സങ്കീർ. 91:10 "ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല"
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ഏറ്റവും പ്രത്യാശ നൽകുന്ന ഒരു സങ്കീർത്തനമാണല്ലോ 91 ാം സങ്കീർത്തനം. ദൈവപുരുഷനായ മോശെയാൽ രചിക്കപ്പെട്ട ഈ മഹാകാവ്യം ഹൃദയത്തിൽ പാടിയും ധ്യാനിച്ചുംകൊണ്ട് നടക്കുവാൻ അനുഗ്രഹം ലഭിച്ചിരിക്കുന്ന നാം എത്ര ഭാഗ്യമുള്ളവരാണ് !
തന്റെ മക്കൾക്ക് ദൈവം നൽകുന്ന സൂക്ഷിപ്പിന്റെയും സംരക്ഷണത്തിന്റെയും, അളവും ആഴവും വ്യക്തമായി വെളിപ്പെടുത്തുന്ന ഒരു ബൈബിൾ വാക്യമാണ് ഇത്. മനുഷ്യ ജീവിതത്തിന്റെ രണ്ടു ദിശയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട്, 'ദൈവം കൂടെ ഉണ്ട്, ഒന്നും സംഭവിക്കയില്ല' എന്നാണ് ഈ വചനം നമുക്കു ഓരോരുത്തർക്കും തരുന്ന പ്രത്യാശ / ഉറപ്പ്.
*1) വ്യക്തി ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നു*. (ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല)
*2) കുടുംബത്തിലേക്ക് വിരൽ ചൂണ്ടുന്നു*. (ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല)
ജീവിതത്തിലെ ഈ രണ്ടു മേഖലകളിലുമാണല്ലോ നമുക്ക് ഓരോരുത്തർക്കും സംരക്ഷണം ആവശ്യമായിരിക്കുന്നത്. പ്രത്യേകിച്ചും മനുഷ്യന്റെ ജീവനും സുരക്ഷയ്ക്കും ഒരു ഉറപ്പും ഇല്ലാതിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നു നമ്മൾ ജീവിക്കുന്നത് എന്നോർക്കണം. ഇരു ചക്രവാഹനങ്ങളുമായി പുറത്തുപോകുന്ന മക്കളെ ഓർത്ത് ചങ്കിൽ തീയുമായി അവരെ കാത്തിരിക്കുന്ന അമ്മമാരുടെ നാടാണ് ഇത്. രാവിലെ വാഹനത്തിൽ കയറി ജോലിക്കുപോകുന്ന തുണയെ കാത്ത് വൈകുന്നേരം വരെ ചങ്കിടിപ്പോടെ ഇരിക്കുന്നവർ, മക്കളെ സ്കൂളിൽ അയച്ച് അവർ മടങ്ങിവരുംവരെ വഴിക്കണ്ണുമായി അവരെ കാത്തിരിക്കുന്നവരുടെ ചങ്കിടിപ്പ് കേട്ടാൽ തൃശ്ശൂർ പൂരത്തിലെ വെടിക്കെട്ടുപോലും നാണിച്ചുപോകും.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എന്നോടു പറഞ്ഞ വാക്കുകൾ എത്രയോ വാസ്തവമാണ് എന്ന് ഇന്നത്തെ പല വാർത്തകളും കാണുമ്പോൾ തോന്നിപ്പോകുന്നു. അദ്ദേഹം പറഞ്ഞത്; ബ്രദറേ, നമ്മൾ എത്ര സൂക്ഷിച്ച് വാഹനം ഓടിച്ചാലും ഇക്കാലത്ത് ഒരു പ്രയോജനവുമില്ല, കാരണം നമ്മുടെ മുമ്പിലും പുറകിലും വശങ്ങളിലും വാഹനങ്ങൾ ഓടിക്കുന്നവരെക്കൊണ്ടാണ് ശല്ല്യമുണ്ടാകുന്നത്. മദ്യപിച്ചും ഡ്രഗ്ഗടിച്ചും ബോധമില്ലാതെ വരുന്നവർ അപകടമുണ്ടാക്കും, അതുകൊണ്ട് ഞാനിപ്പോൾ വാഹനത്തിൽ കയറി പ്രാർത്ഥിക്കുമ്പോൾ അവർക്ക് നല്ല ബുദ്ധി കൊടുക്കണേ എന്നാണ് കൂടുതൽ പ്രാർത്ഥിക്കുന്നത്'
