എബ്രായർ. 11:30
“*വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു*”
കനാൻ ദേശത്തു പ്രവേശിക്കുവാൻ യിസ്രായേൽ ജനത്തിനുമുമ്പിൽ അവസാന തടസ്സമായി നിന്ന മതിലായിരുന്നു യെരീഹോമതിൽ. മരുഭൂമിയിൽക്കൂടിയുള്ള അവരുടെ നീണ്ട യാത്രയുടെ അവസാനം, അവരുടെ മുമ്പിലായി കൈഎത്തും ദൂരത്ത് പാലും തേനും ഒഴുകുന്ന വാഗ്ദത്ത കനാൻ ദേശം; പക്ഷേ, ഇതാ തടസ്സമായി നിൽക്കുന്ന ഒരു വൻമതിൽ. ആ മതിലിന്റെ ഉറപ്പും വലിപ്പവും കണ്ടപ്പോൾ, തങ്ങളുടെ ഇതുവരെയുള്ള യാത്രാ വൃഥാവായിപ്പോയോ എന്നുപോലും തോന്നിപ്പോയ സാഹചര്യം.
നമ്മുടെ ജീവിതത്തിലും ഇതുപോലെ ഒരു സാഹചര്യത്തിനു മുമ്പിൽ എന്തുചെയ്യണമെന്നറിയാതെ തകർന്ന ഹൃദയവുമായി നിൽക്കേണ്ടിവരുന്ന അവസ്ഥകൾ ഉണ്ടാകാറില്ലേ?
ഉന്നതപഠനത്തിനായി വിദേശത്ത് പോകുവാൻ ആഗ്രഹിച്ച് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് ധാരാളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും കഴിഞ്ഞ മാസങ്ങളിൽ വചനമാരിയിലേക്ക് പ്രാർത്ഥനക്കായി വിളിച്ചുകൊണ്ടിരിക്കുന്നു. അവരിൽ ചില കുട്ടികൾ സങ്കടത്തോടെ പറഞ്ഞ ഒരു കാര്യം; ലഭിക്കുമെന്ന് വളരെ പ്രതീക്ഷയോടെ ഞാൻ കാത്തിരുന്ന എന്റെ വീസ അപേക്ഷ റിജക്ടായിപ്പോയി ബ്രദറേ, ഇനി ഞാൻ എന്തു ചെയ്യും? മാസങ്ങൾ നീണ്ട പ്രയത്നവും കാത്തിരിപ്പുമാണ് വൃഥാവായത്, കൂടാതെ സാമ്പത്തിക നഷ്ടവുമുണ്ടായി. മാതാപിതാക്കൾ എന്നോട് പറഞ്ഞത് ഇപ്രകാരമാണ്; ബ്രദറേ, ഞങ്ങളുടെ കുഞ്ഞ് വിദേശത്തുപോയി പഠിക്കുവാൻ ആഗ്രഹിച്ച് IELTS പരീക്ഷ പാസ്സായി, അപേക്ഷഫീസ് നൽകി വിദേശത്തെ കോളേജിൽ അപേക്ഷവെച്ചു, അവിടെ അഡ്മിഷൻ ലഭിച്ചു, കോളേജിലെ ഫീസടച്ചു, അവർ ആവശ്യപ്പെട്ടതുപോലെ വിദേശത്ത് അക്കൗണ്ടുതുടങ്ങി അതിൽ അവർ ആവശ്യപ്പെട്ടത്ര തുകയും നിക്ഷേപിച്ചു, അവർ പറഞ്ഞ സമയത്തിനുള്ളിൽതന്നെ പോലീസ് ക്ലിയറിംഗ് അടക്കമുള്ള സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഉണ്ടാക്കി, യാത്രക്കാവശ്യമായ മെഡിക്കൽ ചെയ്തു, ബാംഗ്ലൂരിൽപ്പോയി ബയോമെട്രിക് ചെയ്തു, വിമാന ടിക്കറ്റ് നിരക്ക് കൂടുമെന്നുകേട്ട് യാത്രാടിക്കറ്റും ബുക്കുചെയ്തു, ഇനി വീസ വന്നാൽ മതിയായിരുന്നു. പക്ഷേ വന്നത് വീസ റിജക്ട് ചെയ്തുകൊണ്ടുള്ള ഈ മെയിലാണ്. അവസാന കടമ്പ കടക്കാൻ കഴിഞ്ഞില്ല. ഞങ്ങടെ കുഞ്ഞിന് പോകാൻ സാധിക്കേണ്ടതിനായി പ്രാർത്ഥിക്കണേ.
