നിനക്കൊന്നും ഭവിക്കയില്ല

January-2023

വിശ്വാസ ജീവിതത്തിൽ പരീക്ഷകളും പോരാട്ടങ്ങളും നേരിടേണ്ടതായി വന്നേക്കാം, രോഗങ്ങളും പ്രശ്നങ്ങളും ഒന്നിനൊന്നായി കടന്നുവന്നേക്കാം; എന്നാൽ അവയൊന്നും ഒരു ദൈവപൈതലിനെ തളർത്തുവാൻ പോന്നതാകരുത്. ദൈവവാഗ്ദത്തം ലഭിച്ച ദൈവപൈതൽ പ്രശ്നങ്ങൾ കണ്ട് വിലപിക്കാതെ, അവിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞ് നിരാശപ്പെടാതെ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്ന് എണ്ണിക്കൊണ്ട് പ്രത്യാശയോടെ കാത്തിരിക്കുകയാണ് വേണ്ടത്. യാക്കോബേ, നീ ഭയപ്പെട്ടതുപോലെ; ഒന്നും യോസേഫിന് സംഭവിച്ചിട്ടില്ല, ശിമെയോനും സുരക്ഷിതനായി ഇരിക്കുന്നുണ്ട്, ബെന്യാമീനും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ചുരുക്കത്തിൽ പറഞ്ഞാൽ; നിന്റെ ഭൂതവും, ഭാവിയും, വർത്തമാനകാലവും എല്ലാം ദൈവകരങ്ങളിൽ സുരക്ഷിതമാണ്


ഉൽപ്പത്തി 42:36 "..യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു'
       തന്റെ മൂന്നു മക്കളെ ഓർത്ത് സങ്കടപ്പെട്ട് വിലപിക്കുന്ന യാക്കോബിന്റെ വാക്കുകളാണ് ഇത്. എന്നാൽ ഈ വാക്കുകളിൽ ഒരു വാസ്തവവുമില്ല എന്നുള്ളതാണ് സത്യം. കാര്യങ്ങൾ ശരിയായി ഗ്രഹിക്കാതെ തന്റെ ഭാവനയിൽ നിന്നും, അനുമാനത്തിൽ നിന്നുകൊണ്ടുമാണ് യാക്കോബിന്റെ ഈ വിലാപങ്ങൾ എന്നു കാണാം. യഥാർത്ഥത്തിൽ താൻ ഭയപ്പെട്ടപോലെ ഒന്നും നടന്നിട്ടില്ല എന്നും ദൈവപദ്ധതിയുടെ ഭാഗമായാണ് ഇവ എല്ലാം സംഭവിക്കുന്നത് എന്നും വിശ്വാസകണ്ണുകൾ കൊണ്ടു കാണുവാൻ യാക്കോബിന് കഴിയാതെ പോയി.
മൂന്നു (മക്കളെ) വിഷയങ്ങളെ ഓർത്താണ് ഇവിടെ യാക്കോബ് വിലപിക്കുന്നത് എന്നു കാണാം. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ജീവിതത്തിലെ മൂന്നു കാലങ്ങളെ ഓർത്താണ് യാക്കോബ് സങ്കടപ്പെടുന്നത് എന്നു സാരം;
*(1) ഭൂതകാലം;* (Past) യോസേഫ് ഇല്ല; എന്ന് യാക്കോബ് വിലപിക്കുന്നു; വാസ്തവത്തിൽ യോസേഫ് ഉണ്ട്, ഈജിപ്റ്റ് സാമ്രാജ്യത്തിലെ മഹാമന്ത്രിയായി യോസേഫ് ജീവിച്ചിരിപ്പുണ്ട്.
*(2) വർത്തമാനകാലം*; (Present) ശിമെയോൻ ഇല്ല; എന്ന് യാക്കോബ് വിലപിക്കുന്നു; വാസ്തവത്തിൽ ശിമെയോൻ ഉണ്ട്, യോസേഫിന്റെ കൊട്ടാരത്തിൽ സുരക്ഷിതനായി സഹോദരന്മാരുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.
*(3) ഭാവികാലം;* (Future) ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; ഇനി ഞാൻ അവനെ കാണില്ല; എന്ന് യാക്കോബ് വിലപിക്കുന്നു; വാസ്തവത്തിൽ അവൻ പോകുന്നത് ഏറ്റവും സുരക്ഷിതവും സുഭിക്ഷവുമായ രാജകൊട്ടാരത്തിലേക്കാണ്.
      *ഇതൊന്നും ഗ്രഹിക്കാതെ, അഥവാ, കാര്യങ്ങളുടെ നിജസ്ഥിതി തിരിച്ചറിയാൻ കഴിയാതെ, കാരണമില്ലാതെ വിലപിക്കുന്ന യാക്കോബിന്റെ ഈ അവസ്ഥ ഇന്നത്തെ പല ദൈവമക്കൾക്കും ഉണ്ട് എന്നുള്ളതാണ് വാസ്തവം. എന്നാൽ ജീവിതത്തിൽ തനിക്കു ലഭിച്ച ദൈവവാഗ്ദത്തങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ യാക്കോബിന് ഇങ്ങനെ വിലപിക്കേണ്ടി വരികയില്ലായിരുന്നു.*

