സങ്കീർ. 23:1 *"യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല"*
സങ്കീർത്തന പുസ്തകത്തിലെ ഏറ്റവും മനോഹരമായ കീർത്തനമാണല്ലോ ദാവീദിനാൽ രചിക്കപ്പെട്ട 23 ാം സങ്കീർത്തനം. ഒന്നാം വാക്യത്തിൽ ദാവീദ് പാടുന്നത് തനിക്ക് ഒരു കാലത്തും മുട്ടുണ്ടാകയില്ല എന്നാണ്. *എനിക്കു മുട്ടില്ല* എന്നു പറയുന്നതും, *എനിക്കു മുട്ടുണ്ടാകയില്ല* എന്നു പറയുന്നതും തമ്മിൽ വളരെ അന്തരമുണ്ട്. ഇന്നത്തെ ദിവസത്തേക്കു വേണ്ടതു മാത്രമല്ല, ഭാവിയെക്കുറിച്ചുമുള്ള പ്രത്യാശയും ഉറപ്പുമാണ് ഈ വചനത്തിൽ നിന്ന് നമുക്കു ലഭിക്കുന്നത്. എനിക്കു ജോലിയുണ്ട്, എനിക്കു പണമുണ്ട്, എനിക്ക് വീടുണ്ട്, എന്റെ വീട്ടിൽ ആഹാരമുണ്ട്. ഇതെല്ലാം ഇന്നുണ്ട് ശരിയാണ്, പക്ഷേ നാളെ എന്താണ്? ഇവിടെയാണ് ദാവീദിന്റെ വാക്കുകളുടെ പ്രസക്തി നമ്മൾ കാണേണ്ടത്. *എനിക്ക് ഒരുനാളും മുട്ടുണ്ടാകയില്ല, കാരണം, യഹോവ എന്റെ ഇടയനാകുന്നു*.
നാളെയുക്കുറിച്ചുള്ള ചിന്തയും ആവലാതിയും മനുഷ്യർക്കുണ്ട്; എന്റെ കാര്യം എന്താകും? എന്റെ മക്കളുടെ ഭാവി എന്താകും? റിസൾട്ട് എന്താകും? വിധി എന്താകും? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് ദാവീദിന്റെ വാക്കുകളിൽ അടങ്ങിയിരിക്കുന്നത്, 'എനിക്കു മുട്ടുണ്ടാകയില്ല' നമ്മുടെ നാളെയുക്കുറിച്ചും ദൈവത്തിനു കരുതലുണ്ട്, സ്തോത്രം !
ന്യായാധിപന്മാർ 6:11,12 വാക്യങ്ങൾ വായിക്കുമ്പോൾ, യഹോവയുടെ ദൂതൻ വന്ന് ഗിദെയോനെ വിളിക്കുന്നതായി കാണാം. ആ സമയത്ത് ഗിദെയോൻ, 'മിദ്യാന്യരെ പേടിച്ച് അവരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവെച്ചു കോതമ്പു മെതിക്കുകയായിരുന്നു' എന്നാണ് 11 ാം വാക്യത്തിൽ വായിക്കുന്നത്. അങ്ങനെയുള്ള ഒരു പേടിത്തൊണ്ടനും, ഭീരുവും, ഒളിച്ചോടിയുമായ ഗിദെയോനെ ദൈവദൂതൻ സംബോധന ചെയ്യുന്നത്, *അല്ലയോ, പരാക്രമശാലിയേ*, (വാക്യം 12) എന്നാണ്. അവന്റെ കയ്യിലിരിപ്പും, സ്വഭാവവും, അവസ്ഥയും ഒക്കെ കണ്ടാൽ, അവനെ വിളിക്കേണ്ടത് 'അല്ലയോ ഭീരുവേ' എന്നായിരിക്കണം. എന്നാൽ യഹോവയുടെ ദൂതൻ അവനെ പരാക്രമശാലി എന്നു വിളിക്കുവാൻ കാരണമുണ്ട്, ദൂതന്റെ തുടർന്നുള്ള വാക്കുകളിൽ ആ കാരണം വ്യക്തമാണ്, *യഹോവ നിന്നോടു കൂടെ ഉണ്ട്*. ഇവിടെയാണ് ആ രഹസ്യം അടങ്ങിയിരിക്കുന്നത്. ദൈവം കൂടെ ഇല്ല എങ്കിൽ, നീ ഒരു ഭീരുവും കഴിവില്ലാത്തവനുമായിരിക്കാം, നീ ഒരു പരാജയവും പ്രാപ്തിയില്ലാത്തവളുമായിരിക്കാം, നീ ഒരു വിഡ്ഢിയും മണ്ടനുമായിരിക്കാം, നീ ഒരു വിക്കനും യോഗ്യതയില്ലാത്തവളുമായിരിക്കാം... നമുക്കു ചുറ്റും ഇന്ന് സകലവും പ്രതികൂലമായി തോന്നിയേക്കാം, രക്ഷപ്പെടാൻ ഒരു പഴുതുപോലും കാണുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു കൊണ്ടിരിക്കുകയായിരിക്കാം, നമ്മുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കി കുറവുകളും പോരായ്മകളും അറിഞ്ഞ് നമ്മുടെ നാളെയെക്കുറിച്ച് പദ്ധതി തയ്യാറാക്കുവാൻ ദൈവം വിശ്വസ്തനാണ്. നമ്മുടെ ഒഴിഞ്ഞ പേഴ്സും, ശൂന്യമായ ബാങ്കുബാലൻസും, മിനിമം യോഗ്യതയും, കഴിവില്ലായ്മയും ദൈവദൃഷ്ടിയിൽ ഒരു പ്രശ്നമല്ല. നമ്മുടെ നാളെയെക്കുറിച്ച് അവന്റെ മനസ്സിൽ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിശ്വസിക്കുന്നുവോ? സ്തോത്രം
ഗിദെയോന്റെ നാളെയെക്കണ്ടുകൊണ്ടായിരുന്നു ദൈവം അവന്നു പരാക്രമശാലി എന്ന പേരിട്ടത്. 'മിദ്യാന്യരെ പേടിച്ച് ഒളിച്ചിരുന്ന ഗിദെയോനിൽ ദൈവം കണ്ടത് ഒരു യുദ്ധവീരനെയായിരുന്നു. ന്യായാധി. 8:22 വചനത്തിൽ വായിക്കുന്നത്, ഏത് മിദ്യാന്യരെ പേടിച്ചായിരുന്നോ ഗിദെയോൻ ഒളിച്ചിരുന്നത്, അതേ മിദ്യാന്യരെ തോൽപ്പിക്കുവാനും അവരുടെ രാജാക്കന്മാരായ സേബഹിനെയും, സൽമുന്നയെയും കൊല്ലുവാനും ഗിദെയോന് സാധിച്ചു എന്നാണ്. കാരണം, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു.
പരിശുദ്ധാത്മാവിൽ വ്യക്തമായ ഒരു ആലോചനയാണ് ഈ സംഭവം ഇന്ന് നമുക്കു നൽകുന്നത്. ഗിദെയോൻ ഭയപ്പെട്ടിരുന്നവരെ ദൈവം അവന്റെ കയ്യിൽ ഏൽപ്പിച്ചതുപോലെ, ഇന്നു നമ്മുടെ ജീവിതത്തിലെ ഭയകാരണമായ സകലവിഷയങ്ങളിലും കർത്താവ് നമുക്കു ജയം നൽകും. കർത്താവ് നമ്മുടെ കൂടെകൂടിയാൽ നമ്മുടെ കുറവുകളെല്ലാം ചരിത്രമായി മാറും. സമ്പൂർണ്ണപരിവർത്തനം നമ്മളിൽ ഉണ്ടാകും. കുടുംബത്തിന് കൊള്ളാത്തവർ കുടുംബത്തിന്റെ അഭിമാനമായി മാറും, രോഗങ്ങൾ സൌഖ്യമായും, ശാപങ്ങൾ അല്പഗ്രഹമായും, താഴ്ചകൾ ഉയർച്ചകളായും, മരുഭൂമികൾ നീരുറവകളായും മാറും.
ആകയാൽ, ദാവീദിനെപ്പോലെ നമുക്കു പാടാം; 'യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല' *ആമേൻ*
പ്രാർത്ഥനയോടെ, മദ്ധ്യപ്രദേശിലെ സുവിശേഷവയലിൽ നിന്നും,
ഷൈജു ബ്രദർ, വചനമാരി(9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047