നമ്മുടെ സമയം വരും

February-2023

ആദ്യം അവസരം ലഭിക്കുന്നതിലല്ല, ആളുകളുടെ എണ്ണത്തിലുമല്ല, ലോകത്തിന്റെ ജ്ഞാനത്താലുമല്ല, അധികാരത്തിന്റെ മുഷ്ടിയാലുമല്ല, കർത്താവിനായി, കർത്താവിന്റെ സമയത്തിനായി കാത്തിരിക്കുന്നവർക്ക് അതു ലഭിക്കും. അവരുടെ സമയം വരും, അവരുടെ അവസരം അവരെ തേടി എത്തും. (സഭാ പ്ര. 3:11) അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യും....


          സദൃശ്യ. 20:22 "... യഹോവയെ കാത്തിരിക്ക; അവൻ നിന്നെ രക്ഷിക്കും.
സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കൾക്കുവേണ്ടി കരുതിവെച്ചിരിക്കുന്ന നന്മകൾ തട്ടിയെടുക്കുവാൻ ആർക്കും കഴിയുകയില്ല. എളുപ്പവഴിയിലൂടെ അവ കൈവശമാക്കുവാനും ആർക്കും സാധിക്കില്ല. അതിനായി കാത്തിരിക്കുകയാണ് വേണ്ടത്; ബദ്ധപ്പെടാതെ ക്ഷമയോടിരുന്നാൽ നിശ്ചയമായും അവ ലഭിക്കും, നമുക്കുള്ള അവകാശം / അവസരങ്ങൾ നമ്മെ തേടിവരും. വിശുദ്ധ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവഭക്തന്മാരുടെ ജീവിത അനുഭവങ്ങൾ നമ്മുടെ മുമ്പിൽ സാക്ഷ്യമായി ഉണ്ട്. അവയിൽ ചിലതു ഞാൻ ഓർമ്മിപ്പിക്കാം;
        മിസ്രയേമിലെ ഫറവോ രാജാവ് കണ്ട സ്വപ്നം വ്യഖ്യാനിക്കുവാൻ ആദ്യം അവസരം ലഭിച്ചത്, ആ രാജ്യത്തെ മന്ത്രവാദികൾക്കും മഷിനോട്ടക്കാർക്കും, മിസ്രയേമിലെ ജ്ഞാനികൾക്കുമായിരുന്നു. അവസാനം എന്തു സംഭവിച്ചു ? *സമയമായപ്പോൾ അവസരം യോസേഫിനെ തേടി വന്നു*. (ഉൽപ്പത്തി 41:8,14)


       നെബുഖദ്നേസർ രാജാവ് കണ്ട സ്വപ്നം വ്യാഖ്യാനിക്കുവാൻ ആദ്യം വിളിക്കപ്പെട്ടത് ദേശത്തിലെ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കൽദയരെയും ആയിരുന്നു. അവസാനം എന്തു സംഭവിച്ചു ? *ദാനിയേലിന്റെ സമയമായപ്പോൾ അവസരം ദാനിയേലിനെ തേടി ചെന്നു.* (ദാനിയേൽ 2:2,25)


       കർമ്മേൽ പർവ്വതത്തിൽ ഒരുക്കപ്പെട്ട യാഗപീഠത്തിൽ ബലി അർപ്പിക്കാൻ ആദ്യം അവസരം ലഭിച്ചത് ബാലിന്റെയും, അശേരാപ്രവാചകന്മാർക്കുമായിരുന്നു. അവർക്ക് സയവും അധികം ലഭിച്ചു. അവർ എണ്ണത്തിൽ കൂടുതലുമുണ്ടായിരുന്നു. അവസാനം എന്തു സംഭവിച്ചു ? *ഏലീയാവിന്റെ സമയം വന്നപ്പോൾ യഹോവയുടെ തീ ഇറങ്ങി ഏലീയാവിന്റെ ഹോമയാഗം ദഹിപ്പിച്ചു*. (1 രാജാ. 18:25,28)

      ഈ സന്ദേശം വായിക്കുന്ന പ്രിയരേ, ദൈവാത്മാവിൽ ഞാൻ ഒരു ആലോചന നിങ്ങളോടു പറയട്ടെ; ആദ്യം അവസരം ലഭിക്കുന്നതിലല്ല, ആളുകളുടെ എണ്ണത്തിലുമല്ല, ലോകത്തിന്റെ ജ്ഞാനത്താലുമല്ല, അധികാരത്തിന്റെ മുഷ്ടിയാലുമല്ല, കർത്താവിനായി, കർത്താവിന്റെ സമയത്തിനായി കാത്തിരിക്കുന്നവർക്ക് അതു ലഭിക്കും. അവരുടെ സമയം വരും, അവരുടെ അവസരം അവരെ തേടി എത്തും. (സഭാ പ്ര. 3:11) അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യും....
വിശ്വസിക്കുന്നവർക്ക് ഒരു 'ആമേൻ' പറയാമോ !
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*