ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ

June-2023

ഇന്നത്തെ പല ചർച്ചുകളിലും കാണുന്ന രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ചിന്തയിലെ ഗുണപാഠം നമ്മെ കുറെച്ചെങ്കിലും അസ്വസ്ഥരാക്കുന്നില്ലേ ? പല വിഷയങ്ങളിലും ക്രിസ്തുവിൻ്റെ ഭാവമാണോ നമ്മിൽ പ്രകടമാകാറുള്ളത്. സ്നേഹം, അനുകമ്പ, കനിവ്, സഹാനുഭൂതി, അനുതാപം, ആർദ്രത, മമത, മനസ്സലിവ്, സഹതാപം, ഇതുപോലുള്ള വാക്കുകളെല്ലാം ചിലരുടെ ജീവിതത്തിലെ നിഘണ്ടുവിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നതായി തോന്നിപ്പോകും.


ഫിലിപ്പി. 2:5 “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ”
വളരെ അർത്ഥവത്തായ ഒരു ചിന്ത കഴിഞ്ഞ ദിവസം കേൾക്കുവാനിടയായപ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം കടന്നുവന്ന ബൈബിൾ വാക്യമാണ് ഇത്. ഒരു വീഡിയോ ക്ലിപ്പിൽ ആ വ്യക്തി ഇംഗ്ലീഷിൽ പറഞ്ഞ ചിന്തയുടെ ഏകദേശ മലയാള പരിഭാഷ ഇപ്രകാരമാണ്;
ആദ്യമായിട്ടാണ് ഒരു ചെറുപ്പക്കാരൻ ആ ചർച്ചിലേക്ക് കടന്നുവന്നത്. അവിടെ കേട്ട ആരാധന ഗാനങ്ങളും മ്യൂസിക്കുമെല്ലാം ആ ചെറുപ്പക്കാരന് ഇഷ്ടമായി. പിന്നീട് ആ സഭയിലെ പാസ്റ്റർ പ്രസംഗിക്കുവാൻ തുടങ്ങി, ആ സന്ദേശം കേട്ടുകൊണ്ട് ഭക്തിയോടെ, അതിൽ ലയിച്ചിരിക്കുമ്പോഴാണ്, പെട്ടെന്ന് അയാളുടെ മൊബൈൽ ഫോൺ റിംങ് ചെയ്തത്. ആദ്യമായിട്ട് ചർച്ചിൽ വന്ന അദ്ദേഹം തൻ്റെ മൊബൈൽ ഫോൺ സൈലന്റിൽ വെക്കുവാനോ സ്വിച്ച് ഓഫ് ചെയ്യുവാനോ മറന്നു പോയിരുന്നു. സാമാന്യം നല്ല ശബ്ദത്തിൽ ആ ഫോൺ ബെല്ലടിച്ചപ്പോൾ, എല്ലാവരും അയാളെ തിരിഞ്ഞുനോക്കി. ചിലരുടെ മുഖം കോപംകൊണ്ട് ചുവന്നിരുന്നു, മറ്റു ചിലരുടെ മുഖത്ത് വെറുപ്പ് പ്രകടമായിരുന്നു. വേറെ ചിലർ അയാളെനോക്കി പുശ്ചത്തോടെനോക്കി മുഖം തിരിച്ചു. മറ്റുചിലർ പരസ്പരം പിറുപറുത്തു, ഇതൊന്നും പോരാഞ്ഞ് സ്റ്റേജിലിരുന്ന ചിലർ അയാളെ ദഹിപ്പിക്കുന്ന നോട്ടം നോക്കി, പ്രസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റർ അയാളെ പരസ്യമായി ശാസിച്ചു.
ഒരു നിമിഷം കൊണ്ട് അയാളുടെ അവസ്ഥ മാറി. ആ സമയംവരെ ആരാധനാ ഗാനങ്ങൾ കേട്ടുകൊണ്ട് പ്രസന്നമായിരുന്ന അയാളുടെ മുഖം വാടി, ദൈവവചനം കേട്ടുകൊണ്ടിരുന്ന അയാളുടെ മനസ്സ് ഉടഞ്ഞു. കണ്ണുകൾ നിറഞ്ഞു, കുനിഞ്ഞ ശിരസ്സോടെ അയാൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീടൊരിക്കലും അയാൾ അവിടേക്ക് വന്നില്ല.
