“ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ..” (കൊലൊ. 3:15) എന്ന വേദവാക്യത്തെ അടിസ്ഥാനമാക്കി ഒരു ദൈവപൈതലിന്റെ ജീവിതത്തെ വാഴുവാൻ പാടുള്ളതും, പാടില്ലാത്തതുമായ ഏഴ് കാര്യങ്ങളെകുറിച്ചാണ് നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ഹൃദയങ്ങളിൽ വാഴരുത് എന്ന് ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏഴു വിഷയങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം നമ്മൾ ചിന്തിച്ചു.
നമ്മുടെ ജീവിതത്തിൽ വാഴേണ്ടതായ ഏഴ് കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇന്ന് നമ്മൾ ദൈവവചനത്തിൽ നിന്ന് ധ്യാനിക്കാൻ പോകുന്നത്.
1) ദൈവവചനം. സങ്കീർത്ത. 119 :11 , റോമർ 10 : 8 "..വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;.."
വചനം ഹൃദയത്തിൽ ഉണ്ടെങ്കിൽ അത് നമ്മെ ഭരിച്ചുകൊണ്ടിരിക്കും. നേരായ മാർഗ്ഗത്തിലൂടെ നടത്തികൊണ്ടിരിക്കും. ഒരിക്കൽ ഒരു കോളേജിൽ രണ്ടു വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടായി, ആ പ്രശ്നം പ്രിൻസിപ്പലിന്റെ അടുക്കലെത്തി. അദ്ദേഹം രണ്ടുപേരെയും വിളിപ്പിച്ചു, അതിൽ ഒരാളോട് , നിന്റെ പരാതി എന്താണ് എന്ന് പ്രിൻസിപ്പാൾ ചോദിച്ചു, അവൻ തന്റെ പരാതി പറയുന്നതിന് മുമ്പ് തന്റെ സഹപാഠിയുടെ മുഖത്തേക്ക് ഒന്നു നോക്കി, ഭയപ്പാടോടെ നിന്ന അവന്റെ മുഖം കണ്ടപ്പോൾ, താൻ അന്ന് രാവിലെ വായിച്ച ബൈബിൾ വചനം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു. (ലൂക്കോസ് 6 :27 “..നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്വിൻ"). ആ വചനം തന്റെ കൂട്ടുകാരനെതിരെ പരാതി പറയുന്നതിൽ നിന്ന് അവനെ തടഞ്ഞു. കൂട്ടുകാരനോട് ക്ഷമിക്കുവാനുള്ള മനസ്സുണ്ടായി. തനിക്കു പരാതി ഒന്നും ഇല്ലെന്നു പറഞ്ഞതുകേട്ട് പ്രിൻസിപ്പാൾ രണ്ടുപേരെയും താക്കീതു നൽകി വിട്ടയച്ചു.
ഇതുപോലെ, ഹൃദയത്തിൽ ദൈവവചനം സംഗ്രഹിച്ചു വെക്കുന്നവർക്ക് അവ തക്ക സമയത്തു പ്രയോജനപ്പെട്ടുകൊണ്ടിരിക്കും. അവർ എവിടെയും ലജ്ജിക്കേണ്ടി വരികയുമില്ല.
2) യേശു ക്രിസ്തു. എഫെ. 3:17 "ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം .."
ക്രിസ്തു നമ്മിൽ വാഴുക എന്നുപറഞ്ഞാൽ, ക്രിസ്തുവിന്റെ ഭാവം നമ്മിൽ വാഴണം എന്നാണ് അർത്ഥം. ക്രിസ്തുവിന്റെ ഭാവം എന്തൊക്കെയാണ് എന്ന് ദൈവവചനത്തിൽ പരിശുദ്ധാത്മാവ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ അനുയായികളിലും ആ ഭാവം തന്നെയാണ് കാണപ്പെടേണ്ടത്.
അവയിൽ ചിലത് നമുക്ക് ഒാർക്കാം;
താഴ്മ (യോഹന്നാൻ 13:15),
വിശുദ്ധി (1 പത്രോസ് 1:1516),
അനുസരണം (ഫിലി. 2:58
നീതി (1 യോഹന്നാൻ 3:7),
നിർമ്മലത (1 യോഹന്നാൻ 3:3),
സ്നേഹം (എഫെ. 5:12),
ക്ഷമ (കൊലോ 3:13),
ദയ, മനസ്സലിവ് (എഫെ. 4:32, ലൂക്കോസ് 6:35),
സഹിഷ്ണത (എബ്രായ. 12:24),
സമർപ്പണം (1 പത്രോ 2:2124),...
