നല്ല നോട്ടം

February-2023

ഗല്ലിയോൻ എന്ന ദേശാധിപതി അഖായനാടു വാഴുമ്പോൾ, യെഹൂദന്മാർ അപ്പൊ. പൌലൊസിനെ പിടിച്ച് ഗല്ലിയോന്റെ മുമ്പിൽ കൊണ്ടുവന്നു. ഇവൻ ന്യായപ്രമാണത്തിന് വിരോധമായി സംസാരിക്കുന്നു, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുന്നു എന്നൊക്കെയുള്ള കുറ്റങ്ങളാണ് വി. പൌലൊസിനെതിരെ ഇവർ ആരോപിക്കുന്നത്. എന്നാൽ ഗല്ലിയോൻ ആ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല. നിങ്ങടെ കാര്യം നിങ്ങ നോക്കിക്കോ എന്നാണ് ഗല്ലിയോൻ പറഞ്ഞത്. ഒരു ജാതീയനായ ഈ ഗല്ലിയോനുള്ള വകതിരിവുപോലും ഇന്നത്തെ, ദൈവമക്കൾ' എന്ന് അഭിമാനിക്കുന്ന ചിലർക്ക് ഇല്ലാതെ പോകുന്നല്ലോ എന്ന് തോന്നിപ്പോകുന്ന പ്രവർത്തികളാണ് ചിലരിൽ കാണുന്നത്. ആ വീട്ടിലെ കാര്യം, ആ സഭയിലെ കാര്യം, ആ സംഘടനയിലെ കാര്യം.. അവർ നോക്കിക്കോടെ, ഞാൻ എന്തിനാണ് കൊത്തിത്തിരിപ്പുണ്ടാക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകണം.


      എബ്രാ. 12:2 "വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.."

       ബുദ്ധിയുള്ള ഏതു മനുഷ്യനിലും കാണുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗ്യത, അവരുടെ നോട്ടത്തിന്റെ മേന്മയാണ്. കാര്യങ്ങൾ നോക്കിയും കണ്ടും ചെയ്യുന്നവൾ / ചെയ്യുന്നവൻ എന്ന് ചിലരെക്കുറിച്ച് പറയുവാനുള്ള കാരണവും അതാണ്. ഒരു ദൈവപൈതലിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്ന ഒരു പ്രധാന ഘടകവും അവരുടെ നോട്ടത്തിന്റെ പ്രത്യേകതയാണ് അഥവാ നല്ല നോട്ടമാണ്.
ചിലരുടെ നോട്ടത്തെക്കുറിച്ച് / പ്രത്യേകതകളെക്കുറിച്ച് പുതിയ നിയമ ബൈബിളിൽ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുള്ളത് (ചിലത്) ഇന്നു നമുക്കു പരിശോധിക്കാം.

1) തമ്മിൽ തമ്മിൽ നോക്കുക. യോഹന്നാൻ 13:22
തന്റെ ശിഷ്യന്മാരിൽ ഒരുവൻ തന്നെ കാണിച്ചുകൊടുക്കും എന്ന് യേശു പറഞ്ഞതുകേട്ടപ്പോൾ, യേശുവിന്റെ ശിഷ്യന്മാരിലുണ്ടായ ആദ്യ പ്രതികരണം ഇതായിരുന്നു. അവർ തമ്മിൽ തമ്മിൽ നോക്കി ആ നോട്ടത്തിന്റെ അർത്ഥം, നീയാണോ യേശുവിനെ കാണിച്ചു കൊടുക്കുന്നത് ? അതോ, അവനാണോ യേശുവിനെ കാണിച്ചു കൊടുക്കുന്നത് ? എന്നായിരുന്നു. അവരാരും ഒരു സ്വയം പരിശോധനയ്ക്ക് തയ്യാറായില്ല എന്നുള്ളതാണ് വാസ്തവം.
ഇന്നും അനേക വ്യക്തികളിൽ കാണുന്ന ഒരു സ്വഭാവമാണ് ഇത്. എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ, ആരെയെങ്കിലും സഹായിക്കേണ്ട സാഹചര്യമുണ്ടായാൽ, ഏതെങ്കിലും ഉത്തരവാദിത്തം എടുക്കേണ്ട സമയത്ത് അവർ തമ്മിൽ തമ്മിൽ നോക്കും.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട കാര്യം വന്നാൽ മക്കൾ തമ്മിൽ തമ്മിൽ നോക്കും,
ദൈവാലയത്തിന് സാമ്പത്തിക ആവശ്യം ഉണ്ടായാൽ വിശ്വാസികൾ തമ്മിൽ തമ്മിൽ നോക്കും....

