ലൂക്കൊസ് 24:6 (മത്തായി 28:6, മർക്കൊ. 16:6) "*അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു* ;.."
യേശുവിന്റെ ജീവനില്ലാത്ത ശരീരം കാണുവാൻ പോയ പ്രിയപ്പെട്ടവർക്ക് ഏറ്റവും ആശ്വാസമായ ഒരു വാർത്തയാണ് കേൾക്കുവാൻ ഇടയായത്. യേശു ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ദൈവത്തിന് മഹത്വം. എന്നാൽ അടുത്ത നിമിഷം ഒരു ചോദ്യം അവരെ കുഴക്കിക്കളഞ്ഞു 'അവൻ ഇവിടെ ഇല്ല, എങ്കിൽപിന്നെ അവൻ എവിടെ ആണ് ?'
ക്രൂശിൽ തറക്കപ്പെട്ട യേശുവിന്റെ ശരീരം, ആദരവോടുകൂടെ ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയ, ഒരു കല്ലറയിൽവെച്ച് അവന്റെ പ്രിയപ്പെട്ടവർ മടങ്ങിപ്പോയി. ശബ്ബത്തു കഴിഞ്ഞശേഷം, അതിരാവിലെ യേശുവിന്റെ കല്ലറയിൽ സുഗവർഗ്ഗവും പരിമളതൈലവുമായി അവർ ചെന്നപ്പോൾ കണ്ടത്, കല്ലറ അടച്ചുവെച്ചിരുന്ന കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതായാണ്, അകത്തുകടന്ന അവർ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല, പകരം മിന്നുന്ന വസ്ത്രങ്ങൾ ധരിച്ച രണ്ടു ദൂതന്മാർ നിൽക്കുന്നതാണ് കണ്ടത്. ആ ദൂതന്മാരാണ് അവരോട് 'യേശു അവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു..' എന്നു പറഞ്ഞത്.
ഒരു വ്യക്തിയെ കാണാനില്ല എന്നു മനസ്സിലായാൽ, സാധാരണയായി ആ വ്യക്തിയുടെ അടുപ്പക്കാരെല്ലാം ആദ്യം തിരയുന്നത് ആ വ്യക്തി പോകുവാൻ ഇടയുള്ള സ്ഥലങ്ങളിലാണ് അഥവാ ആ വ്യക്തിക്ക് പോകുവാൻ താല്പര്യമുണ്ടായിരുന്ന ഇടങ്ങളിലാണ്. യേശുവിന്റെ കാര്യത്തിലും ആ യുക്തിയോടെ കാര്യങ്ങൾ പരിശോധിച്ചാൽ എന്തായിരിക്കും ഫലം എന്നു നോക്കാം; യേശു പോകുവാൻ സാധ്യതയുള്ള ചില ഇടങ്ങൾ നമുക്കു പരിശോധിക്കാം;
*1)* യോഹ.11:7 വചനഭാഗം വായിക്കുമ്പോൾ, ഒരിക്കൽ യേശുവിനെ കാണാതെ അവന്റെ പ്രിയപ്പെട്ടവർ അവനെ അന്വേഷിച്ച് കണ്ടെത്തിയ ഒരു സംഭവം രേഖപ്പെടുത്തിയിരിക്കുന്നതു കാണാം ("അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.."). പിന്നീട് അവർ യേശുവിനെ കണ്ടെത്തിയത് ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരിക്കുന്നതായാണ് (വാക്യം 14).
*2)* മത്തായി 12:6 വചനഭാഗത്ത് 'അവൻ എവിടെ' എന്ന ചോദ്യത്തിനുള്ള മറ്റൊരു ഉത്തരം നമുക്കു വായിക്കുവാൻ കഴിയും ("എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്നു ഞാൻ നിങ്ങളോടു പറയുന്നു"). മത്തായി 18:20 വചനത്തിലും ഇതുതന്നെയാണ് നമ്മൾ വായിക്കുന്നത്, അവൻ അവരുടെ നടുവിൽ ഉണ്ട്.
*3)* യോഹന്നാൻ 11:21 വചനഭാഗത്ത് വായിക്കുന്നത്, യേശു മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ എത്തുന്നതായാണ്. അവരുടെ സഹോദരൻ ലാസർ മരിച്ചിട്ട് നാലു നാളുകൾ ആയിരുന്നു. യേശുവിനെ കണ്ടപ്പോൾ ആ രണ്ടു സഹോദരിമാരും പറഞ്ഞത് ഒരേ കാര്യമായിരുന്നു, "നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു"
*4)* യേശുകർത്താവ് ഏറ്റവും അധികം ഇരിക്കുവാൻ ആഗ്രഹിക്കുന്ന ഒരു ഇടത്തെക്കുറിച്ചാണ് യോഹന്നാൻ 6:3 വചനഭാഗത്ത് നമ്മൾ വായിക്കുന്നത്. തന്റെ ശിഷ്യന്മാരോടും ജനക്കൂട്ടത്തോടും ഒപ്പമിരുന്ന കർത്താവ് അവർക്ക് അപ്പവും മീനും വാഴ്ത്തി അനുഗ്രഹിച്ച് നൽകി.
