ഉല്പത്തി 22:5 "അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; *ഞാനും ബാലനും* അവിടത്തോളം ചെന്നു *ആരാധന കഴിച്ചു മടങ്ങിവരാം* എന്നു പറഞ്ഞു"
ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകളിൽ ലഭ്യമായ എല്ലാ ബൈബിൾ തർജ്ജമകളിലും ഞാൻ ഈ വാക്യം (ഉല്പത്തി 22:5) പരിശോധിച്ചു. എല്ലാ ബൈബിൾ വിവർത്തനങ്ങളിലും കാണുന്നത് ഒരേ അർത്ഥമാണ്, ഞാനും മകനും മടങ്ങിവരും എന്നുതന്നെയാണ് അബ്രാഹാം തന്റെ ബാല്യക്കാരോട് പറയുന്നത്. അപ്പോൾ ന്യായമായ ഒരു സംശയം; ഹോമയാഗം കഴിക്കാൻ കൊണ്ടുപോകുന്ന മകനെ എങ്ങനെ ജീവനോടെ മടക്കികൊണ്ടുവരാമെന്നാണ് അബ്രാഹാം പറയുന്നത് ?
വേദപുസ്തകത്തിലെ ആദ്യപുസ്തകമായ, ഉല്പത്തി അദ്ധ്യായം 22 ൽ രേഖപ്പെടുത്തിയിരിക്കുന്ന അബ്രാഹാമിന്റെ പരീക്ഷയെക്കുറിച്ച് നമുക്കെല്ലാം അറിയാമല്ലോ. തന്റെ ഏകജാതനായ മകനെ ഹോമയാഗം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ എതിർത്തൊന്നും പറയാതെ, യാതൊരു മടിയും കൂടാതെ, തന്റെ മകനെയും കൂട്ടി വീട്ടിൽനിന്ന് ഇറങ്ങിപുറപ്പെട്ടപ്പോൾ, ദൈവം തന്നെ പരീക്ഷിക്കയാണ് എന്ന് അബ്രാഹാമിന് അറിയില്ലായിരുന്നു.
എങ്കിലും ഒരു കാര്യം അബ്രാഹാമിന് നല്ല നിശ്ചയമുണ്ടായിരുന്നു, കൊണ്ടുപോകുന്ന മകനെ ഒരു പോറലുപോലും ഏൽക്കാതെ മടക്കിക്കൊണ്ടുവരുവാൻ കഴിയും എന്ന ഉറപ്പും വിശ്വാസവും ആയിരുന്നു അത്. അതുകൊണ്ടാണ് മോരിയാ മലയിൽ ചെന്നപ്പോൾ അബ്രാഹാം തന്റെ ബാല്യക്കാരോട്; നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞത്.
അതാണ് അബ്രാഹാമിന്റെ വിശ്വാസം. *മുൻവിധികളൊന്നും ഇല്ലാതെ ദൈവത്തെ പൂർണ്ണമായും വിശ്വസിച്ചു*.
തന്റെ മകനെ ഹോമയാഗം കഴിച്ചാൽ, ശേഷിക്കുന്ന ചാരം ഒരു പാത്രത്തിൽ കൊണ്ടുവരാമെന്ന് കരുതി, ഒഴിഞ്ഞ പാത്രവുമായല്ല അബ്രാഹാം മോരിയാ മലകയറിയത്. തന്റെ കൂടെകൊണ്ടുപോകുന്ന മകനെ കൊണ്ടുപോകുന്നതുപോലെതന്നെ മടക്കി കൊണ്ടുവരാമെന്ന് ഉറപ്പും വിശ്വാസവും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ടുതന്നെയാണ് അബ്രാഹാം മകനൊപ്പം ആ മല കയറിയത്. ഞാനും മകനും മടങ്ങിവരും എന്ന് അബ്രാഹാം തന്റെ ബാല്യക്കാരോട് ഉറപ്പോടെ പറയുവാനുണ്ടായ കാരണവും അതുതന്നെയാണ്.
