നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പീൻ

February-2023

കർത്താവ് എന്തുകൊണ്ടാണ് ഈ ചോദ്യം അവിടുത്തെ ശിഷ്യന്മാരോട്, രാത്രിയിൽ അവർ പാർക്കുന്നിടത്തുവെച്ച് രഹസ്യത്തിൽ ചോദിക്കാതെ, പട്ടാപ്പകൽ പൊതുവഴിയിൽവെച്ച് ചോദിച്ചത് ? തീർച്ചയായിട്ടും ഇതിനൊരു കാരണമുണ്ട്. അത് മറ്റൊന്നുമല്ല; *ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് നമ്മൾ രഹസ്യത്തിൽ പറയേണ്ടതല്ല, ഭയത്തോടും ശങ്കയോടും പറയേണ്ടതുമല്ല, ഒളിഞ്ഞും മറഞ്ഞും പറയേണ്ടതല്ല, അടക്കത്തിലും ഒതുക്കത്തിലും പറയേണ്ടതുമല്ല* ലജ്ജകൂടാതെ, സങ്കോചമില്ലാതെ, ഉറപ്പോടെ, ധൈര്യത്തോടെ ഈ ലോകത്തോട് നമ്മൾ ഉച്ചത്തിൽ പറയണം; 'നീ ക്രിസ്തു ആകുന്നു' ദൈവപുത്രനായ യേശു ക്രിസ്തു തന്നെ


     സങ്കീർ. 2:12 "..നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പീൻ.."
ഈ വിശുദ്ധ തിരുവെഴുത്തിനെ ആസ്പദമാക്കി, ഒരു ദൈവപൈതലിന്റെ വിശ്വാസജീവിതയാത്രയിൽ, വഴിയിൽവെച്ച് ഉണ്ടാകാൻ സാധ്യതയുള്ള ഏഴ് അനർത്ഥങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളായി നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ ധ്യാനസന്ദേശത്തിന്റെ അവസാനഭാഗം ഇന്ന് നമുക്കു ചിന്തിക്കാം;