വല്ലപ്പോഴും അല്പം മദ്യപിക്കാറുണ്ടായിരുന്ന ആ ചെറുപ്പക്കാരൻ അടുത്ത ദിവസം ഒരു ബാറിൽ പോയി. ഒരു ബിയർ കുപ്പി വാങ്ങിച്ച് അവിടെ ഉണ്ടായിരുന്ന ടേബിളിൽ ഇരുന്നു. എന്നാൽ അപ്രതീക്ഷിതമായി തൻ്റെ കൈതട്ടി ആ ബിയർ കുപ്പി നിലത്തുവീണു, ശബ്ദത്തോടെ ആ കുപ്പി പൊട്ടി. എല്ലാവരും അതുകേട്ട് അയാളെ നോക്കി, കുപ്പിയിലുണ്ടായിരുന്ന ബിയർ ചിലരുടെ വസ്ത്രങ്ങളിൽ തെറിച്ചു വീണു. അടുത്ത ടേബിളിലിരുന്ന ചിലർ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു, അവരുടെ വരവു കണ്ടപ്പോൾ തനിക്ക് അടി കിട്ടുമെന്നു കരുതി അയാൾ കണ്ണുകൾ ഇറുക്കി അടച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. വന്നവർ അയാളോട്, എന്തെങ്കിലും പറ്റിയോ ? കുപ്പി ചില്ലുകൊണ്ട് കൈ മുറിഞ്ഞോ ? എന്നെല്ലാം തിരക്കി. ചുറ്റും ഇരുന്നവരുടെ മുഖങ്ങളിൽ പുഞ്ചിരി ഉണ്ടായിരുന്നു. സാരമില്ല എന്ന ഭാവമായിരുന്നു അവരുടെ കണ്ണുകളിൽ കണ്ടത്. ശബ്ദം കേട്ട് ഓടിവന്ന ബാർ ഗേൾ, അയാൾക്ക് തുടയ്ക്കാൻ നാപ്കിൻ നൽകി, ആ ചില്ലുകളെല്ലാം അവൾ പെറുക്കി മാറ്റി, മറ്റൊരു ബിയർ ബോട്ടിൽ കൊണ്ടുവന്ന് കോംപ്ലിമെന്ററിയായി അയാൾക്ക് നൽകി. പിന്നീടയാൾ സ്ഥിരമായി ആ ബാറിൽ പോകുവാൻ തുടങ്ങി.
ഈ ചിന്തയിലെ പല കാര്യങ്ങളോടും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട് എങ്കിലും, ഇന്നത്തെ പല ചർച്ചുകളിലും കാണുന്ന രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ചിന്തയിലെ ഗുണപാഠം നമ്മെ കുറെച്ചെങ്കിലും അസ്വസ്ഥരാക്കുന്നില്ലേ ? പല വിഷയങ്ങളിലും ക്രിസ്തുവിൻ്റെ ഭാവമാണോ നമ്മിൽ പ്രകടമാകാറുള്ളത്. സ്നേഹം, അനുകമ്പ, കനിവ്, സഹാനുഭൂതി, അനുതാപം, ആർദ്രത, മമത, മനസ്സലിവ്, സഹതാപം, ഇതുപോലുള്ള വാക്കുകളെല്ലാം ചിലരുടെ ജീവിതത്തിലെ നിഘണ്ടുവിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നതായി തോന്നിപ്പോകും.
പ്രിയരേ, നമ്മുടെ ഭാവമോ, സ്വഭാവമോ കാരണമായി ദൈവസഭയിൽ നിന്ന് ഒരാത്മാവുപോലും നഷ്ടപ്പെടുന്നതിന് കാരണമാകരുതേ എന്ന് പ്രാർത്ഥിക്കയും, അതിനുവേണ്ടി ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യാം.
*ഇതിനോടുള്ള ബന്ധത്തിൽ ദൈവാത്മാവ് എൻ്റെ ഹൃദയത്തിൽ തരുന്ന അഞ്ചു ബൈബിൾ വാക്യങ്ങൾ ഇവിടെ കുറിക്കുന്നു*
1 പത്രൊസ് 4:1 “ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ.”
റോമർ 15:5,6 “എന്നാൽ നിങ്ങൾ എെകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവത്തെ ഏകമനസ്സാേടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ.”
റോമർ 12:16 “തമ്മിൽ എെക്യമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേർന്നുകൊൾവിൻ..”
റോമർ 12:10 “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ”
ഫിലിപ്പി. 2:14 “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിൻ"
ദൈവം അനുഗ്രഹിക്കട്ടെ !
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ(9424400654)
വചനമാരി, ഭോപ്പാൽ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.