതായിരിക്കും
*ഈ വചനങ്ങളാല് ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,*
പ്രാര്ത്ഥനയോടെ,
ദൈവദാസന് ഷൈജു ജോണ്
വചനമാരി 7898211849