അനുഗ്രഹിക്കുന്നവരാകുവിൻ

June-2023

ചിലർ പറയുന്നതുപോലെ, എന്നെ ദ്രോഹിക്കുന്നവരെയും, ഉപദ്രവിക്കുന്നവരെയും, ശപിക്കുന്നവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ എനിക്കു കഴിയില്ല എന്നു നമ്മൾ പറയരുത്. ദാവീദിൻ്റെ വാക്കുകൾ ഓർക്കുക ; “അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;” (സങ്കീർത്ത. 109:28) അപ്പൊ.പൌലൊസ് പറയുന്നത്; “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ” (റോമർ 12:14) അപ്പൊ. പത്രൊസ് പറയുന്നത്; “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” ലൂക്കൊസ് 6:28 “ *നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ* " നമ്മുടെ കർത്താവിൻ്റെ ഈ വാക്കുകൾ നമ്മുക്ക് ഏറ്റെടുക്കാം, അനുഗ്രഹിക്കുന്നവരാകാം. നമ്മുടെ തലമുറകളിലേക്ക് ഈ വിശേഷ കൃപ നമ്മുക്കു പകർന്നു നല്കാം


      ലൂക്കൊസ് 6:28 “ *നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ* ”
       യേശുവിൻ്റെ പല ഉപദേശങ്ങളും കല്പനകളും കഠിനമാണ് എന്ന് ചിന്തിക്കുന്നവർ അനേകരുണ്ട്, സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാനോ, അംഗീകരിക്കുവാനോ പറ്റാത്തവയാണ് എന്ന് ചിലർ കരുതുന്ന, ഒരു ഉപദേശമാണ് ഈ വചനഭാഗത്ത് നമ്മൾ വായിക്കുന്നത്. നമ്മെ പ്രാകുകയും ശപിക്കുകയും ഒക്കെ ചെയ്യുന്നവരെ അനുഗ്രഹിക്കുവാൻ നമ്മുക്കെങ്ങനെ കഴിയും ? നമ്മെ പരിഹസിക്കുകയും നിന്ദിക്കുകയും ദുഷിക്കയും ഒക്കെ ചെയ്യുന്നവർക്കുവേണ്ടി നമ്മുക്കെങ്ങനെ പ്രാർത്ഥിക്കുവാൻ കഴിയും ?
വാസ്തവത്തിൽ, നമ്മൾ അനുഗ്രഹിക്കപ്പെടേണ്ടതിനു വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് യേശുവിൻ്റെ ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് എന്ന യാഥാർത്ഥ്യം പലർക്കും തിരിച്ചറിയുവാൻ കഴിയുന്നില്ല എന്നുള്ളതാണ് സത്യം. അല്ലെങ്കിൽ, അതു തിരിച്ചറിയാതിരിക്കത്തക്കവണ്ണം സാത്താൻ അവരെ അന്ധരാക്കിയിരിക്കുകയാണ് എന്നുവേണം കരുതുവാൻ.
      പഴയ നിയമ ബൈബിളിൽ യാക്കോബിൻ്റെ ഒരു വിശേഷ സ്വഭാവത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഉല്പത്തി 47:7 “യോസേഫ് തൻ്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോൻ്റെ സന്നിധിയിൽ നിർത്തി, *യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു* …” വാക്യം 10 ലും നമ്മൾ ഇപ്രകാരമാണ് വായിക്കുന്നത്; “ *യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോൻ്റെ സന്നിധിയിൽനിന്നു പോയി.* ”
       പരദേശികളായ യാക്കോബും കുടുംബവും മിസ്രയീമിൽ എത്തപ്പെട്ടതും, യോസേഫ് അവരെ പോഷിപ്പിക്കുന്നതുമായ ചരിത്രം നമ്മുക്കറിയാമല്ലോ. യോസേഫ് തൻ്റെ അപ്പനായ യാക്കോബിനെ ഫറവോ രാജാവിൻ്റെ മുമ്പിൽ പരിചയപ്പെടുത്തേണ്ടതിന്നായി കൊണ്ടുനിറുത്തിയപ്പോൾ, യാക്കോബ് ചെയ്ത പ്രവർത്തിയാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. അവൻ അകത്തു ചെന്നപ്പോഴും പുറത്തുപോകുമ്പോഴും ഫറവോ രാജാവിനെ അനുഗ്രഹിച്ചു. അതുകൊണ്ട് സംഭവിച്ചത് എന്താണ് ? യാക്കോബും കുടുംബവും ദേശത്ത് പാർത്തു, അവർ നാൾക്കുനാൾ അനുഗ്രഹിക്കപ്പെട്ടു (വാക്യം 27 “(യാക്കോബ്) യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻ ദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു”).
കാലങ്ങൾക്കുശേഷം യാക്കോബിൻ്റെ തലമുറയോട് മോശെ ഇപ്രകാരം വിളിച്ചുപറഞ്ഞു; “ *അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും* ” (ആവർ. 28:6).
തലമുറകളിലേക്ക് പകർന്ന ഈ അനുഗ്രഹം മറ്റുള്ളവരെ അനുഗ്രഹിക്കുന്ന വിശേഷ കൃപയാൽ യാക്കോബ് സമ്പാദിച്ചതാണ്. സ്തോത്രം !
          യേശു കർത്താവ് അവിടുത്തെ ശിഷ്യന്മാരെ പഠിപ്പിച്ചതും ഇതുതന്നെയല്ലേ, ലൂക്കൊസ് 10:5, 6 “ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും”
നമ്മൾ സന്ദർശിക്കുന്ന ഭവനങ്ങൾ, ഇടപെടുന്ന വ്യക്തികൾ, ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ, യാത്ര ചെയ്യുന്ന വാഹനങ്ങൾ… എവിടെയും സമാധാനം വിതെയ്ക്കുന്നവരാകുക, അനുഗ്രഹിക്കുന്നവരാകുക. ആ സമാധാനവും അനുഗ്രഹവും അവർ അർഹിക്കുന്നവരാണെങ്കിൽ അവർക്കു ലഭിക്കും, *അല്ലെങ്കിൽ നിങ്ങളിലേക്കു മടങ്ങിപ്പോരും* , ഇത് കർത്താവിൻ്റെ വാക്കുകളാണ്.
ചിലർ പറയുന്നതുപോലെ, എന്നെ ദ്രോഹിക്കുന്നവരെയും, ഉപദ്രവിക്കുന്നവരെയും, ശപിക്കുന്നവരെയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുവാൻ എനിക്കു കഴിയില്ല എന്നു നമ്മൾ പറയരുത്.
ദാവീദിൻ്റെ വാക്കുകൾ ഓർക്കുക ; “അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;” (സങ്കീർത്ത. 109:28)
അപ്പൊ.പൌലൊസ് പറയുന്നത്; “നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ” (റോമർ 12:14)
അപ്പൊ. പത്രൊസ് പറയുന്നത്; “ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” (1 പത്രൊസ് 3 :9 )
ലൂക്കൊസ് 6:28 “ *നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ* " നമ്മുടെ കർത്താവിൻ്റെ ഈ വാക്കുകൾ നമ്മുക്ക് ഏറ്റെടുക്കാം, അനുഗ്രഹിക്കുന്നവരാകാം. നമ്മുടെ തലമുറകളിലേക്ക് ഈ വിശേഷ കൃപ നമ്മുക്കു പകർന്നു നല്കാം.
ദൈവം സഹായിക്കട്ടെ, പ്രാർത്ഥനയോടെ,
ക്രിസ്തുവിൽ സ്നേഹപൂർവ്വം…
ഷൈജു (ബദർ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
പുഷ്ടിയുള്ള കാലം