      ഉൽപ്പത്തി 28:1.. അദ്ധ്യായത്തിൽ തന്റെ പിതാവായ യിസ്ഹാക്കിൽ നിന്ന്; 'അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും ഉണ്ടാകുമെന്ന്' പകർന്നു ലഭിച്ചതും,
       യബോക്ക്കടവിന്റെ തീരത്തുവെച്ച് ദൈവപുരുഷനോടു മല്ലുപിടിച്ച്, 'യിസ്രായേൽ' എന്ന അനുഗ്രഹം തന്റെ തലമുറകൾക്കുവേണ്ടി ദൈവത്തിൽ നിന്ന് നേടിയ യാക്കോബിന്, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്നും, തന്റെ മക്കളെ ദൈവം കാക്കുമെന്നും അറിയില്ലായിരുന്നോ ?

വിശ്വാസ ജീവിതത്തിൽ പരീക്ഷകളും പോരാട്ടങ്ങളും നേരിടേണ്ടതായി വന്നേക്കാം, രോഗങ്ങളും പ്രശ്നങ്ങളും ഒന്നിനൊന്നായി കടന്നുവന്നേക്കാം; എന്നാൽ അവയൊന്നും ഒരു ദൈവപൈതലിനെ തളർത്തുവാൻ പോന്നതാകരുത്. ദൈവവാഗ്ദത്തം ലഭിച്ച ദൈവപൈതൽ പ്രശ്നങ്ങൾ കണ്ട് വിലപിക്കാതെ, അവിശ്വാസത്തിന്റെ വാക്കുകൾ പറഞ്ഞ് നിരാശപ്പെടാതെ, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനെന്ന് എണ്ണിക്കൊണ്ട് പ്രത്യാശയോടെ കാത്തിരിക്കുകയാണ് വേണ്ടത്.
*യാക്കോബേ, നീ ഭയപ്പെട്ടതുപോലെ; ഒന്നും യോസേഫിന് സംഭവിച്ചിട്ടില്ല, ശിമെയോനും സുരക്ഷിതനായി ഇരിക്കുന്നുണ്ട്, ബെന്യാമീനും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ചുരുക്കത്തിൽ പറഞ്ഞാൽ; നിന്റെ ഭൂതവും, ഭാവിയും, വർത്തമാനകാലവും എല്ലാം ദൈവകരങ്ങളിൽ സുരക്ഷിതമാണ്*
ആകയാൽ പ്രിയരേ, ഇന്നത്തെ സാഹചര്യങ്ങളെ നോക്കിക്കണ്ട് ഇനിയും വിലപിക്കേണ്ടതില്ല, കാരണം, ഇതൊന്നുമല്ല വാസ്തവം; നമ്മുടെ ജീവിതത്തിൽ ദൈവം അരുളിച്ചെയ്തിരിക്കുന്ന വാഗ്ദത്തങ്ങളിലേക്ക് ഒന്നു തിരിഞ്ഞു നോക്കുവാൻ ദൈവാത്മാവ് ആലോചന പറയുന്നു. ഇവ എല്ലാം ദൈവം നന്മക്കായി മാറ്റും എന്നറിഞ്ഞുകൊൾക. (റോമർ 8:28 "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു)
*'ആമേൻ'*
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*