കുറേ നാളുകൾക്കുമുമ്പ് ഞാൻ എവിടെയോ വായിച്ച ഒരു ചിന്ത എന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ഇത് എവിടെ എങ്കിലും ഉണ്ടായ ഒരു സംഭവമാണോ എന്ന് എനിക്ക് ഉറപ്പില്ല, പക്ഷേ ഈ ചിന്തയിൽ നിന്ന് എന്റെ മനസ്സിൽ പതിഞ്ഞ സന്ദേശം ഒരിക്കലും മറക്കാൻ കഴിഞ്ഞിട്ടില്ല; ഒരിക്കൽ ഒരു പെൺകുട്ടിയും അവളുടെ കൂട്ടുമാരികളും വാരാന്ത്യത്തിൽ ദൂരെ ഒരിടത്ത് പിക്നിക്കിനു പോകുവാൻ തീരുമാനിച്ചു. നീണ്ട ഡ്രൈവിംഗ് അവൾക്ക് ഒരു ഹരമായിരുന്നു. അങ്ങനെ അതിരാവിലെ അവർ പോകുവാൻ ഒരുങ്ങി ഇറങ്ങുമ്പോൾ, അവളുടെ മുത്തശ്ശി അവളോട് പറഞ്ഞു, 'മോളെ പ്രാർത്ഥിച്ചിട്ടു പോകൂ, നീ ഒരു ദൂരെയാത്രയ്ക്ക് പോകുകയല്ലേ, ദൈവസാന്നിധ്യം നിന്നോടു കൂടെ പോരും'. അതുകേട്ട കൊച്ചുമകൾ അൽപ്പം തമാശയോടെ അമ്മൂമ്മയോടു പറഞ്ഞ മറുപടി; 'അമ്മച്ചി, കാറിൽ ഞങ്ങൾ അഞ്ചുപേരുണ്ട്, ഇനി ഒരാൾക്കുകൂടി ഇരിക്കാൻ സ്ഥലമില്ല, അതുകൊണ്ട് അമ്മച്ചി കർത്താവിനോട് വേണമെങ്കിൽ കാറിന്റെ ഡിക്കിയിൽ കയറിക്കൊള്ളാൻ പറ'. ഇത്രയും പറഞ്ഞുകൊണ്ട് അവർ ആഘോഷമായി അവരുടെ യാത്ര ആരംഭിച്ചു. ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോൾ അവരുടെ കാർ എതിരെവന്ന ഒരു ട്രക്കുമായി കൂട്ടിയിടിച്ചു. ആ അപകടത്തിൽ അവർക്കെല്ലാം കാര്യമായ ഒടിവും മുറിവുകളും ഉണ്ടായി, അവരുടെ വാഹനം പൂർണ്ണമായി തകർന്നുപോയി എങ്കിലും ആ അപകടത്തിൽ അതിശയിക്കത്ത ഒരു കാര്യം നടന്നു. അവരുടെ കാറിന്റെ പിൻഭാഗത്തിനു ഒരു പോറലുപോലും ഉണ്ടായില്ല എന്നു മാത്രമല്ല, ആ കാറിന്റെ ഡിക്കിയിൽ പിക്നിക്കിനുവേണ്ട ഭക്ഷണം ഉണ്ടാക്കുന്നതിനുവേണ്ടി കരുതിവെച്ച ഒരു ട്രേ മുട്ടയിൽ ഒന്നുപോലും പൊട്ടിയില്ല. അത്ര ശക്തമായ ഇടി നടന്നിട്ടും, കാറിന്റെ മുൻഭാഗം തകർന്നുപോയിട്ടും, അതിൽ യാത്രചെയ്തവരുടെ അസ്ഥികൾവരെ ഒടിഞ്ഞിട്ടും, ആ കാറിന്റെ ഡിക്കിയ്ക്കും അതിലെ സാധന സാമഗ്രികൾക്കും ഒരു പോറലുപോലും സംഭവിക്കാതിരുന്നതിന്റെ കാരണം ഇന്നും ഒരു രഹസ്യമായി ശേഷിക്കുന്നു.
ആ രഹസ്യത്തിന്റെ പൊരുളും, ആ സൂക്ഷിപ്പിന്റെ കാരണവും എന്താണ് എന്ന് വിശ്വാസിയായ ഒരു ദൈവപൈതലിനറിയാം.
*ഈ ലോകത്തിലെ ഒരു രാജ്യത്തിനും ഒരു സൈന്യത്തിനും അവരുടെ പൗരന്മാരുടെ ജീവനും സ്വത്തിനും വേണ്ട നൂറുശതമാനം സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഇല്ലാതിരിക്കുമ്പോൾ, സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുവാൻ ഒരു ദൂത സൈന്യംതന്നെ അവർക്കായി ഉണ്ട്*. സ്തോത്രം ! (ഫിലി. 3:20 "നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു")
ആകയാൽ, നമ്മെയും നമ്മുടെ കുടുംബത്തെയും കുറിച്ച് ചിന്തയും വിചാരവുമുള്ള സ്വർഗ്ഗീയപിതാവിന്റെ സൂക്ഷിപ്പിനും കരുതലിനുമായി ഇന്ന് സമർപ്പിക്കാം. ഒരിക്കൽക്കൂടെ വാഗ്ദത്ത വചനം നമുക്ക് ഏറ്റുപറയാം; " *ഒരു അനർത്ഥവും എനിക്കു ഭവിക്കയില്ല; ഒരു ബാധയും എന്റെ കൂടാരത്തിന്നു അടുക്കയില്ല*'
ദൈവം അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
(വചനമാരി, ഭോപ്പാൽ)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9424400654, 7898211849, 9589741414, 7000477047