അവസാന കടമ്പ യെരീഹോമതിലിനു സമമാണ്. ഉറപ്പും ബലവും ഉള്ളതാണ്, അതു കടക്കുക ദുഷ്കരവും പ്രയാസവുമാണ്. പക്ഷേ, ശത്രുവിന്റെ മതിൽ എത്ര ഉയരത്തിലാണെങ്കിലും, അതിനെ വിഴുങ്ങിക്കളയുവാൻ ഭൂമിയെ പിളർക്കുന്നവൻ നമ്മുടെ കൂടെ ഉണ്ട്, സ്തോത്രം!
യെരീഹോമതിലിനെ വീഴിക്കേണ്ടതിന് ഒരു ആയുധമേ ഉള്ളൂ, അത് വിശ്വാസമാണ്. വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് അവർ മതിലിനുചുറ്റും നടന്നത്. വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് അവർ ആർപ്പിട്ടത്. വിശ്വാസത്താൽ അവർ ജയഘോഷംമുഴക്കി. ദൈവം അവർക്ക് ജയം നൽകി.
എത്ര വൻമതിലുകളാണ് ഇന്ന് സാത്താൻ മുമ്പിൽ കെട്ടിപ്പൊക്കിയിരിക്കുന്നത്, മക്കളുടെ പഠനത്തിനുമുമ്പിൽ, ഭാവിക്കുമുമ്പിൽ, മകളുടെ വിവാഹത്തിനുമുമ്പിൽ, ജോലിക്കുമുമ്പിൽ, ബിസിനസ്സിനുമുമ്പിൽ, ആരോഗ്യത്തിനുമുമ്പിൽ; ഇവ ഒന്നും നമ്മുടെമാത്രം ശക്തിയും സ്വാധീനവും ഉപയോഗിച്ച് തകർക്കാവുന്നതല്ല. സാത്താൻ പണിതു വെച്ചിരിക്കുന്ന ഇൗ മതിൽ തകർക്കുവാൻ എത്ര പാഴ്ശ്രമങ്ങൾ നമ്മൾ ഇതിനകം നടത്തിക്കഴിഞ്ഞു. നിരാശയായിരുന്നല്ലോ ഫലം! എന്നാൽ ഇനി നിരാശപ്പെടേണ്ടി വരില്ല.
യെരീഹോമതിൽ അന്ന് അവരുടെ മുമ്പിൽ ഇടിഞ്ഞുവീണതുപോലെ, ഇന്ന് നമ്മുടെ മതിലുകളും ഇടിയും, അന്ന് ദൈവജനം വാഗ്ദത്ത ദേശത്ത് പ്രവേശിച്ചതുപോലെ, ഇന്ന് നമ്മൾ വാഗ്ദത്തങ്ങൾ പ്രാപിക്കും. കർത്താവിൽ വിശ്വസിക്ക, കർത്താവിനോട് പ്രാർത്ഥിക്ക, പ്രത്യാശയോടിരിക്ക.
എബ്രായർ. 11:30 “വിശ്വാസത്താൽ .. യെരീഹോമതിൽ ഇടിഞ്ഞുവീണു”
ഈ വചനം സത്യമാണ്. *ആമേൻ*
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047