സങ്കീർ. 2:12 "..നിങ്ങൾ *വഴിയിൽവച്ചു നശിക്കാതിരിപ്പാൻ* പുത്രനെ ചുംബിപ്പീൻ.."
വഴിയിൽ അപകടങ്ങൾ ഉണ്ടാകാം, ആപത്തുകൾ സംഭവിക്കാം, തടസ്സങ്ങൾ നേരിടാം.. അതുകൊണ്ട് സൂക്ഷിച്ചു പോകണം. നമ്മൾ ഒരു വഴിക്കു പോകാൻ ഇറങ്ങുമ്പോൾ മാതാപിതാക്കളും കുടുംബത്തിലെ പ്രായമായവരും ഒക്കെ പറയാറുള്ള ഈ സ്ഥിരം വാക്കുകൾ കേട്ട് കർത്താവിനോട് പ്രാർത്ഥിച്ച് യാത്രക്കിറങ്ങാറുള്ള അനുഭവങ്ങൾ ഉള്ളവരാണല്ലോ; ഇതേ കാര്യം നമ്മുടെ വിശ്വാസജീവിതയാത്രയുമായി ബന്ധപ്പെടുത്തി ഒന്നു
വിലയിരുത്തിയാൽ, നമുക്കു സംഭവിക്കാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചും അനർത്ഥങ്ങളെക്കുറിച്ചുമുള്ള നിരവധി മുന്നറിയിപ്പുകൾ ദൈവവചനത്തിൽ പരിശുദ്ധാത്മാവ് നൽകിയിരുന്നതായി കാണുവാൻ സാധിക്കും. അങ്ങനെ നമ്മുടെ ജീവിതവഴിത്താരയിൽവച്ചു ഉണ്ടാകാൻ സാധ്യതയുള്ള അനർത്ഥങ്ങളിൽ നമ്മൾ നശിച്ചുപോകാതിരിക്കേണ്ടതിന്നുള്ള മാർഗ്ഗമാണ് ഇവിടെ ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
നമ്മുടെ വിശ്വാസജീവിതയാത്രയിൽ ഉണ്ടാകാൻ സാധ്യതയുള്ള, വഴിയിൽ പതിയിരിക്കുന്ന, ദൈവവചനത്തിൽ മുന്നറിയിപ്പു നൽകിയിരിക്കുന്ന ഏഴു വിധത്തിലുള്ള അനർത്ഥങ്ങളെക്കുറിച്ച് ഞാൻ ഓർമ്മിപ്പിക്കാം;
*1) വഴിയിൽ നമ്മെ ഒടുക്കിക്കളവാൻ പതിയിരുപ്പുകാരുണ്ട്* (അപ്പൊ.പ്ര. 25:4 'വഴിയിൽ വെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിർത്തി..")
പതിയിരിപ്പുകാർ എന്നു പറഞ്ഞാൽ, തക്കം പാർത്തിരിക്കുന്നവരാണ്. പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടത്ത്, പ്രതീക്ഷിക്കാത്ത രീതിയിൽ ആക്രമിക്കുന്നവരാണ് പതിയിരിപ്പുകാർ. നമ്മുടെ ജീവിതത്തിൽ നമ്മുടെ പതനം ലാക്കാക്കി ഒളിവിടങ്ങളിൽ പതിയിരിക്കുന്ന ഇക്കൂട്ടരുണ്ടാകാം. നമ്മുടെ ബുദ്ധിക്കോ കണ്ണുകൾക്കോ ഇക്കൂട്ടരെ തിരിച്ചറിയാൻ കഴിഞ്ഞൂ എന്നു വരില്ല. നമ്മെ ചിരിച്ചു മയക്കി, നമ്മോട് ഹൃദ്യമായി ഇടപെട്ട്, നമ്മുടെ സങ്കടങ്ങളിൽ സഹാനുഭൂതി കാണിച്ച് ഒരു നിഴൽപോലെ നമ്മുടെ ഒപ്പം നടക്കുന്നവരുടെ ഉള്ളിൽ, നമ്മെ ഒടുക്കിക്കളയുവാൻ തക്കം പാർത്തിരിക്കുന്ന ഒരു പതിയിരുപ്പുകാരനുണ്ടാകാം. നമ്മുടെ മക്കളുടെ പുറകെ ഒരു പതിയിരിപ്പുകാരന്റെ കണ്ണുകളുണ്ടാകാം, നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ ഒരു ഒറ്റുകാരൻ കൂടിയിട്ടുണ്ടാകാം.
