സങ്കീർ. 2:12 "..നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പീൻ.."
ഈ വചനത്തെ അടിസ്ഥാനമാക്കി പുത്രനെ ചുംബിക്കുക അഥവാ പുത്രനെ വന്ദിക്കുക എന്ന വിഷയത്തെക്കുറിച്ചാണല്ലോ ദൈവവചനത്തിൽ നിന്ന് നമ്മൾ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്. പട്ടണത്തിലെ പാപിനിയായ സ്ത്രീ വന്ന് യേശുവിന്റെ പാദം ചുംബിച്ച് (ലൂക്കൊ. 7:38) പാപങ്ങൾ മോചിക്കപ്പെട്ടവളായി മടങ്ങിയപ്പോൾ, മൂന്നു വർഷത്തോളം യേശുവിന്റെ കൂടെ നിഴലായി നടന്ന്, ആ സ്നേഹത്തണലിലെ നന്മകൾ എല്ലാം അനുഭവിച്ച, ഒരു ശിഷ്യൻ ഇസ്ക്കാര്യോത്ത് യൂദാ, കർത്താവിനെ ഒരു ചുംബനംകൊണ്ടാണ് ശത്രുക്കൾക്ക് കാണിച്ചുകൊടുത്തത് (മത്തായി 26:49, മർക്കൊ. 14:45, ലൂക്കൊ. 22:47,48).
*ഇതുപോലെ കപടസ്നേഹം അഭിനയിച്ച് അവസാനം സ്നേഹചുംബനത്തിന്റെ വന്ദനം നൽകി, ചിലരുടെ ഹൃദയങ്ങളെ മുറിവേൽപ്പിച്ചവരുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, അവയിൽ ചിലത് ഞാൻ ഓർമ്മിപ്പിക്കാം*;
*1) ഇസ്ക്കാര്യോത്ത് യൂദായുടെ ഒറ്റുന്ന സ്നേഹചുംബനം*: മത്തായി 26:49, മർക്കൊ. 14:45, ലൂക്കൊ. 22:47,48
ഒരു കൂടെപ്പിറപ്പിനെപ്പോലെ കൂടെ നിർത്തി, മറ്റു ശിഷ്യന്മാർക്ക് നൽകാത്ത ഉത്തരവാദിത്തം നൽകി, മൂന്നിലധികം വർഷം കൂടെ നടന്നിട്ടും, അതിന്റെ ഒരു നന്ദിപോലും കാണിക്കാതെ, ഒരു ദയപോലും ഇല്ലാതെ, യേശുവിനെ ഒറ്റിക്കൊടുക്കലിന്റെ ചുംബനം നൽകിയ ഇസ്ക്കാര്യോത്ത് യൂദായുടെ ഗതി എന്തായി? ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നില്ലേ? എല്ലാ ഒറ്റിക്കൊടുക്കലുകാരുടെയും അവസാനം ഇതായിരിക്കും എന്ന് യൂദായുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
എന്നാൽ ഒരു വെങ്കൽ ഭരണി നിറച്ച് വിലയേറിയ തൈലം കൊണ്ടുവന്ന് യേശുവിന്റെ തലയിൽ ഒഴിച്ച് അവിടുത്തെ പാദം ചുംബിച്ച പാപിനിയായ സ്ത്രീയെക്കുറിച്ച് കർത്താവ് പറഞ്ഞത് ഇപ്രകാരമാണ് (മത്തായി 26:13);
"ലോകത്തിൽ എങ്ങും, ഇൗ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മക്കായി പ്രസ്താവിക്കും എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു."
തലമുറകൾക്ക് ഒരു കയ്പ്പുള്ള ഓർമ്മയായിട്ടല്ല, അഭിമാനിക്കത്തക്ക ഓർമ്മകൾ അവശേഷിപ്പിച്ചിട്ടുവേണം ഒരു ദൈവഭക്തൻ ഈ ലോകംവിട്ടുപോകേണ്ടത്.
