സദൃശ്യവാ. 22:11 "ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ"
ഈ വാക്യത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ബുദ്ധിയുള്ള ഏതു രാജാവും, തന്റെ സ്നേഹിതന്മാരെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധാപൂർവ്വം ആയിരിക്കുമെന്നും ആ തിരഞ്ഞെടുപ്പിന്റെ ഒരു പ്രധാന യോഗ്യത അവരുടെ ഹൃദയശുദ്ധി ആയിരിക്കും എന്നുമാണ്.
ജ്ഞാനിയായ ശലോമൊൻ രാജാവിനാൽ രചിക്കപ്പെട്ട, മുപ്പത്തൊന്നു അദ്ധ്യായങ്ങൾ ഉള്ള സദൃശ്യവാക്യങ്ങളുടെ പുസ്തകം അറിവിന്റെ ഒരു കലവറയാണ് എന്ന കാര്യത്തിൽ വേദപഠിതാക്കൾക്കിടയിൽ രണ്ടു പക്ഷമില്ല. ഒരു ദിവസം ഒരു അദ്ധ്യായംവെച്ച് ഒരു മാസം കൊണ്ട് സദൃശ്യവാക്യങ്ങളുടെ പുസ്തകം മുഴുവൻ വായിച്ചു ധ്യാനിക്കുന്നത് ഒരു ശീലമാക്കിയിട്ടുള്ള നിരവധി ആളുകളെ നമുക്കു കാണുവാൻ സാധിക്കും. ജീവിതത്തിൽ പരാജയപ്പെടരുത് എന്നും ഉന്നത സ്ഥാനങ്ങളിൽ എത്തണമെന്നും ആഗ്രഹിക്കുന്നവർ എടുക്കുന്ന തീരുമാനങ്ങളിൽ ഒന്നാണ് ഇത്. വിവേകശാലികളായ മാതാപിതാക്കൾ അവരുടെ മക്കൾക്ക് ഇൗ രഹസ്യം പറഞ്ഞുകൊടുക്കുകയും, അവരുടെ മക്കൾ ദിവസം ഒരു അദ്ധ്യായംവെച്ച് സദൃശ്യവാക്യങ്ങളുടെ പുസ്തകം വായിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. അൽപ്പബുദ്ധിയെ ജ്ഞാനിയാക്കുന്ന സദൃശ്യവാക്യങ്ങളുടെ മഹത്വം തിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ.
സദൃശ്യവാ. 22:11 വാക്യം ഇന്ന് നമുക്കു നൽകുന്ന ഒരു പാഠം, ഹൃദയശുദ്ധിയുള്ള വ്യക്തികളെ നമ്മൾ സ്നേഹിതരായി തിരഞ്ഞെടുത്താൽ നമുക്കും രാജാവിനെപ്പോലെ ജീവിക്കാൻ കഴിയും എന്നാണ്. കൂട്ടുകാരുടെ കൊള്ളരുതായ്മ കാരണമായി പാപ്പരായി മാറിയിട്ടുള്ള, കുഴിയിൽ വീണിട്ടുള്ള, സൽപ്പേരു കളങ്കപ്പെട്ടിട്ടുള്ള, അവസരങ്ങൾ കളഞ്ഞുകുളിച്ചിട്ടുള്ള, കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള,...... നിരവധി ആളുകളുടെ അനുഭവങ്ങൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ബൈബിൾ വാക്യത്തിന് ഏറെ പ്രസക്തിയുണ്ട്.
*നമ്മുടെ സ്നേഹിതർ ആരാണ് ? അവരുടെ യോഗ്യത എന്താണ് ? അവരുടെ സ്വഭാവം എങ്ങനെയുള്ളതാണ് ?*
ജീവിതത്തിൽ നമ്മൾ എന്നെങ്കിലും ഇതുപോലെ ഒരു സ്വയപരിശോധന നടത്തിയിട്ടുണ്ടോ ?
