ദൈവം തരുന്ന പ്രതിഫലങ്ങൾ

March-2023

ഈ വാക്യം നിങ്ങളുടെ ഹൃദയപലകയിൽ കുറിച്ചുകൊൾക, സങ്കീർ. 58:11 "ആകയാൽ: *നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും*' നമുക്കുവേണ്ടി ന്യായവിധിനടത്തുന്ന, നമ്മെ പ്രതിഫലംതന്ന് മാനിക്കുന്ന ഒരു പിതാവ് നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ ഉണ്ട് എന്ന് നമുക്കു ചുറ്റുമുള്ള ലോകമനുഷ്യർ പറയുമാറ് ദൈവപ്രവർത്തി നമ്മുടെ ജീവിതത്തിൽ വെളിപ്പെടും.


      എബ്രാ. 11:6 "എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ"
     ചെയ്യുന്ന ഒരു പ്രവർത്തിക്ക് ലഭിക്കുന്ന തക്കതായ കൂലി / വേതനം / അംഗീകാരം എന്നൊക്കെയാണ് പ്രതിഫലം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ചെയ്യുന്ന പ്രവർത്തിയുടെ കണക്കിനനുസരിച്ചാണ് ലഭിക്കുന്ന പ്രതിഫലത്തിന്റെ അളവും തൂക്കവും നിശ്ചയിക്കപ്പെടുന്നത്. ദൈവം മനുഷ്യർക്ക് തക്ക പ്രതിഫലം നൽകുമെന്ന് തിരുവചനത്തിൽ പല ആവർത്തി രേഖപ്പെടുത്തിയിട്ടുണ്ട്. ദുഷ്ടന്മാർക്കുള്ള പ്രതിഫലത്തെക്കുറിച്ചും, നീതിമാന്മാർക്കുള്ള പ്രതിഫലത്തെക്കുറിച്ചും, ഭൂമിയിൽ ലഭിക്കുന്നതും, നിത്യതയിൽ ലഭിക്കുന്നതുമായ പ്രതിഫലത്തെ സംബന്ധിച്ചുമെല്ലാം വേദപുസ്തകത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്.
വേല ചെയ്യുന്നവർക്ക് കൂലി നൽകുന്ന വിശ്വസ്തനായ യജമാനനാണ് സ്വർഗ്ഗത്തിൽ നമുക്കുള്ളത്. എന്നാൽ ഈ ലോകപ്രകാരമുള്ള കണക്കുകൂട്ടലല്ല ദൈവത്തിന്റെ അളവുകോൽ എന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു, റോമർ 4:3 'അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു (“Abraham believed God, and it was accounted (credited) to him for righteousness”) എന്നാണ് വചനത്തിൽ വായിക്കുന്നത്. അതായത്, വിശ്വാസത്തിന്റെ അളവുനോക്കിയാണ് ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ ഓരോരുത്തർക്കുമുള്ള പ്രതിഫലം നിശ്ചയിക്കപ്പെടുന്നത് എന്നർത്ഥം. ഉദാഹരണം; മത്തായി 15:28 "സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടം പോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴിക മുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു". ഈ കനാന്യസ്ത്രീയുടെ വിശ്വാസം അളന്നുനോക്കിയ കർത്താവ് അവളുടെ വിശ്വാസത്തിന് ഇട്ട മാർക്കാണ് 'വലിയ വിശ്വാസം' എന്ന്.
യേശുക്രിസ്തുവിലുള്ള വിശ്വാസം നിത്യജീവൻ എന്ന ശമ്പളത്തിന് (പ്രതിഫലത്തിന്) അർഹരാക്കുമ്പോൾ, പാപത്തിന്റെ ശമ്പളം (പ്രതിഫലം) നിത്യമരണമാണ് എന്നാണ് റോമർ 6:23 വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
     നീതിമാന് നീതിമാന്റെ പ്രതിഫലവും, അനീതി ചെയ്യുന്നവന്നു അതിന്റെ പ്രതിഫലവും ലഭിക്കുകതന്നെ ചെയ്യും.
ദൈവത്തെ അന്വേഷിക്കുന്ന നീതിമാന്മാർക്ക് ഈ ഭൂമിയിൽതന്നെ ദൈവം നൽകുന്ന നിരവധി പ്രതിഫലങ്ങളിൽ നിന്ന് പ്രധാനപ്പെട്ട ഏഴ് പ്രതിഫലങ്ങൾ വേദപുസ്തകത്തിൽ നിന്ന് ഇന്നു നമുക്ക് ചിന്തിക്കാം;


*1) ഉദര ഫലം എന്ന പ്രതിഫലം*; സങ്കീർ. 127:3 ("മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ")
ദൈവത്തെ സ്നേഹിക്കുന്ന നീതിമാന് ദൈവം നൽകുന്ന പ്രതിഫലമാണ് ഉദര ഫലം. അത് അവരുടെ അവകാശമാണ്, വിശ്വാസത്താൽ ദൈവസന്നിധിയിൽ നിന്ന് ആ പ്രതിഫലം കൈപ്പറ്റിയ നിരവധി ഭക്തന്മാരുടെ ചരിത്രം നമ്മുടെ മുമ്പിലുണ്ട്. വിശ്വാസം കൈവിടാതെ കാലങ്ങൾ കാത്തിരുന്ന് അവർ തങ്ങളുടെ പ്രതിഫലം നേടി.