*2) യാക്കോബിന്റെ ഉപായത്തിന്റെ സ്നേഹചുംബനം*: ഉൽപ്പ. 27:26
തന്റെ സഹോദരനായ ഏശാവിനു ലഭിക്കേണ്ട, പിതാവിന്റെ അനുഗ്രഹം, ഉപായത്തിൽ കൈക്കലാക്കുന്ന യാക്കോബ്, ഒരു സ്നേഹചുംബനം നൽകിക്കൊണ്ടായിരുന്നു ആ ദിവസം സ്വന്തപിതാവിനെ തെറ്റിദ്ധരിപ്പിച്ചത്. കാഴ്ചക്കുറവുണ്ടായിരുന്ന യിസ്ഹാക്കിനെ കോലാട്ടിൻകുട്ടിയുടെ രോമം അണിയിച്ച് മൂത്തമകനാണ് താൻ എന്നുപറഞ്ഞ് യാക്കോബിന് പറ്റിക്കാൻ കഴിഞ്ഞെങ്കിലും, സ്വർഗ്ഗത്തിലുരുന്ന് എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ദൈവത്തെ പറ്റിക്കാൻ കഴിഞ്ഞില്ല !
*അപ്പനെ പറ്റിച്ചവനെ ദൈവം അമ്മായിയപ്പന് ഏൽപ്പിച്ചുകൊടുത്തു*.
ഒന്നിനു പകരം പത്ത് എന്ന കണക്കുകൊണ്ട്, അമ്മായിയപ്പൻ യാക്കോബിനെ പറ്റിച്ചു. ഉൽപ്പത്തി 31:7,41 "നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തുപ്രാവശ്യം മാറ്റി..
വാക്യം 41
"ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറുസംവത്സരം നിന്റെ ആട്ടിൻകൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തുപ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി")
അപ്പനെ പറ്റിച്ച യാക്കോബിനെ അമ്മായിയപ്പൻ ഇരുപതുവർഷംകൊണ്ട് പത്തുപ്രാവശ്യം പറ്റിച്ചു. അതുംപോരാഞ്ഞ്, തന്റെ ഉപായത്താൽ ജ്യേഷ്ഠാവകാശം നഷ്ടപ്പെട്ട ഏശാവിന്റെ മുമ്പിൽ എത്തുന്നതിനു തൊട്ടുമുമ്പ് ദൈവം യാക്കോബിന് മുടന്തുവരുത്തി (ഉൽപ്പത്തി 32:31). അങ്ങനെ ഇരുപതുവർഷംമുമ്പ് രണ്ടുകാലും കൊണ്ട് ഓടിപ്പോയവനെ (ഉൽപ്പത്തി 27:43) ദൈവം മുടന്തനാക്കി സഹോദരന്റെ മുമ്പിൽ നിറുത്തി.
താൻ ഉപായത്തിന്റെ സ്നേഹചുംബനം നൽകി പറ്റിച്ച തന്റെ അപ്പനായ യിസ്ഹാക്കിനെ യാക്കോബ് അവസാനം കാണുന്നത് മാമ്രേയിൽ വെച്ചാണ് (ഉൽപ്പത്തി 35:27), അപ്പോഴും യാക്കോബിന് ദൈവം കൊടുത്ത ആ മുടന്ത് ഉണ്ടായിരുന്നു എന്നാണ് വേദപുസ്തക ജ്ഞാനികൾ പറയുന്നത്. എബ്രായർ 11:21, ഉൽപ്പത്തി 47:28..31 മുതലായ വാക്യങ്ങൾ വായിക്കുമ്പോൾ യാക്കോബ് ഒരു വടിയിൽ ചാരിനിൽക്കുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണുവാൻ കഴിയും (ഇത് ഒരു തർക്ക വിഷയമായതുകൊണ്ട് കൂടുതലായി ഞാൻ ഒന്നും എഴുതുന്നില്ല).
എന്തായാലും, അപ്പനെ പറ്റിക്കുന്നതിനുമുമ്പ് അപ്പന്റെ മുമ്പിൽ നട്ടെല്ലുവളയാതെ നിവർന്നു നിൽക്കാൻ കഴിഞ്ഞിരുന്ന യാക്കോബിന്, പിന്നീട് അപ്പന്റെ മുമ്പിൽ നിൽക്കേണ്ടി വന്നത് അമ്മായിയപ്പനാൽ പറ്റിക്കപ്പെട്ടവനായും, ദൈവം കൊടുത്ത മുടന്തുമായിട്ടായിരുന്നല്ലോ എന്നോർക്കണം.
അപ്പനെയും അമ്മയെയും കൂടെപ്പിറപ്പുകളെയും ബന്ധുക്കളെയും കൂട്ടുകാരെയും നാട്ടുകാരെയും ഒക്കെ, കപടസ്നേഹം കാണിച്ച് പറ്റിക്കുന്നവരെ ഒന്നും ദൈവം വെറുതെ വിടുമെന്ന് കരുതണ്ട.
