ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും

March-2023

ഇന്ന് നമ്മൾ ആയിരിക്കുന്ന ദേശത്തോ, സാഹചര്യങ്ങളിലോ ദുഷ്ടമൃഗങ്ങൾക്കു സമമായ വ്യക്തികളോ പോരാട്ടങ്ങളോ ഉണ്ടായെന്നുവരാം, നമ്മെ വെട്ടിവീഴ്ത്തുവാൻ (വെട്ടിനിരത്തുവാൻ) ലാക്കാക്കി വാളുകളുമായി നിൽക്കുന്നവരുണ്ടാകാം; ദൈവാത്മാവ് പറയുന്നു, അവരോട് സ്വയം പ്രതികരിക്കാതെ താഴ്മയോടിരിക്ക, ദൈവം അവരെ നീക്കിക്കളയും, ഒരു വാളിനും നിന്നെ വിട്ടുകൊടുക്കാതെ കർത്താവ് നിനക്ക് കാവലായി ഉണ്ടാകും


      ലേവ്യ 26:6 "ഞാൻ ദേശത്തു സമാധാനം തരും; *നിങ്ങൾ കിടക്കും*; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല"
       താഴ്മ (വിനയം, എളിമ) എന്ന സ്വഭാവത്തെക്കുറിക്കുന്ന പല വാക്കുകൾ വിശുദ്ധ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതായി നമുക്ക് കാണുവാൻ സാധിക്കും. അതിൽ ഒന്നാണ് 'കിടക്കുക' എന്ന പദം. പ്രത്യേകിച്ചും നമുക്കെല്ലാം വളരെ സുപരിചിതമായ 23 ാം സങ്കീർത്തനകാവ്യത്തിൽ ' *പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു*;' എന്നാണല്ലോ എഴുതിയിരിക്കുന്നത്. മറ്റുചില വാക്യങ്ങളിലും ആടുകൾ കിടക്കുന്നതിനെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഞാൻ ഓർമ്മിപ്പിക്കാം;

ഉത്തമഗീതം 1:7 " എന്റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു *കിടത്തുന്നതു* എവിടെ?"
യിരെ. 33:12 " ആടുകളെ കിടത്തുന്ന ഇടയന്മാർക്കും ഇനിയും മേച്ചൽപുറം ഉണ്ടാകും;'
യെഹെ. 34:15 "ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു"

       യഹോവ നല്ല ഇടയനായ ആടുകളുടെ ഒന്നാമത്തെ യോഗ്യതയാണ് ഇത്. ആ നല്ല ഇടയൻ കിടത്തുന്നിടത്ത് കിടക്കുക. '*കിടക്കുക*' എന്നാൽ നമ്മെത്തന്നെ താഴ്ത്തുക എന്നാണർത്ഥം. ആ താഴ്മയുള്ള ആടുകളെയാണ് നല്ല ഇടയൻ സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്ക് നീതിപാതകളിൽക്കൂടെ നടത്തുകയും, പ്രാണനെ തണുപ്പിക്കുകയും ഒക്കെ ചെയ്യുന്നത്.
     നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ പച്ചയായ പുല്പുറങ്ങളുടെ അനുഗ്രഹങ്ങൾ ദൈവം തരുമ്പോൾ, അവിടെ കിടക്കുന്നതിനു പകരം അഥവാ താഴ്മയോടെ ആയിരിക്കേണ്ടതിനു പകരം നിഗളിച്ചാൽ എന്തു സംഭവിക്കും? കണ്ണുനീർ താഴ്വരകളിലും, കൂരിരുൾ താഴ്വരകളിലും, മരണനിഴലിൻ താഴ്വരകളിലും നമ്മൾ ഭയപ്പെട്ടുപോകും, കാരണം, ഇടയൻ കൂടെ ഉണ്ടായിരിക്കില്ല.
       താഴ്മയും ഭയവും തമ്മിൽ ഒരിക്കലും ചേരുകയില്ല, കാരണം താഴ്മയുള്ളവർക്ക് ഭയമുണ്ടാകുന്നില്ല, എന്നാൽ നിഗളികൾക്കും അഹങ്കാരികൾക്കും ഭീതിയും ഭയവും ഒഴിഞ്ഞുമാറില്ല. കിടക്കുന്നവർക്ക് അഥവാ താഴ്മയുള്ളവർക്കാണ് സ്വസ്ഥതയും സമാധാനവും ഉണ്ടാകുന്നത്. അവരെ ആർക്കും ഭയപ്പെടുത്തുവാൻ കഴിയില്ല എന്നാണ് മുകളിൽ കുറിച്ചിരിക്കുന്ന വാക്യത്തിൽ കാണുന്നത് (ലേവ്യ 26:6). അവരുടെ ദേശത്ത് അവരെ ഭയപ്പെടുത്തുവാനും, ഇല്ലാതാക്കുവാനും പോന്ന ദുഷ്ടമൃഗങ്ങൾ ഉണ്ടായെന്നുവരാം, ശത്രുവിന്റെ വാൾ അവർക്കെതിരെ തിരിഞ്ഞെന്നു വരാം, എങ്കിലും നിങ്ങൾ കിടക്കുന്നവരാണ് എങ്കിൽ (നിങ്ങൾ താഴ്മയുള്ളവരാണ് എങ്കിൽ), ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു; ' ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല".