*2) അവകാശം എന്ന പ്രതിഫലം*; കൊലൊ. 3:24 ("അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ")
ദൈവം തന്റെ മക്കൾക്കു നൽകുന്ന ഒരു പ്രതിഫലമാണ് / പാരിതോഷികമാണ് 'അവകാശം' (inheritance)
"നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ;.." എന്നാണ് റോമർ 8:17 വചനത്തിൽ എഴുതിയിരിക്കുന്നത് (എഫെ. 1:11 'അവനിൽ നാം അവകാശവും പ്രാപിച്ചു..'). ഈ അവകാശങ്ങൾ എന്തൊക്കെയാണ് എന്ന് തിരുവചനതാളുകളിൽ പരിശുദ്ധാത്മാവ് വിശദമായി എഴുതിവെച്ചിട്ടുണ്ട്. ഈ ലോകത്തിൽ ജനപ്രതിനിധികളായും മറ്റും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇത്രമാത്രം അവകാശങ്ങൾ (Rights) ഉണ്ടെങ്കിൽ, ഒരു ദൈവപൈതലിന്റെ അവകാശങ്ങൾ എത്ര അധികമായിരിക്കും. എഫെ. 1:18 ൽ അവകാശത്തിന്റെ മഹിമാധനം (The riches of the glory of his inheritance) എന്നാണ് എഴുതിയിരിക്കുന്നത്. ഈ അവകാശങ്ങളെല്ലാം നമുക്ക് അവകാശത്തിന്റെ അച്ചാരമായ പരിശുദ്ധാത്മാവിന്റെ മുദ്രയിട്ടു തന്നിരിക്കുന്നു എന്നാണ് എഫെ. 1:14 വാക്യത്തിൽ വായിക്കുന്നത്. സന്ദർഭവശാൽ അവയിൽ ചില അവകാശങ്ങൾ മാത്രം ഞാൻ ഓർമ്മപ്പെടുത്താം;
*നിത്യജീവൻ എന്ന അവകാശം* (തീത്തോ. 3:6, മത്തായി 19:29)
*പുത്രന്റെ അവകാശം* (ഗലാ. 4:7)
*വെളിച്ചത്തിലുള്ള അവകാശം* (കൊലൊ. 1:12)
*ദൈവരാജ്യം അവകാശം* (ഗലാ. 5:21.., മത്തായി 25:34)
*സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്ന, ക്ഷയം, മാലിന്ന്യം, വാട്ടം ഇല്ലാത്ത അവകാശം* (1 പത്രൊ. 1:4..)
*അബ്രാഹാമിന്റെ വാഗ്ദത്ത അവകാശം* (ഗലാ. 3:29)
*ജയിക്കുന്നവന്റെ അവകാശം* (വെളി. 21:7)
*ദൈവവാഗ്ദത്തങ്ങൾക്ക് അവകാശം* (എബ്രാ. 6:12,17)
*ദൈവദൂതന്മാരേക്കാൾ വിശിഷ്ടമായ നാമത്തിന് അവകാശം* (എബ്രാ. 1:4)
ഇതുപോലെ എഴുതുവാൻ, ഒരു ദൈവപൈതലിനുള്ള പ്രതിഫലമായി നിരവധി അവകാശങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

*3) തലമുറകൾക്ക് നല്ല ഭാവി എന്ന പ്രതിഫലം*; യിരെ. 31:16,17 ("..നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു. നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ടു; നിന്റെ മക്കൾ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു")
മക്കളുടെ ഭാവിയെ ഓർത്ത് ഹൃദയംനീറി ഇരിക്കുന്ന മാതാപിതാക്കൾക്കുള്ള വാഗ്ദത്തമാണ് ഇത്. കർത്താവിന്റെ മുഖം അന്വേഷിക്കുക, നീതിമാനായി ജീവിക്കുക, തലമുറകൾക്ക് ഒരു നല്ലഭാവി എന്ന പ്രതിഫലം ദൈവം തരും

