ഇയ്യോബ് 8:21 " *അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും* "
ഒരാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയാൽ അയാളുടെ അവസ്ഥ മനസ്സിലാക്കുവാൻ കഴിയുമെന്ന് അനുഭവമുള്ളവർ പറയാറുണ്ട്. സന്തോഷവും സങ്കടവും എല്ലാം മുഖത്തുനിന്ന് എളുപ്പത്തിൽ വായിച്ചെടുക്കുവാൻ കഴിയും. ഇയ്യോബിന്റെ ജീവിതത്തിൽ പരീക്ഷ നേരിട്ടപ്പോൾ, വലിയ നഷ്ടങ്ങൾ ഉണ്ടായപ്പോൾ അവന്റെ മുഖത്തുണ്ടായിരുന്ന ചിരിയും, സന്തോഷവും നഷ്ടപ്പെട്ടു. എന്നാൽ അതുകൊണ്ട്; എല്ലാം അവസാനിച്ചു, ജീവിതം കൈവിട്ടുപോയി, ഇനി രക്ഷയില്ല... എന്നൊക്കെ നിരൂപിച്ച്, സ്വയം പരിതപിച്ച് വിഷണ്ണനായി ഇരിക്കുന്ന ഇയ്യോബിനെ അല്ല നമ്മൾ കാണുന്നത്. എല്ലാം നഷ്ടപ്പെട്ടിടത്ത്, തന്റെ ദൈവത്തിലുള്ള ആശ്രയം കൈവിടാതെ, പ്രത്യാശയുടെ വാക്കുകൾ പറയുന്ന ഇയ്യോബിനെയാണ് നമ്മൾ കാണുന്നത്.
*അവൻ ഇനിയും എന്റെ വായിൽ ചിരിയും എന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും*
മുഖത്തുണ്ടായിരുന്ന ചിരിയും സന്തോഷവും നഷ്ടപ്പെട്ട്, ഞാനിനി എന്തു ചെയ്യും ? ആർ എന്നെ സഹായിക്കും ? എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങളുമായി, വിഷമിച്ചിരുന്ന ധാരാളം വ്യക്തികളെ വേദപുസ്തകത്തിൽ കാണുവാൻ കഴിയും. അവർ തങ്ങളുടെ സങ്കടങ്ങൾ കർത്താവിനോട് പറഞ്ഞപ്പോൾ, ആ ജീവിതങ്ങളിൽ ഉല്ലാസഘോഷങ്ങളും, ആ മുഖങ്ങളിൽ പുഞ്ചിരിയും പകരുവാൻ കർത്താവ് വിശ്വസ്തത കാണിച്ചു.
ബേഥാന്യയിലെ മാർത്തയുടെയും മറിയയുടെയും മുഖത്തെ ചിരി മാഞ്ഞുപോയിട്ട് നാലു ദിവസത്തിലധികമായിരുന്നു. എന്നാൽ യേശു അവരുടെ വീട്ടിൽ വന്നപ്പോൾ, അവിടെ പിന്നെയും ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം ഉണ്ടായി. (യോഹ. 11:33, 12:1..)
പള്ളിപ്രമാണിയായിരുന്ന യായീറോസിന്റെ വീട്ടിൽ യേശു ചെന്നപ്പോൾ അവിടെ എല്ലാവരും കരയുകയും അലമുറയിടുകയുമായിരുന്നു (ലൂക്കൊ. 8:52). സന്തോഷം നഷ്ടപ്പെട്ട ആ മുഖങ്ങളിൽ വീണ്ടും പുഞ്ചിരി നിറയ്ക്കുവാൻ യേശുവിന്റെ സന്ദർശനത്തിനു കഴിഞ്ഞു.
മകന്റെ മൃതശരീരവുമായി കല്ലറയിലേക്ക് പോകുമ്പോഴായിരുന്നു ഒരു വിധവയായ സ്ത്രീയെ യേശു കണ്ടത് (ലൂക്കൊ. 7:13). അവളുടെ മുഖത്തെ സന്തോഷം എപ്പോഴേ നഷ്ടപ്പെട്ടിരുന്നു. അവളുടെ ഭർത്താവ് നേരത്തേ മരിച്ചുപോയിരുന്നു, ഇപ്പോൾ ഇതാ ഏക മകനും മരിച്ചിരിക്കുന്നു. ഇനിയും അവളുടെ ജീവിതത്തിൽ സന്തോഷമുണ്ടാകാൻ ഒരു കാരണവും അവശേഷിക്കുന്നില്ല. എന്നാൽ യേശു അവളുടെ അടുക്കൽചെന്നു. അവളുടെ അവസ്ഥ മാറ്റി. അവളുടെ മകനെ സൗഖ്യമാക്കി ആ മുഖത്ത് പിന്നെയും പുഞ്ചിരി വിടർത്തി.
ഇതുപോലെ നിരവധി വ്യക്തികളുടെ / കുടുംബങ്ങളുടെ ഉദാഹരണങ്ങൾ വേദപുസ്തകത്തിൽ നമുക്കു കാണുവാൻ കഴിയും. അവർ കർത്താവിൽ പ്രത്യാശവെച്ചപ്പോൾ, അവിടുന്ന് അവരുടെ സങ്കടങ്ങൾ നീക്കി, ദു:ഖങ്ങൾ അകറ്റി അവരുടെ വായിൽ ചിരിയും അവരുടെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെച്ചു.
മുഖത്തെ ചിരി മാഞ്ഞ, ജീവിതത്തിലെ സന്തോഷം പോയ്പ്പോയ അവസ്ഥയിലായിരിക്കാം വരുപക്ഷേ, നിങ്ങൾ ഈ സന്ദേശം വായിക്കുന്നത് ; അതിന്റെ കാരണം എന്തുമാകട്ടെ , ഇന്ന് കർത്താവിന് നിങ്ങളുടെ സ്ഥിതി മാറ്റാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ ? എങ്കിൽ നിരാശയിൽ നിന്ന് എഴുന്നേൽക്കുക. യേശുകർത്താവ് സന്ദർശിക്കേണ്ടതിനായി ജീവിതം സമർപ്പിക്ക. ഇന്ന് അത്ഭുതത്തിന്റെ ദിവസമായിരിക്കും. ‘ആമേൻ’
ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഇൗ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047