അനുഗ്രഹത്തിൻ്റെ പാനപാത്രം

June-2023

ബെന്യാമിനും അവൻ്റെ പിതൃഭവനത്തിനും മഹാക്ഷാമത്തിൽ നിന്ന് രക്ഷനേടുവാനുള്ള യോസേഫിൻ്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു, യോസേഫ് തൻ്റെ പാനപാത്രം അവൻ്റെ ചാക്കിൽ വെച്ചത്. നമ്മുടെ നിത്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവപദ്ധതിയാണ് യേശുവിൻ്റെ പാനപാത്രത്തിൻ്റെ കൂട്ടായ്മയിലേക്ക് നമ്മെ ഓരോരുത്തരെയും ഇന്ന് വിളിച്ചിരിക്കുന്നത്. (പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എൻ്റെ രക്തം;.. മത്തായി 26:27)


     ഉൽപ്പത്തി 44:12
“അവൻ മൂത്തവൻ്റെ ചാക്കുതുടങ്ങി ഇളയവൻ്റെതുവരെ ശോധന കഴിച്ചു. *ബെന്യാമീൻ്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു* .”
      പഴയനിയമ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യോസേഫിൻ്റെ ചരിത്രം നമ്മൾ വായിച്ചിട്ടുണ്ടല്ലോ. സ്വന്ത സഹോദരന്മാരാൽ ചതിക്കപ്പെടുകയും, ഇരുപതു വെള്ളിക്കാശിന് വിൽക്കപ്പെടുകയും, പിന്നീട് മിസ്രയീമിൽ എത്തി, ദൈവത്തിൻ്റെ മഹാകൃപയാൽ ഫറവോ രാജാവിൻ്റെ കൊട്ടാരത്തിൽ വലിയ അധികാര പദവിയിൽ എത്തപ്പെടുകയും, അവസാനം തന്നോടു ദ്രോഹം ചെയ്ത സഹോദരന്മാരുടെവരെ രക്ഷയ്ക്ക് കാരണമാകുകയും ചെയ്ത യോസേഫ്, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന് നിഴലായിട്ടാണ് പഴയ നിയമത്തിൽ കാണുന്നത്;
      യോസേഫ് നമ്മുടെ കർത്താവിന് നിഴലാണ് എന്നു സമർത്ഥിക്കുന്ന നിരവധി കാരണങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ *പ്രധാനപ്പെട്ട അഞ്ചു കാരണങ്ങൾ ഞാൻ ഓർമ്മിപ്പിക്കാം* ;
*1)* യോസേഫ് തൻ്റെ സ്വന്തക്കാരാൽ തള്ളപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തതുപോലെ, യേശുവിനെയും, സ്വന്തമായവർ കൈക്കൊണ്ടില്ല, അവനെ തള്ളിക്കളഞ്ഞു എന്നാണ് എഴുതിയിരിക്കുന്നത്.
*2)* യോസേഫിനെ ഇരുപതു വെള്ളിക്കാശിനു വിറ്റുകളഞ്ഞപ്പോൾ, യേശുവിനെ വിറ്റത് മുപ്പതു വെള്ളിക്കാശിനാണ്.
*3)* യോസേഫിന് മുപ്പതുവയസ്സുള്ളപ്പോഴാണ് മിസ്രയീമിലെ അധികാരിയായി മഹാപ്രവർത്തികൾ ആരംഭിച്ചത്, യേശുവും മുപ്പതുവയസ്സിലാണ് തൻ്റെ ശുശ്രൂഷ ആരംഭിച്ചത്.
*4)* ചെയ്യാത്ത കുറ്റം ആരോപിച്ച് യോസേഫിനെ ശിക്ഷിച്ച് തുറങ്കിലടച്ചു എങ്കിലും ദൈവം അവനെ വിടുവിച്ച് രാജാവിൻ്റെ സിംഹാസനത്തോളം ഉയർത്തിയതുപോലെ, കള്ള ആരോപണങ്ങൾ ഉന്നയിച്ച് യേശുവിനെ ക്രൂശിച്ചെങ്കിലും ദൈവം അവനെ ഏറ്റവും ഉയർത്തി തൻ്റെ വലത്തുഭാഗത്ത് ഇരുത്തിയിരിക്കുന്നു.
*5)* യോസേഫിനോടൊപ്പം ശിക്ഷിക്കപ്പെട്ട് കാരാഗൃഹത്തിൽ കിടന്ന രണ്ടുപേരിൽ ഒരാൾ രക്ഷപ്പെട്ട് മറ്റെയാൾ വധിക്കപ്പെട്ടതുപോലെ, യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ട ഒരാൾ നിത്യരക്ഷനേടുകയും മറ്റെയാൾ നിത്യശിക്ഷാവിധിയിൽ വീഴുകയും ചെയ്തു.
       പഴയ നിയമത്തിലെ യോസേഫ് കർത്താവായ യേശുക്രിസ്തുവിൻ്റെ ഒരു നിഴലാണ് എന്നു തെളിയിക്കുന്ന നിരവധി കാരണങ്ങൾ ഇതുപോലെ അക്കമിട്ടെഴുതുവാൻ ഇനിയുമുണ്ട്. ഈ കാര്യങ്ങൾ മനസ്സിൽ ധ്യാനിച്ചുകൊണ്ടുവേണം മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന കുറിവാക്യത്തിലെ സംഭവത്തിൻ്റെ ആത്മീയ അർത്ഥം നമ്മൾ മനസ്സിലാക്കേണ്ടത്, അതായത്, യോസേഫിൻ്റെ പാനപാത്രമാണ് ബെന്യാമിൻ്റെ ചാക്കിൽ നിന്ന് കണ്ടുപിടിച്ചത്. (വാസ്തവത്തിൽ യോസേഫ് ആവശ്യപ്പെട്ടതുപോലെ അവൻ്റെ ഭൃത്യന്മാരാണ് ഈ പാനപാത്രം ബെന്യാമിൻ്റെ ചാക്കിൽവെച്ചത് എന്ന് നമുക്കറിയാം). എന്നാൽ പുതിയ നിയമ വിശ്വാസികളായ നമ്മൾ ഈ തിരുവചനത്തിൽ നിന്ന് തിരിച്ചറിയേണ്ട ഒരു മർമ്മം ഇന്ന് പരിശുദ്ധാത്മാവ് നമുക്കു വെളിപ്പെടുത്തുകയാണ്.