2) തന്നേ താൻ നോക്കുക. അപ്പൊ. പ്ര. 18:15 (Look to yourselves, 2 യോഹ. 1:8)
പലപ്പോഴും പലരും ചെയ്യാൻ (മന:പൂർവ്വം) മറക്കാറുള്ള ഒരു കാര്യമാണ് ഇത്. മറ്റുള്ളവരുടെ കുറ്റവും കുറവുകളും, ശരിയും തെറ്റും, യോഗ്യതകളും അയോഗ്യതകളും തലനാരിഴ കീറി പരിശോധിക്കുന്ന ഇക്കൂട്ടർ സ്വന്തം കാര്യം / വേണ്ടപ്പെട്ടവരുടെ കാര്യം വരുമ്പോൾ കാലുമാറും (തകിടം മറിയും). ദൈവസഭയിലെ മുഖ്യാസനങ്ങളിലും ഇക്കൂട്ടർ ഉണ്ട് എന്നുള്ളതാണ് വേദനിപ്പിക്കുന്ന സത്യം.
ഗല്ലിയോൻ എന്ന ദേശാധിപതി അഖായനാടു വാഴുമ്പോൾ, യെഹൂദന്മാർ അപ്പൊ. പൌലൊസിനെ പിടിച്ച് ഗല്ലിയോന്റെ മുമ്പിൽ കൊണ്ടുവന്നു. ഇവൻ ന്യായപ്രമാണത്തിന് വിരോധമായി സംസാരിക്കുന്നു, യേശുവിന്റെ സുവിശേഷം പ്രസംഗിക്കുന്നു എന്നൊക്കെയുള്ള കുറ്റങ്ങളാണ് വി. പൌലൊസിനെതിരെ ഇവർ ആരോപിക്കുന്നത്. എന്നാൽ ഗല്ലിയോൻ ആ വിഷയത്തിൽ ഇടപെടാൻ തയ്യാറായില്ല. നിങ്ങടെ കാര്യം നിങ്ങ നോക്കിക്കോ എന്നാണ് ഗല്ലിയോൻ പറഞ്ഞത്. ഒരു ജാതീയനായ ഈ ഗല്ലിയോനുള്ള വകതിരിവുപോലും ഇന്നത്തെ, ദൈവമക്കൾ' എന്ന് അഭിമാനിക്കുന്ന ചിലർക്ക് ഇല്ലാതെ പോകുന്നല്ലോ എന്ന് തോന്നിപ്പോകുന്ന പ്രവർത്തികളാണ് ചിലരിൽ കാണുന്നത്.
ആ വീട്ടിലെ കാര്യം, ആ സഭയിലെ കാര്യം, ആ സംഘടനയിലെ കാര്യം.. അവർ നോക്കിക്കോടെ, ഞാൻ എന്തിനാണ് കൊത്തിത്തിരിപ്പുണ്ടാക്കുന്നത് എന്ന തിരിച്ചറിവ് ഉണ്ടാകണം.

3) ചുറ്റും നോക്കുക. മർക്കൊസ് 11:11
മർക്കൊസ് 3:5, 34, 9:8, 10:23 മുതലായ വചന ഭാഗങ്ങൾകൂടെ ചേർത്തു വായിക്കുമ്പോഴാണ്, ചുറ്റും നോക്കുക എന്ന ബൈബിൾ വചനത്തിന്റെ ശരിയായ അർത്ഥം നമുക്കു മനസ്സിലാകുകയുള്ളൂ. ആത്മഭാരത്തോടെ ചുറ്റും നോക്കുമ്പോൾ, വേദനിക്കുന്ന മനുഷ്യരുടെ ദു:ഖവും സങ്കടങ്ങളും കാണുവാൻ കഴിയും, കൂട്ടു സഹോദരന്റെ / സഹോദരിയുടെ ബുദ്ധിമുട്ടും അവസ്ഥകളും തിരിച്ചറിയുവാൻ കഴിയും. നശിച്ചുപോകുന്ന ആത്മാക്കളെക്കണ്ട് ദൈവസന്നിധിയിൽ കണ്ണുനീരൊഴുക്കുവാൻ കഴിയും.
ഈ ഒരു മനോഭാരത്തോടെ, യേശു നോക്കിയതുപോലെ നമ്മുടെ ചുറ്റും ഒന്നു നോക്കുവാൻ കഴിയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാം. ആ കൃപ ലഭിക്കേണ്ടതിനുവേണ്ടി കർത്താവിനോടു പ്രാർത്ഥിക്കാം.

