മത്തായി 14:29 "വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു;"
ഒരിക്കൽ യേശുവിന്റെ ശിഷ്യന്മാർ ഒരു പടകിൽ യാത്രചെയ്യുമ്പോൾ, കാറ്റു പ്രതികൂലമായി കടൽ പ്രക്ഷുബ്ധമായി തിരമാലകൾ ആഞ്ഞടിച്ച് അവരുടെ പടക് വലഞ്ഞപ്പോൾ, ആ രാത്രിയിലെ നാലാം യാമത്തിൽ കടലിന്മേൽ നടന്നുകൊണ്ട് യേശു അവരുടെ അടുക്കൽ ചെന്നു. ഒരു ഭൂതമാണ് വരുന്നത് എന്നു കരുതി അവർ പേടിച്ചുനിലവിളിച്ചു. എന്നാൽ യേശു അവരോട്, ഞാനാകുന്നു പേടിക്കണ്ട എന്നു പറഞ്ഞ്
ധൈര്യപ്പെടുത്തി. യേശുവാണ് എന്നു തിരിച്ചറിഞ്ഞ ശിഷ്യന്മാർക്ക് ആശ്വാസമായി.
ആ സമയത്ത് പത്രൊസ് കർത്താവിനോട് ഒരു ചോദ്യം ചോദിച്ചു 'കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന് കൽപ്പിക്കണം'. ഇൗ വചനം ധ്യാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ തികച്ചും ന്യായമായ ഇൗ ചോദ്യങ്ങൾ / സംശയങ്ങൾ ഉണ്ടാകാം;
മറ്റു ശിഷ്യന്മാരാരും യേശുവിനോട് ഇൗ ചോദ്യം ചോദിക്കാതിരുന്നത് എന്തുകൊണ്ടാണ്?
പത്രൊസ് കടലിന്മേൽ നടക്കുന്നതു കണ്ടിട്ടെങ്കിലും മറ്റു ശിഷ്യന്മാർക്ക് ഞങ്ങളും വരട്ടെ എന്ന് കർത്താവിനോട് ചോദിക്കാമായിരുന്നില്ലേ?
മറ്റു ശിഷ്യന്മാർ പടകിൽ ഇരുന്നപ്പോൾ, പത്രൊസ്മാത്രം വെള്ളത്തിന്മേൽ നടന്ന് യേശുവിന്റെ അടുക്കൽ ചെല്ലുവാനുള്ള അനുവാദം ചോദിച്ചു. അത് കർത്താവിന് ഏറ്റവും പ്രസാദം തോന്നിയ ഒരു ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ഉടനെതന്നെ യേശുവിൽ നിന്ന് പത്രൊസിന് മറുപടി ലഭിച്ചത്; 'വരിക'
യേശു കർത്താവിന്റെ അടുക്കൽ ചെല്ലുവാൻ അനുവാദം ചോദിക്കുന്ന ആരെയും അവിടുന്ന് ഒരിക്കലും തടയുന്നില്ല. ജീവിതത്തിൽ കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിക്കുന്ന നേരത്തായാലും, തിരമാലകൾ മുക്കിക്കളയുവാൻ ശ്രമിക്കുമ്പോഴായാലും, രാത്രിയിലെ നാലാം യാമത്തിലായാലും യേശുവിന്റെ അടുക്കൽ ചെല്ലുവാൻ ആഗ്രഹമുണ്ടെങ്കിൽ, വരിക എന്നു പറഞ്ഞ് രണ്ടു കയ്യും നീട്ടി അവൻ ഇന്നും അടുക്കലേക്ക് വിളിക്കുന്നു. യേശുവിന്റെ വിളികേട്ടുകൊണ്ട് ഇറങ്ങുമെങ്കിൽ ഇൗ തിരമാലകൾ നമ്മെ മുക്കിക്കളയുവാൻ അവിടുന്ന് അനുവദിക്കയില്ല. യേശു നാഥൻ കൃപയുടെ കരങ്ങൾ നീട്ടി നമ്മെ പിടിച്ചുകൊള്ളും. കാറ്റിനെയും തിരമാലകളെയും അവൻ ശാന്തമാക്കിക്കൊള്ളും.
ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽ നിന്നും പ്രാർത്ഥനയോടെ നിങ്ങളുടെ സഹോദരൻ
ഷൈജു ജോൺ (9424400654)
Tags :