*4) അഭിമാനിക്കത്തക്ക ഓഹരി എന്ന പ്രതിഫലം*; യെശ. 61:7 ("നാണത്തിന്നുപകരം നിങ്ങൾക്കു ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജെക്കു പകരം അവർ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവർ തങ്ങളുടെ ദേശത്തു ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവർക്കു ഉണ്ടാകും")
ഉല്പത്തി 14 അദ്ധ്യായത്തിന്റെ അവസാന വാക്യങ്ങളിൽ അബ്രാഹാം സോദോം രാജാവിനോട് പറയുന്ന വാക്കുകൾ സ്വർഗ്ഗത്തിലെ ദൈവം കേൾക്കുന്നുണ്ടായിരുന്നു,
("അതിന്നു അബ്രാം സൊദോംരാജാവിനോടുപറഞ്ഞതു: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തിസത്യം ചെയ്യുന്നു. ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ")
അബ്രാഹാമിന്റെ വാക്കുകൾ കേട്ട സ്വർഗ്ഗത്തിലെ ദൈവം അബ്രാഹാമിനോട് പറഞ്ഞത് ഇപ്രകാരമാണ്; " ..അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു" ഉല്പ. 15:1.
അടുത്തു നിൽക്കുന്നവരും കൂടെപ്പിറപ്പുകളും ഓഹരി നൽകുമ്പോൾ മാറ്റി നിർത്തുകയും അനീതി ചെയ്യുകയും, ലജ്ജിപ്പിക്കയും ചെയ്തെന്നു വരാം. അർഹിക്കുന്നതും അവകാശപ്പെട്ടതും തടഞ്ഞുവെച്ചു എന്നു വരാം. വിഷമിക്കേണ്ട, അഭിമാനിക്കത്തക്ക ഓഹരി തന്ന് നമ്മെ മാനിക്കുവാൻ വിശ്വസ്തനായവൻ സ്വർഗ്ഗത്തിലിരുന്ന് എല്ലാം കാണുന്നുണ്ട്, അറിയുന്നുമുണ്ട്. മാറ്റിനിർത്തിയവരുടെയും, അവഗണിച്ചവരുടെയും, ലജ്ജിപ്പിച്ചവരുടെയും മുമ്പിൽ അഭിമാനിക്കത്തക്ക ഓഹരി എന്ന പ്രതിഫലം തരുവാൻ ദൈവം ഇന്നും നീതിമാനാണ് സ്തോത്രം !

*5) കഷ്ടതകളിൽനിന്ന് രക്ഷിക്കും എന്ന പ്രതിഫലം*; യെശ. 35:4 ("മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ")
ദൈവത്തെ അന്വേഷിക്കുന്ന നീതിമാന്ന് സ്വർഗ്ഗം നൽകുന്ന പ്രതിഫലമാണ് ഇത്. അവരുടെ കഷ്ടതകളിൽ നിന്നും ദൈവം അവരെ വിടുവിക്കും. എത്ര പണമുണ്ടായാലും, സ്വാധീനമുണ്ടായാലും, ബലമുണ്ടായാലും രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ചില ഘട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. 'ദൈവം വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ല' എന്ന് ചിലർ അതിശയോക്തിയോടെ പറയാറുള്ളത് നമ്മൾ കേൾക്കാറില്ലേ? വിഷയത്തിന്റെ തീവ്രത ബോധ്യപ്പെടുത്താൻ മനുഷ്യർ പറയാറുള്ളതാണ് ഇത്. എന്നാൽ അതു ശരിയല്ല, ദൈവത്തിന് രക്ഷിക്കാൻ കഴിയാത്ത ഒരു കഷ്ടതയുമില്ല, കർത്താവിന് വിടുവിക്കാൻ കഴിയാത്ത ഒരു കുഴിയുമില്ല. സ്തോത്രം !

*6) പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലഭിക്കും എന്ന പ്രതിഫലം*; സദൃശ്യ. 23:18 ("ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല")
ആശയോടും ഏറെ പ്രതീക്ഷയോടുംകൂടെ കാത്തിരിക്കുന്ന ചില വിഷയങ്ങളോടുള്ള ബന്ധത്തിൽ ഇന്ന് പരിശുദ്ധാത്മാവ് നമുക്കു നൽകുന്ന ആലോചനയാണ് ഇത്. നമ്മുടെ പ്രത്യശയ്ക്ക് ഭംഗം വരുവാൻ കർത്താവ് സമ്മതിക്കില്ല. വാക്കു പറഞ്ഞവൻ മാറാത്തവനും, വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനുമാകകൊണ്ട് പ്രതിഫലം ലഭിക്കും നിശ്ചയം.