4) കാറ്റു നോക്കുക. മത്തായി 14:30
രാത്രിയിലെ നാലാം യാമത്തിൽ യേശു കർത്താവ് കടലിന്മേൽ നടന്നു വരുന്നതുകണ്ട്, ശിഷ്യന്മാർ ആദ്യം ഭയന്നുപോയി എങ്കിലും, അത് യേശു ആണ് എന്നു തിരിച്ചറിഞ്ഞപ്പോൾ, കടലിൽ നടന്ന് കർത്താവിന്റെ അടുക്കൽ ചെല്ലണം എന്ന് പത്രൊസ് തന്റെ ആഗ്രഹം യേശുവിനോടു പറഞ്ഞതുകേട്ട്; വരിക, എന്നു പറഞ്ഞ് യേശു അവനെ വിളിച്ചു. അവൻ വെള്ളത്തിന്മേ നടന്നു എങ്കിലും, 'കാറ്റു കണ്ടു പേടിച്ചു' എന്നാണ് തിരുവചനത്തിൽ എഴുതിയിരിക്കുന്നത്.
പത്രൊസ് എന്തിനാണ് കാറ്റിനെ നോക്കിയത് ? യേശുവിനെ നോക്കേണ്ടവർ തങ്ങളുടെ നോട്ടം മാറ്റിയാൽ ഇങ്ങനെ സംഭവിക്കും, കാറ്റ് അവരെ ഭയപ്പെടുത്തും. വിശ്വാസ യാത്രയിൽ നമ്മെ ഭയപ്പെടുത്തുന്ന, ഈ കാറ്റിനു സമമായ നിരവധി കാര്യങ്ങൾ ഉണ്ടായി എന്നു വരാം. അവയിലേക്ക് നോക്കരുത്, എന്നുവെച്ചാൽ അവ ഒന്നും മുഖവിലയ്ക്ക് എടുക്കരുത് എന്നു സാരം. ജോലിയുടെ വിഷയമാകട്ടെ, ആരോഗ്യ വിഷയമാകട്ടെ, കുടുംബ വിഷയമാകട്ടെ, മക്കളുടെ വിഷയമാകട്ടെ, ഭാവി വിഷയമാകട്ടെ, യേശുവിന്റെ മുഖത്തുനിന്ന് നമ്മുടെ നോട്ടം ഒന്നുമാറിയാൽ അവ നമ്മെ ഭയപ്പെടുത്തും, മറിച്ച് നോട്ടം യേശുവിൽ ഉറച്ചുനിന്നാൽ, ഈ വിഷയങ്ങൾ ഒന്നും നമ്മെ ഭയപ്പെടുത്തുകയില്ല എന്നു മാത്രമല്ല, അവയുടെ മേൽ ജയാളികളായി നമ്മെ നടത്തുവാൻ കർത്താവ് ഇന്നും വിശ്വാസ്തനായി കൂടെഉണ്ട്. സ്തോത്രം !

5) സ്വർഗ്ഗത്തിലേക്ക് ഉറ്റുനോക്കുക. അപ്പൊ. പ്ര. 7:15
റോമർ 8:19 മുതലുള്ള വചനഭാഗങ്ങളും വായിക്കുമ്പോൾ ഒരു ദൈവപൈതലിന്റെ ഹൃദയത്തിൽ തുടിയ്ക്കുന്ന പ്രത്യാശ വ്യക്തമാകും. മടങ്ങിവരുമെന്നും, നമ്മെ ചേർത്തുകൊള്ളും എന്നും ഉറപ്പുപറഞ്ഞ് സ്വർഗ്ഗത്തിൽ കയറിപ്പോയ നമ്മുടെ കർത്താവായ യേശു ക്രിസ്തു, തന്റെ ദൂതസൈന്യത്തോടു കൂടെ മദ്ധ്യാകാശത്ത് പ്രത്യക്ഷനാകുന്ന നാളിന്നായി, നമ്മുടെ പ്രാണപ്രിയനെ മുഖാമുഖം കാണുവാൻ പോകുന്ന നാളിന്നായിതന്നെ കാത്തിരിക്കുന്ന നാം എത്ര ഭാഗ്യമുള്ളവരാണ്.
       ഈ പ്രതീക്ഷയോടു കുടെയിരിക്കുന്ന ഒരു ദൈവപൈതലിന് യേശുവിൽക്കൂടെ മാത്രമേ (ലോകത്തെ) മറ്റുള്ളവരെ കാണുവാൻ സാധിക്കുകയുള്ളൂ. അങ്ങനെ യേശുവിന്റെ കണ്ണുകളിൽക്കൂടി കാണുന്നവർക്ക്;
തങ്ങളെ ഉപദ്രവിച്ചവരോട് പ്രതികാരം ചെയ്യാൻ തോന്നില്ല, തങ്ങളെ എതിർക്കുന്നവരോട് വിദ്വേഷം ഉണ്ടാകുന്നില്ല, തങ്ങളെ അപമാനിക്കുന്നവരോട് കയ്പ് വരികയില്ല, സ്തോത്രം !


ഈ വചനങ്ങളാൽ ദൈവം നിങ്ങളുടെ ദിവസത്തെ അനുഗ്രഹിക്കുമാറാകട്ടെ,
പ്രാർത്ഥനാപൂർവ്വം..
ക്രിസ്തുവിൽ സ്നേഹത്തോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ

കുറിപ്പ്:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Join Our WhatsApp Group

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.