ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നിൽക്കും

May-2023

ആ നാളുകളെ ജയിക്കാൻ ദൈവമക്കൾക്കു വേണ്ടത്, സ്തുതിയുടെയും സ്തോത്രത്തിന്റെയും അഭിഷേകമാണ്. യഹോവയുടെ നാമത്തെ കീർത്തിച്ചുകൊണ്ടിരിക്ക, അവിടുത്തെ നന്മകളെ ഓർത്ത് നന്ദി പറഞ്ഞുകൊണ്ടിരിക്ക, അവിടുത്തെ ഉപകാരങ്ങളെ സ്മരിച്ച് പാട്ടുകൾ പാടുക. ഇടവിടാതെ സ്തോത്ര യാഗങ്ങൾ അർപ്പിച്ചുകൊണ്ടിരിക്ക… അവിടുന്ന് നമ്മെ എഴുന്നേൽപ്പിച്ച് നിവർന്നു നിൽക്കുമാറാക്കും.


         സങ്കീർ. 20:7,8 "ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീർത്തിക്കും. അവർ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റു നിവിർന്നു നില്ക്കുന്നു."

      ഭക്തനായ ദാവീദ് രാജാവിനാൽ രചിക്കപ്പെട്ട ഈ സങ്കീർത്തന കാവ്യത്തിൽ, തങ്ങളുടെ കഷ്ടകാലത്തിൽ രക്ഷക്കായി ആഗ്രഹിക്കയും അതിന്നായി ശ്രമിക്കയും ചെയ്യുന്ന രണ്ടു കൂട്ടം ആളുകളുടെ വിവരണം രേഖപ്പെടുത്തിയിരിക്കുന്നതായി കാണുവാൻ കഴിയും.
അവരിൽ ഒരു കൂട്ടർ, തങ്ങളുടെ രഥങ്ങളിലും കുതിരകളിലും ആശ്രയം വെച്ചിരിക്കുന്നവരാണ്, അവരുടെ അന്ത്യമോ, അവർ കുനിഞ്ഞു വീണുപോയി.
എന്നാൽ ദൈവത്തെ ആശ്രയം വെച്ചിരിക്കുന്ന കൂട്ടർ, എഴുന്നേറ്റു നിവർന്നു നിൽക്കുന്നു.

          കഷ്ടതയുടെ നാളുകൾ എല്ലാ മനുഷ്യർക്കും ഉണ്ട് എങ്കിലും, ആ നാളുകളെ അവർ എങ്ങനെ ജയിക്കും / കഴിക്കും എന്നുള്ളതാണ് പ്രധാനം. ജീവിതപ്രശ്നങ്ങൾ നേരിടുമ്പോൾ, രോഗബന്ധനത്താൽ വേദനിക്കുമ്പോൾ ചിലർ തങ്ങളുടെ ധനം കൊണ്ടും, ആൾബലം കൊണ്ടും, സമ്പത്തുകൊണ്ടും സ്വാധീനംകൊണ്ടും അവയെ ജയിക്കാമെന്ന് കരുതുന്നു.
         എന്നാൽ ആ നാളുകളെ ജയിക്കാൻ ദൈവമക്കൾക്കു വേണ്ടത്, സ്തുതിയുടെയും സ്തോത്രത്തിന്റെയും അഭിഷേകമാണ്. യഹോവയുടെ നാമത്തെ കീർത്തിച്ചുകൊണ്ടിരിക്ക, അവിടുത്തെ നന്മകളെ ഓർത്ത് നന്ദി പറഞ്ഞുകൊണ്ടിരിക്ക, അവിടുത്തെ ഉപകാരങ്ങളെ സ്മരിച്ച് പാട്ടുകൾ പാടുക. ഇടവിടാതെ സ്തോത്ര യാഗങ്ങൾ അർപ്പിച്ചുകൊണ്ടിരിക്ക…
അവിടുന്ന് നമ്മെ എഴുന്നേൽപ്പിച്ച് നിവർന്നു നിൽക്കുമാറാക്കും.

        ഈ സന്ദേശത്തോടുള്ള ബന്ധത്തിൽ അഞ്ചു വാക്യങ്ങൾ ദൈവാത്മാവ് എന്റെ ഹൃദയത്തിൽ തരുന്നത് ഞാൻ ഇവിടെ കുറിക്കുന്നു, വിശ്വാസത്തോടെ ഏറ്റെടുത്തുകൊൾക;

മത്തായി 8:15 “അവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു"

മത്തായി 9:25 “അവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.”

മത്തായി 17:7 “യേശു അടുത്തു ചെന്നു അവരെ തൊട്ടു: “എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു.”

മർക്കൊസ് 2:11,12 “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു"

മർക്കൊസ് 3:3.. വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: “നടുവിൽ എഴുന്നേറ്റു നിൽക്ക” എന്നു പറഞ്ഞു.
.. ആ മനുഷ്യനോടു: “കൈ നീട്ടുക” എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൗഖ്യമായി.


ഒരിക്കൽക്കൂടെ ഇന്നത്തെ വാഗ്ദത്തവചനം ഞാൻ ആവർത്തിക്കട്ടെ, കഷ്ടതയുടെ നടുവിൽനിന്ന് അവിടുന്ന് നമ്മെ എഴുന്നേൽപ്പിച്ച് നിവർന്നു നിൽക്കുമാറാക്കും. ‘ആമേൻ’

ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ

Tags :
ഹൈലൈറ്റുകൾ