     യോസേഫിൻ്റെ പാനപാത്രം വെയ്ക്കപ്പെട്ടത് ഏറ്റവും ഇളയവനായ ബെന്യാമിൻ്റെ ചാക്കിലായിരുന്നതുപോലെ, യേശുവിൻ്റെ പാനപാത്രം പകരപ്പെട്ടത് ഏറ്റവും ചെറിയവരിൽ, എളിമയുള്ളവരിൽ, താഴ്മയുള്ള ഹൃദയങ്ങളിലാണ്.
നൂറ്റാണ്ടുകൾക്കുമുമ്പ് ഈ പാനപാത്രത്തെക്കുറിച്ച് ദർശനം കണ്ട യിസ്രായേലിൻ്റെ മധുരഗായകനായ ദാവീദ് 116 ാം സങ്കീർത്തനത്തിൽ ഇപ്രകാരം പാടി;
“യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും".”
      ബെന്യാമിനും അവൻ്റെ പിതൃഭവനത്തിനും മഹാക്ഷാമത്തിൽ നിന്ന് രക്ഷനേടുവാനുള്ള യോസേഫിൻ്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു, യോസേഫ് തൻ്റെ പാനപാത്രം അവൻ്റെ ചാക്കിൽ വെച്ചത്. നമ്മുടെ നിത്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവപദ്ധതിയാണ് യേശുവിൻ്റെ പാനപാത്രത്തിൻ്റെ കൂട്ടായ്മയിലേക്ക് നമ്മെ ഓരോരുത്തരെയും ഇന്ന് വിളിച്ചിരിക്കുന്നത്. (പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: “എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എൻ്റെ രക്തം;.. മത്തായി 26:27)
       യോസേഫിൻ്റെ പാനപാത്രത്തിന് രണ്ടു പ്രത്യേകതകൾ ഉണ്ടായിരുന്ന് എന്ന് അവൻ്റെ ഗൃഹവിചാരകൻ്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. (ഉൽപ്പത്തി 44:5 “അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്?..)
1) യോസേഫ് കുടിക്കുന്ന പാത്രമാണ് ഇത്
2) യോസേഫ് ഭാവയെ കാണുന്ന പാത്രമാണ് ഇത്.
      ഈ വാക്യത്തിൻ്റെ മലയാള പരിഭാഷയിൽ ചെറിയ അർത്ഥവ്യത്യാസമുണ്ട്, ലക്ഷണം നോക്കുക എന്നല്ല ഭാവി (കാണുക) നിശ്ചയിക്കുക എന്നാണ് ശരിയായ തർജ്ജമ. (Why have you stolen my master’s silver cup, which he uses to predict the future?...) ഇപ്രകാരമാണ് ഇംഗ്ലീഷ് (New Living Translation) പരിഭാഷയിൽ കാണുന്നത്.
      ഇത് യേശുവിൻ്റെ പാനപാത്രമാണ് അതുകൊണ്ടാണ് 1 കൊരി. 11:27 ൽ അയോഗ്യമായി കർത്താവിൻ്റെ പാനപാത്രത്തിൽ നിന്ന് കുടിക്കരുത് എന്ന് ശക്തമായ താക്കീത് നൽകിയിരിക്കുന്നത്.
പിതാവിൻ്റെ രാജ്യത്തിൽ യേശുവിനോടുകൂടെ അവിടുത്തെ പാനപാത്രത്തിൽ നിന്ന് കുടിക്കാമെന്ന ഭാവി പ്രത്യാശയാണ് ഇത് നമുക്കു നൽകുന്നത്. മത്തായി 26:29.
       ആകയാൽ, ബെന്യാമിൻ്റെ ചാക്കിൽ യോസേഫിൻ്റെ പാനപാത്രം ഉണ്ടായിരുന്നതുപോലെ, ഇന്ന് നമ്മുടെ ജീവിതത്തിൽ യേശുവിൻ്റെ പാനപാത്രത്തിൻ്റെ കൂട്ടായ് ഉണ്ടോ എന്ന് ഒരു ആത്മപരിശോധന നടത്തണം.
*നമ്മുടെ രക്ഷയുടെ പാനപാത്രം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കണം*
*ഈ അനുഗ്രഹത്തിൻ്റെ പാനപാത്രം നമ്മിൽ നിറഞ്ഞു കവിഞ്ഞിരിക്കണം* (സങ്കീർ. 23:5).
*ഈ അവകാശത്തിൻ്റെ പാനപാത്രം നമുക്ക് ഏറ്റവും വിലയേറിയതായിരിക്കണം* (സങ്കീർ. 16:5).
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.