*5) വഴിയിൽവെച്ചു അമാലേക്ക് ചെയ്തത്* (ആവർ. 25:17)
    ദൈവമക്കളുടെ വിശ്വാസ ജീവിതയാത്രയിൽ, അവരെ വഴിയിൽവെച്ച് നശിപ്പിക്കാൻ തക്കംനോക്കിയിരിക്കുന്ന ഒരു കൂട്ടരാണ് അമാലേക്യർ. യിസ്രായേൽ ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ച് അമാലേക്ക് അവരെ ആക്രമിച്ചു. 'അവരോടു ചെയ്തതിനെ ഞാൻ കുറിച്ചുവെച്ചിരിക്കുന്നു' എന്നാണ് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യ്തിരിക്കുന്നത് (1 ശമുവേൽ 15:2).
      സർവ്വശക്തനായ ദൈവംതമ്പുരാൻ കുറിച്ചുവെക്കുവാൻ തക്ക എന്തുകാര്യമാണ് ഇവർ വഴിയിൽവെച്ച് ദൈവജനത്തോട് ചെയ്തത് എന്ന് പുറപ്പാട് 17:8 മുതൽ വായിക്കുമ്പോൾ മനസ്സിലാകും.
*യിസ്രായേൽ ജനത്തെ വഴിയിൽവെച്ച് ആക്രമിച്ച ആദ്യത്തെ ജാതീയരായിരുന്നു അമാലേക്യർ*.
*ഒരു പ്രകോപനവും കൂടാതെയാണ് ഇവർ ദൈവജനത്തോട് യുദ്ധത്തിനു വന്നത്*.
*പുറപ്പാട് 24:20. അമാലേക്യർ ജാതികളിൽ മുമ്പൻ എന്നു എഴുതിയിരിക്കുന്നു. അതായത് ഏറ്റവും കേമന്മാരെയാണ് വഴിയിൽവെച്ച്  ദൈവജനത്തിന് നേരിടേണ്ടി വന്നത് എന്നു സാരം*.
       ഇതുപോലെ, നമ്മുടെ വിശ്വാസജീവിതയാത്രയിലും വഴിയിൽവെച്ച് അമാലേക്യർക്ക് സമമായി അപ്രതീക്ഷിതമായ നിരവധി തടസ്സങ്ങളും പോരാട്ടങ്ങളും നേരിടേണ്ടതായി വന്നേക്കാം. ഇന്ന് നമുക്ക് എതിരു നിൽക്കുന്നവർ നമ്മെക്കാൾ കേമന്മാരും മിടുക്കന്മാരും ആയേക്കാം. എങ്കിലും നാം ഭയപ്പെടേണ്ടതില്ല. കാരണം, 'അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും' (പുറ. 17:14) എന്ന വാഗ്ദത്തം ചെയ്ത കർത്താവ് നമ്മോടു കൂടെ ഉണ്ട്. അതുകൊണ്ട് ഇന്ന് തടസ്സമായി നിൽക്കുന്നവരെയും (നിൽക്കുന്നവയെയും) ദൈവം നീക്കിത്തരും. അമാലേക്ക് അവരുടെ സമന്മാർക്ക് ഒരു ഭീഷണി ആയെന്നുവരാം, അവരേക്കൾ ശ്രേഷ്ഠന്മാരെ തോൽപ്പിച്ച ചരിത്രം ഉള്ളവരും ആയിരിക്കാം, ബുദ്ധിയിലും സാമർത്ഥ്യത്തിലും മറ്റുള്ളവരേക്കാൾ ഒരുപടി മുമ്പിലുള്ളവരുമായിരിക്കാം. എന്നാൽ ഇവിടെ അവർ തോൽക്കാൻ കാരണം, അവരുടെ പോരാട്ടം ദൈവജനത്തോട് ആയിപ്പോയതുകൊണ്ടാണ്.
*ദൈവമക്കൾക്ക് എതിരു നിന്നാൽ ഒരു അമാലേക്കിനും ജയിക്ക സാധ്യമല്ല, കാരണം അവരെ മുടിച്ചുകളവാൻ പോന്നവൻ നമ്മോടു കൂടെ ഉണ്ട്*. സ്തോത്രം !

*6) വഴിയിൽവെച്ചു ബലം ക്ഷയിക്കും* (സങ്കീർ. 102:23)
      നമ്മുടെ സീയോൻ യാത്രാമധ്യത്തിൽ വഴിയിൽവെച്ച് സംഭവിക്കാവുന്ന മറ്റൊരു അപകടമാണ്, ബലക്ഷയം. ശരീരത്തിന്റെ ബലഹീനത മാത്രമല്ല, ആത്മീയ ബലക്ഷയമാണ് ഇന്ന് അനേകരെ ബാധിച്ചിരിക്കുന്നത്. തീഷ്ണതയോടെ ദൈവവേല ചെയ്തിരുന്നവർ, ശുഷ്കാന്തിയോടെ പ്രവർത്തിച്ചിരുന്നവർ എന്നൊക്കെയുള്ള തലക്കെട്ടുകളിൽ മാത്രം നമ്മൾ ഒതുങ്ങിപ്പോയോ എന്ന് ആത്മാർത്ഥമായ ഒരു സ്വയവിമർശനത്തിന് തയ്യാറാകണം. പ്രായം നമ്മുടെ ശരീരത്തെ ബലഹീനമാക്കി എന്നു വരാം, നമ്മുടെ കാഴ്ചയുടെ ശക്തി കുറച്ചെന്നു വരാം, നമ്മുടെ ഓർമ്മകളെ ബാധിച്ചെന്നു വരാം, അപ്പോഴും ഒരു ആത്മീയൻ പറയേണ്ടത്, (ജരാനരകൾ ബാധിച്ചപ്പോഴും) അപ്പോ.പൌലൊസ് പറഞ്ഞ വാക്കുകളായിരിക്കണം;
"എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു' (ഫിലി. 4:13)

