മത്തായി 5:9 "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും"
ഈ വചനത്തോട് ചേർത്ത് വായിക്കേണ്ട മറ്റൊരു തിരുവചനം യെശയ്യാവ് പ്രവചനത്തിൽ ദൈവാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്, (യെശ. 57:21) "ദുഷ്ടന്മാർക്കു സമാധാനം ഇല്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു".
സമാധാനം ഇല്ലാത്ത ഒരു ഇടത്ത് സമാധാനം ഉണ്ടാക്കുന്നവരാണ് ദൈവമക്കൾ; എന്നാൽ സമാധാനം ഉള്ള ഒരിടത്തെ സമാധാനം കളയുന്നവരാണ് ദുഷ്ടന്മാർ. ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭക്തന്മാരുടെ / പിതാക്കന്മാരുടെ ചരിത്രം നമുക്കു എന്നും പ്രചോദനമാണല്ലോ. അവർ വസിച്ച ദേശത്തും, കടന്നുചെന്ന ഭവനങ്ങളിലും സമാധാനം ഉണ്ടാക്കുന്നവർ എന്ന് അറിയപ്പെട്ടു.
ഒരിക്കൽ ഫറവോ രാജാവിന്റെ കൊട്ടാരത്തിന്റെ അരമനകളിൽ സമാധാനം നഷ്ടപ്പെട്ട ഒരു ദിവസമാണ് ദൈവം യോസേഫിനെ അവിടെ കൊണ്ടു ചെന്നത്. അവർ വ്യാകുലപ്പെട്ടിരുന്ന ദിവസം എന്നാണ് ആ ദിവസത്തെക്കുറിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് (ഉൽപ്പ. 41:8). എന്നാൽ ആ ദൈവഭക്തന്റെ കാലുകൾ രാജകൊട്ടാരത്തിൽ ചവിട്ടിയ ദിവസം അവിടെ സമാധാനം പിറന്നു; ആ ദേശത്ത് സമാധാനം വന്നു. ഏകദേശം പത്തുവർഷത്തിലധികം കാരാഗ്രഹത്തിൽ കിടന്നതിനുശേഷമാണ് യോസേഫ് രാജകൊട്ടാരത്തിൽ വന്നത് എന്നു നമ്മൾ ഓർക്കണം. എന്നിട്ടും ആ ദൈവഭക്തന്റെ സാന്നിധ്യം അവിടെ സമാധാനത്തെ ഉണ്ടാക്കിയതിനു കാരണം ആ ഹൃദയം ദൈവസമാധാനത്താൽ നിറഞ്ഞിരുന്നതുകൊണ്ടാണ്. ആ അനുഭവത്തെക്കുറിച്ച് പിന്നീട് ഫറവോ രാജാവ് പറഞ്ഞത് ഇപ്രകാരമാണ് തിരുവചനത്തിൽ എഴുതിയിരിക്കുന്നത്; "ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ?" (ഉൽപ്പ 41:38)
ക്രിസ്തുവിന്റെ സമാധാനത്താൽ ഹൃദയം കവിഞ്ഞിരിക്കുന്നവർ എവിടെ ചെന്നാലും ആ സമാധാനം പകർന്നുകൊടുക്കും, അവർ ദൈവത്തിന്റെ പുത്രന്മാർ എന്ന സാക്ഷ്യവും പ്രാപിക്കും. സ്തോത്രം !
എന്നാൽ ഇതിനു വിപരീതമായി മറ്റൊരു കൂട്ടരുണ്ട്, അവർ എവിടെ ചെന്നാലും അവിടുത്തെ ഉള്ള സമാധാനംകൂടെ കളയും. യെശ. 57:21 വാക്യത്തിൽ, (മുകളിൽ എഴുതിയിരിക്കുന്നതുപോലെ,) ഇക്കൂട്ടർക്ക് സമാധാനം ഇല്ല അതുകൊണ്ട് അവർക്ക് സമാധാനം കൊടുക്കാനും കഴിയില്ല. കാരണം, അവരുടെ ഹൃദയം ദുഷ്ടത നിറഞ്ഞിരിക്കുകയാണ്.
യാക്കോബ് 1:21 വാക്യത്തിൽ വായിക്കുന്നത്, ദുഷ്ടതയുടെ അഴുക്കു ഹൃദയത്തിൽ പുരണ്ടവർ ദൈവവചനം കൈക്കൊള്ളുന്നില്ല എന്നാണ്. ചുരുക്കത്തിൽപറഞ്ഞാൽ, ദൈവകൽപ്പന അനുസരിക്കാത്ത ഇക്കൂട്ടരെ വിളിക്കുന്ന മറ്റൊരു പേരാണ്, ദുഷ്ടന്മാർ. അവർ ചെന്നുകയറുന്നിടത്തു സമാധാനം പോകും.
ഒരിക്കൽ, നീനെവേയിലേക്ക് പോകണമെന്ന ദൈവകൽപ്പന അനുസരിക്കാത്ത ദുഷ്ടഹൃദയവുമായി ഒരു യോനാ കപ്പൽ കയറി തർശീശിലേക്ക് പുറപ്പെട്ടു, അതിന്റെ ഫലമായി കപ്പലിലുണ്ടായിരുന്നവരുടെ സമാധാനം പോയികിട്ടി, എന്നു മാത്രമല്ല അവരുടെ ജീവന്നുവരെ യോനെ ഒരു ഭീഷണിയായി മാറി എന്നാണ് തിരുവചനത്തിൽ വായിക്കുന്നത്. അവസാനം അവരുടെ അനർത്ഥത്തിന് ഒരേ ഒരു കാരണക്കാരൻ യോനെ ആണെന്ന് അവർ തിരിച്ചറിഞ്ഞു (യോനാ 1:7). പിന്നീട് ഉണ്ടായതെല്ലാം ബൈബിൾ ചരിത്രമാണല്ലോ !
സമാധാനം ഉണ്ടാക്കേണ്ട ദൈവപുത്രന്മാർ, സമാധാനം കളയുന്ന ദുഷ്ടന്മാരായി മാറരുത്.
ഇന്നു നമ്മൾ ആയിരിക്കുന്ന ഇടങ്ങളിൽ / പഠനത്തിൽ / ജോലികളിൽ / ബിസിനസ്സിൽ / ശുശ്രൂഷയിൽ സമാധാനം ഉണ്ടാക്കുന്നവർ എന്ന പേരിൽ നമ്മൾ അറിയപ്പെടട്ടെ, അങ്ങനെ യേശുവിന്റെ നാമം നമ്മിൽകൂടെ മഹത്വപ്പെടട്ടെ,
യോസേഫിനെപ്പോലെ ഒരു നല്ല സാക്ഷ്യം ഉള്ളവരായി ജീവിക്കുവാൻ ദൈവം നമുക്കു കൃപ തരേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്;
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ബ്രദർ (9424400654)
വചനമാരി (ഭോപ്പാൽ)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 700047704