ദൈവീക കരുതൽ

February-2023

Genuine concern, Truly Care, Genuinely cares, Sincerely care, Earnestly concerned, As much as Care, Really cares, Deep concern, 'പരമാർത്ഥമായ കരുതൽ' എന്ന മലയാള തർജ്ജമയ്ക്ക് പകരം മറ്റു ഇംഗ്ലീഷ് പരിഭാഷകളിൽ ഇൗ വാചകത്തിന് രേഖപ്പെടുത്തിയിരിക്കുന്ന പദങ്ങളാണ് ഇവ എല്ലാം. ദൈവീക കരുതലിന്റെ ആഴവും വീതിയും വർണ്ണിയ്ക്കുവാൻ സത്യത്തിൽ ഒരു ഭാഷാപദങ്ങൾക്കും കഴിയില്ല എന്നുള്ളതാണ് വാസ്തവം. പരമാർത്ഥമായ, ആത്മാർത്ഥമായ, സത്യസന്ധമായ കരുതലാണ് നമ്മുടെ കർത്താവിന്റെ കരുതൽ. വെറുംവാക്ക് പറയുകയോ, കളിവാക്ക് പറയുകയോ ചെയ്യുന്ന മനുഷ്യനല്ല, താൻ കൽപ്പിച്ചതു ചെയ്യുകയും, അരുളിച്ചെയ്യുന്നത് നിവർത്തിക്കുകയും ചെയ്യുന്ന മഹാ ദൈവമാണ് നമ്മുടെ ദൈവം (സംഖ്യ. 23:19)


     1 പത്രൊസ് 5:7 "അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ"
നമ്മൾ ഏറ്റവും അധികം വായിക്കാറുള്ള ഒരു അനുഗ്രഹ വാക്യമാണല്ലോ ഇത്. ദൈവാത്മാവ് ഈ ദിവസം ഇതേ വാക്യംതന്നെ പിന്നെയും
ഓർമ്മിപ്പിക്കുന്നതിന്റെ കാരണം, ചിലരുടെ ജീവിതത്തിൽ നിറവേറാൻ പോകുന്ന ദൈവപദ്ധതിയുടെ ഭാഗമായാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. സ്തോത്രം!
വിശുദ്ധ വേദപുസ്തകം ആദിയോടന്തം പരിശോധിക്കുമ്പോൾ പ്രധാനമായും ഏഴു വിധത്തിലുള്ള കരുതലുകളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ കഴിയും.
*1) ഭവനത്തിനുവേണ്ടിയുള്ള കരുതൽ*. ഉൽപ്പത്തി 30:30
ചില വീടുകളിൽനിന്ന് നമ്മൾ സ്ഥിരം കേൾക്കാറുള്ള ഒരു പരാതിയാണല്ലോ ഇത്. നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി കരുതുവാൻ ചിലർ മിടുക്കരാണ്. എന്നാൽ സ്വന്ത ഭവനത്തിനുവേണ്ടി കരുതുന്ന കാര്യത്തിൽ ഇക്കൂട്ടർക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. ഇതേ സാഹചര്യത്തിൽക്കൂടി കടന്നുപോയിട്ട്, അവസാനം കയ്പിന്റെ അനുഭവമുണ്ടായപ്പോൾ, വിവേകം വന്ന യാക്കോബ്, തന്റെ അമ്മാവിയിപ്പനായ ലാബാനോട് പറയുന്ന വാക്കുകളാണ് ഉൽപ്പ. 30:30 ൽ നമ്മൾ വായിക്കുന്നത്. വല്ലാതെ വൈകുന്നതിനുമുമ്പ് യാക്കോബിന് ആ ബോധം വന്നിട്ടും, ഏറെ വൈകിയിട്ടും ഇനിയും ആ ബുദ്ധി വരാതെ, വല്ലവർക്കുംവേണ്ടി കരുതിക്കൊണ്ട് നടക്കുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റുമുണ്ട്. സ്വന്തഭവനത്തിനുകൂടി വേണ്ടിയുള്ള ഒരു കരുതൽ ജീവിതത്തിൽ വേണമെന്ന ഒരു തിരിച്ചറിവ് ഇക്കൂട്ടർക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

