അപ്പൊ. പ്ര. 17:11 "അവർ തെസ്സലോനിക്കയിലുള്ള വരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു"
ബെരോവയിലുള്ള വിശ്വാസികളെക്കുറിച്ച് ദൈവാത്മാവ് രേഖപ്പെടുത്തിയിരിക്കുന്ന ഒരു സാക്ഷ്യമാണ് ഇത്. അവർ വചനവും ഉപദേശങ്ങളും ഒക്കെ കേൾക്കുക മാത്രമല്ല ചെയ്തത്, അവയെല്ലാം തിരുവെഴുത്തുകളിലുണ്ടോ, അവയെല്ലാം വചനപ്രകാരമുള്ള
ഉപദേശങ്ങളാണോ എന്ന് ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു. ഇന്നത്തെ കാലഘട്ടത്തോടുള്ള ബന്ധത്തിൽ ചിന്തിച്ചാൽ, വിവിധ മാധ്യമങ്ങൾ വഴിയായി ധാരാളം വചനസന്ദേശങ്ങളും ഉപദേശങ്ങളും ഒക്കെ ദിനമ്പ്രതി കേട്ടുകൊണ്ടിരിക്കുന്നവരാണ് നമ്മൾ. ഓരോരുത്തർ അവരവരുടെ വീക്ഷണങ്ങളിലും തർജ്ജമകളിലും വചനത്തെ വ്യാഖ്യാനിക്കുന്നതു കാണുമ്പോൾ, അതു കേൾക്കുന്നവർക്ക് ന്യായമായ സംശയങ്ങൾ ഉണ്ടാകാം, ചിലർ വലിയ ആശയകുഴപ്പത്തിൽ ആകുന്നതും കാണാറുണ്ട്.
ഈ അന്ത്യനാളുകളിൽ തെറ്റായ ഉപദേശങ്ങളും, വ്യാഖ്യാനങ്ങളും കേട്ട് തെറ്റിപ്പോകാതിരിക്കേണ്ടതിനാണ് സ്വർഗ്ഗത്തിലെ ദൈവം അവിടുത്തെ ആത്മാവിനാൽ എഴുതിയ (2 തിമൊ. 3:14..16) വിശുദ്ധ തിരുവെഴുത്തുകൾ നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്നത്;
മത്തായി 22:29 ൽ യേശു കർത്താവ് ഇപ്രകാരമാണ് പറയുന്നത്; ".. നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ട് തെറ്റിപ്പോകുന്നു"
ശരിയാണ്, തിരുവെഴുത്തുകളെ അറിയായ്കകൊണ്ടാണ് ഇന്ന് അനേകർ തെറ്റിപ്പോകുന്നത്. ദൈവജനത്തെ തെറ്റിച്ചുകളയുവാൻ സാത്താൻ ചിലരെ വേഴംകെട്ടിച്ച് വിട്ടിരിക്കുകയാണ് എന്നു പറയുന്നതാകും കൂടുതൽ ശരി. 1 കൊരി 11:3 മുതലുള്ള വചനഭാഗം ഒന്നു മനസ്സിരുത്തി വായിച്ചാൽ നമുക്കതു ബോധ്യമാകും.
നാളുകൾക്കുമുമ്പ് ഒരു കുടുംബം അവരുടെ ഒരു അനുഭവം എന്നോട് പങ്കു വെച്ചത് ഞാൻ ഓർക്കുന്നു; ആ കുടുംബത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്കും, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഒരു വിടുതൽ വേണമെന്ന് ആഗ്രഹിച്ച് അവർ ഒരു ഉപദേശകനെ സമീപിച്ചു. അവരുടെ ആവശ്യപ്രകാരം ആ വ്യക്തി അവരുടെ വീട്ടിൽ എത്തി. ആ കുടുംബത്തിനുവേണ്ടി പ്രാർത്ഥിച്ച ശേഷം അദ്ദേഹം അവരോട് പറഞ്ഞത്, അവരുടെ വീട് പണിതിരിക്കുന്നതിന്റെ കണക്കിൽ ചില വ്യത്യാസങ്ങളുണ്ട്. അതുകൊണ്ടാണ് അവരുടെ കുടുംബത്തിൽ പ്രശനങ്ങൾ ഉണ്ടാകുന്നത് എന്നാണ്. അദ്ദേഹം അതിന് ഒരു പരിഹാരവും നിർദ്ദേശിച്ചു. വീടിന്റെ അടുക്കള രണ്ടായി തിരിക്കണം, കൂടാതെ വീടിനകത്ത് മറ്റൊരു ബാത്ത്റൂം കൂടി പണിയണം. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമേ ദോഷങ്ങൾ വിട്ടുമാറുകയുള്ളൂ.
അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരം പ്രതി വിശ്വസിച്ച അവർ പലരിൽ നിന്നും വായ്പ വാങ്ങി അടുക്കളയും ബാത്ത്റൂമും ക്രമീകരിച്ചു. അവരുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി എന്നവർ കരുതി. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ലെന്നുമാത്രമല്ല, പ്രശനങ്ങൾ കൂടുതൽ വർദ്ധിക്കുവാനും തുടങ്ങി.
ഇന്ന് പലർക്കും സംഭവിക്കുന്ന അബദ്ധമാണ് ഇത് , കേട്ടറിവിന്റെ വെളിച്ചത്തിൽ ദൈവത്തിന്റെ അഭിഷക്തരെന്ന് തെറ്റിദ്ധരിച്ച് ഇതുപോലുള്ള പലരെയും സമീപിക്കുകയും അവർ പറയുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിച്ച് സമ്പത്തും ആരോഗ്യവും, സമാധാനവും നഷ്ടപ്പെടുത്തി; അവസാനം കുറ്റവും പഴിയുമെല്ലാം കർത്താവിന്റെ മേൽ കെട്ടിവെയ്ക്കുന്നു.
ഇക്കൂട്ടർ പറയുന്ന ഉപദേശങ്ങളിലും പരിഹാര മാർഗ്ഗങ്ങളിലും വീഴുന്നതിനു മുമ്പ്, നമ്മുടെയെല്ലാം വീടുകളിൽ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുള്ള ദൈവവചനം, വിശുദ്ധ ബൈബിൾ ഒന്നു തുറന്നു നോക്കി പരിശോധിച്ചുകൂടെ ? അല്ലെങ്കിൽ അത് അവരുടെ കയ്യിൽ കൊടുത്തിട്ട്, സഹോദരാ, താങ്കൾ പറയുന്ന ഈ കാര്യം ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ്' എന്ന് പറഞ്ഞു തരാമോ, കർത്താവോ, കർത്താവിന്റെ ശിഷ്യന്മാരോ, ഏതെങ്കിലും വീട്ടിൽ ചെന്ന് അടുക്കള പൊളിപ്പിക്കുകയോ കുളിമുറി പണിയിക്കുകയോ ചെയ്തതായി ഒന്നുകാണിച്ചു തരാമോ?
എന്നു ചോദിച്ചുകൂടെ.