പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക്

March-2023

ഈ നാളുകളില്‍ ഏറെ കരുതലോടെ ഇരിക്കണം, വല്ലാത്ത ഒരു കാലമാണ് ഇത്, തലമുറയ്ക്കുവേണ്ടി ദൈവസന്നിധിയില്‍ ഇടുവില്‍ നിന്ന് കരഞ്ഞുപ്രാര്‍ത്ഥിച്ചെങ്കില്‍ മാത്രമേ ശത്രുവിന്‍റെ തന്ത്രങ്ങളെ പരാജയപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. 1 രാജാ. 3:19 വചനഭാഗത്തുനിന്ന് നമ്മള്‍ തിരിച്ചറിയേണ്ട ഒരു പൊരുള്‍ ഞാന്‍ പറയട്ടെ, ഈ ദിവസങ്ങളില്‍ നമ്മള്‍ ബോധമില്ലാതെ കിടന്നുറങ്ങിയാല്‍ നമ്മുടെ മക്കള്‍ നഷ്ടപ്പെട്ടുപോകും. ആകയാല്‍ നമുക്ക് എഴുന്നേറ്റിരിക്കാം (ഉണര്‍ന്നിരിക്കാം) തലമുറയ്ക്കായ് കരുതാം


പരീക്ഷ എഴുതുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് വചനമാരിയിൽ നിന്ന് നിഷ സഹോദരിയുടെ ഒരു കത്ത്
       '...*ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു*' എന്നരുളിച്ചെയ്ത യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ സ്നേഹ വന്ദനങ്ങള്‍ അറിയിക്കുന്നു.
സ്കൂള്‍ വാര്‍ഷിക പരീക്ഷയാണല്ലോ, ഈ സമയത്ത്‌ ഒരു പരിധിവരെ മക്കളെക്കാള്‍ കൂടുതല്‍ ടെന്‍ഷനും ആധിയും നമ്മൾ അമ്മമാര്‍ക്കാണ് കൂടുതല്‍ ഉണ്ടാകാറുള്ളത്. ഈ ദിവസങ്ങളില്‍ ശരിയായി ഉറങ്ങാന്‍ പോലും കഴിയാറില്ല എന്ന് പല അമ്മമാരും പറയാറുണ്ട്.
     എന്നാല്‍ നമ്മുടെ ടെന്‍ഷനും ഭയവും ആധിയും ഒക്കെ മാറ്റിവെച്ച് ഈ ദിവസങ്ങളില്‍ കൂടുതല്‍ ധൈര്യപ്പെടുകയും മക്കളെ ധൈര്യപ്പെടുത്തുകയുമാണ് വേണ്ടത്. യോഹന്നാന്‍ 16:33 വാക്യത്തില്‍ നമ്മുടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്, (*ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു*), *ധൈര്യവും ജയവും* തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്, ഈ വചനത്തിലും പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരിക്കുന്ന ഒരു മര്‍മ്മമാണ് (രഹസ്യമാണ്) അത്. (ഭയം തോല്‍വിക്കുള്ള മുന്നോടിയും ,ധൈര്യം ജയത്തിനുള്ള മുന്നോടിയുമാണ് എന്ന കാര്യം നമ്മള്‍ ഒരിക്കലും മറന്നു പോകരുത്).
പ്രത്യേകിച്ചും പരീക്ഷാ സമയങ്ങളില്‍ മക്കളില്‍ കാണുന്ന ഏറ്റവും ഗുരുതരമായ ഒരു പ്രശ്നമാണ് അവരുടെ ഭയം, അതു കാരണമായി ഉണ്ടാകുന്ന മറ്റു കാര്യങ്ങളാണ് ഓര്‍മ്മക്കുറവ് ശരീരക്ഷീണം (തലവേദന, വിറയല്‍, വിയര്‍ക്കല്‍ ഉറക്കമില്ലായ്മ... തുടങ്ങിയവ). അതുകൊണ്ട് ഇവയുടെ എല്ലാം മൂലകാരണമായ ആ ഭയത്തെയാണ് നമ്മള്‍ മക്കളില്‍ ഇല്ലാതാക്കേണ്ടത്.
എന്നാല്‍ പലവീടുകളിലും ഇന്ന് സംഭവിക്കുന്നത് ഇതിന് നേരെ വിപരീതമായ കാര്യങ്ങളാണ്, പരീക്ഷാ നാളുകളിലുള്ള മാതാപിതാക്കളുടെ (വീട്ടുകാരുടെ) വാക്കുകളും പെരുമാറ്റങ്ങളും അവരുടെ മക്കളിലുള്ള ഭയം വളര്‍ത്തുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട്,
*അമ്മമാരായ നമ്മള്‍ ഈ അവസരത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഞാന്‍ ഓര്‍മ്മപ്പെടുത്താം;* അനേക സഹോദരിമാര്‍ എന്നോട് പങ്കുവെച്ചിട്ടുള്ള സാക്ഷ്യങ്ങളുടെയും എന്‍റെ അനുഭവത്തിന്‍റെയും ഒക്കെ വെളിച്ചത്തിലാണ് ഈ കാര്യങ്ങള്‍ ഞാന്‍ കുറിയ്ക്കുന്നത്;