*2) പ്രാണനുവേണ്ടിയുള്ള കരുതൽ*. ഇയ്യോബ് 9:21 (സങ്കീ. 142:4)
ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട കരുതലാണ് ഇത്. ഓരോരുത്തരും അവരവരുടെ പ്രാണനുവേണ്ടി കരുതിക്കൊള്ളണം. ദൈവം നമുക്കു തന്നിരിക്കുന്ന ഈ പ്രാണന്റെ (ജീവന്റെ) വില എത്ര വലിയതാണ് എന്ന് ബൈബിളിൽ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്;
"ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടു കൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? (മത്തായി 16:26)
ആകയാൽ, ദൈവം നമുക്കു തന്നിരിക്കുന്ന, സർവ്വലോകത്തേക്കാളും വിലയേറിയ ഈ ജീവനുവേണ്ടി നമ്മൾ ഏറെ കരുതലുള്ളവരായിരിക്കണം. നിത്യതയ്ക്കുവേണ്ടിയുള്ള ഒരു കരുതലാണ് അത്. പാപ പങ്കിലമായ ഈ ലോകത്ത് ജീവിക്കുമ്പോൾ, ലോകത്തിന്റെ പാപക്കറകൾ ഒന്നും ഏൽക്കാതവണ്ണം, നിർമ്മലതയോടെ ദൈവം തന്നിരിക്കുന്ന പ്രണനെ കരുതിക്കൊള്ളണം. യേശുക്രിസ്തുവിൽക്കൂടി ദൈവം ഒരുക്കിയിട്ടുള്ള പ്രാണന്റെ രക്ഷ അവകാശമാക്കിക്കൊള്ളണം. (യോഹ. 3:16)

*3) ഇന്നതെന്നുള്ള കരുതൽ*. മത്തായി 6:8
നമുക്കുവേണ്ടിയുള്ള ദൈവീക കരുതൽ എത്ര സ്ഷ്ടവും, വ്യക്തവുമാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ബൈബിൾ വചനം; 'നിങ്ങൾക്കു ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങൾ യാചിക്കുമ്മുമ്പേ നിങ്ങളുടെ (സ്വർഗ്ഗീയ) പിതാവു അറിയുന്നുവല്ലോ'
ആവശ്യമായത്, ആവശ്യസമയത്ത്, ആവശ്യംപോലെ തരുവാൻ നമ്മുടെ കർത്താവ് കരുതലുള്ളവനാണ്, ഈ സന്ദേശം വായിക്കുന്നസമയത്തെ നിങ്ങളുടെ ആവശ്യം ഇന്നതെന്നും നാഥനറിയാം. സ്തോത്രം!

*4) പരമാർത്ഥമായ കരുതൽ*. ഫിലി. 2:20
Genuine concern, Truly Care, Genuinely cares, Sincerely care, Earnestly concerned, As much as Care, Really cares, Deep concern, 'പരമാർത്ഥമായ കരുതൽ' എന്ന മലയാള തർജ്ജമയ്ക്ക് പകരം മറ്റു ഇംഗ്ലീഷ് പരിഭാഷകളിൽ ഇൗ വാചകത്തിന് രേഖപ്പെടുത്തിയിരിക്കുന്ന പദങ്ങളാണ് ഇവ എല്ലാം. ദൈവീക കരുതലിന്റെ ആഴവും വീതിയും വർണ്ണിയ്ക്കുവാൻ സത്യത്തിൽ ഒരു ഭാഷാപദങ്ങൾക്കും കഴിയില്ല എന്നുള്ളതാണ് വാസ്തവം. പരമാർത്ഥമായ, ആത്മാർത്ഥമായ, സത്യസന്ധമായ കരുതലാണ് നമ്മുടെ കർത്താവിന്റെ കരുതൽ.
വെറുംവാക്ക് പറയുകയോ, കളിവാക്ക് പറയുകയോ ചെയ്യുന്ന മനുഷ്യനല്ല, താൻ കൽപ്പിച്ചതു ചെയ്യുകയും, അരുളിച്ചെയ്യുന്നത് നിവർത്തിക്കുകയും ചെയ്യുന്ന മഹാ ദൈവമാണ് നമ്മുടെ ദൈവം (സംഖ്യ. 23:19).

*5) യോഗ്യമായത് കരുതൽ*. 2 കൊരി. 8:21
ദൈവവചന വീക്ഷണത്തിലുള്ള കരുതലിന്റെ മറ്റൊരു പ്രത്യേകതയാണ് ഇത്. ഓരോരുത്തർക്കും യോഗ്യമായത് കർത്താവ് മുൻകരുതുന്നു. പലപ്പോഴും മറ്റുള്ളവർക്കുവേണ്ടിയുള്ള ദൈവീക കരുതലിന്റെ കണക്കിടുപ്പ് നടത്തുന്ന നിരവധി ആളുകളെ നമ്മൾ കാണാറുണ്ടല്ലോ, തങ്ങൾക്കുവേണ്ടി ദൈവത്തിന് ഇത്രയേ കരുതലുള്ളോ എന്ന ചോദ്യവും ചോദിക്കുന്നവരും നിരവധിയാണ്. വാസ്തവത്തിൽ, ദൈവീക കരുതലിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ നാം യോഗ്യരാണോ എന്ന സ്വയം പരിശോധനയാണ് ഇക്കൂട്ടർ ചെയ്യേണ്ടത്. ആ യോഗ്യതയുടെ മാനദണ്ഡം, നമ്മുടെ ദൈവ ഭയ, ഭക്തി വിശ്വാസവും, കർത്താവിനോടുള്ള ആത്മാർത്ഥ സ്നേഹവുമാണ്. സ്തോത്രം!