വിശ്വാസികളായ നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ ഇൗ ഭാവങ്ങളാണോ ഇന്ന് വാഴുന്നത് എന്ന് ആത്മാർത്ഥമായി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
3) പരിശുദ്ധാത്മാവ്. ഗലാ. 4:6, 2 കൊരി. 1:22
നമ്മുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവിനെ മുദ്രയിട്ട് നൽകിയിരിക്കുകയാണ്. അവകാശത്തിന്റെ അച്ചാരമായാണ് അവിടുന്ന് നമ്മുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവിനെ പകർന്നിരിക്കുന്നത് (എഫെ. 1:14). അതുകൊണ്ട് പരിശുദ്ധാത്മാവ് ഹൃദയങ്ങളിൽ വാഴാത്ത വ്യക്തികൾ ദൈവവാഗ്ദത്തത്തിന് പുറത്താണ്. അവർ ഭീരുക്കളും ബലഹീനരുമാണ് എന്നാണ് 2 കൊരി. 5:5,6 വാക്യങ്ങളിൽ നമ്മൾ വായിക്കുന്നത്.
ഇന്ന് അനേകരുടെ ജീവിതത്തിൽ ദൈവവാഗ്ദത്തങ്ങൾ നിവർത്തിയാകാതിരിക്കുന്നതിന് ഒരു കാരണം, അവരുടെ ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് വാഴുന്നില്ല എന്നുള്ളതാണ്.
ആകയാൽ പരിശുദ്ധാത്മാവിനെ മാനിക്കുക, ആദരിക്കുക, ആത്മാവിന് അധീനരാകുക, ആത്മാഭിഷേകം പ്രാപിക്കുക, അപ്പോൾ നമ്മുടെ ജീവിതങ്ങൾ സമൃദ്ധമാകും.
4) ദൈവസ്നേഹം. റോമർ 5:5
ദൈവസ്നേഹം നമ്മുടെ ഹൃദയങ്ങളിൽ വാഴണം. ലൂക്കൊസ് 11:42 വാക്യത്തിൽ കർത്താവ് ഒരിക്കൽ പരീശ•ാരോട് അരുളിച്ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്; "നിങ്ങൾ തുളസിയിലും അരുതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു".
ഇന്നത്തെ ചിലരുടെ ജീവിതങ്ങളിൽ ഇൗ വചനം എത്ര വാസ്തവമാണ് എന്നു തോന്നിപ്പോകയാണ്. കൃത്യമായി ദൈവാലയത്തിൽ പോകുന്നു, വെള്ളവസ്ത്രം ധരിക്കുന്നു, അടയാഭരണങ്ങൾ എല്ലാം ഉപേക്ഷിച്ചിരിക്കുന്നു, ബൈബിൾ വായിക്കുന്നു, പ്രാർത്ഥിക്കുന്നു, നടപ്പും പെരുമാറ്റവും ഒക്കെ കൊള്ളാം... പക്ഷേ ദൈവസ്നേഹം എവിടെ ?
അപ്പനെയും അമ്മയെയും തിരിഞ്ഞുനോക്കില്ല, കേസും കൂട്ടവുമായി സ്വന്ത സഹോദരങ്ങളോട് മിണ്ടാറുപോലുമില്ല, ഒരു മുട്ടുസൂചിക്കുപോലും നാട്ടുകാർക്ക് ഉപകാരമില്ല,....
ദൈവസ്നേഹം ഉള്ളിലില്ലാതെ ഇല്ലാത്ത ഭക്തി നടിച്ച് പുറമെ കാട്ടിക്കൂട്ടുന്ന ഇൗ വക കോപ്രായങ്ങൾ ഇനിയെങ്കിലും നിറുത്തി, ദൈവസ്നേഹം ഹൃദയങ്ങളിൽ നിറയ്ക്കാം.
