ഉല്പത്തി 37:17 “..യോസേഫ് തൻ്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു, *ദോഥാനിൽവെച്ചു* കണ്ടു”
ആടുകളെ മേയ്പ്പാൻ ശെഖേമിലേക്ക് പോയിരിക്കുകയായിരുന്ന തന്റെ സഹോദരന്മാരെ അന്വേഷിച്ച് പുറപ്പെട്ട യോസേഫിന് അവരെ ശെഖേമിൽ കണ്ടെത്തുവാൻ കഴിഞ്ഞില്ല. അപ്പോഴാണ് വഴിയിൽവെച്ച് ഒരുത്തൻ കാണുന്നതും, അവൻ്റെ സഹോദരന്മാർ ദോഥാനിലേക്ക് പോകുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് താൻ കേട്ടു എന്നു പറയുകയും ചെയ്യുന്നത്. ആ വ്യക്തിയുടെ വാക്കുകേട്ട്, തൻ്റെ സഹോദരന്മാർ ഒരുപക്ഷേ ദോഥാനിലേക്ക് പോയിരിക്കാമെന്ന് അനുമാനിച്ചുകൊണ്ട് യോസേഫ് അവരെ അന്വേഷിച്ച് ദോഥാനിലേക്ക് പോകുവാൻ തയ്യാറായി.
ഈ സന്ദർഭം ഭാവനയിൽ കണ്ടുകൊണ്ട് ചില കാര്യങ്ങൾ നമുക്ക് ഇപ്രകാരം വിലയിരുത്താം;
*1)* പിതാവായ യാക്കോബ് യോസേഫിനോട് ആവശ്യപ്പെട്ടത്, ശെഖേമിലേക്ക് പോയി സഹോദരന്മാരുടെ സുഖവിവരം അന്വേഷിച്ചു വരുവാനാണ് (ഉല്പത്തി 37:13). അതുകൊണ്ട് അവരെ ശെഖേമിൽ കണ്ടെത്തിയില്ലാ എങ്കിൽ യോസേഫിന് ആ വിവരം വന്ന് പിതാവിനെ അറിയിച്ചാൽ മതിയായിരുന്നു.
*2)* ഒരു പരിചയവും ഇല്ലാത്ത, വഴിയിൽവെച്ചു കണ്ട ഒരാളുടെ വാക്കുകൾ മാത്രം മുഖവിലയ്ക്ക് എടുത്തുകൊണ്ട്, തൻ്റെ സഹോദരന്മാർ ഒരുപക്ഷേ ദോഥാനിൽ ഉണ്ടായിരിക്കാമെന്ന അനുമാനത്തോടെ യോസേഫ് അവിടേക്ക് യാത്ര തിരിച്ചു. (ഉല്പത്തി. 37:15..17)
*3)* ശെഖേമും ദോഥാനും തമ്മിലുള്ള ദൂരം ഏകദേശം 13 റോമൻ മൈലുകളാണ് എന്നാണ് പറയപ്പെടുന്നത്. ഒരു റോമൻ മൈൽ ഏകദേശം ഒന്നേ മുക്കൽ കിലോമീറ്ററാണ്. അതായത് വെറും അനുമാനത്തെ ആധാരമാക്കി ഏകദേശം ഇരുപതു കിലോമീറ്ററുകൾകൂടി സഞ്ചരിക്കുവാൻ യോസേഫ് തയ്യാറായി എന്നു ചുരുക്കം.
ഗിരിപ്രഭാഷണത്തിൽ നമ്മുടെ കർത്താവ് ഇപ്രകാരമാണ് അരുളിച്ചെയ്തത്, മത്തായി 5:41 “ഒരുത്തൻ നിന്നെ ഒരു നാഴിക വഴിപോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടു കൂടെ പോക”
കർത്താവിന്റെ ഈ വാക്കുകളുടെ അർത്ഥം (ആഴം) തിരിച്ചറിഞ്ഞുകൊണ്ടാണ്, ‘Walking the extra mile’ എന്ന ഇംഗ്ലീഷ് ഭാഷാ പ്രയോഗം ഉണ്ടായത് എന്നു തോന്നുന്നു. *പറഞ്ഞ കാര്യം അനുസരിക്കുക എന്നതിനും, പറഞ്ഞ കാര്യം ആത്മാർത്ഥതയോടെ അനുസരിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്*. ചിലരോട് പറയുന്ന കാര്യം അവർ അനുസരിക്കുന്നതു കണ്ടാൽ, വെറും പേരിനുവേണ്ടി, ഒരു ബാധ്യതയായി മാത്രം അതു കണ്ടുകൊണ്ട് ഒട്ടും ആത്മാർത്ഥതയില്ലാതെയാണ് അവർ അതു ചെയ്യുന്നത് എന്നു മനസ്സിലാകും. ഏറ്റെടുക്കുന്ന ഉത്തരവാദിത്തത്തോട് ആത്മാർത്ഥത ഉള്ളവർ എന്തു കഷ്ടപ്പാട് സഹിച്ചാലും അതു നന്നായി പൂർത്തിയാക്കുന്ന സ്വഭാവമുള്ളവർ ഉണ്ട്.