ഒരിക്കൽ വിശ്വാസത്തിനുവേണ്ടി ഇറങ്ങിത്തിരിച്ചവർക്ക് കുടുംബത്തിലെ ഓഹരി നഷ്ടപ്പെട്ടപ്പോൾ സ്വർഗ്ഗത്തിലെ ഓഹരി നൽകി കണക്കു തീർത്ത ദൈവം ഇന്നും ജീവിക്കുന്നു (എബ്രാ. 3:1). അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായ പലതും ചിലരുടെ ജീവിതത്തിൽ നിഷേധിക്കപ്പെട്ട അനുഭവത്തിലൂടെ കടന്നുപോകുന്നവർ ഈ സന്ദേശം വായിക്കുന്നുണ്ടാകാം. നിങ്ങൾ അവഗണന നേരിടുന്നത് എവിടെനിന്നുമാകാം. ജോലിയിടങ്ങളിലോ, സ്ഥാപനങ്ങളിലോ പാഠശാലകളിലോ, കോടതി വ്യവഹാരങ്ങളിലോ, ഇടപാടുകളിലോ, കുടുംബത്തിലോ.. എവിടെയുമാകട്ടെ അവഗണിക്കപ്പെടുന്നതും നിഷേധിക്കപ്പെടുന്നതും, ചെറുതാക്കപ്പെടുന്നതുമായ അനുഭവങ്ങൾ മാറുന്ന വർഷമായിരിക്കുമെന്ന് ഈ വർഷാരംഭത്തിൽതന്നെ ദൈവാത്മാവിൽ ഞാൻ ആലോചന പറയുന്നു.