*3) ഓർപ്പയുടെ പിന്മാറ്റത്തിന്റെ സ്നേഹചുംബനം*: രൂത്ത് 1:14
ഓർപ്പ തന്റെ അമ്മായിയമ്മയായ നൊവൊമിയെ സ്നേഹചുംബനം നൽകി വിട്ടുപിരിഞ്ഞു. എന്നാൽ രൂത്ത് യിസ്രായേലിന്റെ ദൈവത്തിന്റെ പക്ഷത്ത് ഉറെച്ചുനിന്നു (രൂത്ത് 1:18). വിശ്വാസത്തിൽ ഉറപ്പില്ലാത്തവർ എല്ലാം വിശ്വാസം വിട്ട് പിന്മാറിപ്പോകും. ഈ കാലത്തും നമ്മൾ അതാണല്ലോ കണ്ടു വരുന്നത്. വിശ്വാസ ജീവിതത്തിനു നേരെ പ്രതികൂലങ്ങളും പോരാട്ടങ്ങളും വരുമ്പോൾ, ഉറെച്ചു നിൽക്കാൻ കഴിയാതെ ഓർപ്പയെപ്പോലുള്ളവർ പിന്മാറിപ്പോകുമ്പോൾ, ..നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം എന്ന തീരുമാനത്തിൽ നിന്ന രൂത്തിന്റെ പേര് ജീവപുസ്തകത്തിൽ എഴുതിച്ചേർക്കപ്പെട്ടു. സ്തോത്രം ! പിന്മാറ്റക്കാർ മടങ്ങിവരട്ടെ
*4) അബ്ശാലോമിന്റെ വശീകരണത്തിന്റെ സ്നേഹചുംബനം*: 2 ശമുവേ. 15:5
സ്നേഹചുംബനം നൽകി വശീകരിച്ച്, തന്റെ പിതാവായ ദാവീദിനെതിരെ ആളുകളെ കൂട്ടിയ അബ്ശാലോമിന്റെ അന്ത്യം എങ്ങനെയായിരുന്നു ? 2 ശമുവേൽ 18:9.. മുതൽ വായിക്കുമ്പോൾ ഭയപ്പെട്ടുപോകും. അവന്റെ തലമുടി കരുവേലകത്തിൽ കുരുങ്ങി മണിക്കൂറുകൾ അവൻ തൂങ്ങിക്കിടന്നു. പിന്നീട് യോവാബ് ഒരു കുന്തം എടുത്ത് അവന്റെ നെഞ്ചിനകത്ത് കുത്തിക്കടത്തി, അവൻ പിടഞ്ഞുകൊണ്ടിരിക്കുമ്പോൾ, പത്തു പടയാളികൾ അവന്റെ ചുറ്റും നിന്ന് അവനെ അടിച്ചുകൊന്നു.
അധികാരത്തിനും കസേരയ്ക്കും പദവികൾക്കും വേണ്ടി വശീകരണതന്ത്രങ്ങളുമായി അബ്ശാലോമിനെപ്പോലെ ജനത്തെ തിരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ അവസ്ഥയും അവസാനം ഇതൊക്കെതന്നെയായിരിക്കുമെന്ന് ഓർത്തെങ്കിൽ കൊള്ളാമായിരുന്നു.
ആകയാൽ, ഈ കപടവന്ദനങ്ങൾ എല്ലാം മാറ്റിവെച്ച് ആ പാപിനിയായ സ്ത്രീ ചെയ്തതുപോലെ, നുറുങ്ങിയ ഹൃദയവുമായി കർത്താവിന്റെ പാദത്തിൽ അഭയം നേടാം. ആ പാദത്തിൽ ചുംബിക്കാം. തലമുറകൾ അത് ഓർത്തിരിക്കും.
ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
ഈ സന്ദേശത്തിന്റെ അടുത്ത ഭാഗങ്ങൾ (ചുംബനത്താൽ വന്ദനം ചെയ്ത ചിലരുടെ ചരിത്രം) തിരുവചനത്തിൽ നിന്നു അടുത്ത ദിവസങ്ങളിലും നമുക്കു ധ്യാനിക്കാം.
വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CL4VRxQJfQtJZk9gKlvDKG