  ഒരിക്കൽക്കൂടെ എന്റെ വാക്കുകൾ ഞാൻ ആവർത്തിക്കാം, ഇന്ന് നമ്മൾ ആയിരിക്കുന്ന ദേശത്തോ, സാഹചര്യങ്ങളിലോ ദുഷ്ടമൃഗങ്ങൾക്കു സമമായ വ്യക്തികളോ പോരാട്ടങ്ങളോ ഉണ്ടായെന്നുവരാം, നമ്മെ വെട്ടിവീഴ്ത്തുവാൻ (വെട്ടിനിരത്തുവാൻ) ലാക്കാക്കി വാളുകളുമായി നിൽക്കുന്നവരുണ്ടാകാം; ദൈവാത്മാവ് പറയുന്നു, അവരോട് സ്വയം പ്രതികരിക്കാതെ താഴ്മയോടിരിക്ക, ദൈവം അവരെ നീക്കിക്കളയും, ഒരു വാളിനും നിന്നെ വിട്ടുകൊടുക്കാതെ കർത്താവ് നിനക്ക് കാവലായി ഉണ്ടാകും*.

വിശ്വസിക്കുന്നവർക്ക് ഈ വാഗ്ദത്ത സന്ദേശം ഏറ്റെടുത്തുകൊണ്ട് 'ആമേൻ' പറയാം
ദൈവം അനുഗ്രഹിക്കട്ടെ !

പ്രാർത്ഥനയോടെ, മദ്ധ്യപ്രദേശിലെ സുവിശേഷവയലിൽ നിന്നും,
ഷൈജു ബ്രദർ, വചനമാരി(9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താം

തെറ്റുകളും കുറവുകളും വീഴ്ചകളും ജീവിതത്തിൽ സംഭവിക്കാം, ദുരനുഭവങ്ങളും വിഷമഘട്ടങ്ങളും ജീവിതത്തിൽ നേരിടുമ്പോൾ മനസ്സ് പതറിപ്പോയി എന്നുവരാം, ജീവിതത്തിലെ ചില തോൽവികളും പരാജയങ്ങളും കാണുമ്പോൾ അവിശ്വാസത്തിൻ്റെ വാക്കുകൾ പറഞ്ഞുപോയി എന്നുവരാം.. എന്നാൽ അനർത്ഥനാളുകൾ വരുമ്പോൾ പിന്മാറിപ്പോകുകയല്ല ചെയ്യേണ്ടത്. നെബൂഖദ്നേസർ രാജാവ് ചെയ്തതുപോലെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തണം, കർത്താവിനെ സ്തുതിക്കണം, കർത്താവിൻ്റെ മഹത്ത്വം വർണ്ണിക്കണം, ആ സമയം അത്ഭുതങ്ങൾ സംഭവിക്കും, ജീവിത സാഹചര്യങ്ങൾ മാറും, നഷ്ടപ്പെട്ടവയും കൈമോശംവന്നവയുമെല്ലാം യഥാസ്ഥാനത്തു വരും.

എതിരെ നിന്നവരെക്കൊണ്ട് എതിരേൽപ്പിക്കുന്ന കർത്താവ്

ഈ ചോദ്യങ്ങൾക്കെല്ലാം എലീശാ കൊടുത്ത ഉത്തരമാണ് എനിക്കും പറയുവാനുള്ളൂ. നിങ്ങൾ മിണ്ടാതിരുന്ന് കണ്ടുകൊൾക, ആത്മാവിൻ്റെ ഇരട്ടി അഭിഷേകത്തോടെ എലീശാ മടങ്ങിവന്നതുപോലെ, എന്നെ കർത്താവ് മടക്കിവരുത്തും. അനേകായിരങ്ങൾ ക്രിസ്തുവിനെ അറിയുവാനും വിശ്വാസത്തിൽ ഉറക്കുവാനും, അനേകരുടെ ജീവിതത്തിൽ വിടുതലായി മാറുവാനും യേശു കർത്താവ് എന്നെ ഇരട്ടിയായി ഉപയോഗിക്കും. ഈ വിശ്വാസത്തിൽ നിന്നും, ഈ ഉറപ്പിൽ നിന്നും, ഈ വാഗ്ദത്തിൽ നിന്നും, ഈ പ്രത്യാശയിൽ നിന്നും എന്നെ പിന്തിരിപ്പിക്കുവാൻ ഒരു ചോദ്യത്തിനും, ഒരു വ്യക്തിയ്ക്കും, ഒരു ശക്തിക്കും കഴിയില്ല.