ഒരു രാജാവിനെപ്പോലെ ജീവിക്കണമെന്നാണ് നമ്മുടെ ആഗ്രഹമെങ്കിൽ ഒരു രാജാവിനെപ്പോലെ നമ്മൾ ചിന്തിക്കണം, തിരഞ്ഞെടുക്കണം. വിശുദ്ധ ബൈബിളിൽ നിന്ന് ഒരു ഉദാഹരണം ഞാൻ ഓർമ്മിപ്പിക്കാം;
ദാനിയേലും കൂട്ടരും അവരുടെ പ്രവാസകാലത്ത് നെബുഖദ്നേസർ രാജാവിന്റെ കൊട്ടാരത്തിൽ എത്തപ്പെടുവാനും, ആ രാജ്യത്തെ ഉന്നതസ്ഥാനത്ത് എത്തുവാനും കാരണമായത്, നെബുഖദ്നേസർ രാജാവ് ബുദ്ധിയോടെ എടുത്ത ഒരു തീരുമാനമാണ്. മുഖപക്ഷം നോക്കാതെ ഹൃദയശുദ്ധി മാത്രം നോക്കി നെബുഖദ്നേസർ രാജാവ് ദാനിയേലിനെ തന്റെ സ്നേഹിതനാക്കി, അവനെ തന്റെ കോവിലകത്ത് പാർപ്പിച്ചു (ദാനിയേൽ 2:49).
തന്നെത്തന്നെ അശുദ്ധനാക്കാതെ വിശുദ്ധിയിൽ ജീവിച്ച (ദാനിയേൽ 1:8) ദാനിയേലിനെ തന്റെ സ്നേഹിതനാക്കകൊണ്ട് നെബുഖദ്നേസർ രാജാവിന് എന്തു നന്മ ഉണ്ടായി എന്ന് വേദപുസ്തകത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്; "അത്യുന്നതനായ ദൈവം ... നെബുഖദ്നേസറിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നൽകി" (ദാനിയേൽ 5:18).
ഹൃദയശുദ്ധിയുള്ള നല്ല സ്നേഹിതരെ ജീവിതത്തിൽ സമ്പാദിച്ചാൽ ഏതു മനുഷ്യനും ലഭിക്കുന്ന നന്മ കളാണ് ഇവ എല്ലാം; നേരെ മറിച്ച്, ദൈവഭയമില്ലാത്ത, അശുദ്ധിയിൽ ജീവിക്കുന്ന, താന്തോന്നികളെയാണ് സ്നേഹിതരാക്കുന്നത് എങ്കിൽ ഫലം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. യാക്കോബ് 4:4 ഓർത്തുകൊൾക; (അവർ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു)
ഈ ലോകത്തെ വെറും ഒരു ബാബേൽ രാജാവായ നെബുഖദ്നേസർ തന്റെ സ്നേഹിതരെ തിരഞ്ഞെടുക്കുന്നതിൽ ഇത്രമാത്രം ജാഗ്രത പാലിച്ചിരുന്നു എങ്കിൽ; രാജാധിരാജാവും കർത്താധികർത്താവുമായ യേശു ക്രിസ്തുവിന്റെ സ്നേഹിതരാകുവാൻ നാം എത്ര അധികം വിശുദ്ധിയോടെ ജീവിക്കണമെന്നും ഓർത്തുകൊൾക.
യോഹന്നാൻ 15:14 "ഞാൻ നിങ്ങളോടു കൽപ്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതന്മാർ തന്നേ"
യാക്കോബ് 2:23 "അബ്രഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവൻ ദൈവത്തിന്റെ സ്നേഹിതൻ എന്നു പേർ പ്രാപിച്ചു."
ഈ ഭൂമിയിലെ നമ്മുടെ വിശ്വാസ ജീവിതത്തിൽ ഹൃദയശുദ്ധിയുള്ള ആളുകളെ മാത്രം സ്നേഹിതരാക്കുവാനും, അതിലുപരി കർത്താവിന്റെ കൽപ്പനകൾ അനുസരിച്ചു ജീവിക്കുന്ന യേശുവിന്റെ നല്ല സ്നേഹിതരായി നമ്മൾ ജീവിക്കുവാനും ഇന്നു ദൈവകരങ്ങളിൽ നമ്മെ സമർപ്പിക്കാം;
*പ്രാർത്ഥനയോടെ*,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mb: 9424400654, 7898211849, 9589741414, 7000477047