*1) പരീക്ഷാ സമയത്ത് മക്കളെ ശിക്ഷിക്കലും, ശാസിക്കലും പരമാവധി ഒഴിവാക്കുക* (അത് അവരുടെ മനസ്സിന്‍റെ സ്വസ്ഥത കുറയുവാന്‍ ഇടയാക്കും)

*2) മക്കളുടെ കുറവുകളോ പോരായ്മകളോ പറഞ്ഞ് അവരെ കുറ്റപ്പെടുത്തുകയോ, മറ്റു കുട്ടികളെ പുകഴ്ത്തിപ്പറഞ്ഞ് അവരെ പരിഹസിക്കുകയോ ചെയ്യരുത്*

*3) പരീക്ഷയില്‍ മക്കള്‍ തോറ്റുപോയാല്‍ അഥവാ മാര്‍ക്ക് കുറഞ്ഞുപോയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ പറഞ്ഞ് അവരില്‍ ഭീതി ജനിപ്പിക്കാതിരിക്കുക*

*4) പരീക്ഷാ സമയങ്ങളില്‍ കുട്ടികളില്‍ സാധാരണയായി കണ്ടുവരാറുള്ള അവരുടെ ദേഷ്യവും വാശികളും കണ്ട് അമിതമായി പ്രതികരിക്കാതിരിക്കുക*

*5) അവരുടെ ആഗ്രഹങ്ങളും നിര്‍ബ്ബന്ധങ്ങളും കഴിവതും സാധിപ്പിച്ചു കൊടുക്കുക*

*6) അവരുടെ സ്വസ്ഥമായ പഠനത്തിന് ഉതകുന്ന ഒരു അന്തരീക്ഷം വീട്ടില്‍ ഉണ്ടാക്കിക്കൊടുക്കുവാന്‍ ശ്രദ്ധിക്കുക*

*7) അവര്‍ ഇഷ്ടപ്പെടുന്ന ആഹാരവും മറ്റും ആവശ്യപ്പെടാതെതന്നെ ഉണ്ടാക്കികൊടുത്ത് അവരുടെ മനസ്സിനെ സന്തോഷിപ്പിച്ചാല്‍ അവരുടെ മാനസ്സിക സമ്മര്‍ദ്ദം കുറയും* (കൃത്യസമയത്ത് മിതമായ അളവില്‍ മാത്രം ആഹാരം കൊടുക്കുകയും ധാരാളം വെള്ളം കുടിപ്പിക്കുകയും വേണം)

*8) വീട്ടിലുള്ള പതിവ് ഫോണ്‍ വിളികള്‍ അതിഥി സന്ദര്‍ശന, പാര്‍ട്ടി സല്‍ക്കാരങ്ങള്‍ മുതലായവ പരമാവധി ഒഴിവാക്കുക*

*9) ടെലിവിഷന്‍ / മെഗാസീരിയല്‍ പരമ്പരകള്‍ക്ക് വീട്ടില്‍ അവധി കൊടുക്കുക*

*10) പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാപ്പിയും ചായയും കഴിവതും ഒഴിവാക്കി, കഴിയുമെങ്കില്‍ പഴവര്‍ഗ്ഗങ്ങള്‍ ചാറുകള്‍ / വെജിറ്റബിള്‍ സാലഡുകള്‍ / ഡ്രൈഫ്രൂട്സുകള്‍ നല്‍കുക*

*11) അവര്‍ക്ക് ആവശ്യമായ ഉറക്കവും വിശ്രമവും കൃത്യമായി ലഭിയ്ക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക*

*12) പരീക്ഷയ്ക്ക് പോകുമ്പോള്‍, ആവശ്യമായ (ഹോള്‍ ടിക്കറ്റ്) പേനകളും മറ്റു ഉപകരണങ്ങളും അവര്‍ എടുത്തിട്ടുണ്ട് എന്നുറപ്പാക്കുകയും, അവരെ വിജയം ആശംസിച്ച് സന്തോഷത്തോടെ അയക്കുകയും ചെയ്യുക*