ചില വ്യക്തികൾ ഈ കാര്യങ്ങളെ പല രീതികളിൽ വ്യാഖ്യാനിക്കുന്നതായി കാണാറുണ്ട്. അതിൽ ഒരു കൂട്ടർ പറയുന്നത്, യിസ്ഹാക്കിനെയാണ് ഹോമയാഗം അർപ്പിക്കാൻ കൊണ്ടുപോകുന്നത് എന്ന് അബ്രാഹാമിന്റെ ബാല്യക്കാർ അറിഞ്ഞാൽ, അവർ അബ്രാഹാമിനെ കീഴ്പ്പെടുത്തി മകനെ രക്ഷപ്പെടുത്തും എന്നുപേടിച്ചാണ്, 'ഞാനും മകനും മടങ്ങിവരും' എന്നു ബാല്യക്കാരോട് പറയുവാനുള്ള കാരണം എന്നാണ്.
അബ്രാഹാം തന്റെ മകനെയുംകൊണ്ട് വീട്ടിൽ നിന്ന് ഹോമയാഗത്തിന് പുറപ്പെടുമ്പോൾ ആ കാര്യം സാറായോട് പറയാതിരുന്നതിനു കാരണം, അമ്മയായ സാറാ അബ്രാഹാമിനെ തടയുമെന്ന് കരുതിയാണ് എന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.
മാനുഷിക ബുദ്ധിയിൽ ചിന്തിച്ചാൽ ഈ രണ്ടു വാദങ്ങളും ശരിയായിരിക്കാം. എന്നാൽ ഒരു ആത്മീയൻ കാണേണ്ടത് അബ്രാഹാമിലുള്ള അചഞ്ചലമായ വിശ്വാസത്തെയാണ്. ദൈവത്തെ ആരാധിച്ച് ആത്മസന്തോഷത്തോടെ മടങ്ങിവരാം എന്ന പ്രത്യാശ ഉണ്ടായിരുന്ന അബ്രാഹാമിനെയാണ്. സ്തോത്രം !
ഞാനും മകനും ആരാധന കഴിച്ചു മടങ്ങിവരാം എന്നാണ് അബ്രാഹാം തന്റെ ബാല്യക്കാരോട് പറയുന്നത്; *ദൈവത്തെ ആരാധിക്കാൻ പോകുന്നവരെ വിലാപത്തോടെയും സങ്കടത്തോടെയുംകൂടെ മടക്കി അയക്കുന്ന ഒരു ദൈവമല്ല നമ്മുടെ ദൈവം*,
അവർ ആശ്വാസത്തോടും പ്രത്യാശയോടുംകൂടെ മടങ്ങിവരും,
അവർ പുതിയ അഭിഷേകത്തോടും ശക്തിയോടുംകൂടെ മടങ്ങിവരും,
അവർ തപ്പോടും നൃത്തത്തോടുംകൂടെ മടങ്ങിവരും... ഹല്ലേലൂയ്യ !!!
ഈ വിശ്വാസം ഇന്ന് നമുക്കുണ്ടോ? നമ്മുടെ പരീക്ഷകൾ നമ്മെ തകർക്കുവാനോ, വീഴ്ത്തുവാനോ ഉള്ളതല്ല ഏറ്റവും ഉത്തമവും ശ്രേഷ്ഠവുമായത് നമ്മെ ഭരമേൽപ്പിക്കുവാൻ വേണ്ടിയാണത്. ഈ രോഗവും വേദനയും നമ്മെ ഇല്ലാതാക്കാൻ വേണ്ടിയുള്ളതല്ല, നമ്മെ പണിയുവാനും കൂടുതൽ ശോഭയോടെ നിറുത്തുന്നതിനും വേണ്ടിയാണ് ഇത്. ഈ നഷ്ടവും കുറവും നമ്മെ കെണിയിൽ പെടുത്തുന്നതിനുവേണ്ടിയല്ല, നമ്മെ ഉയിർത്തുന്നതിനും വളർത്തുന്നതിനും വേണ്ടിയുള്ളതാണ്...
റോമർ 8:28 " ..ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മക്കായി കൂടി വ്യാപരിക്കുന്നു.."
ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (വചനമാരി 9424400654)
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047