*6) ചേർത്തുനിർത്തുന്ന കരുതൽ*. ഫിലി. 1:17
ദൈവീക കരുതലിന്റെ മറ്റൊരു മുഖമാണ് ഇത്. പ്രശ്നങ്ങൾ വരുമ്പോൾ, പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ, രോഗങ്ങൾ ബാധിക്കുമ്പോൾ, നഷ്ടങ്ങളുടെയും പ്രതിസന്ധികളുടെയും മദ്ധ്യത്തിൽ ഓടിഒളിക്കുന്ന ദൈവമല്ല, തീച്ചൂളയുടെ മദ്ധ്യത്തിലും ഇറങ്ങിവന്ന് നമ്മെ ചേർത്തുനിർത്തി പ്രശ്നങ്ങൾക്കു പരിഹാരം വരുത്തുന്ന, രോഗങ്ങൾ സൗഖ്യമാക്കുന്ന.... തമ്പുരാന്റെ കരുതൽ അനുഭവിക്കുവാൻ കൃപ ലഭിച്ച നാം എത്ര ഭാഗ്യമുള്ളവരാണ്.

*7) ഏറ്റവും നല്ലതായ കരുതൽ*. എബ്രാ. 11:40
മനുഷ്യർ മനുഷ്യർക്കുവേണ്ടി കരുതുന്നത് അവരവരുടെ (Capacity) നിലവാരത്തിനനുസരിച്ചാണല്ലോ. അപ്പൻ മക്കൾക്കുവേണ്ടി, രാജാവ് പ്രജകൾക്കുവേണ്ടി, പ്രസ്ഥാനം അംഗങ്ങൾക്കുവേണ്ടി, രാജ്യം ജനങ്ങൾക്കുവേണ്ടി... അവരവരുടെ ക്ഷമതയ്ക്കനുസരിച്ച് കരുതിവെയ്ക്കുന്നു. അങ്ങനെയെങ്കിൽ സ്വർഗ്ഗത്തിലെ ദൈവം തന്റെ മക്കൾക്കുവേണ്ടി കരുതുന്നതിലും ഈ രീതി പ്രകടമായിരിക്കും, സർവ്വശക്തനായ ദൈവം തന്റെ മക്കൾക്കുവേണ്ടി കരുതുന്നത്, സ്വർഗ്ഗത്തിലെ ധനത്തിനും, മാനത്തിനും അന്തസ്സിനും ചേർന്ന നിലവാരത്തിലായിരിക്കും. 1 കൊരി. 2:9, ഫിലി. 4:19

'ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല"

"എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും"
         സ്വർഗ്ഗത്തിലെ ദൈവം മാനവർക്കു നൽകിയ ഏറ്റവും വലിയധനം, അവിടുത്തെ പ്രിയപുത്രനായ യേശു ക്രിസ്തു ആണ്. അതിനു തുല്ല്യംവെക്കുവാൻ ഒന്നിനുമാകില്ല. പുത്രനെ നൽകിയതോടൊപ്പം, കൃപയാൽ നമുക്കു നൽകുന്ന അനുഗ്രഹങ്ങളാണ് മറ്റെല്ലാം. അതുകൊണ്ട് പുത്രനെ നേടിയാൽ അവ എല്ലാം ഏതൊരാൾക്കും സ്വന്തമാക്കാം. ദൈവപുത്രനായ യേശു ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട്, 'ദൈവീക കരുതലുകൾ';
*ഭവനത്തിനുവേണ്ടിയുള്ള കരുതൽ, പ്രാണനുവേണ്ടിയുള്ള കരുതൽ, ഇന്നതെന്നുള്ള കരുതൽ, പരമാർത്ഥമായ കരുതൽ, യോഗ്യമായത് കരുതൽ, ചേർത്തുനിർത്തുന്ന കരുതൽ, ഏറ്റവും നല്ലതായ കരുതൽ*...
ഇവ എല്ലാം പ്രാപിക്കുവാൻ ദൈവം നിങ്ങൾക്കു കൃപ തരേണ്ടതിനായി പ്രാർത്ഥിച്ചുകൊണ്ട്,

ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ബ്രദർ (9424400654)
വചനമാരി (ഭോപ്പാൽ)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 700047704

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