*13) പരീക്ഷ കഴിഞ്ഞ് വരുമ്പോള്‍ അവരുടെ ചോദ്യപേപ്പര്‍ പരിശോധിച്ച് ഉത്തരങ്ങള്‍ എഴുതിയത് ചോദിച്ചറിഞ്ഞ് മാര്‍ക്ക് കൂട്ടിനോക്കുന്ന പതിവ് സമ്പ്രദായം അവസാനിപ്പിക്കുക* (എല്ലാ പരീക്ഷകളും കഴിഞ്ഞതിനുശേഷം മാത്രം അത് ചെയ്യുന്നതായിരിക്കും ഉചിതം, കാരണം എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പിന്നീട് അതിനെക്കുറിച്ചോര്‍ത്ത് വിഷമിക്കുവാനും അടുത്ത പരീക്ഷാവിഷയങ്ങള്‍ പഠിക്കുവാനുള്ള ശ്രദ്ധയും താല്‍പ്പര്യവും കുറയുവാനും അത് ഇടയാക്കും)

*14) പഠിക്കുന്ന സമയങ്ങളില്‍ അവര്‍ക്ക് ഉണ്ടാകാവുന്ന ചോദ്യങ്ങളും സംശയങ്ങളും മറ്റും ചോദിച്ചറിയുന്നതിനുവേണ്ടി, അതതു വിഷയങ്ങള്‍ എടുക്കുന്ന അധ്യാപകരുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങിച്ചുവെക്കുക* (പഠിക്കുന്ന സമയത്ത് ഒരു തവണയെങ്കിലും അവരെ ഒന്നുവിളിച്ച് സംസാരിക്കുന്നതും നല്ലതായിരിക്കും)

*15) സൈക്കിള്‍ / ബൈക്ക് മറ്റു വാഹനങ്ങള്‍ പരീക്ഷാ ദിവസങ്ങളില്‍ കഴിവതും മക്കള്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കാതിരിക്കുക*
https://m.facebook.com/story.php?story_fbid=
എന്‍റെ എളിയ ചിന്തകളില്‍ നിന്ന് കുറിച്ചിരിക്കുന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് നല്ലതും പ്രായോഗികമാണ് എന്ന് കരുതുന്നുണ്ട് എങ്കില്‍ മാത്രം പരിഗണിക്കുന്നതിനു വേണ്ടിയാണ്, എന്നാല്‍ *ഇനി ഞാന്‍ എഴുതുവാന്‍ പോകുന്ന കാര്യങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതും, നിങ്ങള്‍ നിര്‍ബ്ബന്ധമായി ചെയ്യേണ്ടവയുമാണ്.*
*1) മക്കളുടെ പരീക്ഷാദിവസങ്ങളില്‍ ഉള്ള നമ്മുടെ കുടുംബ പ്രാര്‍ത്ഥനകളില്‍ ദൈവം അവരെ സഹായിക്കുവാന്‍ വേണ്ടി അവരെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. ഒരു കാരണവശാലും കുടുംബ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കുകയോ, സമയം വെട്ടിച്ചുരുക്കുകയോ ചെയ്ത് മക്കള്‍ക്ക് പഠിക്കാനുള്ള സമയം കണ്ടെത്തരുത്.*. (ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും 1 ശമുവേല്‍ 2:30)

*2) മക്കളെ ദൈവവചനം വായിപ്പിക്കുകയും, അവ ധ്യാനിപ്പിക്കുകയും ചെയ്യണം. കാരണം അവരുടെ ഹൃദയത്തില്‍ നിന്ന് ആധിയും, ഭീതിയും, ഭയവും, പിരിമുറുക്കവും മറ്റും മാറുന്നത് (പുറത്താകുന്നത്) വചനം ഹൃദയത്തില്‍ നിറയുമ്പോഴാണ്. മാത്രമല്ല, അല്‍പബുദ്ധിയെയും ജ്ഞാനിയാക്കുന്നത് ദൈവത്തിന്‍റെ ജീവവചനങ്ങളാണ്* (സങ്കീര്‍. 19:7, യെശയ്യാവ് 54:13)