*5)* മത്തായി 26:36, 38 വാക്യങ്ങൾ വായിക്കുമ്പോൾ, യേശു പോകുവാൻ സാധ്യതയുള്ള മറ്റൊരിടത്തെക്കുറിച്ച് കാണുവാൻ കഴിയും. ഗെത്ത്ശെമന എന്ന തോട്ടത്തിൽ പ്രാർത്ഥനക്കായി യേശുവും ശിഷ്യന്മാരും പതിവായി പോകുമായിരുന്നു (ലൂക്കൊ. 24:39...).
ഉയിർത്തെഴുന്നേറ്റ യേശു എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം, മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളിൽ നിന്ന് ഏറെക്കുറെ നമുക്ക് അനുമാനിച്ച് എടുക്കുവാൻ കഴിയും. ഒന്നുകൂടെ വ്യക്തമായി പറഞ്ഞാൽ;
1) രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് (മത്തായി 18:20) എന്നരുളിച്ചെയ്ത കർത്താവ് ഉയിർപ്പിന് ശേഷവും ആ വാക്ക് പാലിച്ചു. യോഹ. 20:19 "യേശു വന്നു നടുവിൽ നിന്നുകൊണ്ടു; നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു (ലൂക്കൊ. 24:36).
2) "നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു' എന്നു പറഞ്ഞ മറിയക്കുതന്നെ ഉയിർത്തെഴുന്നേറ്റ കർത്താവ് ആദ്യം പ്രത്യക്ഷനായി. മർക്കൊസ് 16:9
3) അഞ്ചപ്പവും രണ്ടു മീനും അനുഗ്രഹിച്ചു നൽകിയ കർത്താവ് ഉയിർപ്പിനുശേഷവും അതേ കരങ്ങൾകൊണ്ട് അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു. ലൂക്കൊസ് 24:൩൦
4) ഒരിക്കൽ യേശുവിനെ കാണാതെപോയപ്പോൾ, അവനെ കണ്ടെത്തിയത് ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരിക്കുന്നതായാണ് എങ്കിൽ ഉയിർത്തെഴുന്നേറ്റ യേശുവും തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചു കൊടുത്തുകൊണ്ടിരിക്കുന്നതായി കാണാം. ലൂക്കൊസ് 24:൨൭
5) ഗെത്ത്ശെമന തോട്ടത്തിൽ സ്വർഗ്ഗത്തിലേക്ക് കരങ്ങളുയർത്തി പ്രാർത്ഥനക്കായി മുട്ടുമടക്കിയ യേശുനാഥൻ ഉയിർപ്പിനുശേഷം ബെഥാന്യയിൽ നിന്നു കൈകളുയർത്തി തന്റെ പ്രിയപ്പെട്ടവരെ അനുഗ്രഹിക്കുന്നു. ലൂക്കൊ. 24:50
പ്രിയരേ, ഉയിർത്തെഴുന്നേറ്റ യേശു കർത്താവ് ഇന്നും നമ്മുടെ കൂടെ ഉണ്ട്.
നമ്മൾ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്ന, ആരാധനാലയത്തിൽ അവിടുത്തെ സാന്നിധ്യമുണ്ട്
യേശുവിന്റെ നാമത്തിൽ കൂടിവരുന്നവരുടെ മധ്യത്തിൽ അവിടുത്തെ സാന്നിധ്യമുണ്ട്.
നമ്മൾ ദു:ഖത്തിലും സങ്കടത്തിലും ഇരിക്കുമ്പോൾ, അസാധ്യമായത് നമുക്ക് സാധിപ്പിച്ചു തരുവാൻ അവൻ ഇന്നും നമ്മുടെ ഭവനം സന്ദർശിക്കുന്നുണ്ട്.
നമ്മുടെ ആവശ്യം കണ്ടറിഞ്ഞ് അപ്പവും മീനുമായി ഇന്നും അവൻ നമ്മുടെ അടുക്കൽ വരുന്നുണ്ട്
മുഴങ്കാലുകൾ മടക്കി ഹൃദയം നുറുങ്ങി നമ്മൾ പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹിക്കുന്ന യേശുവിന്റെ കരങ്ങൾ ഇന്നും നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്നുണ്ട്.
*ഉയിർപ്പിന്റെ സന്ദേശം ഇതാണ്;*
*അവൻ കല്ലറയിലില്ല; അവൻ നമ്മുടെ കൂടെ ഉണ്ട്* ഹല്ലേലൂയ്യാ.. സ്തോത്രം !!!
ഉയിർപ്പിന്റെ അനുഗ്രഹാശംസകളോടെ,
നിങ്ങളുടെ സഹോദരൻ
ഷൈജു ജോൺ (വചനമാരി,ഭോപ്പാൽ)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047