യോസേഫ് ഒരു പേരിനുവേണ്ടി മാത്രം അപ്പനെ അനുസരിക്കുന്നവൻ ആയിരുന്നില്ല, അങ്ങനെ ആയിരുന്നെങ്കിൽ സഹോദരന്മാരെ അന്വേഷിച്ച് ശെഖേമിൽ അലഞ്ഞു തിരിയുമായിരുന്നില്ല, ഒരുത്തൻ്റെ വാക്കുകേട്ട് ഒരു സാധ്യത മാത്രം കണ്ടുകൊണ്ട് മൈലുകൾ താണ്ടി ദോഥാനിലേക്ക് പുറപ്പെടുമായിരുന്നില്ല.
പേരിനുവേണ്ടി അനുസരിക്കുക, പേരിനുവേണ്ടി ജോലി ചെയ്യുക, പേരിനുവേണ്ടി തലകാണിക്കുക, പേരിനുവേണ്ടി കൊടുക്കുക, പേരിനുവേണ്ടി പങ്കെടുക്കുക, പേരിനുവേണ്ടി പ്രാർത്ഥന ചൊല്ലുക, പേരിനുവേണ്ടി ബൈബിൾ വായിക്കുക, പേരിനുവേണ്ടി ആരാധനക്കു പോകുക… ഇതൊക്കെ അവസാനിപ്പിച്ച് ചെയ്യുന്ന കാര്യം ആത്മാർത്ഥതയോടെ ചെയ്യുവാൻ ശീലിക്കണം, അപ്പോൾ ദൈവപ്രസാദമുണ്ടാകും.
ആത്മാർത്ഥതക്ക് ഇന്നത്തെ കാലത്ത് വലിയ വില ഒന്നും ഇല്ല എന്ന് ചിലർ പറയുന്നത് കേൾക്കാറുണ്ട്, കൂടുതൽ ആത്മാർത്ഥത കാണിച്ചാൽ ദോഷമായിത്തീരും എന്നൊക്കെയാണ് ചിലരുടെ ധാരണ. യോസേഫ് ആത്മാർത്ഥത കാണിച്ചതുകൊണ്ട് അവന് എന്തു പ്രയോജനം ഉണ്ടായി ? ആ സഹോദരന്മാർ തന്നെ അവനോട് ദോഷം ചെയ്തില്ലേ ? എന്നൊക്കെ ചിന്തിക്കുന്നവരും ഉണ്ട്. അതു ശരിയല്ല, യോസേഫ് അവരെ അന്വേഷിച്ച് ദോഥാൻവരെ പോയതുകൊണ്ടാണ് പിന്നീട് അവന് ഈജിപ്റ്റിലെ ഉന്നത അധികാരപദവിയിൽ വരെ എത്തുവാൻ സാധിച്ചത്. ആത്മാർത്ഥതക്ക് നിശ്ചയമായും ദൈവ സന്നിധിയിൽ പ്രതിഫലം ഉണ്ട്.
ദോഥാൻ എന്നാൽ ദൈവദൂതന്മാർ ഇറങ്ങി വരുന്ന ഇടമാണ്. അതു അവിശ്വാസമുള്ള കണ്ണുകൾ കൊണ്ട് കാണുവാൻ സാധിക്കുകയുമില്ല. 2 രാജാക്കന്മാർ 6:13..17
“(എലീശാ) ദോഥാനിൽ ഉണ്ടെന്നു അവന്നു അറിവുകിട്ടി. അവൻ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവർ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു. ദൈവപുരുഷന്റെ ബാല്യക്കാരൻ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോൾ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരൻ അവനോടു: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു. അതിന്നു അവൻ: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരെക്കാൾ അധികം എന്നു പറഞ്ഞു. പിന്നെ എലീശാ പ്രാർത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരൻ്റെ കണ്ണു തുറന്നു; എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.”
ആത്മാർത്ഥതക്ക് ദൈവസന്നിധിയിൽ പ്രതിഫലം ഉണ്ട്. അതു അവിശ്വാസികൾക്കും സംശയിക്കുന്നവർക്കും അത് കാണുവാൻ കഴിയുന്നതല്ല. യോസേഫ് അപ്പൻ്റെ കല്പനയോട് ആത്മാർത്ഥത കാണിച്ചില്ലായിരുന്നു എങ്കിൽ ദോഥാനിൽ വരികയില്ലായിരുന്നു. ദൈവപ്രവൃത്തി കാണുകയില്ലായിരുന്നു.
പ്രിയരേ, ആത്മാർത്ഥതയോടെ പ്രവർത്തി ചെയ്ക, ആത്മാർത്ഥതയോടെ ദൈവത്തെ അനുസരിക്കുക, ആത്മാർത്ഥതയോടെ കർത്താവിനെ സ്നേഹിക്കുക, ആത്മാർത്ഥതയോടെ ദൈവവേല ചെയ്ക, ആത്മാർത്ഥതയോടെ ക്ഷമിക്കുക, ആത്മാർത്ഥതയോടെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുക… ദൈവം പ്രസാദിക്കും നിങ്ങളുടെ സൽപ്രവർത്തികൾക്ക് പ്രതിഫലം ഉണ്ടാകും.
ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047