5) ദൈവപ്രകാശം (ദൈവതേജസ്സ്). 2 കൊരി. 4:6
ചില ആളുകളെക്കുറിച്ച് ചിലർ പറയാറുണ്ടല്ലോ അവരുടെ ഹൃദയം ഇരുണ്ടതാണ് എന്ന്. ഹൃദയത്തിൽ കപടവും വിഷവും കൊണ്ടു നടക്കുന്നവരെക്കുറിച്ചാണ് ഇരുണ്ട ഹൃദയമുള്ളവർ എന്നു പറയുന്നത്. യിരെ 17:9 ൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്,
"ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷവുമുള്ളത്; അതു ആരാഞ്ഞറിയുന്നവൻ ആർ"
ഇരുണ്ട ഹൃദയങ്ങളിൽ ദൈവപ്രകാശം ഉദിച്ചിട്ട്, അവ തേജസ്സുള്ളവയായി മാറി, ആ ദൈവതേജസ്സ് ഹൃദയങ്ങളിൽ വാഴുന്നവരാണ് ദൈവമക്കൾ.
ഇൗ ആത്മീയ അനുഭവത്തെക്കുറിച്ചാണ് അപ്പൊ. പത്രൊസ് ഇപ്രകാരം പറഞ്ഞിരിക്കുന്നത്;
"നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു" (1 പത്രൊസ് 2:9)
6) നന്ദിയും, സ്തോത്ര സ്തുതികളും കൊലൊ. 3:16, എഫെ. 5:19
ദാവീദ് തന്റെ ദൈവത്തെ പാടിസ്തുതിക്കുന്നത് ഇപ്രകാരം നമ്മൾ സങ്കീർത്തനങ്ങളിൽ വായിക്കുന്നുണ്ടല്ലോ, 'ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും, നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും' (9:1). ഹൃദയം മുഴുവൻ നന്ദിയാൽ നിറഞ്ഞു കവിയുമ്പോൾ സ്തുതിയും സ്തോത്രവും ആരാധനയും ആയിരിക്കും നമ്മിൽ വാഴുന്നത്. അവിടെ വെറുപ്പിനും വിദ്വേഷത്തിനും ഇടമില്ല, പകയ്ക്കും പിണക്കത്തിനും സ്ഥാനമില്ല.
കർത്താവിനോടുള്ള നന്ദിയും സ്തുതിയും ഹൃദയങ്ങളിൽ വാഴുന്നവർ എപ്രകാരമായിരിക്കും എന്ന് അപ്പൊ. പൌലൊസ് രേഖപ്പെടുത്തിയിട്ടുണ്ട് (എഫെ. 5:19)
സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തും..
7) ക്രിസ്തുവിന്റെ സമാധാനം കൊലൊ 3:15
നമ്മുടെ ഹൃദയങ്ങളിൽ കിസ്തുവുവിന്റെ സമാധാനം വാഴുമാറാകണം. യോഹന്നാൻ 14:27 ൽ യേശു കർത്താവ് ഇപ്രകാരമാണ് അരുളിച്ചെയ്തിരിക്കുന്നത്;
" സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു"
ക്രിസ്തു തന്നിരിക്കുന്ന സമാധാനം ഹൃദയങ്ങളിൽ വാഴുന്നവർ, ജീവിതത്തിൽ പരീക്ഷകൾ നേരിട്ടാലും, പ്രശ്നങ്ങൾ അഭിമുഖീകരിച്ചാലും, പരാജയങ്ങളുണ്ടായാലും നഷ്ടങ്ങൾ നേരിട്ടാലും, തളർന്നു പോകില്ല. കാരണം, അവൻ അവർക്ക് ജയം നൽകുമെന്ന വാഗ്ദത്തം നൽകിയിട്ടുണ്ട്;
യോഹന്നാൻ 16:33
"നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു"
ആകയാൽ പ്രിയ സ്നേഹിതരേ, ധൈര്യമായിരിക്ക, മനസ്സ് കൈവിടാതിരിക്കുക. പ്രശ്നങ്ങൾ എന്തുമായിക്കൊള്ളട്ടെ, പ്രതിബന്ധങ്ങൾ എത്രവലുതായിക്കൊള്ളട്ടെ, നമ്മുടെ ഹൃദയം കലങ്ങുവാൻ അനുവദിക്കരുത്. കാരണം; (ഫിലി 4:7)
" സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും"
ഇൗ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ,
പ്രാർത്ഥനയോടെ,
ദൈവദാസൻ ഷൈജു ജോൺ
വചനമാരി, ഭോപ്പാൽ