*7) വഴിയിൽവെച്ച് പരീക്ഷ* (മർക്കൊസ് 8:27)
     വഴിയിൽവെച്ച് യേശു തന്റെ ശിഷ്യന്മാരോട് ചോദിക്കുന്ന പരമപ്രധാനമായ ഒരു ചോദ്യമാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. വാക്യം 29 'നിങ്ങൾ എന്നെ ആർ എന്നു പറയുന്നു ?'.
     ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്; കർത്താവ് എന്തുകൊണ്ടാണ് ഈ ചോദ്യം അവിടുത്തെ ശിഷ്യന്മാരോട്, രാത്രിയിൽ അവർ പാർക്കുന്നിടത്തുവെച്ച് രഹസ്യത്തിൽ ചോദിക്കാതെ, പട്ടാപ്പകൽ പൊതുവഴിയിൽവെച്ച് ചോദിച്ചത് ? തീർച്ചയായിട്ടും ഇതിനൊരു കാരണമുണ്ട്. അത് മറ്റൊന്നുമല്ല; *ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് നമ്മൾ രഹസ്യത്തിൽ പറയേണ്ടതല്ല, ഭയത്തോടും ശങ്കയോടും പറയേണ്ടതുമല്ല, ഒളിഞ്ഞും മറഞ്ഞും പറയേണ്ടതല്ല, അടക്കത്തിലും ഒതുക്കത്തിലും പറയേണ്ടതുമല്ല*
ലജ്ജകൂടാതെ, സങ്കോചമില്ലാതെ, ഉറപ്പോടെ, ധൈര്യത്തോടെ ഈ ലോകത്തോട് നമ്മൾ ഉച്ചത്തിൽ പറയണം;
'നീ ക്രിസ്തു ആകുന്നു' ദൈവപുത്രനായ യേശു ക്രിസ്തു തന്നെ, പാപികളായ മനുഷ്യരെ രക്ഷിക്കുവാൻ സ്വർല്ലോകം വെടിഞ്ഞ് ഭൂമിയിൽ ഇറങ്ങിവന്ന ദൈവപുത്രൻ നീ തന്നെ. ദൈവമായിരിക്കേ ദാസരൂപം എടുത്ത് മനുഷ്യസാദൃശ്യനായി ക്രൂശിൽ മരിക്കുവാൻ താഴ്മയോടെ ഇറങ്ങി വന്ന നമ്മുടെ രക്ഷകനും, വീണ്ടെടുപ്പുകാരനും അവൻ തന്നേ. ഹാലേലൂയ്യാ... സ്തോത്രം !

ആകയാൽ പ്രിയരേ, ഈ സീയോൻ യാത്രയിൽ വഴിയിൽവെച്ച് സംഭവിക്കാവുന്ന സകല അനർത്ഥങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും, ശത്രുക്കളിൽ നിന്നും ദോഷങ്ങളിൽ നിന്നും നമ്മൾ നശിച്ചുപോകാതിരിക്കുവാൻ ദൈവപുത്രനായ യേശു ക്രിസ്തുവിനെ ചുംബിക്കാം. ഒരിക്കൽക്കൂടി ആ വചനം നമ്മുടെ ഹൃദയത്തിൽ ഏറ്റെടുക്കാം;
".. *നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പീൻ* .."  സങ്കീർ. 2:12

*പ്രാർത്ഥനയോടെ*
ക്രിസ്തുവിൽ സ്നേഹപൂർവ്വം..
ഷൈജു ജോൺ (9424400654)
വചനമാരി (ഭോപ്പാൽ)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന്  കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. കൂടാതെ വചനമാരി മാസിക ലഭിക്കുവാൻ താൽപ്പര്യമുള്ളവർ നിങ്ങളുടെ വിലാസം അയച്ചുതരിക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 700047704   Our Address :
VACHANAMARI
82, SARVADARAM- C
KOLAR ROAD. P. O
BHOPAL- 462042, M. P

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*