"..നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ *പുത്രനെ ചുംബിപ്പീൻ* .." സങ്കീർ. 2:12
ചില ആഴ്ചകൾക്ക് മുമ്പ് ഈ തിരുവചനത്തെ ആസ്പദമാക്കി, നമ്മുടെ വിശ്വാസജീവിതയാത്രയിൽ നമ്മെ നശിപ്പിക്കുവാൻ തക്കവണ്ണം വഴിയിൽ പതിയിരിക്കുന്ന / ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ദൈവവചനത്തിൽ നിന്ന് ഓർമ്മിപ്പിച്ചിരുന്നല്ലോ !
ഈ വചനത്തിന്റെ രണ്ടാം ഭാഗം *പുത്രനെ ചുംബിക്കുക* എന്ന വിഷയം ബൈബിൾ വെളിച്ചത്തിൽ നമുക്ക് ധ്യാനിക്കാം. പുത്രനെ ചുംബിപ്പീൻ എന്നു പറഞ്ഞാൽ അർത്ഥം; പുത്രനെ വന്ദനം ചെയ്യുക, പുത്രനിൽ ആശ്രയിക്കുക എന്നാണ്. പരസ്പരം ചുംബനം നൽകി വന്ദനം ചെയ്ക എന്നത് ഏറ്റവും ഉന്നത സംസ്കാരമായി കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പൊസ്തലന്മാർ തങ്ങളുടെ ലേഖനങ്ങളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്; "*വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ*. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു." (റോമർ 16:16, 1 കൊരി. 16:20, 2 കൊരി. 13:12 (വിശുദ്ധ ചുംബനം കൊണ്ടു അന്യോന്യം വന്ദനം ചെയ്വിൻ), 1 തെസ്സ. 5:26, 1 പത്രൊ. 5:14)
യേശു തന്റെ ഭവനത്തിൽ വന്നിട്ടും അവിടുത്തെ ചുംബനം നൽകി സ്വീകരിക്കാതിരുന്നപ്പോൾ, പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ വന്ന് യേശുവിന്റെ പാദം ചുംബിച്ച് അവിടുത്തെ ആദരിച്ചപ്പോൾ, യേശു പറഞ്ഞത് ഇപ്രകാരമായിരുന്നു; (ലൂക്കൊസ് 7:44..46)
"ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു. നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ *എന്റെ കാൽ ചുംബിച്ചു*. നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി."
ആ പാപിനിയായ സ്ത്രീ ചെയ്തതുപോലെ നമ്മൾ വഴിയിൽവെച്ച് നശിക്കാതിരിപ്പാൻ, യേശുവിന്റെ പാദം ചുംബിക്കണം. സ്തോത്രം !
*നമ്മൾ ചുംബിക്കാൻ (വന്ദിക്കുവാൻ പാടില്ലാത്ത 2 കാര്യങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്*.
*1)* 1 രാജാ. 19:18 "എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു."
(ബാൽ) വിഗ്രഹങ്ങളെ ചുംബിക്കരുത് / വന്ദനം ചെയ്യരുത് എന്ന ശക്തമായ താക്കീത് പരിശുദ്ധാത്മാവ് തിരുവചനത്തിൽ നൽകിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നവരെ ദൈവം തള്ളിക്കളഞ്ഞിരിക്കുന്നു. വിഗ്രഹത്തിന്റെ മുമ്പിൽ ഒന്നു കൈകൂപ്പുന്നതിൽ എന്താ കുഴപ്പം ? ഒന്നു തലവണക്കുന്നതിൽ എന്താ പ്രശ്നം ? എന്നു ചിന്തിക്കുന്ന നിരവധി ക്രിസ്താനികൾ ഇന്നുണ്ട്. അവർ ദൈവത്തിന്റെ കണക്കിൽ പുറത്താണ്, ദൈവം അവരെ എണ്ണത്തിൽ കൂട്ടിയിട്ടില്ല എന്നു ഓർത്തുകൊള്ളട്ടെ.
*2)* ഹോശേ. 13:2 "ഇപ്പോഴോ, അവർ അധികമധികം പാപം ചെയ്യുന്നു; അവർ വെള്ളികൊണ്ടു ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൌശലപ്പണിക്കാരുടെ പണിയത്രേ; അവയോടു അവർ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യർ കാളക്കിടാക്കളെ ചുംബിക്കുന്നു.
ജീവനുള്ള മൃഗങ്ങളെ ദൈവങ്ങളായി കരുതുകയും, അവയെ ചുംബിക്കുകയും / വണങ്ങുകയും ചെയ്യുന്നത് പാപമാണ് എന്നാണ് വചനം പറയുന്നത്.
*വണങ്ങേണ്ടത് യേശുവിനെ മാത്രം ! ചുംബിക്കേണ്ടത് യേശുവിന്റെ പാദങ്ങൾ മാത്രമായിരിക്കണം. എങ്കിൽ നമ്മൾ നശിച്ചുപോകില്ല*
ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
ഈ സന്ദേശത്തിന്റെ അടുത്ത ഭാഗങ്ങൾ (ചുംബനത്താൽ വന്ദനം ചെയ്ത ചിലരുടെ ചരിത്രം) തിരുവചനത്തിൽ നിന്നു അടുത്ത ദിവസങ്ങളിൽ നമുക്കു ധ്യാനിക്കാം.