*3) മക്കളുടെ പരീക്ഷാദിവസങ്ങളില്‍ മാതാപിതാക്കള്‍ കഴിവതും ഉപവസിച്ച് പ്രാര്‍ത്ഥിക്കുക. അതിന് കഴിയുന്നില്ല എങ്കില്‍ അമ്മമാരെങ്കിലും അവര്‍ പരീക്ഷ കഴിഞ്ഞു വരുന്നതുവരെയെങ്കിലും ഉപവസിച്ച് പ്രാര്‍ത്ഥിക്കുക. അങ്ങനെയെങ്കില്‍ ശത്രുവായ സാത്താന്‍റെ തന്ത്രങ്ങള്‍ ഒന്നും ഫലിക്കയില്ല, ശത്രുവിന് അവരെ ഒന്നു തൊടുവാന്‍പോലും കഴിയില്ല* (മത്തായി 17:21 പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല)

*4) മക്കള്‍ പരീക്ഷയ്ക്ക് കൊണ്ടുപോകുന്ന പേനയും (പെന്‍സില്‍ ബോക്സും, മറ്റു ഉപകരണങ്ങളും) മാതാപിതാക്കള്‍ (അമ്മമാര്‍) അവര്‍ക്ക് പ്രാര്‍ത്ഥിച്ച് നല്‍കണം. നിങ്ങളുടെ ഒരു കൈയ്യില്‍ ബൈബിള്‍ എടുത്തുകൊണ്ട് അവ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം* (ആവര്‍ത്തനം 28:8 നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്‍പ്പിക്കും)

*5) അഭിഷക്തരായ ദൈവത്തിന്‍റെ ദാസീ/ദാസന്മാരോട് മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അപേക്ഷിക്കണം* (അഭിഷക്തരുടെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ വിലയേറിയതാണ് വെളിപ്പാട് 8:4, 1 രാജാക്ക. 18:30..39)

*6) മക്കള്‍ പരീക്ഷയ്ക്ക് പോകുമ്പോള്‍ അമ്മമാര്‍ അവരെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ച് അയക്കുകയും, പരീക്ഷ കഴിഞ്ഞ് അവര്‍ മടങ്ങി വരുമ്പോള്‍ ദൈവം അവരെ സഹായിച്ചതിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്യേണം* (1 ശമുവേ. 1:27, സങ്കീ. 66:19,20)

*7) മക്കള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കേണ്ടതിന്ന് അവര്‍ക്ക് കഴിക്കാന്‍ കൊടുക്കുന്ന ആഹാരവും, കുടിപ്പാന്‍ കൊടുക്കുന്ന വെള്ളവും പ്രാര്‍ത്ഥിച്ചു നല്‍കുക* (ദൈവം നമ്മുടെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും, രോഗങ്ങളെ അകറ്റിക്കളയും പുറപ്പാട് 23:25)

ഇനിയും ധാരാളം കാര്യങ്ങള്‍ എഴുതുവാന്‍ ഉണ്ടെങ്കിലും അത് മറ്റൊരവസരത്തില്‍ ആകാമെന്ന് കരുതുന്നു. എല്ലാത്തിന്‍റെയും ചുരുക്കം ഇതാണ്, നമ്മള്‍ സഹോദരിമാര്‍ ഈ നാളുകളില്‍ ഏറെ കരുതലോടെ ഇരിക്കണം, വല്ലാത്ത ഒരു കാലമാണ് ഇത്, തലമുറയ്ക്കുവേണ്ടി ദൈവസന്നിധിയില്‍ ഇടുവില്‍ നിന്ന് കരഞ്ഞുപ്രാര്‍ത്ഥിച്ചെങ്കില്‍ മാത്രമേ ശത്രുവിന്‍റെ തന്ത്രങ്ങളെ പരാജയപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. 1 രാജാ. 3:19 വചനഭാഗത്തുനിന്ന് നമ്മള്‍ തിരിച്ചറിയേണ്ട ഒരു പൊരുള്‍ ഞാന്‍ പറയട്ടെ, ഈ ദിവസങ്ങളില്‍ നമ്മള്‍ ബോധമില്ലാതെ കിടന്നുറങ്ങിയാല്‍ നമ്മുടെ മക്കള്‍ നഷ്ടപ്പെട്ടുപോകും. ആകയാല്‍ നമുക്ക് എഴുന്നേറ്റിരിക്കാം (ഉണര്‍ന്നിരിക്കാം) തലമുറയ്ക്കായ് കരുതാം

*ദൈവം അനുഗ്രഹിക്കട്ടെ,*
ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം... സഹോദരിമാര്‍ക്ക്,
നിഷ ഷൈജു(വചനമാരി,ഭോപ്പാല്‍) 7898211849

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