*7) ധനവും മാനവും ജീവനും എന്ന പ്രതിഫലം*; സദൃശ്യ. 22:4 ("താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു")
യഹോവഭക്തനായ നീതിമാൻ, ധനവും മാനവും ജീവനും എന്ന പ്രതിഫലത്തിന് അർഹനാണ്. ആരുടെയും പ്രതിഫലം തടഞ്ഞുവെക്കരുത് എന്ന് സർവ്വശക്തനായദൈവം യിസ്രായേൽ ജനത്തിന് പ്രമാണങ്ങൾ നൽകുമ്പോൾ അവരോട് പല ആവർത്തി അരുളിച്ചെയ്തിരിക്കുന്ന ഒരു കാര്യമാണ് (ലേവ്യ. 19:13, ആവർ. 24:14,15). ഇതുപോലെ കർശനമായ ഒരു പ്രമാണം തന്റെ ജനത്തിന് നൽകിയ സ്വർഗ്ഗത്തിലെ ദൈവം ആരുടെയും പ്രതിഫലം തടയുകയുമില്ല, വൈകിപ്പിക്കയുമില്ല.

എഫെ. 6:8 'ഓരോരുത്തൻ ചെയ്യുന്ന നന്മെക്കു കർത്താവിൽനിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങൾ അറിയുന്നുവല്ലോ".

മത്തായി 6:6 "നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും"

ഈ വചനങ്ങൾ ഓർത്തുകൊൾക, നന്മെ ചെയ്യാത്തവരും, ദൈവസന്നിധിയിൽ പ്രാർത്ഥിക്കാത്തവരും പ്രതിഫലത്തിനായി കൈനീട്ടിയിട്ട് പ്രയോജനമില്ല. എന്നാൽ നന്മെചെയ്യുന്നവരും, ദൈവമുമ്പാകെ കണ്ണുനീരോടെ പ്രാർത്ഥിക്കുന്നവരും പ്രതിഫലത്തിന് അർഹരാണ്.

ആകയാൽ പ്രിയരേ, ഈ പ്രതിഫലങ്ങൾ പ്രാപിക്കുവാൻ ഞാൻ യോഗ്യനാണോ എന്ന് ദൈവവചനത്തിന് മുമ്പാകെ ഒരു സ്വയപരിശോധന ചെയ്യാം. ജീവിതങ്ങളെ ഒരുക്കാം, നമുക്കുവേണ്ടി വാഗ്ദത്തം ചെയ്തിരിക്കുന്ന പ്രതിഫലങ്ങൾ അവകാശമാക്കാം. *ഈ വാക്യം നിങ്ങളുടെ ഹൃദയപലകയിൽ കുറിച്ചുകൊൾക, സങ്കീർ. 58:11
"ആകയാൽ: *നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും*'
നമുക്കുവേണ്ടി ന്യായവിധിനടത്തുന്ന, നമ്മെ പ്രതിഫലംതന്ന് മാനിക്കുന്ന ഒരു പിതാവ് നമുക്കുവേണ്ടി സ്വർഗ്ഗത്തിൽ ഉണ്ട് എന്ന് നമുക്കു ചുറ്റുമുള്ള ലോകമനുഷ്യർ പറയുമാറ് ദൈവപ്രവർത്തി നമ്മുടെ ജീവിതത്തിൽ വെളിപ്പെടും.
(ഉറ്റവർ സ്നേഹിതർ പറ്റം തിരിഞ്ഞു നിന്ന്
മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോൾ
പറ്റി ചേർന്നവൻ നില്ക്കുമേ ഒടുവിൽ
പക്ഷത്തു ചേർത്തീടുമേ)

ഒന്നുകൂടി എന്റെ വാക്കുകൾ ഞാൻ ആവർത്തിച്ച് എഴുതുന്നു, ഇന്ന് *ഈ ലോക മനുഷ്യർ കാൺകെതന്നെ, ദൈവം നമുക്കുവേണ്ടി ന്യായവിധിനടത്തുകയും, പ്രതിഫലംതന്ന് മാനിക്കയും ചെയ്യും*.

വിശ്വസിക്കുന്നവർക്ക് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുത്തുകൊണ്ട് '*ആമേൻ*' പറയാം
ദൈവം അനുഗ്രഹിക്കട്ടെ !
പ്രാർത്ഥനയോടെ, മദ്ധ്യപ്രദേശിലെ സുവിശേഷവയലിൽ നിന്നും,
ഷൈജു ബ്രദർ, വചനമാരി(9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

വചനമാരിയുടെ സുവിശേഷപ്രവർത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുവാൻ ആഗ്രഹിക്കുന്നവരുടെ അറിവിലേക്ക് ഞങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ കുറിക്കുന്നു;
Account Name: VACHANAMARI
Account Number: 13500100172414
Bank: FERERAL BANK, M.P. NAGAR, BHOPAL
Ifsc Code: FDRL0001350
ഞങ്ങളുടെ Google Pay Number: 9424400654
*Address:*
VACHANAMARI
82, SARVADARAM- C
KOLAR ROAD. P. O
BHOPAL- 462042, M. P.
Tags :
ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.