ദൈവവചനത്തിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ഈ പതിയിരിപ്പുകാരുടെ ലക്ഷ്യം നമ്മുടെ ഒടുക്കമാണ്, നമ്മുടെ തലമുറയുടെ ഇല്ലായ്മയാണ്. ഇവരിൽ നിന്ന് രക്ഷപ്പെടുവാൻ പുത്രനെ ചുംബിക്കുകയാണ് വേണ്ടത്. അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിൽ അഭയം പ്രാപിച്ചുകൊൾക. നമ്മുടെ ജീവിതയാത്രയിൽ ഒളിഞ്ഞിരിക്കുന്ന ഈ പതിയിരുപ്പുകാരിൽ നിന്ന് നമ്മെയും കുടുംബത്തെയും തലമുറകളെയും അവിടുന്ന് കാത്തുകൊള്ളും.
*2) വഴിയിൽ വെച്ചു നമുക്കു തളർച്ച ഉണ്ടാകാം* (മത്തായി 15:32, മർക്കൊസ് 8:3 '..അവർ വഴിയിൽ വെച്ചു തളർന്നുപോയേക്കും..")
യേശു കർത്താവിനോടൊപ്പം മൂന്നു നാളുകളായി ഉണ്ടായിരുന്ന ജനക്കൂട്ടത്തെക്കുറിച്ചുള്ള കർത്താവിന്റെ കരുതലാണ് ഈ വചനഭാഗത്ത് വ്യക്തമാകുന്നത്. അവർ മടങ്ങുംവഴി തളർന്നു പോകാതിരുപ്പാൻ അവർക്ക് ആഹാരം കൊടുത്ത് അവരെ പറഞ്ഞയക്കുവാൻ അവിടുന്ന് തീരുമാനിച്ചു.
തളർച്ച നമ്മുടെ ശരീരത്തിനു മാത്രമല്ലല്ലോ ഉള്ളത്, ഈ ആത്മീയ ജീവിതയാത്രയിൽ നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ തളർത്തുന്ന നിരവധി വിഷയങ്ങൾ ഉണ്ട്. നമ്മുടെ കുടുംബത്തിലെ വിഷയം, ആരോഗ്യ വിഷയം, ജോലി വിഷയം, വിവാഹ വിഷയം, സാമ്പത്തിക വിഷയം... ഇവ എല്ലാം കർത്താവിന് നല്ല നിശ്ചയമുണ്ട്,
മൂന്നു നാളായി മാത്രം യേശുവിനോടൊപ്പമുണ്ടായിരുന്നവരെക്കുറിച്ച് കർത്താവിന് ഇത്ര കരുതലുണ്ട് എങ്കിൽ, മൂന്നാഴ്ചയും, മൂന്നു മാസവും, മൂന്നു വർഷവും, മുപ്പതു വർഷവുമായിഒക്കെ യേശുവിനോടൊപ്പമിരിക്കുന്ന നമ്മുടെ കാര്യത്തിൽ കർത്താവിന് എത്ര കരുതലുണ്ടായിരിക്കും.
ആകയാൽ വഴിയിൽ നമ്മൾ തളർന്നു പോകാതിരിക്കേണ്ടതിന്നു ദൈവപുത്രനെ ചുംബിപ്പീൻ.
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 700047704